അവരുടെ മൂടി വെച്ച ഉടലിന്റെ അഴക് ഞാൻ ഊഹിച്ചെടുക്കാറുണ്ട്

797

Saradakutty Bharathikutty എഴുതുന്നു 

(Sumi Soudhabin എന്റെയഭിപ്രായം ചോദിച്ചതു കൊണ്ടു പറയുകയാണ്.)

മനോഹരമായ കൈനഖവും സംവേദന ശേഷിയുള്ള കണ്ണുകളും മാത്രം പുറത്തു കാണിച്ചു നടക്കുന്ന മുസ്ലിം സ്ത്രീകളെ കാണുമ്പോൾ അവരുടെ മൂടി വെച്ച ഉടലിന്റെ അഴക് ഞാൻ ഊഹിച്ചെടുക്കാറുണ്ട്. എന്നെപ്പോലെ തന്നെ മോഹങ്ങളുള്ള ഒരു പെണ്ണ് അതിനുള്ളിലുള്ളത് തിരിച്ചറിയാറുണ്ട്. പുറത്തു കാണുന്ന ആ കണ്ണുകൾ എല്ലാം പറയുന്നതായി തോന്നിയിട്ടുണ്ട്.

കണ്ണുകളല്ലേ എല്ലാം പറയുന്നത്. കണ്ണുകളല്ലേ ക്ഷണിക്കുന്നതും തടയുന്നതും? കണ്ണുകളല്ലേ ഏറ്റവും ആകർഷണീയമായ, ലൈംഗികാവയവം? അതു മാത്രം പുറത്തേക്കു തുറന്നിരിക്കുന്നു.

ഏതൊരു സ്ത്രീയുടെയും വസ്ത്രധാരണം അവളുടെ മാത്രം തീരുമാനമായിരിക്കണം. സ്വന്തം തീരുമാനമെന്ന മട്ടിൽ മത പൗരോഹിത്യം അടിച്ചേല്പിച്ചിട്ടാകരുത് അവർ അത്തരം തീരുമാനങ്ങളിലേക്ക് എത്തേണ്ടത്.

അനുസരണ മാത്രം ശീലിച്ച ഒരുവൾക്ക് താനാരെയാണ് എന്തിനെയാണ് അനുസരിക്കുന്നത്, താൻ അനുസരിക്കുകയാണോ അതോ സ്വന്തയിഷ്ടമാണോ എന്നു പോലും തിരിച്ചറിവുണ്ടാകില്ല. സംസ്കാരശീലങ്ങൾക്ക് വിധേയപ്പെട്ടുപോയവർക്ക്, അതാണ് മാന്യത എന്നു ധരിച്ചു പോയവർക്ക് താനാരെന്ന ആലോചനപോലും ജീവിതത്തിലുണ്ടാവില്ല. മത പൗരോഹിത്യം അത്തരം അജ്ഞതയാണ് മുതലെടുക്കുന്നത്.

ഞാനണിഞ്ഞൊരുങ്ങുന്നതും ഫോട്ടോകൾ പ്രദർശിപ്പിക്കുന്നതും എന്റെ സംതൃപ്തിക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവർ എന്നെ കാണണം എന്ന ആഗ്രഹം കൊണ്ടു കൂടിയാണ്. ഞാനറിയാതെ എവിടെയോ ഇരുന്ന് എന്നെ മോഹിക്കുന്ന ‘മറ്റൊരാളെ’ക്കുറിച്ചുള്ള, മറ്റു പലരെ കുറിച്ചുള്ള കരുതലാണത്. അങ്ങനെയൊരാൾ, അല്ലെങ്കിൽ പലർ ഉണ്ടെന്നുള്ള ഓർമ്മ പോലും എന്നെ ആഹ്ലാദിപ്പിക്കുന്നുണ്ട്. പർദ്ദയിട്ടൊരു ചിത്രം വലിയ ആഗ്രഹമായിരുന്നു. അബുദബി യാത്രയിൽ അതു സാധിച്ചു. ഫോട്ടോയെടുത്ത് അതു നാട്ടാരെ കാണിക്കണമെന്നല്ലാതെ ആ വസ്ത്രത്തിൽ മറ്റു കൗതുകമൊന്നുമില്ല. അതൊരു കൊതിയായിരുന്നു. അത്ര മാത്രം. തരം കിട്ടിയാൽ ഒരു കന്യാസ്ത്രീ വേഷത്തിലും ഫോട്ടോ എടുക്കണം.

ഒരിക്കൽ ശരീരം മുഴുവൻ മൂടിയ യുവതിയായ മെഡിക്കൽ സ്റ്റുഡന്റ് എന്റെ സംശയത്തിന് മറുപടിയായി പറഞ്ഞത്, “പൊതുസ്ഥലങ്ങളിൽ ഞങ്ങളെ മറ്റു പുരുഷന്മാർ ഭയത്തോടെയാണ് നോക്കുന്നത്, ശല്യങ്ങളില്ല, അതൊരു സുരക്ഷയാണ്. അതു ഞങ്ങളുടെ മതത്തോടുള്ള ഭയമാണ്” എന്നാണ്.

മറ്റ് രണ്ടു പെൺകുട്ടികൾ വീട്ടുകാർ ട്രെയിനിൽ കയറ്റി വിടുന്നതു വരെ മുഖം മൂടിയ വസ്ത്രത്തിൽ ഒളിച്ചിരുന്നിട്ട് സ്റ്റേഷൻ വിട്ടയുടൻ അതൂരിക്കളഞ്ഞ് മനോഹരമായ മിഡി സ്കേർട്ടിലേക്കു മാറിയിട്ട് ആഹ്ലാദഭരിതരായി സ്വന്തം സ്വാതന്ത്ര്യത്തെ യഥേഷ്ടം ഉപയോഗിക്കുന്നതും കണ്ടു.

സ്വന്തം ജീവിതം യാഥാസ്ഥിതികത്വങ്ങളോട് രമ്യതപ്പെട്ട് വെറും പ്രായശ്ചിത്തങ്ങൾ മാത്രമായി മാറിപ്പോകരുതെന്നാഗ്രഹിക്കുന്ന ഒട്ടേറെ സ്ത്രീകളെ എനിക്കറിയാം. അവർ ഒരിക്കൽ മത പൗരോഹിത്യങ്ങളുടെ കടുംപിടുത്തങ്ങളുടെ മേൽ എല്ലാ മുഖം മൂടികളും വലിച്ചെറിയുക തന്നെ ചെയ്യും. അവരുടേതാണ് ഞാൻ മുന്നിൽ കാണുന്ന ലോകം. സ്വർഗ്ഗത്തിൽ നിന്ന് നിഷ്കാസിതരാകുന്ന മനുഷ്യത്വമുള്ള ദൈവങ്ങൾ അവർക്കൊപ്പമുണ്ടാകും.

എസ്.ശാരദക്കുട്ടി
6.5. 2019