പ്രിയപ്പെട്ട മഹേഷേട്ടന്, ഇത് ഞാനാണ് സൗമ്യ. എന്നെ മറന്നിട്ടില്ല എന്ന് കരുതട്ടെ

156

Sarath Sasi

പ്രിയപ്പെട്ട മഹേഷേട്ടന്,

ഇത് ഞാനാണ് സൗമ്യ. എന്നെ മറന്നിട്ടില്ല എന്ന് കരുതട്ടെ. മഹേഷേട്ടന്റെ വിശേഷമൊക്കെ വീട്ടിൽ വിളിക്കുമ്പോൾ മമ്മിയും ചാച്ചനും പറഞ്ഞ് ഞാൻ അറിയുന്നുണ്ട്. സുഖമാണെന്ന് കരുതുന്നു.ഈ വിവാഹ ജീവിതമൊന്നൊക്കെ പറയുന്നത് ഇത്ര ദുരിതമാണെന്ന് അറിഞ്ഞില്ല മഹേഷേട്ടാ. കാഴ്ചയിൽ മാന്യന്മാരായ പലരുടെയും ഉള്ളിലിരുപ്പ് തിരിച്ചറിയുന്നത് കൂടുതൽ അടുത്ത് അറിയുമ്പോഴാണല്ലോ. ഈ ഗാർഹിക പീഡനം എന്നൊക്കെ നമ്മൾ പത്രത്തിൽ വായിച്ചല്ലേ അറിഞ്ഞിട്ടുള്ളൂ. അനുഭവിക്കുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. സിഗരറ്റ് കുറ്റി കൊണ്ട് ദേഹം പൊള്ളുമ്പോൾ മാംസത്തിലൂടെ വേദന തുളച്ചു കയറുന്നൊരു നിമിഷമുണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ രണ്ട് ദിവസം ഒരു ഇരുട്ട് മുറിയിൽ പൂട്ടിയിട്ട് കഴിഞ്ഞു വെളിച്ചം കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാശ്വാസം ഉണ്ട്.

Maheshinte Prathikaram Trailer Malayalam Movie Trailers & Promos |  nowrunningഞാൻ ഇങ്ങയൊക്കെ പറഞ്ഞു കേൾക്കാൻ എല്ലാവരെയും പോലെ മഹേഷേട്ടൻ ആഗ്രഹിക്കില്ല എന്ന് എനിക്കറിയാം. ആ മനസ് ഞാനൊരുപാട് അടുത്ത് അറിഞ്ഞതാണല്ലോ. ഇല്ല മഹേഷേട്ടാ, ഇതൊന്നും സത്യമല്ല. സാധാരണ ഒരു കുടുംബ ജീവിതം, ആവശ്യത്തിന് സ്വാതന്ത്ര്യം, ചെറിയൊരു ജോലി, ഇഷ്ടമുള്ള ഡ്രെസ് ഇടാനുള്ള അവസരം, മുടങ്ങാതെ കിട്ടുന്ന നല്ല ഭക്ഷണം ഇതൊക്കെയുള്ള തരക്കേടില്ലാത്ത ഒരു ജീവിതമാണ് ഞങ്ങളുടേത്. ഞാൻ അന്നേ പറഞ്ഞില്ലേ, നമുക്ക് രണ്ടാൾക്കും നല്ലതേ വരൂ എന്ന്.
“നൈസ് ആയിട്ടങ്ങ് ഒഴിവാക്കി കളഞ്ഞല്ലേ”

എന്ന മഹേഷേട്ടന്റെ ചോദ്യം ഇപ്പോഴും ഉള്ളിൽ കിടന്നു പൊള്ളിക്കുന്നുണ്ട്. ഒഴിവാക്കിയ കഥ മഹേഷേട്ടനും അറിയണമല്ലോ. അപ്പനമ്മമാർ വല്യ ലോണ് എടുത്തു മക്കളെ പഠിപ്പിക്കുമ്പോൾ, അവർ ജോലി വാങ്ങി താഴെയുള്ള പിള്ളേരേം, വയസാം കാലത്ത് അവരേം നോക്കുവെന്ന് അവർ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ? ഒരു കുടുംബം രക്ഷപെടാൻ വീട്ടുകാര് വളർത്തുന്ന നേർച്ചക്കൊഴിയാണ് ചിലപ്പോഴൊക്കെ മൂത്ത പെണ്പിള്ളേർ. എല്ലാം സ്വാതന്ത്ര്യവും ചാച്ചൻ തരുന്ന, ബാധ്യതകൾ ഒന്നുമില്ലാത്ത മഹേഷേട്ടന് അതെത്ര മനസിലായി കൊള്ളും എന്നെനിക്ക് അറിയില്ല. പ്രസവിച്ചത് മുതൽ, കഴിഞ്ഞ മാസം വാങ്ങിയ ചുരിദാറിന്റെ വരെ കണക്ക് വരെ മഹേഷേട്ടന് കേൾക്കേണ്ടി വന്നിട്ടുന്നുണ്ടോ? ഉണ്ടെങ്കിലേ അത് മനസ്സിലാകൂ. ശശി തരൂരിനെ പോലെയിരിക്കുന്ന, IELTS സ്കോറോക്കെയുള്ള ഒരു കാനഡക്കാരനെ കണ്ടപ്പോൾ കുമ്പിളപ്പത്തിന് ഡോണട്ടിന്റെ രുചി ഇല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു എന്നാണോ മഹേഷേട്ടന് കരുതിയത്? അപ്പാപ്പൻ മരിക്കുമ്പോൾ പോലും നാട്ടിൽ വരണോ എന്നു രണ്ടു വട്ടം ആലോചിക്കേണ്ടി വരുന്നത് ഗതികേട് കൊണ്ടാണ് മഹേഷേട്ടാ.

anusree-in-maheshinte-prathikaram-63 – KERALA EDITORഹാ ഇനി അതൊക്കെ പറഞ്ഞിട്ടു എന്ത് കാര്യം? മമ്മി പറഞ്ഞു ജിമ്സിയുടെ കാര്യമൊക്കെ ഞാനറിഞ്ഞു. എപ്പോഴാണ് നിങ്ങളുടെ മനസമ്മതം? അല്പം കള്ളത്തരവും, താന്തോന്നിത്തരവും, ഓവർ സ്മാർട്നെസും കയ്യിൽ ഉണ്ടെങ്കിലും അവൾ നല്ല കുട്ടിയാണ്. വിശന്നാൽ കണ്ണ് കണ്ടു കൂടാത്ത ആ കുട്ടിയ്ക്ക്, പ്രായമുള്ളവരോട് അല്പം ബഹുമാനക്കുറവ് ഉണ്ടെന്നേയുള്ളൂ.
“സ്‌കൂളിൽ പഠിക്കുമ്പോൾ ഡാന്സിന് ഡ്രസ് വാങ്ങാൻ പിരിച്ച കാശിന് ഞാൻ മസാല ദോശ വാങ്ങി തിന്നു” ,
എന്ന് ആ കുട്ടി മഹേഷേട്ടനോട് പറഞ്ഞതായി ഞാനറിഞ്ഞു. മഹേഷേട്ടന്റെ ഇഷ്ടം നേടാനാണെങ്കിലും ഇങ്ങനൊരു കള്ളം ആ കുട്ടി പറയരുതായിരുന്നു. ഡാൻസ് കളിക്കാൻ അറിയാത്ത ആ കുട്ടിയോട്,
“മോൾക്ക് അടുത്ത തവണ സ്റ്റേജിൽ കയറാം, ചേച്ചി സഹായിക്കാം.”
എന്നു പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്. ഹാ പോട്ടെ, ചെറുപ്പത്തിലേ അച്ഛൻ മരിച്ച ശേഷം, റൗഡിയായ ചേട്ടൻ വളർത്തിയ പെങ്ങൾ അല്ലേ? അവരുടെ കുടുംബ പശ്ചാത്തലമൊക്കെ നമ്മൾ ആലോചിക്കേണ്ടേ?
Theliveyil' song of 'Maheshinte Prathikaaram' is love in times of death |  Maheshinte Prathikaram | Anusree | Fahadh Faasil | Music Newsഒരു കാര്യത്തിലേ എനിക്ക് മഹേഷേട്ടനോട് പരിഭവമുള്ളൂ. നമ്മൾ സ്നേഹിച്ചിരുന്നപ്പോഴും, അപ്പൂപ്പൻ താടിയും, മാസികകളും ഉണ്ടായിരുന്നു. എന്റെയൊരു ഫോട്ടോ മാസികയുടെ കവർ പേജായി വരാൻ ഞാനും ആഗ്രഹിച്ചിരുന്നു. അതിനായി ഞാൻ ഒരിക്കലും മഹേഷേട്ടനെ നിര്ബന്ധിച്ചിട്ടില്ല, ഇൻസ്ലറ് ചെയ്തു സംസാരിച്ചിട്ടില്ല, മഹേഷേട്ടന്റെ ഒരു ഇഷ്ടവും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. തടിമിടുക്ക് ഉള്ള ആണുങ്ങൾ എന്റെ കുടുംബത്തിൽ ഉണ്ടായിട്ടും, ആരെങ്കിലും മഹേഷേട്ടന്റെ ദേഹത്ത് ഒരു തുള്ളി മണ്ണ് എങ്കിലും വാരി ഇട്ടിട്ടുണ്ടോ? ഇല്ല, ഇടില്ല, കാരണം സൗമ്യ അങ്ങനെയല്ല.
പിരിയുമ്പോൾ ഞാൻ പറഞ്ഞ വാക്ക് മഹേഷേട്ടൻ മറന്നോ എന്നറിയില്ല,
“എനിക്ക് എന്നെങ്കിലും മഹേഷേട്ടനെ മറക്കാൻ കഴിയുമോ എന്നറിയില്ല”
എന്ന വാക്ക്. അത് സത്യമാണ്, എന്റെയുള്ളിൽ എവിടെയോ ഇപ്പോഴും മഹേഷേട്ടനുണ്ട്. ഇടയ്ക്ക് എല്ലാം അവസാനിപ്പിച്ചു പഴയ സൗമ്യയായി നാട്ടിലേക്ക് മടങ്ങി വന്നാലോ എന്ന് ഞാൻ ആലോചിക്കും.
“അവിടുത്തെ കാറ്റാണ് കാറ്റ്, അവിടുത്തെ മഞ്ഞാണ് മഞ്ഞ്‌”
എന്ന പാട്ട് മഹേഷേട്ടൻ കേട്ടിട്ടില്ലേ? കാനഡയിലെ മഞ്ഞോക്കെ എന്ത് മഞ്ഞ്?
ഒരു വട്ടം ചോദിച്ചില്ല എന്നൊരു സങ്കടം ഭാവിയിൽ ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രം ചോദിക്കുകയാണ്. ഞാൻ എല്ലാം ഉപേക്ഷിച്ചു പഴയ സൗമ്യയായി നാട്ടിലേക്ക് മടങ്ങി വന്നാൽ മഹേഷേട്ടന് പഴയ മഹേഷേട്ടനാകാൻ കഴിയുമോ? ഇല്ലാല്ലേ, സാരമില്ല. എനിക്ക് മനസിലാകും.

നിങ്ങളുടെ മനസമ്മതം അറിയിക്കണം. നാട്ടിൽ ഉണ്ടാകാൻ ശ്രമിക്കാം. “സമ്മതമാണ്” എന്ന എന്റെ വാക്ക് കേൾക്കുമ്പോൾ മഹേഷേട്ടന്റെ മുഖത്ത് ഉണ്ടാകുന്ന ചിരി ഞാൻ സ്‌കൂൾ കാലം മുതൽ സ്വപ്നം കാണുന്നതാണ്. സമ്മതം പറയുന്നത് ഞാനല്ലെങ്കിലും മഹേഷേട്ടന്റെ ആ ചിരി നേരിൽ കാണുവാൻ ഒരു മോഹം. ജിമ്സിയോട് അന്വേഷണം പറയണം. മഹേഷേട്ടന്റെ സ്നേഹത്തിന് വേണ്ടിയാണെങ്കിലും എന്നെ കുറിച്ചു കള്ളം പറയരുത് എന്ന് ആ കുട്ടിയോട് പറയണം. നിങ്ങൾക്ക് രണ്ടാൾക്കും എല്ലാ ആശംസകളും.
സ്നേഹത്തോടെ,
സൗമ്യ (ഫാമിലി വിസ ഉണ്ട്, വരനെ കൊണ്ടു പോകും)
ടൊറന്റോ
കാനഡ.