ഞാനാരുടെയും അടിമയല്ല, ഞാനൊരു മനുഷ്യനാണ്” എന്ന് ഒരു 23 വയസ്സുകാരന് സിനിമാ മുതലാളിമാരോട് പറയാനാവുക എന്നത് മാറി വന്ന കാലത്തിന്റെ സ്വാഭാവികതയായി കാണണം

0
193

Saradakutty Bharathikutty

ഭരതൻ മുഖത്തു കാലുയർത്തി ചവിട്ടിയതും സെറ്റിലിനി മേൽ നീ കസേരയിലിരിക്കരുതെന്ന് പത്മരാജൻ വിലക്കിയതും മാണിക്യക്കല്ലെന്ന വലിയ സ്വപ്നത്തെ സംവിധായകൻ പ്രിയദർശനും നിർമ്മാതാവ് ഗുഡ് നൈറ്റ് മോഹനും ചേർന്ന് ഒതുക്കിയെടുത്തതും ഒക്കെ പെരുന്തച്ചന്റെ സംവിധായകൻ അജയൻ പറഞ്ഞത് വായിച്ചിട്ട് ഒരു മാസം തികച്ചായില്ല.

തുടക്കക്കാരനെങ്കിൽ ഗുരുതുല്യരുടെ മുന്നിൽ കലാകാരന് അഭിമാനമുണ്ടായിക്കൂടാ, അഭിപ്രായമുണ്ടായിക്കൂട. ‘ഞങ്ങളെല്ലാം ഇഴഞ്ഞിഴഞ്ഞു വന്നവരാണ് നീയും ഞങ്ങളുടെ മുന്നിൽ ഇഴഞ്ഞിഴഞ്ഞു വളർന്നാൽ മതി’ എന്ന മനോഭാവം പഴയ കാലത്തെ പാട്രിയാർക്കൽ ഫ്യൂഡൽ പാരമ്പര്യത്തിന്റേതാണ്.

‘ഞാനാരുടെയും അടിമയല്ല, ഞാനൊരു മനുഷ്യനാണ്” എന്ന് കേവലം 23 വയസ്സുള്ള ഒരു പയ്യന് സിനിമാ മുതലാളിമാരുടെ മുഖത്തു നോക്കി പറയാനാവുക എന്നത് മാറി വന്ന കാലത്തിന്റെ സ്വാഭാവികതയായി കാണണം. നിർമ്മാതാവിന്റെ പണത്തോളം, സിനിമാ വ്യവസായത്തോളം ധാരാളം പേരുടെ തൊഴിലെന്ന വാദത്തോളം തന്നെ പ്രാധാന്യം ഒരു കലാകാരന്റെ/ കലാകാരിയുടെ സമയത്തിനും അന്തസ്സിനും ആത്മാഭിമാനത്തിനുമുണ്ടാകണം. അതിനു വേണ്ടി അജയനേയും തിലകനേയും പാർവ്വതിയേയും പോലെ ഷെയ്ൻ നിഗവും രക്തസാക്ഷിയാകേണ്ടി വന്നാൽ കഷ്ടമെന്നേ പറയാനാകൂ.

ഒരു പത്രപ്രവർത്തകന് ഒരു ദിവസം തന്റെ പിന്നിൽ നട്ടെല്ല് എന്നൊരു സാധനമുണ്ടെന്നു തോന്നിപ്പോയപ്പോൾ, അറിയാതെ അതൊന്നു നിവർന്നു പോയപ്പോഴാണ് അമേരിക്കൻ പ്രസിഡന്റിനുനേരെ അയാൾ കാലിൽ കിടന്ന ചെരുപ്പെടുത്തെറിഞ്ഞുപോയത്. അന്നുവരെ തോന്നാതിരുന്ന ഒരു ഫീൽ അയാൾക്കുണ്ടായി. മനസ്സാലെ ലോകമെമ്പാടുമുള്ള പലരും അന്നു കയ്യടിച്ചു. ഉടനെ അയാളെ ‘കഞ്ചാവാ’ണെന്ന്, മാനസിക രോഗിയാണെന്നൊക്കെ പറയുന്നത് സ്വാഭാവികം. അനുഭവിച്ചിട്ടില്ലാത്ത നട്ടെല്ലിന് അങ്ങനെയാണ് നാം പര്യായങ്ങൾ ചമയ്ക്കുക.

പണം മാത്രമല്ല സിനിമ. വാക്കുകളുടെ, വികാരങ്ങളുടെ, വേദനകളുടെ, മാനാപമാനങ്ങളുടെ സ്വപ്നങ്ങളുടെ അർഥം മനസ്സിലാക്കൽ കൂടിയാണ്.

ഷെയ്ൻ നിഗം അങ്ങനെ പെട്ടെന്ന് എഴുതിത്തള്ളേണ്ട ഒരു കലാകാരനാണെന്നു തോന്നുന്നില്ല. കാരണം അയാൾ വ്യവസ്ഥകളെ 23 വയസ്സിൽ ചോദ്യം ചെയ്യുന്നുണ്ട്.

എസ്.ശാരദക്കുട്ടി
29.11.2019