24 വര്ഷം മുൻപെഴുതിയ കഥയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച സത്യൻ അന്തിക്കാട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
53 SHARES
637 VIEWS

സംവിധായകൻ സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ്. അദ്ദേഹം 24 വര്ഷം മുൻപ് എഴുതിയ ഒരു കഥയാണ് . എന്നത് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. കൂടെ ആ കഥയും.

സത്യൻ അന്തിക്കാട്

1998 ലാണ്. മാതൃഭൂമിയിൽ നിന്ന് വാരാന്തപ്പതിപ്പിലേക്ക് ഒരു ‘മിനി കഥ’ അയച്ചു തരുമോ എന്നു ചോദിച്ച് വിളിച്ചു. കുറേ എഴുത്തുകാരുടെ കുഞ്ഞുകഥകൾ ചേർത്ത് അവർ ഒരു മിനിക്കഥാപതിപ്പ് ഇറക്കുന്നുണ്ടായിരുന്നു. ഏതോ സിനിമയുടെ ജോലികൾക്കിടയിലായിരുന്നെങ്കിലും എഴുത്തിനോടുള്ള താൽപര്യം കൊണ്ട് ഒരു കൊച്ചുകഥ എഴുതി അയച്ചു കൊടുത്തു. അവരത് പ്രസിദ്ധീകരിക്കുകയും ഞാനത് മറക്കുകയും ചെയ്തു. ഈയിടെ മാതൃഭൂമി ബുക്സിലെ നൗഷാദ് ആ കഥ തപ്പിയെടുത്ത് അയച്ചു തന്നിരിക്കുന്നു!
വായിച്ചപ്പോൾ ഒരു കൗതുകം. അത് ഇവിടെപങ്കു വെക്കുന്നു. 24 വർഷങ്ങൾക്കു മുമ്പ് എഴുതിയത് എന്ന പരിഗണനയോടെ വേണം വായിക്കാൻ.

– പ്രണയതീരം –
കൈലേസുകൊണ്ടു കണ്ണു തുടച്ചുനിന്ന സെലീനാ മാത്യുവിനെ ബസിൽ കയറ്റിയിരുത്തിയിട്ടു രാജേഷ് പറഞ്ഞു.
“ധൈര്യമായിരിക്കൂ. ഞായറാഴ്ചയ്ക്കുമുൻപു നമ്മൾ രണ്ടുപേരും വിവാഹരജിസ്റ്ററിൽ ഒപ്പുവച്ചിരിക്കും.”
തിരിച്ചു വീട്ടിലേക്കു ബൈക്കോടിക്കുമ്പോൾ അവന്റെ മനസ്സുമുഴുവൻ കണക്കുകൂട്ടലുകളായിരുന്നു.
ഏകമകൻ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ വധുവാക്കാൻ ഉദ്ദേശിക്കുന്നുവെന്നു കേട്ടാൽ അമ്മ ബോധംകെട്ടു വീഴും. അച്ഛൻ മുറിക്കുള്ളിലിട്ടു പൂട്ടും. എന്തും വരട്ടെ, നേരിടാൻ തയ്യാർ! ഒളിച്ചോട്ടത്തിനുള്ള ഏർപ്പാടുകളൊക്കെ ചെയ്തുകഴിഞ്ഞല്ലോ. വെള്ളിയാഴ്ച രാവിലെ കോളേജിലേക്കെന്ന വ്യാജേന സെലീന വരും. ഉണ്ണികൃഷ്ണന്റെ ചുവന്ന മാരുതി കാറിൽ കയറും. നേരെ എറണാകുളത്തേക്ക്. സാക്ഷികളുമായി സുരേഷും കൂട്ടരും കാത്തുനിൽപ്പുണ്ടാവും. സാധിച്ചാൽ അന്നു തന്നെ വിവാഹം രജിസ്റ്റർ ചെയ്യുന്നു. ബാക്കി കാര്യമൊക്കെ പിന്നെ.
അത്താഴം കഴിഞ്ഞു അച്ഛൻ ഉറങ്ങാൻ പോകുന്നതിനു മുൻപാണ് പ്രശ്‍നം അവതരിപ്പിച്ചത്. ചെകിടടച്ച് ഒരടിയും പ്രതീക്ഷിച്ചു നിൽക്കുമ്പോൾ അച്ഛൻ പൊട്ടിച്ചിരിച്ചു.
“ഗുഡ്! ഒരു പെണ്ണിനെ പ്രേമിക്കാനുള്ള ധൈര്യമൊന്നും നിനക്കുണ്ടാവില്ലെന്നാണു ഞാൻ കരുതിയത്.”
അമ്പരപ്പു പുറത്തു കാണിക്കാതെ രാജേഷ് പറഞ്ഞു.
“അവളൊരു ക്രിസ്ത്യാനിപ്പെണ്ണാണ്.”
“നന്നായി!” അമ്മയുടെ മുഖത്തും സന്തോഷം.
“ക്രിസ്ത്യാനിക്കുട്ടികളാവുമ്പോൾ കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള മിടുക്കു കൂടും.”
“അവർ പാവങ്ങളാണ്. സ്ത്രീധനമൊന്നും കിട്ടില്ല.”
“നിന്റെ ഭാര്യയുടെ പണംകൊണ്ടു വേണ്ടല്ലോ നമുക്കു ജീവിക്കാൻ.”
മുറിയിൽ തനിച്ചായപ്പോൾ താൻ വിഡ്ഢിയാക്കപ്പെട്ടതുപോലെ തോന്നി രാജേഷിന്. ചാടാൻ മതിലുകളില്ലെങ്കിൽ, പൊട്ടിച്ചെറിയാൻ വിലങ്ങുകളില്ലെങ്കിൽ പ്രേമത്തിനെന്തു പ്രസക്തി? ഒളിച്ചോട്ടം, ചെയ്‌സ്, പോലീസ്, കോടതി… എല്ലാം വെറും സ്വപ്നം! ഉറക്കം നഷ്ടപ്പെട്ട രാത്രിയുടെ അവസാനയാമത്തിൽ രാജേഷ് എഴുതി:
“പ്രിയപ്പെട്ട സെലീന, നമ്മൾ പിരിയുകയാണ്. ഒരിക്കലും എന്നെക്കുറിച്ച് ഓർക്കരുത്. നിനക്ക് നന്മവരട്ടെ.”

– സത്യൻ അന്തിക്കാട് | മിനിക്കഥ | മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, 1998.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ