Literature
ഗംഗ നിങ്ങളെ ഉപദ്രവിക്കുമ്പോൾ ആ രണ്ടുവാക്ക് നിങ്ങൾ പറഞ്ഞിരുന്നെങ്കിൽ ഗംഗ ഉണർന്നേനെ
എത്രയും പ്രിയപ്പെട്ട പ്രൊഫസർ മഹാദേവൻ(ഗസറ്റഡ്) വായിച്ചറിയുന്നതിന്,ഇത് ഞാനാണ്, ജീവിതത്തിലൊരിക്കലും സ്നേഹം പ്രകടിപ്പിക്കുന്നതിന് തീയതിയും മുഹൂർത്തവും കാത്ത് നിന്നിട്ടില്ലാത്ത ഭാസുര-ഉണ്ണിത്താൻ ദമ്പതികളുടെ
262 total views

എത്രയും പ്രിയപ്പെട്ട പ്രൊഫസർ മഹാദേവൻ(ഗസറ്റഡ്) വായിച്ചറിയുന്നതിന്,ഇത് ഞാനാണ്, ജീവിതത്തിലൊരിക്കലും സ്നേഹം പ്രകടിപ്പിക്കുന്നതിന് തീയതിയും മുഹൂർത്തവും കാത്ത് നിന്നിട്ടില്ലാത്ത ഭാസുര-ഉണ്ണിത്താൻ ദമ്പതികളുടെ മകൾ അല്ലി. പ്രണയിച്ചു കൊതിതീരാത്ത ആ ദമ്പതികളുടെ മകളായി ജനിച്ചത് കൊണ്ടാകാം, പ്രണയം എന്നും അല്ലിയ്ക്ക് ജീവിതം തന്നെയായിരുന്നു. അത് കൊണ്ടാണല്ലോ, കോളേജിൽ വെച്ചു നിങ്ങൾ ഇഷ്ടം പറഞ്ഞപ്പോൾ പഠിപ്പിക്കുന്ന സാർ ആയിട്ട് കൂടി ഒരു ചാൻസ് കൊടുക്കാം എന്ന് മനസ്സ് പറഞ്ഞത്. പക്വത വന്നിട്ടില്ലാത്ത പ്രായത്തിൽ കണ്ണുംപൂട്ടി ‘യെസ്’ പറഞ്ഞതിൽ ഞാനിന്ന് ഖേദിക്കുന്നു സാർ. ഉണ്ണിയും, ഭാസുവും പുരാണം പഠിക്കണം, ഈശ്വരവിശ്വാസം വേണമെന്നൊക്കെ പറയുമ്പോൾ എനിക്ക് എന്നും പുച്ഛമായിരുന്നു. അവരുടെ വാക്ക് കേട്ടിരുന്നെങ്കിൽ ഗംഗയും – മഹാദേവനും(ശിവനും) തമ്മിലുള്ള ചരിത്രപരമായ രഹസ്യബന്ധം ഞാൻ അറിയാതെ പോകില്ലായിരുന്നു. അല്പം വൈകിയെങ്കിലും ഇപ്പോൾ എല്ലാം എനിക്ക് കാണാൻ കഴിയുന്നുണ്ട്, വിട്ടുപോയ കണ്ണികൾ എല്ലാം കൂട്ടിവായിക്കാൻ കഴിയുന്നുണ്ട്.
ഞങ്ങൾ അങ്ങനെ വായനാശീലം ഇല്ലാത്ത കുടുംബക്കാരൊന്നുമല്ല മഹാദേവൻ സാർ. ഞങ്ങളും വായിക്കാറുണ്ട് മംഗളം വാരികയും, ആരോഗ്യമാസികയും. എന്നു പറഞ്ഞു കാലത്ത് മുതൽ വൈകിട്ട് വരെ അതും കക്ഷത്തിൽ വെച്ചു കൊണ്ട് നടക്കുകയല്ല. നടക്കുമ്പോഴും, കിടക്കുമ്പോഴും ഓംലെറ്റ് അടിക്കുമ്പോഴും, പശുവിനെ കെട്ടുമ്പോഴുമൊക്കെ കയ്യിൽ കൊണ്ടു നടക്കാൻ ഗംഗയ്ക്ക് ഇങ്ങടെ ‘കാവൂട്ട്’ എന്നൊരു പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഞാൻ അന്നേ ശ്രദ്ധിക്കേണ്ടിയിരുന്നു. അതെന്താ ഈ നാട്ടിൽ ബാക്കിയുള്ള കവികളൊക്കെ എഴുത്ത് നിർത്തിയോ?
നാട്ടുകാരുടെ മുഴുവൻ ഉറക്കത്തിന്റെ ആഴം റിക്ടർ സ്കെയിലിൽ അളക്കാൻ കഴിവുള്ള, കൂടെ നിൽക്കുന്നോരുടെ കണ്ണുവെട്ടിച്ചു ക്ളോക്കും, ജനലും ഉന്നം തെറ്റാതെ എറിഞ്ഞുടക്കുന്ന, തമിഴിൽ ഐഐഎൽടിഎസ് സ്കോർ -9 ഫ്ലുവൻസി ഉള്ള ഗംഗ രാത്രികാലങ്ങളിൽ ഫുൾ ഡാൻസ് പ്രാക്ടീസ് ആയിരുന്നു എന്നും, ഇടയ്ക്ക് ബോറടിക്കുമ്പോൾ ജസ്റ്റ് നിങ്ങൾ എഴുതുന്നത് വന്നു നോക്കിയിട്ട് പോകാറെ ഉണ്ടായിരുന്നുള്ളൂ എന്നും നിങ്ങൾ പറഞ്ഞപ്പോൾ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ. കുറച്ചു കൂടെ പ്രൊഫഷണൽ ആയി നിങ്ങൾ കള്ളം പറയണമായിരുന്നു.എല്ലാം വിശ്വസിക്കാൻ ശ്രമിച്ചാലും, ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല. കുടുംബക്ഷേത്രത്തിൽ ഉത്സവം നടന്ന രാത്രി നിങ്ങൾ എന്തിനാണ് പുറത്തു കറങ്ങി നടന്ന് ഗംഗ വിരിച്ച വലയിൽ ചെന്ന് ചാടാൻ പോയത്? അന്ന് രാത്രി നിങ്ങൾക്ക് എന്താണ് എഴുത്തൊന്നും വന്നില്ലേ?
അതും പോട്ടെന്ന് വെയ്ക്കാം. ഗംഗ നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ, “എന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്, എന്നെ ഉപദ്രവിക്കരുതേ, എന്റെ ജീവിതം തകർക്കരുതേ.” എന്നൊരു രണ്ട് വാക്ക് എങ്കിലും നിങ്ങളുടെ വായിൽ നിന്ന് വീണിരുന്നെങ്കിൽ ഏത് നാഗവല്ലിയും ഉണർന്നേനെ. അറ്റ്ലീസ്റ്റ് നകുലേട്ടന്റെ കയ്യിൽ നിന്ന് നിങ്ങൾക്ക് കിട്ടിയ തല്ലിന്റെ ആഘാതം എങ്കിലും കുറയ്ക്കാമായിരുന്നു.
ഇങ്ങള് കയ്യാട്ടി വിളിക്കുമ്പോൾ ഉണക്കമീൻ കണ്ട പൂച്ചയെ പോലെയുള്ള ഗംഗയുടെ വരവും, ഡാൻസും എല്ലാമെല്ലാം പ്രശ്നമാണെന്ന് ഞാൻ നേരത്തെ തിരിച്ചറിയേണ്ടിയിരുന്നു. അല്ലെങ്കിൽ തന്നെ നാഗവല്ലിയെ പോലെയുള്ള ചെറുപ്പക്കാരായ പ്രേതങ്ങൾക്ക് അബദ്ധം പറ്റി ആള് മാറി ഡമ്മിയെ കൊന്നു എന്നൊക്കെ പറഞ്ഞാൽ ചോറ് തിന്നുന്ന ആരും വിശ്വസിക്കില്ല.തുറന്നു ചോദിക്കട്ടെ സാർ.
ഒരു കവിയും ആരാധികയും തമ്മിലുള്ള ബന്ധം എപ്പോഴാണ് സാർ ആ പരിധികൾക്ക് അപ്പുറം വളർന്നു പന്തലിച്ചത്? അതിനിടയിലേക്ക് പ്രണയം നടിച്ചു നിങ്ങൾ എന്നെ കരുവാക്കിയത് എന്തിനാണ്? നിങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഗംഗ എന്നെ തല്ലാൻ ഇട്ടു ഓടിച്ചതും, പിന്നെ അവസരം കിട്ടിയപ്പോൾ മുറിയിൽ ഇട്ടു പൂട്ടിയതും നേരത്തെ നിശ്ചയിച്ചുറപ്പിച്ചതായിരുന്നോ?
എന്തിനാണ് എനിക്ക് ആഭരണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞു ആ സ്ത്രീ നകുലേട്ടന്റെ മെക്കിട്ട് കേറാൻ ചെന്നതും വീട്ടിലെ തേക്കിന്റെ കട്ടിൽ എടുത്തു വെയിറ്റ് ലിഫ്റ്റിങ് നടത്തിയതും?എല്ലാം കയ്യോടെ പിടിക്കപ്പെടുമ്പോൾ മാനസിക രോഗം അഭിനയിച്ചു രക്ഷപെടാം എന്ന ഐഡിയ ആരാണ് അവർക്ക് ഉപദേശിച്ചു കൊടുത്തത്?ഗംഗ കുടുംബക്കാരെയും നാട്ടുകാരെയും പറ്റിച്ച ആ രാത്രി നിങ്ങൾ എങ്ങോട്ടാണ് ഒളിച്ചോടിയത്?നിങ്ങളെ വെച്ചു നോക്കുമ്പോൾ ശരിക്കുള്ള രാമനാഥനൊക്കെ എത്ര ഡീസന്റ് ആണ്. ഇവിടുന്നു മുങ്ങിയ നിങ്ങളെ പോലൊരാളെ കൊൽക്കത്ത(പഴയ കൽക്കട്ട) ഭാഗത്ത് വെച്ചു കണ്ടതായി ഐപിൽ ഫൈനൽ കാണാൻ പോയ നാട്ടിലെ പിള്ളേർ പറഞ്ഞു ഞാനറിഞ്ഞു.ഇല്ല, നിങ്ങൾ ഒന്നിനും മറുപടി പറയില്ല. എനിക്കറിയാം, ഈ സത്യങ്ങൾ എല്ലാം നിങ്ങളോടൊപ്പം ഈ ഭൂമിയിൽ നിന്ന് ഇല്ലാതാകും. എങ്കിലും മറുപടി കിട്ടുന്നത് വരെ ഞാൻ ചോദിച്ചു കൊണ്ടേയിരിക്കും.
എന്ന്
അല്ലി ബി ഉണ്ണിത്താൻ
എക്സ് സ്റ്റുഡന്റ്, ബിഎ മലയാളം (രണ്ട് പേപ്പർ കിട്ടാനുണ്ട്)
263 total views, 1 views today