ആനക്കറിയുമോ ഉത്സവവാണിഭങ്ങൾ ?

419

Saradakutty Bharathikutty എഴുതുന്നു

സക്കറിയയുടെ ഒരു കഥയുണ്ട്. ‘ഇതാ ഇവിടെ വരെയുടെ പരസ്യ വണ്ടി പുറപ്പെടുന്നു ‘ എന്നാണ് കഥയുടെ പേര്.

ആയ കാലത്തു മുഴുവൻ കുടമണി കിലുക്കി സിനിമാപരസ്യ വണ്ടി വലിച്ച മിടുക്കരായ രണ്ടു കാളകൾ.അന്നവർ താരങ്ങളായിരുന്നു . പിന്നീട് സിനിമയുടെയും പരസ്യങ്ങളുടെയും സ്വഭാവം മാറി. കാളവണ്ടിപ്പരസ്യങ്ങൾ ഇല്ലാതായി. കാളകൾക്കു വയസ്സായി. അവയുടെ പ്രതാപകാലമെല്ലാം അസ്തമിച്ചു. സ്വയം എഴുന്നേൽക്കാൻ പോലും അവയ്ക്കു വയ്യാതായി. ഉടമസ്ഥൻ അവയെ വിൽക്കാൻ തീരുമാനിച്ചു. എന്നാൽ അവയെ എഴുന്നേൽപിക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല..

അപ്പോൾ ഉടമസ്ഥൻ ചെയ്യുന്ന ഒരു വിദ്യയുണ്ട്. പഴയ പരസ്യക്കാലത്തെ അയാൾ കൃത്രിമമായി സംവിധാനം ചെയ്യുന്നു. അങ്ങനെ ഇതാ ഇവിടെ വരെയുടെ പരസ്യ വണ്ടി സജ്ജമാകുന്നു.

അയാൾ ചെണ്ടയെടുത്ത് ഡും ഡും എന്നു കൊട്ടാൻ തുടങ്ങി. കൊട്ടു കേട്ടതും ചതി അറിയാതെ തന്റെ പ്രതാപകാലത്തിന്റെ ഓർമ്മയിൽ,വയ്യായ്ക മറന്ന് കാളകൾ കിടന്നിടത്തു നിന്നെഴുന്നേറ്റ് മുന്നോട്ടു നീങ്ങി. അതറിയുന്നില്ല തന്റെ അന്ത്യത്തിലേക്ക് നയിക്കുന്നതാണ്, ആ കൃത്രിമ സജ്ജീകരണങ്ങളെന്ന്.

അപ്പോഴും നിസ്സഹായമായ വേദനയോടെ ഉടമസ്ഥൻ പറയുന്നുണ്ട് ..’ഇവറ്റകളെ അടിക്കരുത്. തീറ്റി കൊടുക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടാണ്, ഇതിന്റെ ഇറച്ചിയും കൊണ്ട് ഇതുവഴി അറിയാതെ പോലും വരരുതേ’ എന്ന്.

കഥയിലെ കാളയുടമസ്ഥന്റെ കാരുണ്യം പോലുമില്ല ആനയുടമകൾക്ക്. ആനയെന്താണിപ്പോഴും ആനയുടമകളുടെ കൺസേണിൽ വരാത്തത്?

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന ഉടമകളുടെ സംഘടന പ്രസ്താവനയിറക്കിയിരിക്കുന്നു. ആനക്കറിയുമോ ഉത്സവവാണിഭങ്ങൾ?

ഇതെന്തൊരഹങ്കാരമാണ്.
ആ പാവം ജീവിക്ക് ഈ മനുഷ്യരുണ്ടാക്കുന്ന ബുദ്ധിമുട്ടുകളുടെയും അതനുഭവിക്കുന്ന വേദനയുടെയും ഉത്തരവാദിത്തമോ?

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഒരപകടമുണ്ടാക്കിയാൽ ആ അപകടത്തിന് ആരുത്തരവാദിത്തമേറ്റെടുത്തിട്ട് എന്തു കാര്യം എന്നൊരു ചോദ്യവുമുണ്ട്.

എസ്.ശാരദക്കുട്ടി
10.5.2019