ആത്യന്തികമായി നിങ്ങളാരും സ്ത്രീ സുരക്ഷ ആഗ്രഹിക്കുന്നില്ല, സ്ത്രീപീഡകരാണ് നിങ്ങളും

389

ശാരദക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന്റെ സ്റ്റാഫംഗമായിരുന്ന കെ എം ഷാജഹാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിമർശ ത്തോടാണ് ഇപ്പോൾ ശരക്കുട്ടി പ്രതികരിച്ചിരിക്കുന്നത്. വളാഞ്ചേരിയിലെ എൽഡിഎഫ് കൗൺസിലർ ഷംസുദ്ദീൻ പ്രതിയായ പീഡനക്കേസില്‍ ശാരദക്കുട്ടി ഉൾപ്പെടെയുള്ള വനിതാ സാംസ്‌കാരിക പ്രവർത്തകർ പ്രതികരിച്ചില്ല എന്നായിരുന്നു ഷാജഹാന്റെ വിമർശനം . ശാരദക്കുട്ടിയുടെ മറുപടി വായിക്കാം .

Saradakutty Bharathikutty എഴുതുന്നു

ലൈംഗിക വൈകൃതം ബാധിച്ചവർ അധികാരത്തിന്റെ തണൽ പറ്റി നടത്തുന്ന സ്ത്രീ പീഡനങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അക്രമാസക്തമായ ഉദ്ധൃത ലിംഗത്തിന് ഇടത് / വലത്/സംഘി, ജാതി മത ഭേദവുമില്ല. അധികാരപ്രമത്തതയുടെ ഉദ്ധൃതലിംഗങ്ങൾക്ക് ഒന്നേ നിറമുള്ളു. കടുത്ത സ്ത്രീവിരുദ്ധതയുടെ നിറമാണത്.

പീഡനം നടത്തുന്നവരെ, അതിന് ഒത്താശ ചെയ്തു കൊടുക്കുന്നവരെ പക്ഷം നോക്കി സംരക്ഷിക്കുന്ന രീതിയാണ് ഏതു ഭരണകൂടവും എല്ലാക്കാലത്തും ചെയ്തു കൊണ്ടിരിക്കുന്നത്. സ്ത്രീ വർഗ്ഗത്തെ അപമാനിക്കാത്ത ഒരു ഭരണകക്ഷിയും പ്രതിപക്ഷ കക്ഷിയും ഇവിടെയില്ല. ഒന്നിനെത്തന്നെയാണ് രണ്ടായും മൂന്നായും ഒക്കെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ആൺശരീരത്തിനുള്ളിൽ ആ ശത്രു കുടി കൊള്ളുന്നിടത്തോളം സ്ത്രീക്ക് ഈ യുദ്ധം തുടരുക തന്നെ വേണ്ടി വരും.

ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ, മറ്റു കുറെ സ്ത്രീകളുടെ പേരെഴുതി അവരെവിടെ, അവരുടെ നാവെവിടെ എന്നു ചോദിച്ചു വരുന്നവരോടാണ് പറയുന്നത്. ഇതൊന്നും നിങ്ങളെ ബാധിക്കുന്ന വിഷയമല്ലേ? പെൺകുട്ടികൾക്കു വേണ്ടി, സ്ത്രീ നീതിക്കുവേണ്ടി തലതല്ലി പൊളിക്കേണ്ടത് ‘ചില ‘സ്ത്രീകളുടെ മാത്രം ബാധ്യതയാണെന്ന് കരുതുന്ന നിങ്ങളുടെ അലസതക്കും കുബുദ്ധിക്കും നീചരാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ഒരു പീഡകന് കൊടുക്കുന്ന അതേ മാന്യത മാത്രമേ നൽകാനാകൂ. നെഞ്ചിൽ കിഞ്ചിൽ കിടയ്ക്കും ആ കുടിലതക്കൊന്നു വേറേ തൊഴുന്നേൻ.

സമഗ്രമായ ഒരു പൊതു ഇടപെടലിലൂടെയല്ലാതെ ഈ ദുരവസ്ഥ പരിഹരിക്കപ്പെടുകയില്ലെന്നറിഞ്ഞിട്ടും തലയിട്ടടിച്ചു ബഹളമുണ്ടാക്കേണ്ടി വരുന്നു സ്ത്രീകൾക്ക്. അങ്ങനെ ഒച്ചവെച്ചു കൊണ്ടേയിരിക്കുന്ന സ്ത്രീകളെത്തന്നെയാണ്ല്ലോ പിന്നെയും പിന്നെയും നിങ്ങൾ കുറ്റപ്പെടുത്തുന്നത്. നിങ്ങൾ ആണുങ്ങളുടെ നീചമായ രാഷ്ട്രീയ വൈരം നിലനിൽക്കുന്നിടത്തോളം ഇവിടെ ഇരകളായ സ്ത്രീകളും അവർക്കൊപ്പം നിന്നു പ്രതികരിക്കുന്ന സത്രീകളും കൂടുതൽ കൂടുതൽ യുദ്ധസജ്ജരാവുകയാണ്.

ആത്യന്തികമായി നിങ്ങളാരും സ്ത്രീ സുരക്ഷ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായിത്തന്നെ സ്ത്രീപീഡകരാണ് നിങ്ങളും. സ്ത്രീയുടെ ഛിന്നഭിന്നമാക്കപ്പെടുന്ന ആത്മാഭിമാനവും ലൈംഗികതയും രാഷ്ട്രീയായുധമാക്കുന്നവരെ ആരെയും ഞാൻ വെറുക്കുന്നു, ഭയക്കുന്നു. നിങ്ങൾക്കെതിരെ കൂടിയാണ് ഞങ്ങളുടെ യുദ്ധം.

Reference, സാഹചര്യം ഒക്കെ കമന്റ് ബോക്സിലുണ്ട്

എസ്.ശാരദക്കുട്ടി
7.5.2019

=========

ഷാജഹാന്റെ പോസ്റ്റ്

KM Shajahan

” ഇയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഒരുപാട് എന്നാൽ, ഒത്തിരി, ഇയാൾ എന്റെ മുടിയിങ്ങനെ ചുരുട്ടിപ്പിടിച്ച്, എന്റടുത്ത് പറഞ്ഞു, ” മിണ്ടീട്ടുണ്ടെങ്കിൽ ഇജ്ജിയിരിക്കും ഇതിൽ പ്രതി”. ഞാൻ ചോദിച്ചു ഞാൻ എന്തിന്, എനിക്ക് സത്യം പറയാൻ പറ്റ്വോ? എവിടെയെങ്കിലും എനിക്കിത് തെളിയിക്കാൻ പറ്റ്വോ? എന്റെ കയ്യിൽ തെളിവുണ്ട്. എന്റെ എളാപ്പയോട് പറഞ്ഞപ്പോൾ, ഷംസു എന്ന് വിളിച്ചു. “നായേ സലീമേ നിന്റെ കഴുത്ത് ഞാൻ വെട്ടും” എന്ന് പറഞ്ഞു. ഓന് അതിനുള്ള പവറുണ്ട്, അതിനുള്ള ശക്തമായ പവറുണ്ട്.
എനിക്ക് പേടിയാണയാളേ, എനിക്ക് ഇപ്പളും പേടിയാ”.

കെ എം ഷാജഹാൻ
കെ എം ഷാജഹാൻ

കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഉറ്റ സുഹൃത്തും, വളാഞ്ചേരി നഗരസഭയിലെ സി പി എം കൗൺസിലറുമായ ഷംസുദ്ദീൻ, പത്താം ക്ലാസ് മുതൽ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്നന്ന ഒരു 16 വയസ്സ്കാരി പെൺകുട്ടി, വാവിട്ട് അലമുറയിട്ട് നിലവിളിച്ചു കൊണ്ട്,
തന്നെ പീഡിപ്പിച്ച നരാധമനെ കുറിച്ചും, അയാൾ നടത്തിയ ഭീകര മർദ്ദനത്തെക്കുറിച്ചും, അയാളുടെ അധികാരത്തെ കുറിച്ചും, പറഞ്ഞ ഹൃദയഭേദകമായ വാക്കുകളാണ് മുകളിൽ നൽകിയിരിക്കന്നതു്.

ഈ സ്ത്രീ പീഢകന്റെ, നരാധമന്റെ ഇന്നോവയിലായിരുന്നു, എം എൽ എ ബോർഡും വച്ച് വർഷങ്ങളായി കെ ടി ജലീലിന്റെ വിനോദയാത്രകൾ അത്രയും !

ഈ നരാധമൻ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കെയാണ്, കെ ടി ജലീൽ 2014ൽ എം എൽ എ എന്ന നിലയിൽ താൻ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ അഖിലേന്ത്യാ പര്യടനത്തിൽ, പഴ്സണൽ സ്റ്റാഫിനെ പോലും കൊണ്ട് പോകാതിരുന്നിട്ടും ഇയാളെ ഒപ്പം കൂട്ടിയത്.

ജലീൽ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴെല്ലാം പ്രധാന സാമ്പത്തിക സോതസ്സ് ഈ നരാധമനായിരുന്നു എന്ന് സി പി എമ്മിലുള്ളവർ തന്നെ അടക്കം പറയുന്നു.

ഈ പെൺകുട്ടിയുടെ ബന്ധുക്കൾ മന്ത്രി ജലീലിനോട് പരാതിപ്പെട്ടിട്ടും മന്ത്രി കണ്ട ഭാവം നടിച്ചില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

പ്രായപൂർത്തയാകാത്ത പെൺകുട്ടിയെ ആറ് വർഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് കൊണ്ടിരുന്ന ഈ സി പി എം കൗൺസിലറെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത്, ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ ടി ജലീലാണെന്ന് വളാഞ്ചേരിക്കാർ ഉറച്ചു വിശ്വസിക്കുന്നു.

എവിടെ,
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ?
എവിടെ,
ആരോഗ്യ മന്ത്രി കെ കെ ശൈലജ?
എവിടെ,
ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ?
എവിടെ,
ഹരിത മിഷൻ വൈസ് ചെയർമാൻ ഡോ.ടി.എൻ.സീമ?
എവിടെ,
പി കെ ശ്രീമതി,
എവിടെ,
കെ ആർ മീര?
എവിടെ,
ശാരദക്കുട്ടി?
എവിടെ
മാലാ പാർവ്വതി ?
ഏത് മാളത്തിലാണ്,
പുത്തൻ കൂറ്റ് സി പി എം നേതാവും കാനഡയിലിരുന്ന് സി പി എമ്മിന് വേണ്ടി പട നയിക്കുന്ന വ്യക്തിയുമായ
സുനിതാ ദേവദാസ് ?

തന്നെ ആറ് വർഷം നിരന്തരമായി ലൈംഗികമായി പീഢിപ്പിച്ച ഒരു സി പി എം കൗൺസിലറുടെ
ഭീകര മർദ്ദനത്തെ കുറിച്ചും,
അയാളുടെ ഭീഷണിയെ കുറിച്ചും,
അയാളുടെ “പവ്വറി “നെ കുറിച്ചും,

പ്രായ പൂർത്തിയാകാത്ത ആ പെൺകുട്ടി
അലമുറയിട്ട് കരയുന്നത് കണ്ടിട്ടും,
ആ ഹൃദയം പൊട്ടിയുള്ള കരച്ചിൽ,
ആ നിസ്സഹായവസ്ഥ കണ്ടിട്ടും
ഈ വനിതാ നേതാക്കളുടെ മനസ്സലിയുന്നില്ലെങ്കിൽ,

ഇക്കൂട്ടർക്ക്,
വനിതകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പറയാൻ എന്തവകാശം?

വിട്ട്വീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ വന്ന മുഖ്യമന്ത്രി രണ്ട് ദിവസം കഴിയുമ്പോൾ വിദേശപര്യടനത്തിന് പുറപ്പെടുകയാണ്.

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആയുർവേദ ചികിത്സയിലാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അമേരിക്കയിലേക്ക് പറന്ന പ്രതിപക്ഷ നേതാവ് മെയ് 16 നെ തിരികെയെത്തൂ.

കഷ്ടം!
സഹായത്തിനായുള്ള ഇരയുടെ നെഞ്ചു പൊട്ടിയുള്ള നിലവിളി ആര് കേൾക്കാൻ?