സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മനോഹരമായ കുറിപ്പ്
Sathyan Anthikad
ഉഴുതുമറിച്ചിട്ട പാടത്തേക്ക് താറാവിൻകൂട്ടംപോലെ ഒരുപറ്റം ബംഗാളിത്തൊഴിലാളികൾ ഇറങ്ങിനടന്നു. കൺഫ്യൂഷനിലായ പ്രകാശൻ ചോദിച്ചു.
‘‘ഗോപാൽജി, ഇവിടെ ഞാനെന്തുചെയ്യാനാ’’
‘‘ഇവിടെ നീ ഞാറുനടും’’ ഗോപാൽജി പറഞ്ഞു.
‘‘എനിക്കിതൊന്നും അറിയില്ല ഗോപാൽജി’’
‘‘അറിയാനൊന്നുമില്ല. ഞാറിന്റെ കെട്ടഴിച്ചു കുറേശ്ശയെടുത്ത് ചെളിയിൽ നട്ടാൽമതി. ബംഗാളികൾ ചെയ്യുന്നതുനോക്കി അതുപോലെങ്ങ് ചെയ്യ്.’’
പ്രകാശൻ സംശയിച്ചുനിൽക്കവേ പാടത്തുനിന്ന് കോറസായി ഒരു ബംഗാളിപ്പാട്ട്.
‘‘ഇതെന്താ ഇത്?’’
‘‘ഇത് ബംഗാളികളുടെ ഞാറ്റുപാട്ട്. നമ്മുടെ പാടത്തൊക്കെ ഇപ്പൊ ഇവരുടെ പാട്ടല്ലേ കേൾക്കാറുള്ളൂ. നമ്മൾ പാട്ടുംമറന്നു. പണിയും മറന്നു’’.
സീൻ വായിച്ച് ഫഹദ് ഫാസിൽ ചിരിച്ചു.
‘‘നേരാണോ? ഇപ്പൊ നമ്മുടെ പാടത്തൊക്കെ ബംഗാളികളാണോ പണിയെടുക്കുന്നത്?’’
ഗോപാൽജിയായി അഭിനയിച്ച ശ്രീനിവാസൻ വിശദമായി ഇന്നത്തെ കർഷകന്റെ അവസ്ഥ ഫഹദിന് പറഞ്ഞുകൊടുത്തു. ഇത് ഇപ്പോൾ ഓർമിക്കാൻ കാരണം, അന്തിക്കാട്ടെ കോൾപ്പാടങ്ങളിൽ ഞാറുനടലിന്റെ കാലമായതുകൊണ്ടാണ്. സംവിധായകന്റെ മേലങ്കി തത്കാലം നാലായിമടക്കി അലമാരയിൽവെച്ച് പൂട്ടിയിട്ട് കാഞ്ഞാംകോൾ പടവിൽ കൃഷിയിറക്കാൻചെന്നതാണ്. ‘ഞാൻ പ്രകാശൻ’ എന്ന സിനിമ ചിത്രീകരിക്കുന്ന സമയത്തെക്കാൾ കൂടുതൽ ബംഗാളികളാണ് പാടത്ത്. ആണുങ്ങൾ മാത്രമല്ല, സ്ത്രീകളുമുണ്ട്. അവരുടെ കലപില സംസാരവും ചിരിയും ബഹളവും. കണ്ണടച്ചുനിന്നാൽ നമ്മൾ വംഗദേശത്താണെന്നു തോന്നിപ്പോകും. അല്ലെങ്കിൽ ബംഗാളിസിനിമ കളിക്കുന്ന ഏതെങ്കിലുമൊരു തിയേറ്ററിൽ. മനസ്സിലേക്ക് പെട്ടെന്നൊരു ‘ഫ്ളാഷ് കട്ട്’ കയറിവന്നു.
അത് ഒരുപാട് വർഷങ്ങൾക്കുമുമ്പാണ്. ഞാൻ സ്കൂളിൽപഠിക്കുന്ന കാലം. അന്നും വീട്ടുചെലവിനുള്ള നെല്ല് കിട്ടാവുന്ന കൃഷിയുണ്ട്. അമ്മയാണ് കൃഷിക്കാരി. കാലുള്ള ഒരു വലിയകുടയുമായാണ് അമ്മ പാടത്തുപോവുക. വാസ്തവത്തിൽ അതൊരു അഭംഗിയായിരുന്നു. സ്ത്രീകൾ എപ്പോഴും ലേഡീസ് കുട ചൂടി നടക്കുന്നത് കാണാനാണ് ചന്തം. സിനിമകളിൽ ശങ്കരാടിയും കൊട്ടാരക്കര ശ്രീധരൻനായരുമൊക്കെ ചൂടുംപോലുള്ള ആ വലിയകുട നിവർത്തി അമ്മ മുന്നിൽനടക്കും. പിന്നിൽ വാലായി ഞാനും. വെള്ളംനിറഞ്ഞ് പുഴപോലെ കിടക്കുന്ന ഇടത്തോടിന്റെ അരികിൽ കന്നുപൂട്ടുകാർക്കും കാളകൾക്കും പോകാനുള്ള വീതിയേറിയ വരമ്പിലൂടെയാണ് നടത്തം. ഇരുവശത്തും പെണ്ണുങ്ങൾ ഞാറുപറിക്കുകയും നടുകയുമൊക്കെ ചെയ്യുന്നുണ്ടാകും. പഴയ കുഞ്ചാക്കോ പടങ്ങളിലെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളാണ് അവരുടെ വസ്ത്രങ്ങൾക്ക്. കള്ളിമുണ്ടും ബ്ലൗസുമാണ് പ്രധാനവേഷം. ചുരിദാറും നൈറ്റിയുമൊന്നും ഞങ്ങളുടെ നാട്ടിൻപുറത്തേക്ക് അന്ന് എത്തിനോക്കിയിട്ടില്ല. എല്ലാവരും പരിചയക്കാരാണ്. അമ്മ പേരെടുത്തുവിളിച്ച് അവരോടൊക്കെ വർത്തമാനം പറയും. ആ ചേച്ചിമാർ ചിലപ്പോൾ എന്നെ കളിയാക്കും.
‘‘അമ്മയുടെ പിന്നാലെയിങ്ങനെ നടക്കാണ്ട് പാടത്തിറങ്ങി പണിയെടുക്ക് ചെക്കാ. ആ ഞാറിന്റെ കെട്ടഴിച്ച് ഞങ്ങൾക്കിട്ടുതാ’’.
നടക്കുന്നതിനിടയിൽ പാടത്ത് പലഭാഗത്തുനിന്നും ഞാറ്റുപാട്ട് കേൾക്കാം. ഒരാൾ പാടിക്കൊടുക്കും. മറ്റുള്ളവർ ഏറ്റുപാടും. ജോലിയുടെ ക്ഷീണമറിയാതിരിക്കാനാണ് അവർ പാടുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
‘ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച
ഊണും കഴിഞ്ഞങ്ങുറക്കമായി
ഉറക്കത്തിൽ സ്വപ്നവും കണ്ടുപെണ്ണ്…’
എന്നിട്ടെന്തുസംഭവിച്ചു എന്നറിയാൻ ആകാംക്ഷയുണ്ടെങ്കിലും പാട്ടുമുഴുവൻ കേൾക്കാൻ പറ്റാറില്ല. അമ്മ നടന്നുനടന്ന് ദൂരെയെത്തിയിരിക്കും. പിന്നാലെയുള്ള ആ ഓട്ടത്തിനിടയിൽ മറ്റൊരുപാടത്തുനിന്ന് തച്ചോളി ഒതേനൻ അങ്കത്തിനുപോകാൻ തയ്യാറെടുക്കുന്ന വരികളുയരും. വടക്കൻപാട്ടിലെ കഥകളാണ് അധികവും. കൊയ്ത്തുകാലത്തും പാട്ടിനൊരു പഞ്ഞവുമുണ്ടാകാറില്ല. കൃഷി മലയാളിയുടെ ഉത്സവമായിമാറുന്ന കാലമായിരുന്നു അത്. കൊയ്ത്തുകാലത്ത് പാടത്തിന്റെ കരയിൽ താത്കാലിക ചായപ്പീടികകൾ ഉയരും. എരുമപ്പാലൊഴിച്ച കടുപ്പമുള്ള ചായയും പഴംപൊരി, പപ്പടവട, അരിയുണ്ട തുടങ്ങിയ കടികളും കപ്പപുഴുങ്ങിയതും കാന്താരിമുളക് അരച്ചുചേർത്ത ചമ്മന്തിയുമൊക്കെയായി ശരിക്കും ഉത്സവംതന്നെ.
‘ഞാൻ പ്രകാശനി’ലെ പാട്ടുകൾ തയ്യാറാക്കുന്നസമയത്ത് ബംഗാളികളുടെ പാട്ട് ഏതുവിധമാകണം എന്ന് സംഗീതസംവിധായകൻ ഷാൻ റഹ്മാൻ ചോദിച്ചു. നമ്മുടെ പഴയ നാടൻ ഞാറ്റുപാട്ടുപോലെ മതിയെന്നു ഞാൻ പറഞ്ഞു. ഷാൻ ധർമസങ്കടത്തിലായി. അയാൾ പുതിയ തലമുറക്കാരനല്ലേ. ഞാറ്റുപാട്ട് കേട്ടിട്ടില്ലെന്നുമാത്രമല്ല അതെന്താണെന്നുപോലും അറിയില്ല. അഖിലാണ് അന്ന് എന്റെ അസോസിയേറ്റ് ഡയറക്ടർ. ഷൂട്ടിങ് സെറ്റിൽ അസിസ്റ്റന്റും വീട്ടിൽ മകനുമാണ് അഖിൽ. ഞാൻ അഖിലിനോടു പറഞ്ഞു.
‘‘നമ്മുടെ നാട്ടുകാരായ ആരോടെങ്കിലും ചോദിച്ചാൽ പഴയ ഞാറ്റുപാട്ടുകൾ കിട്ടും. അത് റെക്കോഡ് ചെയ്ത് ഷാനിനെ കേൾപ്പിക്കൂ.’’
പറയാൻ എളുപ്പമായിരുന്നു. പക്ഷേ, ചോദിച്ചവരൊക്കെ കൈമലർത്തി. ചിലരൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ, ഓർമയില്ല. ഒടുവിൽ എൺപതിനുമുകളിൽ പ്രായമുള്ള ചില അമ്മമാരെ തേടിപ്പിടിച്ച് അവരെക്കൊണ്ട് പാടിച്ച്, ആ പാട്ട് ഷാൻ റഹ്മാന്റെ മുന്നിലെത്തിച്ചു. അതിന്റെ പ്രചോദനത്തിലാണ്
‘ബര, ബര, ബര, ബരേ…’ എന്നുതുടങ്ങുന്ന അതിമനോഹരമായ ബംഗാളിപ്പാട്ട് ഷാൻ ചിട്ടപ്പെടുത്തിയത്.
ഉത്തം രജ്വാൽ എന്ന ബംഗാളിയുവാവ് എന്റെ പറമ്പിലെ പണിക്ക് വരാറുണ്ട്. അല്പസ്വല്പം മലയാളം വാക്കുകൾ അവൻ പഠിച്ചിട്ടുണ്ട്. ഞങ്ങളവനെ ‘ഉത്തമൻ’ എന്നുവിളിച്ചു. പേരുചോദിച്ചാൽ അവനും പറയും ഉത്തമൻ എന്ന്. ഇരിക്കട്ടെ പേരിലെങ്കിലും ഒരു മലയാളിടച്ച്. അവൻ തമ്പടിച്ചിരിക്കുന്ന
വീട്ടിൽ അമ്പതുപേരുണ്ട്. രണ്ടോമൂന്നോ ബിഹാറികളേയുള്ളൂ. ബാക്കിമുഴുവൻ ബംഗാളികൾ.
നമ്മളിവിടെ ഒരാൾക്ക് തൊള്ളായിരവും ആയിരവുമൊക്കെ ദിവസക്കൂലി കൊടുക്കുമ്പോൾ തന്റെ നാട്ടിൽ നാനൂറിനെക്കാൾ കൂടുതൽ കിട്ടാറില്ല എന്നാണ് ഉത്തമൻ പറഞ്ഞത്. കേരളം ബംഗാളികളുടെ ഗൾഫായി മാറിയത് വെറുതെയല്ലല്ലോ. പറഞ്ഞുകേട്ടതാണ്: ഇവിടത്തെ ചെറിയ ചില ഹോട്ടലുകളിലെ ബോർഡിൽ മുട്ട, കോഴിക്കറി, പൊക്കവട, പരിപ്പുവട -ഇതിന്റെയൊക്കെ ബംഗാളി പേര് ബ്രാക്കറ്റിൽ എഴുതിവെച്ചുതുടങ്ങിയിട്ടുണ്ട്. മുട്ടയ്ക്ക് ‘ഡിം’ കോഴിക്കറിക്ക് ‘മുർഗി മാങ്സോ’ പൊക്കവടക്ക് ‘പൊക്കോഡ’ പരിപ്പുവടയ്ക്ക് ‘ഡാൽ ബോഡ’ എന്നിങ്ങനെ. മലയാളത്തിൽത്തന്നെയാണ് എഴുത്ത്. പുതുതായി എത്തുന്ന ബംഗാളി അയാളുടെ നാട്ടിലെ ആഹാരസാധനത്തിന്റെ പേരുപറഞ്ഞാൽ മതി. നമ്മുടെ പയ്യന്മാർ പെട്ടെന്ന് ബോർഡ് നോക്കി അവരുടെ മുമ്പിൽ സാധനമെ
ത്തിക്കും.
എന്റെ വീടിന്റെ ഗേറ്റ് തുറക്കുന്നത് ഒരു ജങ്ഷനിലേക്കാണ്. അവിടെ ചെറിയൊരു ബേക്കറിയും ചായക്കടയുമുണ്ട്. രാവിലെ പത്രമെടുക്കാൻ ചെല്ലുമ്പോൾ കാണാം ചായക്കടയുടെ മുന്നിലെ ബംഗാളിക്കൂട്ടം. കേരളത്തിലാണോ എന്നുപോലും സംശയിച്ചുപോകും. പൊൻമുട്ടയിടുന്ന താറാവിലെ മാമുക്കോയയുടെ ചായക്കട ഓർമവരും എനിക്ക്. ശങ്കരാടിയെപ്പോലുള്ള നാട്ടുപ്രമാണിമാരും പശുവിനെ കളഞ്ഞ പാപ്പിയും തട്ടാനും പണിക്കരും വെളിച്ചപ്പാടുമൊക്കെ കയറിയിരുന്ന് നാട്ടുകാര്യങ്ങൾ പറയുന്ന പൊതുസ്ഥലം. ഇന്ന് അങ്ങനെയൊരു ചായപ്പീടികയുണ്ടോ എന്ന് സംശയമാണ്. രാഷ്ട്രീയപ്പാർട്ടിയുടെ പ്രകടനത്തിനുപോലും ആളെക്കൂട്ടാൻ ബംഗാളികളെ ആശ്രയിക്കുന്ന കാലമല്ലേ. മലയാളത്തിൽ മുദ്രാവാക്യമെഴുതിയ പ്ലക്കാർഡും പിടിച്ച് അതെന്താണെന്നുപോലുമറിയാത്ത ബംഗാളികൾ ജാഥനടത്തിയത് നമ്മളൊക്കെ കണ്ടതാണ്.
ഞാറുനടാൻ കണ്ടമൊരുക്കുന്ന ബംഗാളിയോട് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ ഗൂർഖയുടെ ഹിന്ദിയിൽ ഞാനൊരു ആശയവിനിമയം നടത്തിനോക്കി. അവൻ മിഴിച്ചുനിന്നതേയുള്ളൂ. ‘ഹിന്ദി അറിയില്ല സാബ്’ എന്ന് അവനെന്നെ ബോധ്യപ്പെടുത്തി. ഭാഗ്യം എനിക്കും ഹിന്ദി അറിയില്ലല്ലോ! ഇടയ്ക്കുള്ള വരമ്പിന് അല്പംകൂടി കട്ടിവേണം. ഇല്ലെങ്കിൽ വെള്ളംനിറഞ്ഞാൽ വരമ്പുപൊട്ടും. ഇതാണ് എനിക്കവനോട് പറയാനുള്ളത്. കൂട്ടത്തിൽ നിന്നുമാറ്റിനിർത്തി ഞാനവനോട് അംഗവിക്ഷേപങ്ങളോടെ അത് അവതരിപ്പിച്ചുനോക്കി. ‘പഞ്ചാബിഹൗസ്’ എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ ദിലീപിനോട് നാട് കോഴിക്കോടാണോ കണ്ണൂരാണോ എന്നൊക്കെ ചോദിക്കുന്നതുപോലെ. അവനത് വ്യക്തമാകാതെനിന്നപ്പോൾ കുറെക്കൂടി വിശദമായി കൈയും കാലും കടാക്ഷവുംകൊണ്ട് ഞാൻ കഥകളിയാടി. പെട്ടെന്ന് പിറകിൽനിന്ന് ‘സത്യൻ അന്തിക്കാടല്ലേ’ എന്നൊരുചോദ്യം. അടുത്ത കണ്ടത്തിലേക്ക് ട്രാക്ടറുമായി വന്ന ഒരു ചെറുപ്പക്കാരനാണ്. നെറ്റിയിൽ വിയർപ്പിലും മായാത്ത ചന്ദനക്കുറി. അവനെന്നെ അതിശയത്തോടെ കുറച്ചുനേരം നോക്കിനിന്നു. എന്നിട്ട് അടുത്തേക്ക് ഓടിവന്ന് തനി പാലക്കാടൻ ശൈലിയിൽ പറഞ്ഞു: ‘‘ഞാൻ പാലക്കാടാണ്. വടവന്നൂര്. സാർ അവിടെ സ്നേഹവീട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വന്നിട്ടുണ്ട്. ഇവിടെ ഈ ചേറിൽ ലുങ്കിയൊക്കെ മടക്കിക്കുത്തിനിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻപറ്റിയില്ല. സാറിനെ ഇവിടെവെച്ചു കണ്ടെന്നുപറഞ്ഞാൻ എന്റെ കൂട്ടുകാരും വിശ്വസിക്കില്ല. അതുകൊണ്ട് ഒരു സെൽഫിയെടുക്കട്ടെ?’’
എന്നോട് ചേർന്നുനിന്ന് അവൻ പറഞ്ഞു -‘‘ഒന്നു ചിരിച്ചേക്കണേ സാറേ’’
ഒരു ചമ്മിയചിരി എന്റെ മുഖത്തു തെളിഞ്ഞിരിക്കണം
‘ക്ലിക്ക്.’
വടവന്നൂർക്കാരൻ സംതൃപ്തിയോടെ സ്ഥലംവിട്ടു. ബംഗാളിയെ സംവിധാനംചെയ്ത് ഞാൻ തിരിച്ചുവരുമ്പോൾ, വളം കൂട്ടിവെച്ച ചാക്കുകൾക്കുമുകളിലിരുന്ന് ഒരാൾ പരിസരം മറന്ന് വീഡിയോകോളിൽ സല്ലപിക്കുന്നു. ഫോണിൽ കുട്ടികളുടെ ആഹ്ളാദസ്വരങ്ങൾ കേൾക്കാം. അങ്ങുദൂരെ ബംഗാളിലിരുന്ന്്് അവർ അച്ഛനുനൽകുന്ന സ്നേഹം ഭാഷ അറിയില്ലെങ്കിലും നമുക്കുമനസ്സിലാകും. പാടത്തിന്റെ കരയിലെത്തിയപ്പോൾ ഒരു ടെമ്പോ ട്രാവലർ ഓടിക്കിതച്ചെത്തി. പുതിയൊരു ബംഗാളിസംഘത്തിന്റെ വരവാണ്. ഏജന്റ് എന്നുതോന്നിക്കുന്ന ആൾ പുറത്തിറങ്ങി മുറിഹിന്ദിയിൽ ആരൊക്കെ ഏതൊക്കെ പാടങ്ങളിലേക്ക് പോകണമെന്ന് നിർദേശിക്കുന്നു. അയാളായിരിക്കാം ഇവിടത്തെ ഗോപാൽജി. ബംഗാളിയും മലയാളവും കലർന്ന അവരുടെ സംസാരത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ വീട്ടിലേക്കുനടന്നു. അപ്പോൾ ആരോ പാടുന്നു ദൂരെ: ബര ബര ബര ബരേ….