മാതാപിതാക്കളാൽ/രക്ഷിതാക്കളാൽ നശിപ്പിക്കപ്പെടാത്ത കുട്ടികൾ അപൂർവമാണ്‌, അല്ലെങ്കിൽ , കുട്ടികളെ നശിപ്പിക്കാത്ത മാതാപിതാക്കളില്ല

116
Satheesh Kumar
മാതാപിതാക്കളാൽ/രക്ഷിതാക്കളാൽ നശിപ്പിക്കപ്പെടാത്ത കുട്ടികൾ അപൂർവമാണ്‌. അല്ലെങ്കിൽ , കുട്ടികളെ നശിപ്പിക്കാത്ത മാതാപിതാക്കളില്ല.തീർത്തും ഒഫൻസീവ്‌ ആയ ഒരു പ്രസ്താവനയായി തോന്നാമെങ്കിലും സംഗതി സത്യമാണ്‌.പൂർണമായും തല്ലിത്തകർത്ത്‌ നശിപ്പിച്ചു കളയുന്നു എന്നല്ല.
പക്ഷേ ചെറിയ ഒരളവിലെങ്കിലും ആ വിധം ചെയ്യാത്തവരില്ല.മാതാപിതാക്കൾ എന്ന് പൊതുവേ പറഞ്ഞതാണ്‌. കുട്ടികൾക്ക്‌ ചുറ്റും, അവരോട്‌ ഏറ്റവും ചേർന്നു നിൽക്കുന്ന ആളുകൾ എന്നതാണ്‌ കുറച്ചു കൂടി വിശാലമായ വാക്ക്‌.നശിപ്പിക്കുക എന്ന വാക്കും സദാ ഉപയോഗിക്കപ്പെടുന്ന ആ അർത്ഥത്തിൽ ആവണമെന്നില്ല.ഒരു പക്ഷേ, സമൂഹം ‘നന്നാക്കുക’ എന്ന വിപരീത പദം കൊണ്ടു പോലും സൂചിപ്പിച്ചേക്കാവുന്ന ഒന്നാകും ഞാൻ ഉദ്ദേശിക്കുന്ന “നശിപ്പിക്കൽ”.(മീൻ നന്നാക്കുന്നതു കണ്ടിട്ടില്ലേ ? അതിന്റെ ചിറകുകളും വാലും വെട്ടി,ചെതുമ്പലുകൾ കുത്തിയിളക്കി,കണ്ണുകൾ ചൂഴ്‌ന്ന്…
അങ്ങിനെയങ്ങനെ ,അതിനെ അതാക്കുന്നത്‌ എന്തൊക്കെയോ അതിനെ ഒഴിവാക്കി ,അതിൽ നമുക്ക്‌ വേണ്ടത്‌ എന്തൊക്കെയോ അതിനെ മാത്രം ബാക്കിയാക്കുന്നതാണല്ലോ ആ നന്നാക്കൽ)
കുട്ടികൾ യഥാർത്ഥത്തിൽ എന്തായിരിക്കുന്നുവോ അതിനെ അതല്ലാതാക്കുന്ന ആ ഇടപെടലുകളെയാണ്‌ ഞാൻ നശിപ്പിക്കൽ എന്ന് വ്യാഖ്യാനിക്കുന്നത്.തനിക്കു ചുറ്റുമുള്ളവരുടെ അടയാളങ്ങളുമായാണ്‌ ഓരോ കുട്ടിയും വളർന്നു വരുന്നത്‌ എന്ന് സാരം.അത്‌ ഒരു തെളിഞ്ഞ കറപോലെയോ , മുറിവ്‌ പോലെയോ ഉള്ള പ്രകടമായ ഒരടയാളമല്ല.പ്രത്യേകിച്ചും നിങ്ങളുടെ മോശം സ്വാധീനങ്ങളുടെ അടയാളങ്ങൾ
അവ നന്മയുടെ അടയാളങ്ങളുടേത്‌ പോലെ അത്ര ലൗഡ്‌ ആയിക്കൊള്ളണമെന്നുമില്ല.
ഉദാഹരിച്ച്‌ പറയുകയാണെങ്കിൽ ,പുതിയ ചില്ലുഗ്ലാസുകളിൽ അത്‌ ഉപയോഗിക്കുന്നവരുടെ വിരലടയാളങ്ങൾ പതിഞ്ഞിരിക്കുന്നത്‌ പോലെയാണ്‌ അത്‌.വ്യ്ക്തമായി നിങ്ങൾ അത്‌ കാണുന്നില്ലെങ്കിൽ പോലും അതവിടെ സത്യമായും ഉണ്ട്‌.എത്ര തെളിഞ്ഞതായി തോന്നുന്നു എങ്കിലും ചില ആംഗിളുകളിൽ നിന്ന് നമുക്ക്‌ തന്നെ പെട്ടെന്നത്‌ കാണാം.നിങ്ങൾ എന്ന മക്കളേയും നിങ്ങളുടെ മക്കളേയും ഉദാഹരണമായി എടുത്തുകൊണ്ട്‌ ഒന്നാലോചിച്ചുനോക്കൂ.സ്വതവേ ശാന്തയായി കാണുന്ന നിങ്ങളുടെ മകളിൽ ഇന്നാളൊരു ദിവസം അവളൂടെ അച്ഛന്റെ ആ മുൻ കോപം നിങ്ങൾ പൊടുന്നനെ കണ്ടില്ലേ?ഒട്ടും സ്നേഹമില്ലാതെ .“ നിനക്കെന്തറിയാം..” എന്ന മട്ടിൽ അദ്ദേഹം നിങ്ങളെ നോക്കുന്ന അതേ ആ നോട്ടം അവൾ നിങ്ങളെ നോക്കിയില്ലേ? അന്നേരങ്ങളിൽ അപമാനിക്കപ്പെടാറുള്ള അതേ അളവിൽ ‌ അപമാനിക്കപ്പെട്ടതുപോലെ അപ്പോഴും നിങ്ങൾക്ക്‌‌ തോന്നിയില്ലേ? നിങ്ങൾക്ക്‌ തീരെ ശരിയല്ല എന്ന് തോന്നിയ കാര്യം ചെയ്യാനൊരുങ്ങിയ മകളോട്‌ തീർത്തും സൗമ്യനായി അരുത്‌ എന്ന് പറഞ്ഞപ്പോൾ ഭ്രാന്തമായി ബഹളം വെച്ച മകളിൽ അവളൂടെ അമ്മയുടെ ശരീരഭാഷ കണ്ടില്ലേ നിങ്ങൾ?
കാമുകനോട്‌ കാര്യമില്ലാതെ ഫോണിൽ കയർക്കുന്ന അവളിൽ ഭാര്യയുടെ ഭ്രാന്തൻ ശബ്ദം കേട്ടില്ലേ നിങ്ങൾ?
വളരെ സൂക്ഷ്മമായ ചില കാര്യങ്ങളെക്കുറിച്ചാണ്‌ ഞാൻ പറയുന്നത്‌.നിങ്ങളുടെ ജീനുകൾ തീർച്ചയായും അവരിൽ ചില അടയാളങ്ങൾ പതിച്ചു വെച്ചിട്ടുണ്ടാകും.അതിനുമപ്പുറത്തുള്ള ചില പകർച്ചകളെക്കുറിച്ചാണ്‌ ഞാൻ പറയുന്നത്‌.മകൻ ഹോട്ടലിലെ വയസനായ ആ സെക്യൂരിറ്റിക്കാരനോട്‌ ദയയില്ലാതെ പെരുമാറിയത്‌ ,ഡ്രൈവിങ്ങിൽ വാശിപിടിച്ച്‌ സൈഡ്‌ തീരെവിട്ടുകൊടുക്കാതെ മറ്റൊരു വണ്ടിക്കാരനോട്‌ തർക്കിച്ചത്‌,ഇഷ്ടപ്പെടാത്തതെന്തോ പറഞ്ഞപ്പോൾ കൈയ്യിലുള്ള സാധനം വലിച്ചെറിഞ്ഞത്‌..അവന്റെ അച്ഛൻ പലപ്പോഴും ചെയ്തിട്ടില്ലേ അതു പോലെ തന്നെ?
നോക്കൂ.ഹോസ്റ്റൽ മുറിയിൽ നിന്ന് എന്തോ ഒന്ന് മോഷണം പോയപ്പോൾ കൂട്ടത്തിലെ ഏറ്റവും ദരിദ്രയായ കൂട്ടുകാരിയെ സംശയിച്ചില്ലേ മകൾ?അലമാരയിലെവിടെയോ മറന്നുവെച്ച ഒരു സ്വർണമോതിരത്തെപ്രതി വീട്ടുവേലക്കാരിയെ വിചാരണ ചെയ്ത അവളൂടെ അമ്മയെ ഓർമ്മ വന്നില്ലേ നിങ്ങൾക്കപ്പോൾ?അത്രയേ ഉള്ളൂ ..നിങ്ങളുടെ ആത്മവിശ്വാസക്കുറവ്‌, കൗശലങ്ങൾ, കളവുകൾ,വിശ്വാസവഞ്ചനകൾ,ദേഷ്യം,പ്രതികാരം, നിഷേധം,ഭയം,അടിമത്തം, അഹങ്കാരം,ക്രൂരത, എന്നിങ്ങനെ സദാ പ്രകടമാകാത്തതും എന്നാൽ പ്രധാനപ്പെട്ടതുമായ സൂക്ഷ്മഭാവങ്ങളുടെ അടയാളങ്ങളെപ്പറ്റിയാണ്‌ ഞാൻ പറഞ്ഞു വരുന്നത്‌.അവയിൽ ചിലത്‌ തീർച്ചയായും നിങ്ങൾ വളർത്തിയ മക്കളിലുമുണ്ടാകും എന്ന് തീർച്ച ഫ്രിഡ്ജിൽ വെച്ച പാല്‌ അതിലെ മറ്റു വസ്തുക്കളുടെ മണം കൈക്കൊള്ളുന്നതുപോലെ നിങ്ങളുടെ മക്കളിൽ നിങ്ങളുടെ ഇത്തിരി മണമുണ്ടാകും.
അത്‌ വലിയ തെറ്റാണ്‌ എന്നല്ല,തീർത്തും മനുഷ്യസഹജമായ ഒരു സംഗതിയാണത്‌
എത്ര മിനുക്കിയാലും ആ ചില്ലുപാത്രങ്ങളിൽ നിങ്ങളുടെ ചില വിരലടയാളങ്ങൾ ബാക്കിയാവുക തന്നെ ചെയ്യും ഇത്തിരി പൊടി പറ്റുമ്പോൾ , മറ്റൊരു മൂലയിൽ നിന്ന് വെളിച്ചം വീഴുമ്പോൾ അത്‌ വെളിപ്പെട്ട്‌ വരും മക്കളിൽ നിങ്ങളെ കാണാം എന്നു പറയുമ്പോൾ നിങ്ങൾക്ക്‌ നിങ്ങളെക്കാണാനുള്ള ഒരു മുഴുവൻ കണ്ണാടിയാണ്‌ മക്കൾ എന്നൊരു അർത്ഥം കൂടിയുണ്ട്‌ അതിന്‌ അങ്ങനെവരുമ്പോൾ അതിൽ
നിങ്ങൾക്ക്‌ ഒരു അവസരം കൂടിയുണ്ട്‌ അവനവനെ തിരിച്ചറിയുവാനും തിരുത്തുവാനുമുള്ള ഒരു സുവർണ്ണാവസരം ,ഒരിക്കലും പാഴാക്കിക്കളയാൻ പാടില്ലാത്തത്‌ ആയതു കൊണ്ട്‌ പ്രിയപ്പെട്ടവരേ ,മേലിൽ നിങ്ങളുടെ മക്കളിൽ നിങ്ങൾക്ക്‌ ഇഷ്ടമില്ലാത്ത എന്തെങ്കിലും കാണുമ്പോൾ അവരോട്‌ അരിശപ്പെടാതെ അവനവനിലേക്ക്‌ നോക്കുവിൻ ചില്ലുഗ്ലാസുകളിലെ അടയാളങ്ങൾ മായ്ചുകളയുന്നതിനേക്കാൾ പ്രധാനമാണ്‌ അവ കൈ കാര്യം ചെയ്യുന്ന കൈവിരലുകളിലെ അഴുക്ക്‌ ഇല്ലാതാക്കുക എന്നത്‌ ദയവായി മനസിലാക്കുവിൻ അത്രയേ ഉള്ളൂ ഈ പോസ്റ്റിന്റെ ഉദ്ദേശവും.