കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും അവരുടെ ചെയ്തിയിൽ ഒരിക്കൽ ഖേദിക്കേണ്ടി വരും

1384

Satheesh Kumar എഴുതിയത്

കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും അവരുടെ ചെയ്തിയിൽ ഒരിക്കൽ ഖേദിക്കേണ്ടി വരും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു

കൂടത്തായി മരണപരമ്പരയുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ്‌ പ്രഹസനത്തിന്റെ ഭാഗമായി തന്നെയാണ്‌ അത്‌

പോലീസ്‌ തങ്ങളുടെ തെളിവെടുപ്പിന്‌ സാക്ഷിയായി കൊണ്ടുപോയ നാലുപേരിൽ ഒരുവനായ ബാദുഷയാണ്‌ ഇന്നത്തെ താരം .

തെളിവെടുപ്പ്‌ എന്നത്‌ അവസാന റിപ്പോർട്ടിങ്ങിലേക്ക്‌ വേണ്ടിയുള്ള കുറച്ചൊക്കെ രഹസ്യ സ്വഭാവം വേണ്ടതുമായ ഒന്നാണ്‌ എന്ന് സാധാരണക്കരനായ ആ മനുഷ്യന്‌ ഒരുപക്ഷേ അറിയണമെന്നില്ല.

പക്ഷേ അയാളെ ക്യാമറക്ക്‌ മുന്നിൽ വിളിച്ചിരുത്തി
മഞ്ഞാടിയിൽ മാത്യുവും ജോളിയും തമ്മിൽ എന്തു തരം ബന്ധമായിരുന്നു എന്ന വഷളൻ ചോദ്യം ചോദിക്കുന്ന അവതാരകന്‌ അതറിയാതെ പോവരുതല്ലോ?

‘റോയിയുടെ അമ്മാവനാണ്‌ ‘എന്ന ഔദ്യോഗിക ബന്ധം പറയുന്ന അയാളോട്‌ അവതാരകൻ ചോദിക്കുന്ന‌ “അതല്ല ഒരുമിച്ചിരുന്ന് മദ്യപിക്കാൻ പാകത്തിലുള്ള ആ ബന്ധം എന്തായിരിക്കും .?”എന്ന ആ വൃത്തികെട്ട ചോദ്യത്തിന്റെ അർത്ഥമെന്താണ്‌?

കുറ്റകൃത്യത്തിന്റെ സ്വഭാവം എന്തായാലും പ്രതി സ്ത്രീയാണെങ്കിൽ അതിൽ അവിഹിതത്തിന്റെ മസാല ചേർക്കുക എന്ന വൃത്തികെട്ട നാട്ടുനടപ്പല്ലേ‌ കോട്ടിട്ടുകൊണ്ട്‌‌ അയാൾ നടപ്പിലാക്കാൻ നോക്കുന്നത്‌?

എത്ര തരം മനുഷ്യരാണ്‌ ആൾക്കൂട്ടത്തിന്റെ ഭ്രാന്ത സ്വഭാവത്തെ പ്രതിനിധീകരിച്ചു കൊണ്ട്‌ ആ ക്യാമറകളുടെ തിളക്കത്തിൽ ഞെളിഞ്ഞിരിക്കുന്നത്‌?

റിട്ടയർ ചെയ്ത ന്യായാധിപർ,പോലീസ്‌ ഉദ്യോഗേസ്ഥർ,വക്കീലന്മാർ ,മനോരോഗവിദഗ്ദർ എന്നിങ്ങനെ എന്തൊക്കെ തരം മനുഷ്യരാണ്‌ വിശകലനചർച്ചകളിലൂടെ അവനവന്റെ അബദ്ധങ്ങളെ ശർദ്ദിച്ചു വെക്കുന്നത്‌.

എല്ലാവരേയും ജോളി ചതിച്ചതാണ്‌..
എട്ടും പൊട്ടും തിരിയാത്ത ആ ഷാജുവിനെ,അയാളുടെ അപ്പൻ സക്കറിയയെ
വ്യാജ ഒസ്യത്തിൽ ഒപ്പിട്ട ആ പാർട്ടിനേതാവിനെ,അയാൾ ചതിച്ച എൻ ഐ ടി യിലെ സെക്യൂരിറ്റിക്കാരനെ,
പെരുച്ചാഴിയെക്കൊല്ലാൻ ഇത്തിരി സയനൈഡ്‌ കൊണ്ടുകൊടുത്ത ആ രണ്ട്‌ പാവം മനുഷ്യരെ
ഇടക്കിടെ അൻപതിനായിരവും ലക്ഷവും കൈവായ്പ വാങ്ങാറുള്ള ആ മുസ്ലീം ലീഗ്‌ നേതാവിനെ…

സമൂഹത്തിൽ ഒരു സദാചാര ഭ്രംശവും അനുവദിക്കാത്ത എത്ര ജാഗരൂഗരായ ഒരു പൊതുസമൂഹമാണ്‌ നമുക്കുള്ളത്.‌
അവരാണ്‌ പ്രതിയായ ആ സ്ത്രീയെ കൊണ്ടുവരുന്ന ഇടങ്ങളിലെല്ലാം ആക്രോശങ്ങളും കൂക്കിവിളികളുമായി ആർത്തുവിളിക്കുന്നത്‌

പോലീസ്‌ ഇല്ലെങ്കിൽ ഒരു ആൾക്കൂട്ടകൊലപാതകത്തിന്‌ തയ്യാർ എന്ന മട്ടിലാണ്‌ അവരുടെ കാപട്യപ്രകനം

“കോടതിയൊന്നും വേണ്ട, അവളെ ഞങ്ങൾക്ക്‌ വിട്ടു തരൂ ‘എന്ന മട്ടിലുള്ള ഭ്രാന്തൻ ബൈറ്റുകളാണ്‌ മാധ്യമങ്ങൾ ആവേശപൂർവ്വം വിളമ്പിവെക്കുന്നത്‌

ട്വിസ്റ്റ്‌ നംബർ നൂറ്‌, നൂറ്റിയൊന്ന് എന്ന മട്ടിൽ സൂപ്പർ കോടതി കളിക്കുകയാണ്‌ മാധ്യമങ്ങൾ
അവർ തന്നെ അന്വേഷിക്കുന്നു,അവർ തന്നെ തെളിവുകൾ കൊണ്ടു വരുന്നു..
അവർ തന്നെ വിധിക്കുകയും ചെയ്യുന്നു

പ്രതിയുടെ ശരീരഭാഷ ,അവളുടെ കൂസലില്ലായ്മ ,അവളുടെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള കുറ്റസമ്മതം എന്നിങ്ങനെ സെൻസേഷന്റെ അണ തുറന്നു വിടുകയാണ്‌ മാധ്യമങ്ങൾ.

അറിയാൻ ജനങ്ങൾക്ക്‌ ആകാംക്ഷയുണ്ട്‌ എന്നതാണ്‌ അവർ നിരത്തിക്കൊണ്ടിരിക്കുന്ന ആ വഷളൻ വാദം ..
നിങ്ങൾ അർഹിക്കുന്നത്‌ നിങ്ങൾക്ക്‌ കിട്ടുന്നു എന്ന് നമ്മെ അപമാനിക്കുകയാണ്‌ അവർ.

പിടിക്കപ്പെട്ട പ്രതിയുടെ കുറ്റസമ്മത മൊഴി എന്നത്‌ എത്രദുർബലമാണ്‌ അതിന്റെ വിചാരണ വേളയിൽ എന്നത്‌ അറിയാത്തവരാണോ ഈ ചാനൽ വക്കീലന്മാർ?

ജോളിക്ക്‌ പുറകേ അവർ ഓടുന്ന ആ അന്തം വിട്ട ഓട്ടവും പഴയ ഫുട്ട്ബാൾ കമന്ററിക്ക്‌ സമാനമായ റിപ്പോർട്ടിങ്ങും കാണൂ..

കൊലപാതക ആരോപണങ്ങളും അതിന്റെ തുടർ അന്വേഷണങ്ങളും കേരളത്തിൽ ആദ്യമായൊന്നുമല്ലല്ലോ

ഒരു ഉദാഹരണത്തിന്‌ എടുക്കുകയാണെങ്കിൽ അഭയ എന്ന കന്യാസ്ത്രീയുടെ മരണവും അതിലെ ആരോപിതരായ പ്രതികളേയും നോക്കൂ
K
അവർക്ക്‌ പിന്നാലെ എത്ര മാധ്യമക്യാമറകൾ ഓടുന്നുണ്ട്‌ എന്ന് ഒന്നു നോക്കൂ,
അതിലെ ആരോപിതരായ പ്രതികളെ എത്ര പേർ കൂക്കിവിളിക്കുന്നുണ്ട്‌ എന്നും നോക്കൂ..
അത്രയേ ഉള്ളൂ നമ്മുടെ സദാചാരം

ആരാണ്‌ മാധ്യമങ്ങൾക്ക്‌ വാർത്തകളെ ഈ വിധം അപ്ഡേറ്റ്‌ ചെയ്യുന്നത്‌ എന്നു കൂടി നാം ആലോചിക്കേണ്ടതുണ്ട്‌.

നേരത്തേ നിഷേധിച്ച ആ രണ്ടുവയസുകാരിയുടെ കൊല കൂടി ജോളി സമ്മതിച്ചു എന്ന് ബ്രേക്കിംഗ്‌ ന്യൂസ്‌ ചെയ്തുകൊണ്ടിരിക്കുന്നു ഇപ്പോൾ അവർ

ആരാണ്‌ ഈ വിധം രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക്‌ നൽകുന്ന ആ ഇൻഫോമേർസ്സ്‌..
അത്‌ ഒന്ന് അന്വേഷിക്കേണ്ടതല്ലേ
അല്ലെങ്കിൽ അത്‌ പ്രതികളെ സഹായിക്കലാവില്ലേ?

മാധ്യമങ്ങളുടെ അതിരുവിട്ട സമാന്തര അന്വേഷണങ്ങൾ അന്വേഷണത്തെ തന്നെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്‌ എന്ന് പോലീസ്‌ പറയുന്നു
എന്നിട്ടും അതിരഹസ്യ ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു എന്ന് പറയപ്പെടുന്ന വിവരങ്ങൾ തത്സമയക്കാർക്ക്‌ കിട്ടുന്നു എങ്കിൽ കപ്പലിലെ ആ കള്ളന്മാർ ആരാവും എന്നുകൂടി ഒന്ന് അന്വേഷിക്കേണ്ടതല്ലേ

അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പറയുന്നത്‌ കേട്ട്‌ മാത്രമാണ്‌ നാം വിധി തീർപ്പാക്കേണ്ടത്‌ എങ്കിൽ കോടതികൾ എന്ന ആ പ്രസ്ഥാനം എന്തിനാവും?

ജയിലിൽ കിടക്കുന്നവരൊക്കെ കുറ്റവാളികളും അതിനു പുറത്തുള്ളവരൊക്കെയും അതിമാന്യന്മാരുമാണ്‌ എന്ന് കരുതുവാൻ എന്തെങ്കിലും ന്യായമുണ്ടോ നമ്മുടെ കൈവശം.

ഒരു കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാൽ രാജ്യത്ത്‌ നിലവിലുള്ള നിയമവ്യവസ്ഥയനുസരിച്ച്‌ ചില നടപടിക്രമങ്ങളുണ്ട്‌

അറസ്റ്റ്‌ ,റിമാന്റ്‌,കസ്റ്റഡി,തെളിവെടുപ്പ്‌,കുറ്റപത്രം ,വിചാരണ എന്നിങ്ങനെ അതിന്‌ അനുശാസിക്കപ്പെട്ട പലഘട്ടങ്ങളുണ്ട്‌

കൂടത്തായി കൊലപാതകക്കേസിനേയും ആ നടപടിക്രമങ്ങൾക്ക്‌ വിട്ടുകൊടുത്തുകൊണ്ട്‌ അവിടെനിന്ന് തങ്ങളുടെ ക്യാമറകളെ പിൻ വലിക്കുക എന്നത്‌ മാധ്യമസ്ഥാപനങ്ങൾ ഉടൻ ചെയ്യേണ്ട ഒരു മിനിമം മര്യാദയാണ്‌

‘ഇൻവെസ്റ്റിഗേറ്റീവ്‌ ജേണലിസം ‘ എന്നാൽ യഥാർത്ഥത്തിൽ എന്താണ്‌ എന്ന് മര്യാദക്കാരായ നിങ്ങളുടെ മുന്മുറക്കാർ ചെയ്തു വെച്ചിട്ടുള്ള അനവധി ഉദാഹരണങ്ങളുണ്ട്‌‌
ട്വിസ്റ്റുകൾ എണ്ണി തളർന്നുവെങ്കിൽ അവയൊക്കെ ഒന്ന് വായിക്കുകയോ കാണുകയോ ചെയ്യാവുന്നതാണ്‌.

Fairness and impartiality,
Humanity ,
Accountability ..എന്നിങ്ങനെയുള്ള ചില വാക്കുകളൊക്കെ ഒന്ന് ശ്രമിച്ചാൽ കണ്ടെടുക്കാനും കഴിഞ്ഞേക്കും നിങ്ങളൂടെ പഴയ പാഠ പുസ്തകങ്ങളിൽ നിന്ന്

എത്തിക്സ്‌ എന്നത്‌ നിരോധിക്കപ്പെട്ടിട്ടുള്ള ഒരിടമല്ല പത്രപ്രവർത്തനം എന്നെങ്കിലും ദയവായി നിങ്ങൾ ഒന്ന് മനസിലാക്കി വെക്കുക

Journalists should do no harm
എന്ന ആ ഒരു വാചകമെങ്കിലും പണിക്ക്‌ പോകും മുൻപ്‌ മനസിന്റെ മൂലയിൽ എവിടെയെങ്കിലും ഒന്ന് കുറിച്ചു വെക്കുകയും ചെയ്തേക്കുക..
അത്രയേ വേണ്ടൂ.