ഒരു കവർ ബിസ്ക്കറ്റ് ഭിക്ഷ ചോദിക്കുന്ന ബാലൻ ഡൽഹിയിൽ, കോരളമോ കരുതലിന്റെ ഭൂമി

31

Sasidharan Mukami

ഇന്ന് വളരെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി. കുറച്ചു ദിവസമായി ബിരിയാണി കഴിക്കണം എന്ന് മോൾ ആശ പറഞ്ഞതനുസരിച്ച് അതിനുള്ള Materials വാങ്ങാൻ കടയിൽ പോയതാണ്. അരി വാങ്ങി തിരിയുമ്പോൾ ഏതാണ്ട് 20 വയസ്സു പ്രായമുള്ള ഒരു പയ്യൻ മുന്നിൽ വന്ന് ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങിത്തരുമോ എന്ന് ചോദിച്ചു. അവന്റെ കണ്ണുകളിലെ ഭാവം സത്യത്തിൽ കരളലിയിപ്പിക്കുന്നതായിരുന്നു. അപ്പോഴാണ് അവിടവിടെയായി സ്ത്രീകളടക്കം വേറെയും ചിലരെ കണ്ടത്. ചോദിക്കാൻ മടിച്ചു നിൽക്കുന്നവരുമുണ്ട്. പലരും വന്നു പോകുന്ന കടയാണ്. കൂടുതലും സമ്പന്നരും മധ്യവർഗ്ഗവും ഇടകലർന്ന് ജീവിക്കുന്ന ഏരിയയിലാണ് ഈ കട. ഏതാണ്ട് 3 കിലോമീറ്റർ അപ്പുറത്തുള്ള ഒരു കോളനിയിൽ താമസിക്കുന്നവരാണ് ദയക്ക് വേണ്ടി കാത്തു നിൽക്കുന്നവർ.

വിശപ്പിന്റെ ദൈന്യത എല്ലാവരിലുമുണ്ട്. കൈവശമുണ്ടായിരുന്ന പണത്തിന് ( cash കുറച്ചേ ഉണ്ടായിരുന്നുളളൂ – കാർഡും, ഫോണും കൈവശമുണ്ടായിരുന്നുമില്ല) അവിടെയുണ്ടായിരുന്ന 7 പേർക്കും കുറച്ച് സാധനങ്ങൾ വാങ്ങിക്കൊടുത്തു. Bread ആവശ്യപ്പെട്ട ഒരാൾക്ക് കടയിൽ അതില്ലാത്തതു കൊണ്ട് പണമായിത്തന്നെ നൽകുകയും ചെയ്തു.ഡൽഹിയിലെ ഇന്നത്തെ അവസ്ഥയാണിത്. സൗജന്യ റേഷൻ പോലും എത്തിച്ചേരാത്ത ഇടങ്ങളുണ്ട്. ആളുകളുണ്ട്. ദിവസങ്ങൾ കഴിയുന്തോറും സ്ഥിതി വഷളാവുകയാണ്.അന്നന്നത്തെ അന്നത്തിന് പണി ചെയ്തിരുന്നവർ ദുരിതത്തിലാണ്. തിരിച്ചറിയൽ കാർഡു പോലുമില്ലാതെ നഗരത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പണിയെടുത്ത് തെരുവോരത്ത് തന്നെ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളിൽ പെടുന്നവരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത്.

കേരളത്തെ ഓർത്തു. മുഖ്യമന്ത്രിയുടെ വാക്കുകളോർത്തു. എത്രമാത്രം ഉയർന്ന രാഷ്ട്രീയമാനവികതയുടെ ഉദാഹരണമാണ് കേരള സർക്കാരെന്നോർത്തു. കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ സുരക്ഷിതത്തത്തെക്കുറിച്ചോർത്തു.
ഒപ്പം, ആറ് ദിവസത്തെ ശമ്പളം തൽക്കാലത്തേക്ക് മാറ്റിവെക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച സുരക്ഷിത വരുമാനക്കാരായ ചില അധ്യാപക (?) വൈകൃതങ്ങളേയും ഓർത്തു.ശരിക്കും വേദനിച്ച ദിവസമാണിന്ന്.

വീടിന് പുറത്തിറങ്ങരുതെന്ന് സർക്കാർ പറഞ്ഞാൽ ഇറങ്ങരുത്. രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാ നിർദ്ദേശങളും നാം പാലിക്കണം. എന്നാൽ, വീടില്ലാത്തവരെക്കുറിച്ചും വീട്ടിനുള്ളിൽ വിശപ്പടക്കാൻ ഒന്നുമില്ലാത്തവരെക്കുറിച്ചും ആരാണ് ചിന്തിക്കേണ്ടത് ? ചിന്തിക്കേണ്ടവർ അത് ചിന്തിക്കുന്നുണ്ടോ ? ശരിക്കും വേദനിച്ച ദിവസമാണിന്ന്.