മുന്നില്‍ വടിയും പിടിച്ചു നില്‍ക്കുന്ന ഉദ്ദണ്ണന്‍മാര്‍ ചുമ്മാ നില്‍ക്കുന്നതല്ല, ക്ഷേത്രത്തിലേക്ക് ദളിതര്‍ പ്രവേശിച്ചാല്‍ അടിച്ചു പുറം പൊളിക്കാനാണ് നില്‍ക്കുന്നത്

181

Satheesh Kumar

രാമന്‍ സംസ്‌കൃതിയുടെ തിരികല്ലാണ്, ഉരകല്ലാണ്, ഇത് രാമരാജ്യമാണ്, തേങ്ങാക്കുലയാണ് എന്നൊക്കെ തുള്ളിയുറഞ്ഞ് ചില അവര്‍ണ-ദളിത് സംഘികള്‍ (CongRSS ഉം) രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ആഘോഷിക്കുന്നുണ്ട്.

ഈ ഫോട്ടോയില്‍ കാണുന്നത് രാമന്റെ ശിലാസ്ഥാപനം നടന്ന യോഗി ആദിത്യനാഥിന്റെ ഉത്തരപ്രദേശിലെ ഹരിപുര ജില്ലയിലെ ഒരു ജാനകീ രാമക്ഷേത്രമാണ്. മുന്നില്‍ വടിയും പിടിച്ചു നില്‍ക്കുന്ന ഉദ്ദണ്ണന്‍മാര്‍ ചുമ്മാ നില്‍ക്കുന്നതല്ല. ക്ഷേത്രത്തിലേക്ക് ദളിതര്‍ പ്രവേശിച്ചാല്‍ അടിച്ചു പുറം പൊളിക്കാനാണ് നില്‍ക്കുന്നത്. ക്ഷേത്രത്തില്‍ ‘അഖണ്ഡ രാമായണ യജ്ഞം’ നടക്കുന്നുണ്ട്. ക്ഷേത്രത്തിനു പുറത്ത് ഒരു നോട്ടീസും പതിച്ചിട്ടുണ്ട്. ‘ദളിതര്‍ അശുദ്ധരാണ്. അതുകൊണ്ട് യജ്ഞം കഴിയുന്നതുവരെ 10 ദിവസം വീട്ടില്‍ പോയി ഇരിക്കണം.’ നോട്ടീസ് പതിച്ചത് താന്‍ തന്നെയാണെന്ന് പൂജാരിയായ കുന്‍വാര്‍ ബഹദൂര്‍ സിംഗ് തന്നെയാണെന്ന് തുറന്നു പറയുന്നു.

അഖണ്ഡ രാമായണ യജ്ഞത്തിനു മാത്രമല്ല, തങ്ങളെ അതിനുമുന്‍പും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. ETV news 18 റിപോര്‍ട്ട് ചെയ്തതാണ് ഈ സംഭവം. മനീഷാ അനുരാഗി എന്ന ബിജെപിയുടെ ദളിത് വനിതാ എം.എല്‍.എ ക്ഷേത്രത്തില്‍ പ്രവേശിച്ചു എന്ന കാരണം പറഞ്ഞ് ക്ഷേത്ര പ്രതിഷ്ഠ ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ചതും യു.പിയില്‍ തന്നെയാണ്. ദോംകെര വില്ലേജിലുള്ള ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് 17 വയസ്സ് മാത്രം പ്രായമുള്ള വികാസ് ജാദവ് എന്ന കൗമാരക്കാരനെ സവര്‍ണജാതിക്കാര്‍ കൊലപ്പെടുത്തിയത്. വിവാഹിതരായ നവദമ്പതികളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കിയത് യു.പിയിലെ ഭഗവതിപുരയിലാണ്.

സ്വതവേ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വാര്‍ത്തകളില്‍ 10 ശതമാനം പോലും പുറത്തറിയാറില്ല. ഇതിനേക്കാളൊക്കെ പതിന്‍മടങ്ങ് ഭീകരമാണ് യഥാര്‍ത്ഥ വാര്‍ത്തകള്‍.അവര്‍ണ-ദളിത് സംഘികളോടാണ് വീണ്ടും ചോദിക്കുന്നത്. നവോദ്ധാന സമരങ്ങള്‍ക്കും ക്ഷേത്ര പ്രവേശന വിളംബരത്തിനും കമ്യൂണിസ്റ്റുകാരും ദേശീയ പ്രസ്ഥാനവും നടത്തിയ ജാതി-ജന്മി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും മുന്‍പ് നിങ്ങളുടെ ഏതെങ്കിലും അപ്പാപ്പന്‍മാര്‍ തൃപ്രയാറോ, തിരുവില്ല്വാമലയിലോ മറ്റെവിടെയെങ്കിലുമുള്ള ഏതെങ്കിലും ശ്രീരാമക്ഷേത്രത്തില്‍ കാലുകുത്തിയിട്ടുണ്ടോ?

ഹിന്ദു ഏകതയും രാമരാജ്യവും പറഞ്ഞ് കീഴാള സംഘിയുടെ അപ്പാപ്പന്‍മാര്‍ ആ വഴിക്കെങ്ങാനും ചെന്നാല്‍ സംഘപരിവാരത്തിന്റെ സവര്‍ണ നേതാക്കളുടെ അപ്പാപ്പന്‍മാര്‍ തന്നെ നെറുംതല അടിച്ചു പരത്തുമായിരുന്നു. സ്വാമി വിവേകാനന്ദനുപോലും പ്രവേശനം നിഷേധിച്ചവയാണ് ഈ രാമരാജ്യത്തിലെ ക്ഷേത്രങ്ങള്‍.അപ്പോള്‍ ആരുടെ രാമനാണ് സംഘപരിവാരം പറയുന്ന ഈ രാമന്‍? ആരുടെ രാജ്യമാണ് ഈ രാമരാജ്യം.. ഏത് സംസ്‌കൃതിയെക്കുറിച്ചാണ് നിങ്ങള്‍ പുളകിതരാകുന്നത്?