ഭാഷാ സമരത്തെ കുറിച്ചുള്ള ശാരദക്കുട്ടിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തം

303

ശാരദക്കുട്ടി ടീച്ചർക്ക് റഫീഖ് ഇബ്രാഹിമിന്റെ മറുപടി

“BA, MA പരീക്ഷകൾക്ക് എക്കണോമിക്സും ഹിസ്റ്ററിയും ഒക്കെ മലയാളത്തിലെഴുതാം. അങ്ങനെ ഡിഗ്രി/ പി ജിക്കാരെ ഉണ്ടാക്കിയതുകൊണ്ട് ഇവിടെ ഏതു ഭാഷയാണ്, ഏതു കുട്ടിയാണ് രക്ഷപ്പെട്ടിട്ടുള്ളത്? ആ വിദ്യാർഥി പഠിച്ച വിഷയത്തിലോ, എഴുതിയ ഭാഷയിലോ സാമർഥ്യം തെളിയിച്ചിട്ടുള്ളതായി എന്റെ അധ്യാപനാനുഭവങ്ങൾ വെച്ചു പറയാനാകുന്നില്ല”

കേരളത്തിലെ തലമുതിർന്ന മലയാള അധ്യാപകരിലൊരാളാണ് മേൽവാചകത്തിന്റെ കർത്താവ്. അനക് ഡോട്ടുകളെ, ആനുഭവിക വിവരണങ്ങളെ വസ്തുതാന്വേഷണത്തിന് സ്വീകരിക്കരുത് എന്ന വാദക്കാരനാണ് Image may contain: 1 person, smiling, beard, close-up and outdoorഇതെഴുതുന്നയാളും. പക്ഷേ, മുകളിലെടുത്തെഴുതിയ പ്രസ്താവനയോട് വ്യക്തിപരമായി ഒരഭിപ്രായവ്യത്യാസമുണ്ട്. അതിനൊരു രാഷ്ട്രീയവുമുണ്ട് എന്നു തോന്നുന്നത് കൊണ്ടാണിതെഴുതുന്നതും.

വയനാട്ടിലെ, ഏറ്റവും കുഗ്രാമങ്ങളിലൊന്നിൽ, അങ്ങേയറ്റം ശോചനീയമായ സാമ്പത്തിക ചുറ്റുപാടിൽ – എന്ന്വച്ച ലിറ്റററി അർത്ഥത്തിൽ പട്ടിണി- ജനിച്ചു വളർന്ന ഒരാളാണ്. റെഗുലറായി ഒരു കോളേജിൽ ഡിഗ്രി പഠിക്കണമെന്ന അദമ്യമായ ആഗ്രഹമുണ്ടായിട്ടും, ഒരു വർഷം പഠിച്ചിട്ടും, പൂർത്തിയാക്കാതെ വിട്ടു പോയതിന്റെ കാരണം മേൽപ്പറഞ്ഞ പട്ടിണി തന്നെയായിരുന്നു. പാതിവഴിക്കത് ഉപേക്ഷിച്ച് വിവിധ പണികൾക്ക് പോകേണ്ടി വന്നിട്ടും ഡിഗ്രി എഴുതിയെടുക്കാൻ പറ്റിയത് എക്കണോമിക്സ് മലയാളത്തിലെഴുതാം എന്ന സാധ്യത കൊണ്ടാണ്.

മൂന്ന് വർഷം തുടർന്ന ആ പണിയെടുക്കൽ കാലത്ത്, മിക്കപ്പോഴും രാത്രി പത്ത് വരെയൊക്കെ നീണ്ട് രാവിലെ എട്ടിന് തുടങ്ങിയിരുന്ന സെയിൽസ്മാൻ ജോലിക്കാലത്ത് ഇംഗ്ലീഷ് പുസ്തകം വാങ്ങി നോട്ടുണ്ടാക്കാൻ ആദ്യ രണ്ട് കൊല്ലം കഠിനമായിത്തന്നെ ശ്രമിച്ചിരുന്നു. ഫലം, ഒന്ന്, രണ്ട് വർഷ പരീക്ഷകൾ അവസാന നിമിഷം എഴുതണ്ട എന്നു തീരുമാനിച്ചതാണ്.

മൂന്നാം കൊല്ലം വയനാട്ടിലെയും കോഴിക്കേടിലെയും മുഴുവൻ യൂ. സിറ്റി ബുക്ക്സ്റ്റാളുകളിലും കയറിയിറങ്ങി ബിരുദതല എക്കണോമിക്സ് പഠനത്തിന് മലയാളത്തിൽ സ്വകാര്യ പ്രസാധകർ ഇറക്കിയ ടെക്സ്റ്റ് കളക്ട് ചെയ്യുകയായിരുന്നു ആദ്യം ചെയ്ത പണി. കെയിൻസിനെയും ആഡംസ്മിത്തിനെയുമൊക്കെ വായിച്ചെടുത്തത് – നിശ്ചയമായും പരീക്ഷാവശ്യത്തിന് ലഭ്യമായ ടെക്സ്റ്റ് ബുക്കുകൾ മാത്രം – മലയാളത്തിൽ ഗെയ്ഡുകളും ടെക്സ്റ്റുകളുമുണ്ടായതു കൊണ്ട് മാത്രമാണ്. കാണാതെ പഠിച്ചിട്ടാണെങ്കിലും അതെഴുതാൻ കഴിഞ്ഞത് കാലിക്കറ്റ് യൂ. സിറ്റി ഡിഗ്രിക്ക് എക്കണോമിക്സ് മലയാളത്തിലെഴുതാനനുവദിച്ചത് കൊണ്ട് മാത്രമാണ്.

സ്റ്റാറ്റിസ്റ്റിക്സ് ഒഴികെ, സബ്സിഡിയറി പേപ്പറായ ബാങ്കിംഗും, ഇന്ത്യാ ചരിത്രം വരെ പഠിച്ചതും (ടെക്സ്റ്റ് ) പരീക്ഷയെഴുതിയതും മലയാളത്തിലാണ്. സ്റ്റാറ്റി കൂടി മലയാളത്തിലുണ്ടായിരുന്നെങ്കിൽ അന്നാഗ്രഹിച്ചിരുന്നു, അത്ര പോലും അന്നു കൈയിൽ ഇംഗ്ലീഷിൽ പഠിക്കാനുള്ള സമയമുണ്ടായിരുന്നില്ല. മൂന്നാം വർഷം മുഴുവൻ മെയിൻ പേപ്പറും സബുമടക്കം ഒറ്റയടിക്ക് മലയാളത്തിലെഴുതിയാണ് ഡിഗ്രിയെന്ന കടമ്പ കടന്നു കൂടിയത്.

ഇന്ന്, ചോദന പ്രദാന വക്രത്തെക്കുറിച്ച് വിശദീകരിക്കാൻ ആരെങ്കിലുമാവശ്യപ്പെട്ടാൽ എനിക്കറിയില്ല എന്നതു സത്യമാണ്. എക്കണോമിക്സിൽ ഡിഗ്രി കഴിഞ്ഞ ഒരാൾ കൈവരിക്കേണ്ട അടിസ്ഥാനങ്ങൾ പോലും ആ വിഷയത്തിലില്ല എന്നതുമുറപ്പാണ്. ഇംഗ്ലീഷിലായിരുന്നു പഠിച്ചിരുന്നതെങ്കിൽ വിഷയത്തിൽ സാമാർത്ഥ്യം ഉണ്ടാകുമോ എന്നുമറിയില്ല. ഒരു കാര്യം മാത്രമറിയാം,

അധ്യാപകരുടെ ക്ലാസ് കിട്ടാൻ ഗതിയില്ലാതെ പോകുന്നവർക്ക് ,വ്യവസ്ഥയുണ്ടാക്കുന്ന ചില ഭാഗ്യഹീനർക്ക്, ചില ഹർഡിൽസ് കടക്കാൻ മാതൃഭാഷ തന്നെ വേണ്ടി വരും.

“രക്ഷപ്പെട്ട, സമർത്ഥനായ, വിജയിച്ച ” ഒരാളായി സ്വയം സ്ഥാനപ്പെടുത്തുന്നതായി തെറ്റിദ്ധരിക്കരുത്, ഇതൊന്നുമാകാനുള്ള സാധ്യതയുമില്ല. പക്ഷേ, ഇന്നുയർത്തിക്കാട്ടാൻ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എം.ഫിലും, മൂന്ന് വർഷത്തെ ഗവേഷണത്തുടർച്ചയുമുണ്ട്.

ഇതൊക്കെ ചെറിയ കാര്യങ്ങളാണ്, മാൻ ബുക്കർ പ്രൈസിന്റെ അന്തിമലിസ്റ്റിൽ കടന്ന നോവലുകൾ തൽക്കാലം വായിക്കാൻ കഴിയാതെ പോകുന്നതിനും, സാപ്പിയൻസ് വായിക്കാൻ മലയാളതർജ്ജമ വരാൻ വേണ്ടി കാത്തിരിക്കുന്നതിനും, ക്രിസ്റ്റഫർ നോളനെ എം.സോണിൽ നിന്ന് സബ് ആഡ് ചെയ്ത് കാണേണ്ടി വരുന്നതിനും ഇംഗ്ലീഷ് ഭാഷയിലെ പാപ്പരത്തം മാത്രമാണ് ഘടകം. പലപ്പോഴും പുച്ഛം തോന്നുന്നത്ര ചെറുതാണ് താനും ഇംഗ്ലീഷ് അവഗാഹം.

ഒരു പക്ഷേ , ഇംഗ്ലീഷിൽ കെയ്നീഷ്യൻ തിയറി സമർത്ഥനായ ഒരധ്യാപകൻ ക്ലാസെടുക്കുമ്പോൾ ശ്രദ്ധയോടെ ഇരുന്നിരുന്നെങ്കിൽ ഇന്ന് ഇനാരിറ്റുവിനെ തിയേറ്ററിൽ നിന്നു കാണാൻ കഴിഞ്ഞേനേ.

അന്നു പക്ഷേ റേഷനരി വാങ്ങണമെങ്കിൽ പണിക്ക് പോകേണ്ടതുണ്ടായിരുന്നു.

ഒറ്റപ്പെട്ടതാവാം, എങ്കിലും ഒരാളെങ്കിൽ ഒരാൾ, മത്സരപ്പരീക്ഷയിലെ മാധ്യമത്തിൽ തട്ടി വീഴാതിരിക്കണമെങ്കിൽ, മാതൃഭാഷ കൂടി ( മാത്രമല്ല, കൂടി ) അതിന്റെ മാധ്യമമാവണം.

ഒറ്റപ്പെടലുകളെ ഉൾക്കൊള്ളുന്നതിനെയൊക്കയാണല്ലോ ജനാധിപത്യം എന്നു വിളിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും,രൂപിമയുടെയും പ്രിയേഷിന്റെയും ശ്രേയയുടെയും സഹനസമരം, മനുഷ്യാവകാശസമരമാണ്.

===============

ഷിജു ദിവ്യ എഴുതുന്നു.

ശാരദക്കുട്ടിട്ടീച്ചറുടെ പോസ്റ്റിലെ വസ്തുതാപരമായ ഒരു ഒഴിവിടത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നു. ആ പോസ്റ്റിൽ രണ്ടാമത്തെ പോയിന്റിന്റെ സ്ക്രീൻ ഷോട്ടാണിത്. അനുഭവ പരമായ ഈ പരാമർശത്തെ ഇങ്ങനെ പരിഭാഷപ്പെടുത്താം. വിവിധ വൈജ്ഞാനിക മേഖലകളിൽ ആശയ പ്രകാശനം സാധ്യമായ ഭാഷയാണോ മലയാളം എന്ന ചോദ്യമാണിത്. എക്കണോമിക്സും ഹിസ്റ്ററിയും ടീച്ചർ തിരക്കു കൊണ്ട് ഉദാഹരിച്ചതാണ് . സത്യത്തിൽ ശാസ്ത്രത്തെയായിരുന്നു ഉദാഹരിക്കാൻ നല്ലത് . കാരണം മാനവിക വിഷയങ്ങളേക്കാൾ ദരിദ്രമാണ് ശാസ്ത്ര മലയാളത്തിന്റെ സ്ഥിതി. മൂലധനത്തിന്റെയും ചരിത്ര Image may contain: 1 person, beard and outdoorസിദ്ധാന്തങ്ങളുടേയുമൊക്കെ വിവർത്തനമുള്ള മലയാളത്തിൽ ശാസ്ത്ര കൃതികളുടെ സാന്നിദ്ധ്യം തുലോം തുച്ഛമാണ്.

പക്ഷേ ഇക്കാണായ ഭാഷകൾക്കൊക്കെ ശാസ്ത്രവും സാങ്കേതിക വിദ്യയും മറ്റു വൈജ്ഞാനിക വിഷയങ്ങളും ഉൾക്കൊള്ളാവുന്ന കോശങ്ങളും അവ പ്രവഹിക്കാവുന്ന ധമനികളും സ്വാഭാവികമായുണ്ടായതാണോ? അങ്ങനെ ഒരു അതിഭൗതിക അസ്തിത്വം ഭാഷയ്ക്കുണ്ടോ ?

എല്ലാവർക്കും അറിയുന്നൊരു ചരിത്രമുണ്ട്. ഉദ്ദാഹരിക്കാം. ഇന്ന് ലോകം വാഴുന്ന ഇംഗ്ലീഷല്ല , ലാറ്റിൻ ആയിരുന്നു യൂറോപ്പിന്റെ വൈജ്ഞാനിക ഭാഷ. ഒമ്പതാം ക്ലാസിൽ പരിചയപ്പെട്ട പിരിയോഡിക് ടേബിളിലെ ലാറ്റിൻ പ്രതീകങ്ങൾ (Cu , Na , Ag Etc.. ) ഇതിന് സാക്ഷ്യം പറയും. അത് പോരെങ്കിൽ ന്യൂട്ടണെ നോക്കൂ . ‘പ്രിൻസിപ്പിയ മാത്തമറ്റിക്ക ‘ ലാറ്റിനിൽ എഴുതിയ ന്യൂട്ടൺ
‘ ന്യൂട്ടോണിയൻ ഒപ്റ്റിക്സ് ‘ ഇംഗ്ലീഷിൽ എഴുതുന്നു. ബ്രിട്ടണിലെ രാജാവ് ജോർജ് രണ്ടാമൻ ഫ്രഞ്ചും ലത്തീനും ഇനി കോടതികളിൽ ഉപയോഗിച്ചാൽ പിഴ ഈടാക്കുമെന്നും ഇംഗ്ലീഷ് കോടതികളിൽ ഉപയോഗിക്കണമെന്നും വിളംബരം നടത്തുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരം ഇസ്രായേൽ എന്ന ദേശരാഷ്ട്രത്തിനും ഹീബ്രു എന്ന ഭാഷയ്ക്കും ഉണ്ടായ അഭിവൃദ്ധി സ്വാഭാവികമോ സ്വയംഭൂവോ അല്ല , നിർമ്മിതമാണ്. ദുരന്തങ്ങൾ മാത്രമല്ല , മറ്റൊരു മികച്ച ലോകവും മനുഷ്യനിർമ്മിതിയാണ് .

ഭാഷ ഒരു അതിഭൗതിക / സനാതന / സ്വാഭാവിക വ്യവഹാരമല്ല, ബോധപൂർവ്വവും ഇച്ഛാധീരവുമായ ഇടപെടലുകൾ കൊണ്ട് വളർച്ചയും തളർച്ചയും സാദ്ധ്യമാവുന്ന ഒരു വ്യവഹാരമാണത് . രാഷ്ട്രീയ ബോധ്യങ്ങളാണതിനെ നിലനിർത്തുന്നത്. ഇതിന്റെ സാക്ഷ്യങ്ങളാണ് മേലെയുള്ളത്. ‘യുക്തി ഭാഷ’യും ‘മയൂര ശിഖ’യും പല കാലങ്ങളിൽ പിറന്ന കേരള ഭാഷ വൈജ്ഞാനിക വിഷയങ്ങൾ സ്വാംശീകരിക്കാൻ ശേഷിയില്ലാതായതല്ല. ആ ഭാഷ ഉപയോഗിച്ചവർ അത്തരമൊരു സാധ്യത ഉപയോഗിക്കാതിരുന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ കപ്പലിറങ്ങിയ കൊളോണിയലിസം തദ്ദേശ ജനതയിലും ഭരണാധികാരികളിലും സൃഷ്ടിച്ച വ്യാമോഹങ്ങളാണതിന് മുഖ്യകാരണം.

വ്യക്തിപരമായ അനക്ഡോട്ടുകളെ ഒരു സ്ഥലത്ത് സ്ഥാപിക്കുമ്പോൾ അതിന്റെ ചരിത്ര പശ്ചാത്തലത്തെക്കൂടി ഓർക്കാൻ നമ്മുടെ അക്കാദമിക് പ്രമുഖർക്ക് കഴിയാത്തതെന്ത്?

കോളേജ് അദ്ധ്യാപകർ / റിസർച്ച് ഗൈഡ്ഷിപ്പ് ഉള്ളവർ / സെക്കണ്ടറി തലത്തിന് മുകളിലുള്ള അദ്ധ്യാപകർ തുടങ്ങിയവർ വെറും അദ്ധ്യാപകരല്ല. ജ്ഞാനോല്പാദന പ്രക്രിയയിലും പഠനഗവേഷണങ്ങളിലും സ്വന്തം നിലയിൽ നേതൃത്വം നൽകാൻ ബാദ്ധ്യതയുണ്ടവർക്ക് .
‘പഠിച്ച വിഷയത്തിലോ എഴുതിയ ഭാഷയിലോ ഒരു മെച്ചവുമുണ്ടായില്ല ‘ എന്ന ശാരദക്കുട്ടി ടീച്ചറുടെ അനുഭവാന്മക നിരീക്ഷണത്തെ ഞാൻ തള്ളിക്കളയുന്നില്ല. പക്ഷേ ടീച്ചർക്ക് കൂടി ഉത്തരവാദിത്തമുള്ള ഒരു വൈജ്ഞാനിക പ്രതിസന്ധിയാണത്.

==========

എം.ആർ.അനിൽകുമാർ എഴുതുന്നു

എസ്. ശാരദക്കുട്ടി എഴുതിയ മലയാള വിരുദ്ധ ഇംഗ്ലീഷ് ഭാഷാ ഭ്രാന്ത് പ്രകടമാക്കുന്ന ഒരു FB പോസ്റ്റിലെ വരികളാണിത്. ഞാൻ എന്റെ 50 വർഷത്തെ ജീവിതത്തിനിടയിൽ ഇത്രയും സവർണമായ ഒരു വിമർശനത്തിനും നിന്ദയ്ക്കും പാത്രമായിട്ടുള്ള ഒരു സന്ദർഭമുണ്ടായിട്ടില്ല. ഒന്നാം ക്ലാസ് മുതൽ ഇപ്പോൾ Ph D വരെ മുഴുവൻ പരീക്ഷകളും മലയാളത്തിൽ എഴുതി ജയിച്ച ഒരു കോളേജ് അദ്ധ്യാപകനാണ് ഞാൻ. പത്താം ക്ലാസ് വരെ മലയാള മാധ്യമത്തിലാണ് പഠിച്ചത്. പ്രീഡിഗ്രി മൂന്നാം ഗ്രൂപ്പ് പരീക്ഷകൾ, ചരിത്രവും ഇക്കണോമിക്സും, മുഴുവൻ മലയാളത്തിലാണ് പഠിച്ചതും എഴുതിയതും. ബി.എ മലയാളം, എം. എ Image may contain: 1 person, beard and close-upമലയാളം എന്നിവയെല്ലാം പാസ്സായി. BEd പരീക്ഷയും മുഴുവൻ മലയാളത്തിലാണ് എഴുതിയത്. സൈക്കോളജിയും ഫിലോസഫിയും മലയാളത്തിലെഴുതി 73% മാർക്ക് വാങ്ങി ജയിച്ചു. കുറച്ച് നാൾ മുമ്പ് Ph D കോഴ്സ് വർക്കിന്റെ മെത്തഡോളജി പരീക്ഷ മലയാളത്തിൽ എഴുതി 92% മാർക്ക് വാങ്ങി. മഹത്വം പറയാൻ പറഞ്ഞതല്ല.

ജീവിതത്തിൽ ഒരു പരീക്ഷയ്ക്കേ തോറ്റിട്ടുള്ളു. അത് ഇംഗ്ലീഷിനാണ്. ഒരു വട്ടമല്ല; രണ്ട് വട്ടം! രണ്ട് വട്ടം എഴുതിയിട്ടാണ് ഇംഗ്ലീഷ് ഭാഷ പാസ്സായത്! എനിക്കീ ഭാഷയുടെ ആവശ്യം ജീവിതത്തിലില്ല. ഇവിടെ ജീവിക്കാനോ ജോലി ചെയ്യാനോ എനിക്കീ ഭാഷയുടെ ആവശ്യമില്ല.
എന്നെ ജീവിതത്തിൽ തോല്പിക്കാൻ ശ്രമിച്ചത് ഈ ഭാഷയാണ്. എന്റെ രണ്ട് വർഷം നശിപ്പിച്ചത് ഈ ഭാഷയാണ്.

എനിക്കാവശ്യമില്ലാത്ത ഈ ഭാഷ നിങ്ങൾക്ക് വേണമായിരിക്കും. നിങ്ങളുടെ അപ്പനമ്മമാർ ഇംഗ്ലീഷറിയുന്ന വരേണ്യന്മാരായതു കൊണ്ടാവാം.
എന്റെ അപ്പനും അമ്മയും ഞാനും ഒക്കെ കൂലിപ്പണിക്കാരും ചായക്കച്ചോടക്കാരും ആയിരുന്നു.

ഞങ്ങളുടെ ഭാഷയാണ് മലയാളം. ഇതിൽ മാത്രമേ ഞങ്ങൾക്ക് ചിന്തിക്കാനും ചിരിക്കാനും കരയാനും പഠിക്കാനും പരീക്ഷ എഴുതാനും കഴിയൂ …

അതു കൊണ്ടാണ്, ഞങ്ങളെ പോലുള്ള നൂറുകണക്കിന് അലവലാതികൾ മലയാളത്തിലും കൂടി പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് PSC യോട് കെഞ്ചിപ്പറയുന്നത്.

അപ്പോൾ നിങ്ങൾ കുറേ സവർണ്ണ മൂരാച്ചികളും കൊച്ചമ്മമാരും ഞങ്ങളെ ഭാഷാ ഭ്രാന്തന്മാർ എന്ന് വിളിച്ചാൽ
അദ്ധ്യാപികേ ,തുറന്നു പറയട്ടെ, ഞങ്ങൾക്കാ വിളി വെറും മുറിച്ചുകളയുന്ന ഒരു സാധനം മാത്രമാണ്.

പക്ഷേ നിങ്ങളുടെ ഈ ഭള്ള് പറച്ചിലുണ്ടല്ലോ, ഇത് ഞങ്ങളെ
വംശീയമായി
ബുദ്ധിപരമായി
പ്രതിഭാ പരമായി കൊച്ചാക്കുന്ന വെറും സവർണ്ണ ജാട മാത്രമാണ്!

ഞങ്ങളത് ഉള്ളം കൈയ്യിൽ വെച്ച് അങ്ങൂതി പറത്തി കളയുകയാണ്!