വാളയാർ കേസിൽ ചില സംശയങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം തരേണ്ടതുണ്ട്

479

വാളയാറിലെ, ബലാൽസംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തെന്ന് പോലീസ് കണ്ടെത്തിയ എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു ദളിത്പെൺകുഞ്ഞുങ്ങളെ ഉപദ്രവിച്ചവരെന്നു സംശയിക്കുന്ന പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരിക്കുന്നു.

ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചില സംശയങ്ങൾക്ക് ഉത്തരം തരേണ്ടതുണ്ട്.

1. കോടതിയുടെ മുന്നിൽ, കുറ്റവാളികളെന്ന നിലയിൽ ഹാജരാക്കപ്പെട്ട പ്രതികൾക്ക് എതിരെ മതിയായ തെളിവുകളില്ല എന്ന് കണ്ടെത്തലിലാണ് ആ കേസ് വിട്ടു പോയതെങ്കിൽ മതിയായ തെളിവുകൾ സംഭരിക്കുന്നതിൽ പോലീസ് സംവിധാനം എവിടെയാണ് പരാജയപ്പെട്ടതെന്നറിയാനുള്ള അവകാശം പൊതു സമൂഹത്തിനുണ്ട്. ആ നീതി നടപ്പിലാക്കിക്കിട്ടേണ്ടതല്ലേ?

2 പോലീസ് സംവിധാനം ഏതെങ്കിലും സമ്മർദ്ദത്തിനൊ സ്വാധീനത്തിനോ അടിപ്പെട്ടതാണെങ്കിലും അതറിയാനുള്ള അവകാശവും പൊതു സമൂഹത്തിനുണ്ട്. ആ നീതിയും നടപ്പിലാക്കി കിട്ടേണ്ടതല്ലേ?

3. പ്രോസിക്യൂഷൻ സമർപ്പിച്ച മതിയായ തെളിവുകൾ വിലയിരുത്തുന്നതിൽ കോടതി പരാജയപ്പെട്ടതാണെങ്കിൽ, ഈ കേസ് മുതിർന്ന പ്രഗൽഭരായ അഭിഭാഷകരെ വെച്ച് അപ്പീലിനു പോയി ആ പാവപ്പെട്ട ദലിത് കുടുംബത്തിന് നീതി ലഭ്യമാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. വലുതായ ഈ നീതിയും നടപ്പിലാക്കി കിട്ടേണ്ടതല്ലേ?

നീതിയാണ് നടപ്പാക്കപ്പെടുന്നതെന്ന് ഓരോ പൗരനും അനുഭവത്തിൽ ബോധ്യമാകുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്.

എസ്.ശാരദക്കുട്ടി
26.10.2019