എല്ലാ കുറ്റകൃത്യങ്ങളുടെയും അന്വേഷണം നടത്തുന്നത് പോലീസുകാരാണ് എന്നതൊക്കെ നമ്മുടെയൊരു പൊട്ടവിശ്വാസം മാത്രമാണ് !

356

Saradakutty Bharathikutty

പീഡനക്കേസുകളിൽ വ്യാപകമായി ഇരകളെന്ന് പ്രയോഗിച്ചു തുടങ്ങുന്നതിനു വളരെ മുന്നേ ‘ഇരകൾ’ എന്ന ഒരു ചലച്ചിത്രം സംവിധാനം ചെയ്തിരുന്നു കെ.ജി.ജോർജ്ജ്. ആരാണ് ഇരകൾ, എങ്ങനെയാണ് ഇരകൾ ഉണ്ടാകുന്നത്? അധികാരപ്രമത്തതയുടെ ഇരകളാണ് അധികാരമില്ലാത്തവരെല്ലാം എന്നാണ് സിനിമ വിശാലാർഥത്തിൽ പറയുന്നത്. ‘ഇര’യും ‘കുറ്റവാളി’യും ആ ഒരർഥത്തിൽ അധികാര പ്രമത്തതയുടെ ഇരകൾ തന്നെ .

എല്ലാ കുറ്റകൃത്യങ്ങളുടെയും അന്വേഷണം നടത്തുന്നത് പോലീസുകാരാണ്, പോലീസ് സ്റ്റേഷനിലാണ് എന്നതൊക്കെ നമ്മുടെയൊരു പൊട്ടവിശ്വാസം മാത്രമാണ്. പണവും അധികാരവും കുലമഹിമയും ഉള്ളവർക്കു മാത്രം മുൻഗണനയുള്ള നാട്ടിൽ ഇരയും കുറ്റവാളിയും ആരെന്നു തീരുമാനിക്കുന്നതും എല്ലാം നിയന്ത്രിക്കുന്നതും ചരടുവലിക്കുന്നതും നിഗമനങ്ങളിലെത്തിക്കുന്നതും നേതൃനിരയിലുള്ള, അധികാരവും പദവികളും ഉള്ള രാഷ്ട്രീയകക്ഷികളും മതാധികാരികളും ഒക്കെത്തന്നെയാണ്. അക്രമത്തിന്റെ രാഷ്ട്രീയ ഉറവിടങ്ങൾ അവിടെയാണ്. അവിടെ മാത്രമാണ്.

ചോദിക്കാനും പറയാനും ആരോരുമില്ലാത്തവർ, ഇരയായാലും കുറ്റവാളിയായാലും ഒരേ പേലെ ശിക്ഷിക്കപ്പെടും. ജിഷ, സൗമ്യ, പേരില്ലാത്ത സൂര്യനെല്ലി, വാളയാർ പെൺകുട്ടികൾ, പിടിക്കപ്പെട്ടവരും ശിക്ഷയനുഭവിക്കുന്നവരുമായ ‘കുറ്റവാളി’കൾ ഒക്കെ ഗതിയില്ലാത്ത വെറും ‘തെണ്ടപ്പരിഷകൾ ‘ മാത്രം.

പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ നിയമ സഭക്കകത്തും പുറത്തും സമരം ശക്തിപ്പെടുത്തുമെന്നു കേട്ടപ്പോൾ ഓർത്തു പോയതാണ്. സമരത്തിനിറങ്ങുമ്പോൾ ജിഷ വധക്കേസിന്റെ, സൂര്യനെല്ലിക്കേസിന്റെ സഞ്ചാരഗതികളൊക്കെ ഓർത്തുവേണം പോകുവാൻ. പണ്ടു പാഞ്ചാലി കൃഷ്ണനോടുപറഞ്ഞതുപോലെ ‘കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം’ താഴത്തെ ചിത്രവും. വര സാവിത്രി രാജീവൻ.

Image may contain: text

എസ്.ശാരദക്കുട്ടി
27.10.2019