ഇടതുപക്ഷം ഈ വിധത്തിൽ അധികാരകേന്ദ്രീകരണത്തിനു മുതിരുന്നത് ചരിത്ര നിഷേധവും ജനാധിപത്യവിരുദ്ധവുമാണ്

34
(Satheesan E M)
രാജ്യം കൂടുതൽ ഏകാധിപത്യത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അതിനെതിരെ പൊരുതിമുന്നേറാൻ ജനങ്ങൾക്ക് ആശയപരമായ വെളിച്ചവും കരുത്തും പകരേണ്ട ഇടതുപക്ഷം, ഈ വിധത്തിൽ അധികാരകേന്ദ്രീകരണത്തിനു മുതിരുന്നത് ചരിത്ര നിഷേധവും ജനാധിപത്യവിരുദ്ധവുമാണ്.
———
ജനാധിപത്യം തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വേച്ഛാധിപത്യമാണ് എന്നൊരു വിമർശനം, അതിനുവേണ്ടി വാദിക്കുന്നവരും അംഗീകരിക്കുന്ന വസ്തുതയാണ്. അധികാരം ജനങ്ങൾക്കുലഭിക്കുന്നു എന്നതാണ് മറ്റേത് രാഷ്ട്രീയ സംവിധാനത്തേക്കാൾ ജനാധിപത്യ വ്യവസ്‌ഥയുടെ മേന്മ. എല്ലാത്തരം അധികാരങ്ങളും സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടുകൾവരെ വികേന്ദ്രീകരിച്ച് സാധാരണ മനുഷ്യരെവരെ നാടിന്റെ അധികാരികളാക്കുന്ന ജനകീയ ഉത്തരവാദിത്വ വ്യവസ്‌ഥയാകേണ്ടതുണ്ട് ജനാധിപത്യം. ഈ വിധത്തിൽ ജനാധിപത്യം വികസിതമാവുന്ന അവസ്‌ഥയിൽ , തെരഞ്ഞെടുക്കപ്പെടുന്നവരുടെ സ്വേച്ഛാധിപത്യമായി ജനാധിപത്യം അധഃപ്പതിക്കുകയില്ല. ഒരു രാഷ്ട്രീയ സംജ്ഞ എന്നതിനപ്പുറം അതൊരു ജീവിതരീതിയായി സ്വാംശീകരിക്കുന്നവർക്കു മാത്രമേ ഉദാത്തമായ ജനാധിപത്യവാദിയും പ്രയോക്താവുമായിരിക്കാൻ സാധിക്കുകയുള്ളു…
മുഖ്യമന്ത്രിയിലേക്കും ഗവർമെന്റ് സെക്രട്ടറിമാരിലേക്കും അധികാരങ്ങൾ കേന്ദ്രീകരിക്കാൻ പോകുന്നുവെന്ന താഴെക്കാണുന്ന പത്രവാർത്ത സത്യമാണോ എന്നു തിട്ടമില്ല. ശരിയാണെങ്കിൽ അത് അത്യന്തം അപകടകരമാണ്. മാർക്സിസത്തിനോ ഇടതു ജനാധിപത്യ കാഴ്ചപ്പാടുകൾക്കോ നിരക്കുന്നതല്ല. വിക്ടോറിയ രാജ്ഞിയിലും ചക്രവർത്തിമാരിലും ഹജ്ജൂർകച്ചേരികളിലും മാത്രം നിക്ഷിപ്തമായിരുന്ന അധികാരങ്ങളും ജനങ്ങളുടെ ഭാഗഥേയങ്ങൾ നിർണ്ണയിക്കാനുള്ള അവകാശങ്ങളും നേടിയെടുക്കാൻ നടത്തിയ കൊളോണിയൽ വിരുദ്ധ ജീവത്യാഗങ്ങളെ റദ്ദ് ചെയ്യുന്ന നീക്കമാണിത്. ബൂത്തുകളിലെ ബാലറ്റുകളിൽ നിന്നു രൂപപ്പെടുന്ന അധികാരം അതേ ജനങ്ങൾക്ക് തിരിച്ചുകൊടുക്കലാണ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്വം.
നയപരവും ധനപരവും നിർവ്വഹണപരവുമായ എല്ലാ അധികാരങ്ങളും നിയമപരമായി പ്രാദേശിക സർക്കാരുകളിലും അതുവഴി പ്രാദേശിക ജനവിഭാഗങ്ങളിലും നിക്ഷിപ്തമാക്കണം. അതിനുതകുന്ന നയങ്ങളും നിയമനിർമ്മാണങ്ങളും അതിന്റെ നിർവ്വഹണങ്ങളും ഉറപ്പുവരുത്തുന്ന പൊതു മേൽനോട്ടം മാത്രമായിരിക്കണം കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ ഉത്തരവാദിത്വം .ഇങ്ങനെ രൂപംകൊള്ളുന്ന നയങ്ങളും നിയമങ്ങളും തീരുമാനങ്ങളും നടപ്പിലാക്കുന്നതിന് വകുപ്പുതലത്തിൽ പൊതുവായി നേതൃത്വം നൽകുകയാവണം ഓരോ മന്ത്രിയുടെയും ഉത്തരവാദിത്വം. സ്വതന്ത്രമായി ചുമതലകൾ നിർവ്വഹിക്കുന്ന മന്ത്രിമാരുടെ പ്രവർത്തനങ്ങളെ നിരന്തര കൂടിയാലോചനകളിലൂടെ നയപരമായി ഏകോപിപ്പിക്കുന്ന ഉത്തരവാദിത്വമാണ് മുഖ്യമന്ത്രിക്കുള്ളത് .
ജനാധിപത്യത്തിൽ ബ്യൂറോക്രസി ജനപ്രതിനിധികൾക്ക് മുകളിലായിരിക്കാൻ ഒരിക്കലും പാടില്ല.അതേസമയം നിയമനുസൃതം പ്രവർത്തിക്കാനുള്ള ശക്തി ബ്യൂറോക്രസിയിൽ നിക്ഷിപ്തമായിരിക്കുകയും വേണം. അധികാരികളായി മാറുന്ന വ്യക്തികളിൽ അധികാരകേന്ദ്രീകരണ പ്രവണത സഹജമായി കുടികൊള്ളുന്നുണ്ട്. നിയമത്തിനുമുന്നിൽ പൗരന്മാർ എല്ലാവരും തുല്യരായിരിക്കുക എന്ന ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുക അനിവാര്യമാണ്.
.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്‌ഥരും മാറിക്കൊണ്ടിരിക്കും. അധികാരം കയ്യാളുന്ന വ്യക്തികളുടെ താൽക്കാലികമായ നിക്ഷിപ്ത താല്പര്യങ്ങൾക്കുവേണ്ടി ജനാധിപത്യപരമായി മന്ത്രിമാരിൽ നിക്ഷിപ്തമായ അധികാരങ്ങൾ മുഴുവൻ ഗവർമെന്റ് സെക്രട്ടറിമാരിലേക്കും അതുവഴി മുഖ്യമന്ത്രിയിലേക്കും കേന്ദ്രീകരിക്കുന്നത് ജനാധിപത്യവിരുദ്ധവും ഇടതു ദർശനങ്ങൾക്ക് എതിരുമാണ്.രാജ്യം കൂടുതൽ ഏകാധിപത്യത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അതിനെതിരെ പൊരുതിമുന്നേറാൻ ജനങ്ങൾക്ക് ആശയപരമായ വെളിച്ചവും കരുത്തും പകരേണ്ട ഇടതുപക്ഷം ഈ വിധത്തിൽ അധികാരകേന്ദ്രീകരണത്തിനു മുതിരുന്നത് ചരിത്ര നിഷേധവും ജനാധിപത്യവിരുദ്ധവുമാണെന്നും പ്രതിലോമശക്തികൾക്ക് വളരാൻ ഫലഭൂയിഷ്ടമായ നിലമൊരുക്കിക്കൊടുക്കലായി മാറുമെന്നും സവിനയം ഓർമ്മപ്പെടുത്തുന്നു…