പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ ചുട്ടുകൊല്ലാൻ പോലും മടിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ നാട് മാറിക്കഴിഞ്ഞു. പെൺകുട്ടികളെ മാത്രം മര്യാദ പഠിപ്പിക്കുന്ന സമൂഹം ആൺകുട്ടികളുടെ കാര്യത്തിൽ ആ ശ്രദ്ധ പുലർത്തുന്നില്ല. യഥാർത്ഥത്തിൽ ആൺകുട്ടികളിൽ ആണ് നമ്മൾ ഏറെ ശ്രദ്ധ വച്ചുപുലർത്തേണ്ടത്. എഴുത്തുകാരി ശാരദക്കുട്ടി ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുന്ന ആശങ്ക

=============

പോസ്റ്റിന്റെ പൂർണ്ണരൂപം

ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആൺകുട്ടികൾക്ക് സ്നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകർന്നു നൽകേണമേ..വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ..തലമുറകളായി നമ്മൾ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ..

ഞാനെന്റെ ദൈവത്തോട് യാചിക്കുകയാണ്, പെൺകുട്ടികളുടെ വളർച്ചയെ സമചിത്തതയോടെ നേരിടാനുള്ള ആത്മശേഷി എന്റെ ആൺകുട്ടികളിലുണ്ടാക്കണമേ.. ബലമുള്ളവന്റെ ആ അന്ധത അവനിൽ നിന്നെടുത്തു മാറ്റേണമേ..

ഞാനെന്റെ ആൺകുട്ടികളോട് യാചിക്കുകയാണ്, നിങ്ങളുടെ കൂടെ വളരുന്ന പെൺകുട്ടികൾക്ക് വഴിയിൽ മുള്ളുടക്കാത്ത യാത്ര അനുവദിക്കണമേ… അവരുടെ തിളങ്ങുന്ന സ്വപ്നങ്ങളുറങ്ങുന്ന കണ്ണുകളെ ശവക്കുഴികളാക്കരുതേ..

പെൺകുട്ടികൾക്ക് അഗ്നിപരീക്ഷകൾ ഒരുക്കുന്ന മഹാശിലാശാസനങ്ങളുടെ എല്ലാ ഓർമ്മകളും പാഠങ്ങളും നിങ്ങളിൽ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി പോകട്ടെ എന്ന് എന്റെ ആൺ കുട്ടികളേ നിങ്ങളെ നെഞ്ചിൽ ചേർത്ത് ഞാൻ പ്രാർഥിക്കുകയാണ്.

എസ്.ശാരദക്കുട്ടി
13.3.2019

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.