ഒരു സര്‍ദാര്‍ജിയിന്‍ കനിവ്

280

sardarji

വളരെ പെട്ടെന്നുള്ള ഒരു യാത്രയായിരുന്നു അത്. അതുകൊണ്ടുതന്നെ റിസര്‍വേഷന്‍ ഒന്നും തരമായില്ല. അല്ലെങ്കിലും വീട്ടിലിരുന്നു എങ്ങോട്ടും യാത്ര പ്ലാന്‍ ചെയ്യാനും, ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയുന്ന കാലവുമായിരുന്നില്ല. ഇന്‍റര്‍നെറ്റ് പോയിട്ടു എസ്.റ്റി.ഡി തന്നെ വ്യാപകമല്ലാത്ത കാലം.1988 ല്‍ അടിയന്തിരമായി ബോംബേയ്ക്ക് പോകേണ്ടി വരുന്ന മറ്റുള്ളവരെപ്പോലെ ഞാനും  പല വാതിലുകളിലും മുട്ടി നോക്കി. ഫലം നാസ്തി. അവസാനം ജനറല്‍ കംപാര്‍ട്മെന്‍റില്‍ കയറി ബോംബെയില്‍ എത്തി. രണ്ടു ദിവസം അവിടെനിന്നു എങ്ങിനെയെങ്കിലും റിട്ടേണ്‍ ടിക്കറ്റ് ഒപ്പിച്ചു പോരാം എന്നു കരുതിയിരിക്കുമ്പോള്‍ കൃഷിസ്ഥലത്ത് ഒരു ചുമട്ടുതൊഴിലാളി പ്രശ്നം . ഉടനെ തിരിച്ചെത്തിയെ പറ്റൂ എന്ന അവസ്ഥയില്‍ ഞാന്‍ തിരിച്ചു വണ്ടി കയറി.

ആരോ ഉപദേശിച്ചതിനനുസരിച്ച് സ്ലീപ്പര്‍ ക്ലാസ്സില്‍ ഇടിച്ചുകയറി. കല്യാണില്‍നിന്നേ ടി.ടി.ഇ മാര്‍ കയറുകയുള്ളൂ. അതുവരെ ഏതെങ്കിലും സീറ്റില്‍ ഇരിക്കാം. ഒത്താല്‍ ടി.ടി.ഇ യുടെ കാലുപിടിച്ചോ പൈസകൊടുത്തോ ഒരു സീറ്റ് തരമാക്കാം. (കൈക്കൂലി വാങ്ങുന്നത് വലിയ പാപമാണെങ്കിലും, കൈക്കൂലി കൊടുക്കുന്നതു അത്രകണ്ട് തെറ്റായ നടപടി അല്ല. വിശേഷിച്ചും സ്വന്തം കാര്യം നേടാനാണെങ്കില്‍….). പക്ഷേ വണ്ടി നീങ്ങിയതെ ഒരു കാര്യം മനസ്സിലായി. വണ്ടി ഫുള്ളാണ്. ഒരു സീറ്റും ഒഴിവില്ല. പോരെങ്കില്‍ എന്നെപ്പോലെ അനധികൃതമായി കയറിയ ആളുകളും ധാരാളമുണ്ട്. സ്ലീപ്പറിന്റെ ഇടനാഴികളില്‍ നില്‍ക്കാനെങ്കിലും സൌകര്യമുണ്ട്. ജനറല്‍ കംപാര്‍ട്മെന്‍റിലേക്ക് നോക്കിയാല്‍ തന്നെ തലകറങ്ങും. ( തടി കൊണ്ടുള്ള സീറ്റുകള്‍ മാറി. കുഷനായി. എന്നാലും തിരക്കിന്‍റെ കാര്യത്തില്‍  ജനറല്‍ കംപാര്‍ട്മെന്‍റിന്‍റെ സ്ഥിതി ഇപ്പൊഴും മാറ്റമില്ലാതെ തുടരുന്നു).

ഇടയ്ക്കു ഒഴിവാകുന്ന സീറ്റുകളില്‍ ഇരുന്നും നിന്നുമൊക്കെ സമയം പോക്കുകയാണ്.   ടി.ടി.ഇ കയറിവന്നു ഇറക്കി വിടുമോ എന്ന ഭയവുമുണ്ട്. സീറ്റൊന്നും തരമായില്ലെങ്കിലും വേണ്ട, സ്ലീപ്പര്‍ കോച്ചില്‍ എവിടെയെങ്കിലും നില്ക്കാന്‍ പറ്റിയാല്‍ത്തന്നെ ഭാഗ്യം. ഇതിനിടെ കല്യാണ്‍ കഴിഞ്ഞു. ടി.ടി.ഇ മാര്‍ ആരും വന്നില്ല. വണ്ടി ഫുള്ളാണ്. ആര്‍ക്കും ടിക്കറ്റ് എഴുതാനില്ല. അവര്‍ എവിടെയോ ഒത്തു ചേര്‍ന്ന് സൌഹൃദം പങ്ക് വെയ്ക്കുകയാണ്. അതൊരാശ്വാസമായി. ഇടനാഴിയിലോ കംപാര്‍ട്മെന്‍റിന്‍റെ ഇടയിലോ രാത്രി കഴിച്ചു കൂട്ടാം. എന്നെപ്പോലെ അനധികൃതമായി കയറിയവരെല്ലാം ഓരോ സ്ഥലം കണ്ടെത്തി അതിനടുത്തായി പതുങ്ങി നിന്നു. ഞാന്‍ നിന്നിടത്തെ പത്തു സീറ്റുകളും ഒരു സിഖ് കുടുംബം ബുക്ക് ചെയ്തിരിക്കയാണ്. അച്ഛനും അമ്മയും അഞ്ചു കുട്ടികളും. മുത്തച്ഛനും മുത്തശ്ശിയും പിന്നെ ഒരു മദ്ധ്യവയസ്കയും.വേലക്കാരിയാവും. ഞങ്ങള്‍ പരിചയപ്പെട്ടു. ജേര്‍ണയില്‍സിങ്ങിന്‍ ഊട്ടിയില്‍ ടി.വി ഷോറൂം ഉണ്ട്. തരക്കേടില്ലാത്ത കച്ചവടമുണ്ട്. നാല്‍പ്പതുകളില്‍ ഊട്ടിയില്‍ വന്നതാണ്. ഇപ്പോള്‍ തമിള്‍ നാട്ടുകാരാണ് എന്നു തന്നെ  പറയാം. കുടുംബാംഗങ്ങള്‍ എല്ലാവരും ബിസിനസ്കാരാണ്. പെട്ടെന്നു ഒരു ഉള്‍വിളിയില്‍ ഇന്ദിരാ വധത്തെക്കുറിച്ചും അതിനു ശേഷമുണ്ടായ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും ഞാന്‍ ചോദിച്ചു. ഒരു നിമിഷം ജേര്‍ണയില്‍ സിങ്ങിന്‍റെ മുഖം മങ്ങി. പിന്നെ ഒരു വിളറിയ ചിരിയോടെ അദ്ദേഹം പറഞ്ഞു. “ആരും ഷോറൂമിന് കേടുപാടുകളൊന്നും വരുത്തിയില്ല. പക്ഷേ കടയില്‍ ഉണ്ടായിരുന്ന നൂറോളം ടി.വി.സെറ്റുകള്‍ ജനം എടുത്തുകൊണ്ടു പോയി.” സാമ്പത്തിക നഷ്ടമല്ല, മറിച്ച് അരക്ഷിതാവസ്ഥയാണ് അദ്ദേഹത്തെ മഥിച്ചത്. ഒരു നിമിഷം കൊണ്ട് ഈ നാട്ടില്‍ താന്‍ സുരക്ഷിതനല്ല എന്ന തോന്നല്‍, ഇവിടെ തന്‍റെ ജീവനും സ്വത്തിനും ഒരു സുരക്ഷിതത്വവുമില്ലെന്ന തോന്നല്‍ ശക്തമായി.

“പിന്നീട് ?”

പോലീസും പൌര പ്രമുഖരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആത്മവിശ്വാസം തിരിച്ചു കിട്ടുന്ന നടപടികള്‍ എല്ലാ ഭാഗത്ത് നിന്നും ഉണ്ടായി. കുറെ ടി.വി.സെറ്റുകള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. പക്ഷേ അതൊന്നും വില്‍പ്പന നടത്താന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. എന്നാലും സന്തോഷമുണ്ട്. പൊതുസമൂഹം തങ്ങളുടെ ഒപ്പം നിന്നു.

സംഭാഷണം അവസാനിപ്പിച്ചു ഞാന്‍ വാതിലിനടുത്തേക്ക് മാറിനിന്നു. ഇന്ദിരാവധത്തോടെ മുഖ്യധാരയില്‍നിന്ന് തുടച്ചു നീക്കപ്പെട്ട മനുഷ്യരുടെ കാര്യമാണ് ഞാന്‍ ആലോചിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ഭാവിവിധാതാക്കളായി വാഴ്ത്തപ്പെട്ടിരുന്ന ഒരു ജനം പെട്ടെന്നു അസ്പൃശ്യരായി. ആത്മവിശ്വാസത്തിന്‍റെ പര്യായമായിരുന്ന സര്‍ദാര്‍ജിമനസ്സ് ഒരു നിമിഷംകൊണ്ടു അരക്ഷിതാവസ്ഥയിലായി. മറ്റ് ജനവിഭാഗങ്ങള്‍ സര്‍ദാര്‍ജിമാരെ സംശയദൃഷ്ടിയോടെ മാത്രം നോക്കാന്‍ തുടങ്ങി. ആര് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.? ചരിത്രത്തില്‍ ഇടക്ക് സംഭവിക്കുന്ന അപഭ്രംശം മാത്രമായി ഈ സംഭവങ്ങളെ കാണാനാണ് എനിക്കിഷ്ടം. കാരണം എന്‍റെ നാട് പേരുകേട്ട മറ്റ് പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമാണെന്ന് ഞാന്‍ കരുതുന്നു. അപവാദങ്ങള്‍ ഇല്ലെന്നില്ല. കൊള്ളകളും കൊള്ളിവെയ്പ്പുകളും മതത്തിന്‍റെയും ജാതിയുടെയും  പേരിലുള്ള പീഢനങ്ങളും നടക്കുന്നില്ല എന്നല്ല. പക്ഷേ രാഷ്ട്ര മനസ്സ് സഹിഷ്ണതയും സഹാനുഭൂതിയും നിറഞ്ഞത് തന്നെയാണ്. പീഢകര്‍ക്കും തെമ്മാടികള്‍ക്കും എതിരെ തിരിയുന്നത് പൊതുസമൂഹം തന്നെയാണ്. പീഢനത്തിനിരയായവരെ രക്ഷപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും പൊതുസമൂഹം തന്നെയാണ്.

ട്രെയിനിന്‍റെ വാതിലില്‍ രണ്ടു കൈയും പിടിച്ച് വെറുതെ പുറത്തേക്ക് നോക്കിനില്‍ക്കുകയായിരുന്നു ഞാന്‍.

“എങ്ങോട്ടാ ?”. എന്നെപ്പോലെ സ്ലീപ്പര്‍ ക്ലാസ്സില്‍ ഇടിച്ചു കയറിയ ഒരു ചെറുപ്പക്കാരനാണ്. ഞങ്ങള്‍ പരിചയപ്പെട്ടു. അയാള്‍ പലപ്പോഴും ഇങ്ങിനെ യാത്ര ചെയ്തിട്ടുണ്ട്. സംസാരിച്ച കൂട്ടത്തില്‍ ആയാള്‍ക്കറിയണം സര്‍ദാര്‍ജി എന്നോടെന്താണ് പറഞ്ഞതെന്ന്. ഞാന്‍  സിഖുകാര്‍ക്കെതിരായ കലാപത്തെക്കുറിച്ചും ജേര്‍ണയില്‍ സിങ്ങിനു നേരിട്ട നഷ്ടത്തെക്കുറിച്ചും പറഞ്ഞു. അയാളാകെ സന്തോഷഭരിതനായി.

“വേണം, ഇവന്മാര്‍ക്ക് അത് തന്നെ കിട്ടണം.” അയാള്‍ വാചാലനായി. സിഖുകാരുടെ ക്രൂരതകള്‍, അവരുടെ തട്ടിപ്പുകള്‍ എല്ലാം എണ്ണമിട്ട് പറയാന്‍ തുടങ്ങി. ഞാന്‍ ഒളിഞ്ഞുനോക്കി, ജേര്‍ണയില്‍ സിങ്ങ് കേള്‍ക്കുന്നുണ്ടോ? ഇല്ല, അയാള്‍ കുട്ടികളുമായി തമാശ പറഞ്ഞിരിക്കയാണ്.എന്‍റെ പ്രോല്‍സാഹനം ഇല്ലെങ്കിലും മലയാളി സുഹൃത്ത് സിഖുകാര്‍ക്കെതിരെ കത്തിക്കയറുകയാണ്. ഞാന്‍ പ്രതികരിക്കാതെ, അയാള്‍ക്ക് ചെവി കൊടുക്കുന്നതായി ഭാവിച്ചു. അയാള്‍ സിഖുകാരുടെ പീഡനത്തിനും തട്ടിപ്പിനും ഇരയായിട്ടില്ല. നേരിട്ടുള്ള അനുഭവങ്ങളൊന്നുമില്ല. പക്ഷേ മനസ്സ് ടര്‍ബന്‍കാര്‍ക്കെതിരായ പക കൊണ്ട് നിറഞ്ഞിരിക്കയാണ്. മനുഷ്യനങ്ങിനെയാണ്.പലപ്പോഴും അവനെ നയിക്കുന്നത് മുന്‍ വിധികളാണ്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത മുന്‍വിധികള്‍.

സമയം എട്ടര കഴിഞ്ഞു. സ്ലീപ്പറുള്ള ഭാഗ്യവാന്മാര്‍ ഉറങ്ങാനുള്ള തുടക്കമായി.സര്‍ദാര്‍ജിയും കുടുംബവും കിടക്കാനുള്ള ശ്രമത്തിലാണ്. ആ ഭാഗത്ത് തറയില്‍ ഒരു ഷീറ്റ് വിരിച്ചു കിടക്കാമെന്ന് ഞാന്‍ കരുതി. ഒരു കുടുംബം മാത്രം യാത്ര ചെയ്യുന്നതല്ലേ. ഒരു വാക്ക് ചോദിക്കാം.  ”May I sleep here?” സ്ലീപ്പറുകള്‍ക്കിടയിലുള്ള ഭാഗം ചൂണ്ടി ഞാന്‍ ചോദിച്ചു. Why not? സര്‍ദാര്‍ജിയുടെ മറുപടി. ഞാന്‍ തറയില്‍ പേപ്പര്‍ വിരിച്ച് അതിനു മുകളില്‍ ഷീറ്റ് വിരിക്കാന്‍ തുടങ്ങി. പെട്ടെന്നു അയാള്‍ എന്നെ തടഞ്ഞു. എന്നിട്ട് മുകളില്‍ കയറിയ മൂത്ത കുട്ടിയോട് താഴെ ഇറങ്ങി അനുജന്‍റെ കൂടെ കിടക്കാന്‍ പറഞ്ഞു. ആ പയ്യന്‍ ഒരു പ്രതിഷേധവും കാണിക്കാതെ താഴെ ഇറങ്ങി അനുജന്‍റെ കൂടെ കിടന്നു. എന്നോടു മുകളിലുള്ള ബര്‍ത്തു ഉപയോഗിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനാകെ ധര്‍മ്മസങ്കടത്തിലായി. വേണ്ടായിരുന്നു എന്നു മനസ്സ് പലവട്ടം പറഞ്ഞു. എത്ര പറഞ്ഞിട്ടും സര്‍ദാര്‍ജി വഴങ്ങിയില്ല. എനിക്കു മുകളിലെ ബര്‍ത്തില്‍ തന്നെ ഉറങ്ങേണ്ടി വന്നു.

ഉറക്കം വരാതെ അപ്പര്‍ബര്‍ത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മനുഷ്യ നന്‍മയെക്കുറിച്ച് തന്നെയാണ് ഞാന്‍ ആലോചിച്ചത്. കൂടെ മറ്റൊന്നു കൂടി ഓര്‍ത്തു. സമാന സാഹചര്യത്തില്‍ സര്‍ദാര്‍ജിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഞാനെങ്ങിനെ പെരുമാറുമായിരുന്നു?