സത്താർ…..സത്താർ….സത്താർ….
Jinesh Jinu
സൗദി വെള്ളക്ക കണ്ടിറങ്ങി ഇത്ര നേരമായിട്ടും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരു നോവിന്റെ പേര്..ആരാലും സ്നേഹിക്കപ്പെടാതെ, ചേർത്ത് നിർത്തപ്പെടാതെ ആരോടും ഒരു പരാതിയും പരിഭവവും പറയാനാറിയാത്ത ഒരു മനുഷ്യൻ. തനിക്ക് ചുറ്റുമുള്ള ഒരു ലോകം അയാളെ മാറ്റി നിർത്തുമ്പോഴും കളിയാക്കി ചിരിക്കുമ്പോഴും അവരെയെല്ലാം സ്നേഹിക്കാൻ മാത്രമറിയാവുന്ന സത്താർ.തലച്ചോറുകൊണ്ടല്ലാതെ മനസ്സുകൊണ്ട് മാത്രം സ്നേഹിക്കാനാറിയുന്ന ഒരാളായിരുന്നു സത്താർ എന്ന് ഭാര്യ നസീമ പറയുന്നുണ്ട്.
ഭാര്യക്കും അമ്മയ്ക്കുമിടയിൽ ആരോടും എതിർത്ത് സംസാരിക്കാനാറിയാതെ നിസ്സഹായനാവുന്നുണ്ട് പലപ്പോഴും അയാൾ.ഒരിക്കൽ ഒരവസരത്തിൽ അമ്മയോട് കയർത്തു സംസാരിക്കേണ്ടി വരുമ്പോൾ പോലും അതോർത്തു മനസ്സ് നീറി ഉറക്കം വരാതെ അയാൾ അമ്മയുടെ മുന്നിൽ ചെന്ന് പറയുന്നുണ്ട് “എനിക്കൊന്നും അറിയില്ല..” എന്ന്.എന്ത് വന്നാലും ഏത് പാതിരാത്രിയിലും കേറിച്ചെല്ലാൻ മാത്രം അയാൾക്കൊരു സുഹൃത്തുണ്ടായിരുന്നു. ബ്രിട്ടോ..
ബ്രിട്ടോ അയാൾക്ക് എല്ലാം ആയിരുന്നു. തന്നെ മനസിലാക്കുന്ന ഒരേയൊരാൾ ബ്രിട്ടോ മാത്രമാണെന്ന് അയാൾ വിശ്വസിച്ചിരുന്നിരിക്കാം..ആ സുഹൃത്ത് പോലും തന്നോട് മൂർച്ചയുള്ള വാക്കുകൾ പറഞ്ഞപ്പോൾ അയാളുടെ മനസ്സ് തോറ്റു പോയിട്ടുണ്ടാകും.. പിന്നീട് സാത്താറിനെ നമ്മൾ കാണുന്നില്ല. സിനിമയുടെ പാതിയിൽ അയാൾ എവിടെയോ മാഞ്ഞുപോകുന്നു..
തിരിച്ചുവരാത്തതെന്താ എന്ന് ബ്രിട്ടോ സത്താറിന്റെ ഉമ്മയോട് ചോദിക്കുമ്പോൾ ഉമ്മ പറയുന്നുണ്ട്, ” അവന് സന്തോഷം കിട്ടുന്ന ഇടത്തായിരിക്കും അതാണ് തിരിച്ചുവരാത്തത് ” എന്ന്. സത്താർ ഒരിക്കൽ പോലും ഇവിടെ സന്തോഷവാൻ ആയിരുന്നില്ല എന്ന് ഉമ്മയ്ക്ക് അറിയാമായിരിക്കും.എനിക്ക് ഒന്നുമറിയില്ല എന്ന് പറഞ്ഞു കരയുന്ന സത്താറിന്റെ മുഖം അത്ര എളുപ്പമൊന്നും മനസ്സിൽ നിന്ന് മാഞ്ഞുപോകാൻ സാധ്യതയില്ല.
സൗദി വെള്ളക്കയെ പറ്റി പറയുമ്പോൾ സത്താറിനെ കുറിച്ച് പറയാൻ മാത്രമേ സാധിക്കുന്നൊള്ളു. സിനിമയുടെ പോസ്റ്ററിൽ ഒരിടത്തു പറയുന്ന ആ “നിധി” എന്നെ സംബന്ധിച്ചിടത്തോളം സത്താർ മാത്രമാണ്…
❤