അങ്ങനെ ആയിരുന്നെങ്കിൽ ഭഗീരഥൻ പിള്ളയും സരസുവും ഒരിക്കലും പ്രണയിക്കില്ലായിരുന്നു

0
257

Sarath Sasi

എല്ലാ പ്രണയത്തിലുമൊരു സ്വാർത്ഥതയുണ്ടാകും എന്നൊക്കെ വെറുതെ പറയുന്നതാണ്. അങ്ങനെ ആയിരുന്നെങ്കിൽ ഭഗീരഥൻ പിള്ളയും സരസുവും ഒരിക്കലും പ്രണയിക്കില്ലായിരുന്നു. ഒരിക്കലും ഒന്നാകാൻ കഴിയില്ല എന്നോർത്ത് എന്നേ പിരിയേണ്ടവരാണവർ.

ചേക്ക് പോലൊരു യാഥാസ്ഥിക കുഗ്രാമത്തിൽ, വക്കീലിനും പോലീസിനും വേരോട്ടമില്ലാത്ത ഒരു സമൂഹത്തിൽ, കാലത്തിന് മുന്നേ സഞ്ചരിച്ചതിന്റെ പേരിൽ ധ്രുവീകരിക്കപ്പെട്ടു പോയവരാണ് പിള്ളേച്ചനും, സരസുവും.തിരക്കുപിടിച്ച ഒരു റേഷൻ കട ദിവസമാണ് അവർ തമ്മിൽ കണ്ടുമുട്ടിയത്. ജോലിത്തിരക്കുകൾക്ക് ഇടയിൽ ആദ്യമൊക്കെ പിള്ളേച്ചൻ സരസുവിനോട് കയർത്തു. പിന്നീടൊരു ദിവസം പരദൂഷണ സദസ്സുകൾക്ക് കണ്ണും കാതും കൊടുക്കാതെ അവർ പരസ്പരം മനസ്സ് തുറന്നു.

വീട്ടിലേക്ക് കൃത്യമായി എത്തുന്ന അരിയ്ക്കും മണ്ണെണ്ണയ്ക്കും മുകളിൽ, വല്ലപ്പോഴും എത്താറുള്ള പഞ്ചസാരയ്ക്കും മുകളിൽ പിള്ളേച്ചന്റെ സ്നേഹം സരസു തിരിച്ചറിഞ്ഞ ദിവസങ്ങൾ. ഒന്നും അല്ലാതിരുന്ന പിള്ളേച്ചനെ പിള്ളേച്ചനാക്കിയ ശാന്തമ്മ എന്ന ഭാര്യയോ, വീട്ടിൽ നിന്ന് മാറി നിന്ന് പഠിക്കുന്ന മകൾ രുക്മിണിയോ ആ സ്നേഹത്തിനിടയിലേക്ക് ഒരിക്കലും കടന്നു വന്നതേയില്ല.
രാജ്യത്തിന് വേണ്ടി അതിർത്തി കാക്കുന്ന പട്ടാളം പുരുഷേട്ടന്റെ ധീരതയെ ബഹുമാനിക്കുമ്പൊഴും, അയാൾക്ക് വേണ്ടി പ്രാര്ഥിക്കുമ്പോഴും സരസു പിള്ളേച്ചനെ സ്നേഹിച്ചു. പ്രതിബന്ധങ്ങൾക്കിടയിൽ വീണു കിട്ടുന്ന അസുലഭ നിമിഷങ്ങളിൽ അവർ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു, ഒരു പുഞ്ചിരിയിലൂടെ സ്നേഹം കൈമാറ്റം ചെയ്തു. ഒരു നിമിഷത്തിലെ അശ്രദ്ധയിൽ, കരക്കമ്പിയിലെ നിറം ചേർത്ത കഥാപാത്രങ്ങൾ ആകാതെ അവർ രണ്ടാളും സ്വയം നിയന്ത്രിച്ച് അവരായി കഴിയാൻ ശ്രമിച്ചു.
കൊള്ളപ്പലിശക്കാരനും, പിശുക്കനും കണ്ണിൽ ചോരയില്ലാത്തവനും എന്ന് നാട്ടുകാർ മുദ്ര കുത്തിയ പിള്ളേച്ചനെ സ്വന്തം ഭാര്യയെക്കാളും, മകളെക്കാളും തിരിച്ചറിഞ്ഞത് സരസുവാണ്.

തങ്ങളുടെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നു വന്ന മാധവൻ എന്ന ശത്രു തങ്ങളുടെ ബന്ധം എന്നെന്നേക്കുമായി തകർക്കും എന്നവർ ഭയപ്പെട്ടു. സ്നേഹിച്ചു പോയതിന്റെ പേരിൽ ഒരു നൂറു തവണയാണ് മാധവൻ പിള്ളേച്ചനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചത്, ഭീഷണിപ്പെടുത്താനും, സ്വഭാവഹത്യ ചെയ്യാനും ശ്രമിച്ചത്.ശാന്തമ്മയുമായുള്ള ബന്ധത്തിലെ താളപ്പിഴകൾ പലപ്പോഴായി പിള്ളേച്ചന്റെ നാവിൽ നിന്ന് പുറത്തേക്ക് വന്നെങ്കിലും, പിള്ളേച്ചൻ അവരെ വേദനിപ്പിക്കാനോ, സരസുവുമായി ഒന്നിക്കാനോ ശ്രമിച്ചതേയില്ല. അവർക്കിടയിൽ നിൽക്കുന്ന പട്ടാളം പുരുഷു എന്ന വൻമതിൽ പിള്ളേച്ചനെ ശാരീരികമായി ഉപദ്രവിക്കുമ്പോഴും എല്ലാം ഉള്ളിലൊതുക്കി സരസു സംയമനം പാലിച്ചു.

പിള്ളേച്ചന്റെ ഉള്ളിൽ വളർന്ന പുരുഷു എന്ന ഭയം അവരുടെ സ്നേഹത്തിനൊരു താത്കാലിക വിരാമം നല്കി, പക്ഷെ റേഷൻ കടയിലെ ക്യൂവിലോ, നാട്ടിലെ കല്യാണ വീടുകളിലോ, അമ്പലത്തിലെ ഭക്തിയന്തരീക്ഷത്തിലോ ഇനിയുമൊരു നൂറു വട്ടം കണ്ടുമുട്ടേണ്ടവരാണ് അവർ. പറയാൻ ബാക്കി വെച്ച പ്രണയം ആ നിമിഷങ്ങളിൽ കണ്ണുകൾ കൊണ്ടവർ കൈമാറും. സ്നേഹത്തെ അവർ പുനർനിർവചനം ചെയ്യും.ശത്രുപക്ഷത്തു നിലയുറപ്പിച്ച മാധവൻ, മകളായ രുക്മിണിയെ പ്രണയിക്കുന്നത് സത്യമാണെന്നു തിരിച്ചറിയുമ്പോൾ മാധവന്റെ കുറ്റങ്ങളും കുറവുകളും, സ്വഭാവ സർട്ടിഫിക്കറ്റും നോക്കാതെ രുക്മിണിയുടെ ഇഷ്ടം മാത്രം പരിഗണിക്കാൻ പിള്ളേച്ചൻ എന്ന മനുഷ്യനെ കഴിയൂ.

പ്രണയം ഒരിക്കലും തോൽക്കരുത് എന്നു കരുതുന്ന പിള്ളേച്ചനും, സരസുവും ലൈൻമാൻ ലോനപ്പൻ സൃഷ്ടിക്കുന്ന പവർക്കട്ടുകളെയും, വിക്രമനെ പോലെയുള്ള വായ് പോയ കോടാലികളെയും, ഉള്ളിൽ ചതി കൊണ്ട് നടക്കുന്ന മാധവന്മാരെയും തരണം ചെയ്ത് ലോകാവസാനം വരെ പ്രണയിച്ചു കൊണ്ടേയിരിക്കും.