✍️ സജു സദാശിവൻ
ഈ സിനിമയിൽ ചില നിശ്ചല ദൃശ്യങ്ങൾ ഉണ്ട്, നിശ്ചല ദൃശ്യങ്ങൾ എന്ന് പറയുമ്പോൾ തൊട്ടടുത്ത സീനിലേക്ക് നമ്മളെ പറിച്ചു നടാൻ അനുവദിക്കാത്ത അല്ലെങ്കിൽ…സ്വയം നമ്മളെ അതിന് തോന്നിപ്പിക്കാത്ത ദൃശ്യങ്ങൾ. ഹൃദയത്തിൻ്റെ ചലനങ്ങളെ മന്ദഗതിയിലാക്കുന്ന അതിൽ സ്പർശിക്കുന്നവ…
SPOILER ALERT ❗
1. സത്താറും ഉമ്മയുമായി ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന ദൃശ്യം.
“മോൻ ഉമ്മായെ കളയാൻ കൊണ്ട് പോവ്വാണോ” എന്ന ചോദ്യം ഉമ്മ ചോദിക്കുമ്പോൾ ,താൻ ഏറ്റവും പ്രിയപ്പെട്ടതായി തൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമായ ഉമ്മയെ കൂടെ നിർത്താൻ കഴിയില്ല എന്ന് സത്താർ എവിടെ വച്ച് ആണ് ചിന്തിച്ചത് എന്ന് പ്രേക്ഷകനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ദൃശ്യം. ഒരു തരത്തിൽ തൻ്റെ ജീവിതചര്യയിൽ നിന്ന് ഉമ്മയെ മാറ്റി നിർത്തുക ആണ് താൻ ചെയ്യുന്നത് എന്ന് സത്താറിന് അറിയാം പക്ഷെ, ഉപേക്ഷിക്കപ്പെടുന്ന ആളിന് ഉത്തരം നൽകാൻ നേരമാണ് സ്വയം ആ ചോദ്യം ചോദിച്ചു തുടങ്ങുന്നതും മനസാക്ഷിയുടെ കോടതിയിൽ ഉമ്മയെ താൻ ഉപേക്ഷിക്കുക ആണ് എന്നുള്ള സത്യം ഏറ്റു പറയാനോ അംഗീകരിക്കാനോ കഴിയാതെ കുഴങ്ങേണ്ടി വരുന്നതും. ഉമ്മയുടെ ചോദ്യത്തിന് മുൻപുള്ള ഓട്ടോ ഓടിക്കുമ്പോഴുള്ള സത്താറിൻ്റെ ചിന്തകുലനായ, നിർവികാരത പൂണ്ട മുഖഭാവങ്ങൾ ഒരുപക്ഷേ ഒരു പ്രശ്നം താൻ പരിഹരിക്കുക ആണ് എന്നുള്ള മനോഭാവത്തിന്റെ ധാർമ്മികത ഉള്ളിൽ ചിലപ്പോൾ ഉണ്ടായിരുന്നിരിക്കണം എന്ന് തോന്നിപ്പിക്കും വിധമാണ്.
2. “മനസ്സ് കൊണ്ട് മാത്രമേ മോന് സ്നേഹിക്കാൻ കഴിയൂ ” എന്ന് ഉമ്മ സത്താറിനോട് പറയുന്ന സീൻ. ” മോന് അത്രേ കഴിയുകയുള്ളൂ ” എന്നും അവർ പറയുന്നുണ്ട്. തൻ്റെ മകൻ നിസ്സാരനായ, നിസ്സംഗതകളിൽ പെട്ട് ഉഴലുന്ന, സ്വന്തം ഉമ്മയെ മാറ്റി നിർത്തുക അല്ലാതെ മറ്റൊരു ഉപായം കണ്ടെത്താൻ കഴിയാത്ത നിസ്സാരനായ ഒരു മനുഷ്യൻ ആണെന്നും പ്രതിസന്ധികളിൽ പെടുമ്പോൾ സ്നേഹം ഉള്ള ഇടങ്ങളോട് മാത്രം sacrifice ചെയ്യാൻ കഴിയുന്ന നിസ്സഹായൻ ആണെന്നും അവർ മനസ്സിലാക്കുന്നു.
3. ഉമ്മയെ ഇറക്കിവിട്ട് തിരികെ പോവുന്ന സത്താറിൻ്റെ കുറ്റബോധം നിറഞ്ഞ മനസാക്ഷി വിചാരണയ്ക്ക് ശേഷമുള്ള സീൻ ആണ് രണ്ടാമത്തേത്..ഉമ്മയെ വിളിക്കാൻ മഴയത്ത് കുടയുമായി ചെന്ന് നിൽക്കുന്ന…നിർവികാരതയിൽ നിന്നും വൈകാരികമായ ഉലച്ചിൽ അനുഭവിക്കുന്ന സത്താർ. ഉമ്മയെ തിരിച്ച് കൊണ്ട് വരുന്നതിലൂടെ തൻ്റെ മനസ്സാക്ഷിയുടെ സമ്മർദ്ദങ്ങൾക്കുള്ള ഉത്തരം കൊണ്ട് കൂടിയാണ് സത്താർ വന്നു നിൽക്കുന്നത്. ഉമ്മയുടെ ബന്ധു വീട്ടിലേക്ക് ആണെങ്കിലും താൻ ഉമ്മയെ ഉപേക്ഷിച്ചതാണ് എന്ന സത്യം അംഗീകരിക്കുന്ന ഉമ്മയോട് തിരിച്ച് വരാൻ അഭ്യർത്ഥിക്കുന്നതിലൂടെ സ്വന്തം മനസ്സാക്ഷിയോട് ഇരക്കുകയാണ് സത്താർ. ഒരിക്കൽ തിരിച്ചെടുത്ത ‘ അഭയം ‘ തിരികെ വച്ച് നീട്ടുന്ന സത്താറിൻ്റെ ഒരാൾക്ക് കൂടി ഇടമുള്ള കുട ഉമ്മ അടച്ച വാതിലിൻ്റെ വെളിയിൽ വച്ചിട്ട് പോയതായി കാണാം. അവിടെ നിന്നും അയാൾ മാത്രാമാണ് പോയത്, കുട ഉമ്മയ്ക്ക് വേണ്ടി സഹതപിക്കുന്ന അയാളുടെ ഹൃദയമാണ്.
4. ” ഞാൻ ഉമ്മാക്ക് ഒരു ബന്നും ചായേം വാങ്ങി തരട്ടെ? ” കോടതി വരാന്തയിൽ ആയിഷുമ്മയുടെ അടുത്തിരിക്കുമ്പോൾ ലൂക്ക് മാൻ്റെ കഥാപാത്രമായ അഭിലാഷ് ചോദിക്കുന്നു. വാർദ്ധക്യത്തിൻ്റെ കഠിന അവസ്ഥയിലും ആ സ്ത്രീയെ കഷ്ടപ്പെടുന്നതിലും വിചാരണ ചെയ്യപ്പെടുന്നതിലും താനും ഒരു കാരണമാണ് എന്ന കുറ്റബോധവുമുണ്ട്. “ഉമ്മ വല്ലതും കഴിച്ചോ” എന്ന് ചോദിക്കുമ്പോൾ വിശപ്പില്ല എന്ന് മറുപടി പറഞ്ഞിട്ടും ഉമ്മാക്ക് ഞാനൊരു ചായയും ബന്നും വാങ്ങി തരട്ടെ എന്ന ചോദ്യത്തിന് മൗനമായി സമ്മതം പറയുകയാണ്. വല്ലതും കഴിച്ചോ എന്ന ചോദ്യത്തിനും… ചായ വാങ്ങി തരട്ടെ എന്ന് ചോദിക്കുന്നതിലും വ്യത്യാസമുണ്ട്. ഒന്ന് അവരുടെ അവസ്ഥയെ ചോദിച്ചു അറിയുകയാണ്…മറ്റൊന്ന് ആ അവസ്ഥയെ അംഗീകരിക്കുകയാണ്. സത്താർ ഉപേക്ഷിച്ച് പോയ കുടയാണ് അഭിലാഷ്…
ചിലപ്പോൾ ചിലരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി നഷ്ടപ്പെടുന്ന…ചിലരുടെ ജീവിതത്തിൽ വൈകി എത്തുന്ന… മറ്റു ചിലപ്പോൾ ആർക്കോ വേണ്ടി കരുതി വയ്ക്കപ്പെടുന്ന… അഭയം എന്ന കുട…ഒപ്പം താൻ ചെയ്ത തെറ്റിന് മാപ്പ് പറയാനോ പരിഹാരം ചെയ്യാനോ കഴിയാത്ത മനസ്സിൻ്റെ വിങ്ങലുകൾ സ്വയം ഉണ്ടാക്കി കൊണ്ടുവന്ന പലഹാരം കൊടുക്കുന്നതിലൂടെ ഐഷ അഭിലാഷിനോടുള്ള തൻ്റെ പകരാതെ പോയ കരുതലും സ്നേഹവും അറിയിക്കുന്നുണ്ട്.
5. ക്ലൈമാക്സ് സീനിൽ ബിനു പപ്പുവിൻ്റെ കഥാപാത്രം ബ്രിട്ടോ അഭിലാഷിനോട് ചോദിക്കുന്നു. “കുഞ്ഞുമോനെ…നീ അന്ന് ചോദിച്ചില്ലേടാ, ഇത്രേം ഉള്ളോ ഉള്ളല്ലെ മനുഷ്യന്മാർ എന്ന്”. ” ഇത്രയൊക്കെ ഉണ്ടെടാ മനുഷ്യൻ ” ഒരു മനുഷ്യൻ മറ്റൊരാൾക്ക് വേണ്ടി ഒരുപാട് ഒന്നും വേണമെന്നില്ല ഒരു അല്പം മതി എന്ന് തിരിച്ചറിയുന്ന നിമിഷം. ഒരാളെ സഹായിക്കുന്നത് പോലെ തന്നെയാണ് അവരുടെ നിസ്സഹായതയെ തിരിച്ചറിയുന്നത് എന്ന് പറയുന്ന ദൃശ്യം. ഒരാളുടെ നിസ്സഹായതയെ തിരിച്ചറിഞ്ഞാൽ പിന്നെ അവർക്ക് നമ്മളിലേക്ക് ഉള്ള ദൂരവും കുറയും..അവരുടെ സഹനത്തിൻ്റെ ആഴവും…!
[സൗദി വെള്ളക്ക] A must watch malayalam film