ഞാനില്ലാത്ത നേരത്ത്, പൗരത്വ ബിൽ വിശദീകരിക്കാൻ അവർ വീട്ടിലേക്ക് വരികയാണെങ്കിൽ

0
200

Sarath Sasi

ഞാനില്ലാത്ത നേരത്ത്, പൗരത്വ ബിൽ വിശദീകരിക്കാൻ അവർ വീട്ടിലേക്ക് വരികയാണെങ്കിൽ,

  1. നല്ലൊരു പാൽ ചായ ഇട്ട് കൊടുത്തവരെ സ്വീകരിച്ചു ഇരുത്തണം.

  2. തലവേദനയ്ക്ക് ഞങ്ങൾ ആരും തലയെ വെറുക്കാറില്ലെന്നും, പാരസെറ്റമോൾ കഴിക്കുകയാണ് പതിവെന്നും പറയണം.

3. ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് വൈഫൈ പാസ്വേഡ് അവർക്ക് കൊടുക്കണം. ഇന്റർനെറ്റ് ഇല്ലാത്തതിന്റെ പേരിൽ ഒരു ബുദ്ധിമുട്ട് അവർക്ക് തോന്നരുത്.

4. പത്താം ക്ലാസ്സിൽ പഠിച്ചപ്പോൾ, ഫോട്ടോഷോപ്പിൽ ഞാൻ ബാക്ക് ഗ്രൗണ്ട് മാറ്റിയതും, തല വെട്ടി ഒട്ടിച്ചതുമായ ഫോട്ടോകൾ അവർക്ക് കാണിച്ചു കൊടുക്കണം. ഞാനും അത്ര മോശക്കാരനല്ലെന്ന് അവരറിഞ്ഞിരിക്കട്ടെ.

5. അമ്മൂമ്മയുടെ പഴയ സഞ്ചിയിൽ ഇരുന്നു ചിരിച്ചു കാണിക്കുന്ന പഴയ അഞ്ചൂറിന്റെയും ആയിരത്തിന്റെയും മൂന്ന് മുഷിഞ്ഞ നോട്ടുകൾ എടുത്തു അവർക്ക് കൊടുക്കണം. കള്ളപ്പണക്കാരെ പിടിച്ചില്ല എന്നൊരു സങ്കടം അവർക്ക് ഇനി വേണ്ടല്ലോ.

6. ടീവി ഓണ് ചെയ്ത്, ജനം ടിവി അല്ലാതെ വേറെയും ന്യൂസ് ചാനലുകൾ ഉണ്ടെന്ന് കാണിച്ചു കൊടുക്കണം.

7. പെട്ടിയിൽ നിന്ന് തപ്പിയെടുത്തു എന്റെ പഴയ ബിടെക്ക് സർട്ടിഫിക്കറ്റ് കാണിച്ചു കൊടുക്കണം. അതിങ്ങനെ ഒളിപ്പിച്ചു വെക്കേണ്ട കാര്യമൊന്നും ഇല്ലെന്ന് അവർ അറിയട്ടെ.

8. ജവർലാൽ നെഹ്‌റുവിന് ശേഷം ഇൻഡ്യക്ക് പതിനഞ്ചു പ്രധാനമന്ത്രിമാർ ഉണ്ടായിരുന്നെന്നും, പുള്ളി മാത്രമല്ല എല്ലാത്തിനും കാരണം എന്നും പറഞ്ഞു കൊടുക്കണം.

9. വാമനജയന്തിയേക്കാൾ ഞങ്ങൾക്ക് ഇഷ്ടം, തിരുവോണം ആഘോഷിക്കാനാണ് എന്ന് സ്നേഹത്തോടെ പറയണം.

10. ഒടുവിലായി, ഭരണഘടനയാണ്, മനുസമൃതിയല്ല നമ്മുടെ വേദപുസ്തകം എന്ന് അവരോട് പറയണം.