അച്ചോ, ദൈവനാമത്തിൽ സമാധാനം പ്രസംഗിക്കുന്നവരേക്കാൾ ദൈവത്തിന്റെ വഴിയിലുള്ളവർ സാധാരണക്കാരായ മനുഷ്യരാണ്

0
130

സതീഷ് കുമാർ

ഫാദർ ജോസഫ്‌ പുത്തൻപുരക്കൽ താങ്കൾ പരാമർശിച്ച ആ ടിപ്പുസുൽത്താന്റെ പേരിലുള്ള കേരളത്തിലെ ഏക‌ നഗരമാണ്‌ ഞങ്ങളുടെ സുൽത്താൻ ബത്തേരി. ആ മുസ്ലീം സുൽത്താൻ ശരിക്കും പൂണ്ട്‌ വിളയാടിയ ഒരു ഇടം! കാടായ കാട്ടിലൊക്കെ ഇക്കണ്ട മരങ്ങളുണ്ടായിട്ടും ഒരു മാവ്‌ പോലും വളഞ്ഞ്‌ സുൽത്താന്റെ പടയെ തടഞ്ഞില്ല.(കുത്തിയൊഴുകുന്ന പുഴകൾക്ക്‌ മേലെ പാലങ്ങൾ കെട്ടി പട നയിച്ച ചങ്ങാതിയാണ്‌ ഒരു വളഞ്ഞ മാവ്‌ കണ്ട്‌ പട മടക്കിയത്‌) നട്ടുച്ചക്ക്‌ പോലും കോട മൂടുന്ന നാട്ടിൽ, മഞ്ഞിറങ്ങി ഒരു ദേവാലയവും അന്ന് സംരക്ഷിക്കപ്പെട്ടില്ല.പട്ടണത്തിലെ പ്രധാന ജൈനക്ഷേത്രം പിടിച്ചെടുത്ത്‌ സുൽത്താൻ അത്‌ പട്ടാള കേന്ദ്രമാക്കി. അങ്ങനെ പഴയ “ഗണപതി വട്ടം” എന്ന ആ പുരാതനപട്ടണം സുൽത്താന്റെ ‘ബാറ്ററി’ എന്ന സുൽത്താൻ ബത്തേരിയുമായി.

Image result for sulthan bathery"അച്ചൻ അറിയുവാൻ വേണ്ടി പറയുകയാണ്‌,എന്നിട്ടും ഞങ്ങളുടെ സുൽത്താൻ ബത്തേരിയിൽ മുഴുവനും ആയിഷമാരും ആമിനമാരും മാത്രമല്ല ഉള്ളത്‌. തന്നെയുമല്ല ഉള്ള ആമിനമാരേയും,അഷറഫ്‌‌ ,സെയ്തലവി ജാസ്മിൻ,ഷുഹൈബ്‌ തുടങ്ങി പേരുകേട്ടാലറിയുന്നവരും ഷാജി, സിനി ,സുമി എന്ന മട്ടിൽ പേരുകേട്ടാൽ തിരിച്ചറിയാത്തവരുമായ, ജന്മം കൊണ്ട്‌ മുസ്ലീമായ മുഴുവൻ മനുഷ്യരേയും ചേർത്തുവെച്ചാൽ പോലും‌ അത്‌ സുൽത്താൻബത്തേരിയുടെ മൊത്ത ജനസംഖ്യയുടെ പതിനേഴ്‌ ശതമാനം തികച്ച്‌ വരില്ല എന്നാണ്‌ കാനേഷുമാരിക്കണക്ക്‌. സുൽത്താന്റെ പേരിൽ അറിയപ്പെടുന്ന ഒരു നഗരത്തിന്റെ കാര്യമാണ്‌ ഈ പറയുന്നത്‌ എന്ന് ഓർക്കണം. അവിടെപ്പോലും ആറിലൊന്ന് വരുന്നില്ല ആമിനമാരുടെ മതക്കാർ എന്നിരിക്കവേയാണ്‌‌ കോട്ടയം , കുമളി ദേശക്കാർ മതം മാറാതെ രക്ഷപ്പെട്ടതിനെ പ്രതിയുള്ള അച്ചന്റെ ആശ്വാസ പ്രസംഗം.അതുകൂടാതെയും അച്ചൻ അറിയേണ്ട ചില കാര്യങ്ങൾ എനിക്ക്‌ പറയുവാനുണ്ട്‌,  കേരളത്തിലെ ആ ഒരേയൊരു സുൽത്താൻ നാടിനെക്കുറിച്ച്‌.

സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തെ നിയമ സഭയിൽ പ്രതിനിധീകരിക്കുന്നത്‌ ഐ സി ബാലകൃഷ്ണൻ എന്ന വയനാടൻ ഗോത്രവംശജനാണ്.‌സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത്‌ ആയിരുന്നപ്പോൾ അതിന്റെ പ്രസിഡണ്ടായിരുന്നവരിൽ ചിലർ
ശ്രീ എൻ.എം വിജയൻ,
ഒ.എം ജോർജ്ജ് ‌, അയൂബ്‌ എന്നിങ്ങനെ പല ജാതിയിൽ പെട്ടവരാണ്.‌
സുൽത്താൻ ബത്തേരി നഗരസഭയുടെ പ്രഥമ ചെയർമാൻ ശ്രീ സഹദേവനും അതിന്റെ രണ്ടാമൂഴത്തിൽ
ശ്രീ ടി .എൽ . സാബുവുമാണ്‌.
സുൽത്താൻ ബത്തേരി ഉൾപ്പെടുന്ന വയനാട്‌ ലോകസഭാ മണ്ഠലത്തിന്റെ കഴിഞ്ഞ എം പി , ശ്രീ ഷാനവാസും ഇപ്പോഴത്തെ എം പി രാഹുൽഗാന്ധിയുമാണ്‌.

എന്തിനധികം പറയണം അച്ചോ, രണ്ടായിരത്തി ഒന്നിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച്‌ രണ്ടാമതെത്തിയത്‌ ഫാദർ മത്തായി നൂറനാൽ എന്ന മലങ്കര ഓർത്തഡോക്സ്‌ പുരോഹിതനാണ്‌. അന്ന് ഒന്നാമനായി ജയിച്ചുവന്ന എം എൽ എ ഒരു അമുസ്ലീമായ ശ്രീ .എൻ. ഡി അപ്പച്ചനാണ്‌ അത്രയേ ഉള്ളൂ കാര്യം അച്ചോ,ദൈവനാമത്തിൽ സമാധാനം പ്രസംഗിക്കുന്നവരേക്കാൾ ദൈവത്തിന്റെ വഴിയിലുള്ളവർ സാധാരണക്കാരായ മനുഷ്യരാണ്. നിങ്ങൾക്ക്‌ അത്‌ അറിയില്ലെങ്കിൽ ആയതിലേക്കായി പഴയ ഒരു കാര്യം കൂടി വയനാട്ടിൽ നിന്ന് ഞാൻ പറഞ്ഞുതരാം.സുൽത്താൻ ബത്തേരിയുടെ അയൽ പഞ്ചായത്തായ മീനങ്ങാടിയിൽ അബ്ബാസ്‌ എന്ന കമ്യൂണിസ്റ്റുകാരൻ ‌‌ ജയിച്ചുവന്നത്‌ ഒരൊറ്റ മുസ്ലീം വോട്ടർ പോലുമില്ലാത്ത ചൂതുപാറ വാർഡിൽ നിന്നാണ്‌ .തൊണ്ണൂറ്റി ആറ്‌ ശതമാനം ഹിന്ദു വോട്ടർമ്മാരുള്ള ആ വാർഡിൽ അയാൾ പരാജയപ്പെടുത്തിയത്‌ വനജ ഭാസ്കരൻ എന്ന ഹിന്ദുവിനേയാണ്‌. ഭൂമിയിലെ സാധാരണ മനുഷ്യർക്ക്‌ അത്രയേ ഉള്ളൂ പിതാവേ നിങ്ങളീ പറയുന്ന ജാതി.ജീവിക്കുവാൻ വേണ്ടി പരസ്പരം കൊള്ള കൊടുക്കകൾ വേണ്ടിവരുന്നവർക്ക്‌ ജാതിയെപ്പറ്റിചിന്തിക്കാൻ വേണ്ടത്ര കഴിഞ്ഞു എന്ന് വരില്ല.
അരമനയിലെ വിരുന്നുകൾക്ക്‌ ശേഷം കുത്തിതിരുപ്പുകൾക്കായി നിങ്ങൾക്കുള്ളതുപോലെ ധാരാളമായി വിശ്രമ സമയം ഉള്ളവരല്ല അവർ.

അതുകൊണ്ട്‌ പരസ്യമായും രഹസ്യമായും മതവിദ്വേഷം വിളമ്പിക്കൊണ്ടിരിക്കുന്ന പുരോഹിതരേ.ദൈവസ്നേഹത്തിൽ ആശ്വാസവും സമാധാനവും തേടിയാണ്‌ സാധുക്കളായ വിശ്വാസികൾ നിങ്ങളെ തേടി വരുന്നത്‌.ആ കുഞ്ഞാടുകളിൽ മതവിദ്വേഷത്തിന്റെ ചെന്നായ്‌ രക്തം സതീഷ് കുത്തിവെക്കാതിരിക്കാനുള്ള വിവേകം നിങ്ങൾ ദയവായി കാണിക്കുക.നിങ്ങളണിഞ്ഞിരിക്കുന്ന ആ തിരുവസ്ത്രം ധരിച്ചിരുന്ന ചില മുൻഗാമികൾ നാളിതുവരെ ചെയ്തുപോന്ന ചില നന്മകളുടെ പിൻബലത്തിലാണ്‌ ജനങ്ങളുടെ ശബ്ദത്തിന്‌ അൽപമെങ്കിലും ഈ അപേക്ഷാ സ്വരം.അത്‌ അങ്ങനെയല്ലാതാവാൻ അധികം നേരം ആവശ്യമില്ല എന്നും ദയവായി നിങ്ങൾ മനസിലാക്കുക