സവാക്ക് അല്‍ ബേത്ത്!
ഇരുണ്ട ജയില്‍ മുറിയില്‍ ഭിത്തിക്കഭിമുഖമായി മുഖം മുട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച് അയാള്‍….
“ബാബൂ…….” ആഗതന്റെ വിളി അറിയാതെ ആര്‍ദ്രമായി.
151 total views

ഇരുണ്ട ജയില്‍ മുറിയില്‍ ഭിത്തിക്കഭിമുഖമായി മുഖം മുട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച് അയാള്‍….
“ബാബൂ…….” ആഗതന്റെ വിളി അറിയാതെ ആര്‍ദ്രമായി.
പരിചിത ശബ്ദത്തിന്റെ ഞെട്ടലില്‍ മുട്ടുകള്‍ക്കിടയില്‍ നിന്ന് അയാള്‍ മുഖം വലിച്ചെടുത്തു തിരിഞ്ഞു നോക്കി.
തടവറയുടെ നിഗൂഡമായ ഇരുട്ടില്‍ ഇരുണ്ട മുഖം അവ്യക്തമായിരുന്നെങ്കിലും അളെ തിരിച്ചറിഞ്ഞതിന്റെ നിശ്വാസാലകള്.
“കുമാര്‍ നീ എങ്ങനെ ഇവിടെ?” ഞൊടിയിടയില്‍ കുതിച്ചെത്തിയ ബാബുവിന്റെ ആകാംഷ….
“അതൊക്കെ സാധിച്ചെടാ…. എംബസി വഴി ചില സമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി ഞാനിവിടെ നില്ക്കുന്നു..” ആ മറുപടി ബാബുവില്‍ കൂടുതല്‍ പ്രതീക്ഷ ഉളവാക്കിയോ?
നന്ദി സൂചകമോ? അതോ മാസങ്ങള്‍ക്ക് ശേഷം പരിചിതമായ ഒരു മുഖം കണ്ടതിന്റെ ആകാംഷയോ? അറിയില്ല…! ബാബുവിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നതും അതു പിന്നീട് ഒരു സങ്കടക്കടല്‍ ആയി മാറുന്നതും തികച്ചും നിര്‍വ്വികാരനായി കുമാര്‍ നോക്കി നിന്നു.
“നിന്റെ വിധിയോ, സമയ ദോഷമോ? അറിയില്ല!! എന്തായാലും ദൈവം ഒരു വഴികാണിച്ചു തരാതിരിക്കില്ല” ഒരുറപ്പും ഇല്ലാത്ത പാഴ്വാക്കുകള്‍ ആയിരുന്നു അവ!
“അവള്? അവളെക്കുറിച്ച് എന്തെങ്കിലും വിവരം?” ബാബുവിന്റെ ആകാംഷ നിറഞ്ഞ വാക്കുകള്‍ കുമാറിലേക്ക് വെറുപ്പിന്റെ ചെറു വേലിയേറ്റം ശ്രിഷ്ടിച്ചു.
“ബാബൂ… നിനക്ക് ചിന്തിക്കാന്‍ നാട്ടിലുള്ള നിന്റെ ഭാര്യയും, കുട്ടികളും മതിയാവാതെ വരുന്നോ? ഒരു പരിചിത മുഖം കാണുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് അവള്.?”
ബാബുവിന്റെ നിര്‍വ്വികാരമായ മുഖത്തു നിന്നും പുശ്ചം നിറഞ്ഞ ചിരി ചെറു ശബ്ദത്തോടെ പുറത്തു വന്നു….
“കുമാര്‍ നീയും ഇത്ര തരം താഴുന്നോ..? ഞാന്‍ കരുതിയിരുന്നത് എന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയത് നീയായിരിക്കുമെന്നാണ്… പക്ഷേ ഇപ്പോള്‍ നീയും…!?”
കുമാറിന്റെ മുഖം ഒരു നിമിഷം പാപഭാരത്താല്‍ കുനിഞ്ഞുവോ?
“ബാബൂ….. ഞാനതല്ല ഉദ്ദേശിച്ചത്….. നീ ഈ ഇരുട്ടറയിലാകാന് കാരണക്കാരി അവളായിട്ടും, വീണ്ടും അവളെ കുറിച്ചുള്ള ഈ അന്വേഷണം ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് അംഗീകരിക്കാന്‍ അല്‍പ്പം വിഷമമുണ്ട്.”
ബാബുവിന്റെ വലം കൈ ഒരു നിമിഷം ഇരുമ്പഴികള്‍ക്കുള്ളില്‍ കൂടി കടന്ന് കുമാറിന്റെ ചുണ്ടുകള്‍ക്ക് വിലങ്ങു തീര്‍ത്തു….
“നീ ഇനി ഒരക്ഷരം പറയരുത്….” ആ ശബ്ദം അല്‍പ്പം കടുത്തിരുന്നുവോ?
“ബാബൂ…. നീ ഇങ്ങനെ തീ തിന്നുന്നതു കാണുമ്പോള്‍ എല്ലാം മറന്നു പോകുന്നെടാ….” നിയന്ത്രിക്കാനാവാതെ കണ്ണുകള്‍ തുളുമ്പി.
“എടാ…. നമ്മള് പല തെറ്റുകള്‍ ചെയ്തിട്ടുണ്ട്….. പക്ഷേ എന്റെ പ്രിയപ്പെട്ടവളേ വഞ്ചിക്കുന്ന തരത്തില്‍ എനിക്കു ചിന്തിക്കാന്‍ കഴിയുമെന്ന് നീ കരുതുന്നുണ്ടോ…?” ബാബു കുറ്റപ്പെടുത്തുകയാണോ?
“ഇല്ലെടാ….. ഞാനതല്ല ഉദ്ദേശിച്ചത്….. അങ്ങനെ ഒന്നാരോപിച്ചല്ലേ നീ ഈ ജയിലറക്കുള്ളില്‍!!! എന്നിട്ടും നീ അവളെ കുറിച്ചു സംസാരിക്കുമ്പോള്‍ എന്തോ..!” കുമാറിന്റെ ശബ്ദത്തില്‍ കുറ്റബൊധത്തിന്റെ നിര്‍വ്വികാരത.
“കുറ്റാരോപണവും, കുറ്റവും രണ്ടല്ലേ കുമാര്‍… ആരോപണങ്ങള്‍ എല്ലാം കുറ്റമാണെന്നു കരുതുന്ന വിഴുപ്പലക്കികള്ക്കിടയില് നീയും ഉണ്ടെന്നു കാണുമ്പോള്‍ പുശ്ചം തോന്നുന്നു..!” തുടര്‍ വാക്കുകള്‍ കിട്ടാത്ത വിധം ബാബു ക്ഷുഭിതനായി.
മൌനത്തിന്റെ നീണ്ട ഇടവഴിയിലെവിടെയോ വാക്കുകള്‍ക്കായി പരതുന്ന രണ്ടുപേര്‍…. ജനിച്ച നാള് മുതല്‍ ഇന്നുവരെ ഇഴപിരിയാത്ത സൌഹൃദത്തിന്റെ മാസ്മരികത ആഘോഷിച്ചിരുവര് ഇന്ന് അപരിചതരെ പ്പോലെ……
“സൈനബ വിളിച്ചിരുന്നു….. കുമാറേട്ടനല്ലേ ഇക്കായേ വിസ എടുത്തു കൊണ്ടു പോയത്…. എങ്ങെനെയെങ്കിലും എനിക്കു തിരിച്ചു കൊണ്ടുത്തരണം എന്ന്….!” മൌനത്തിന് ചെറു വിരാമമിട്ടത് കുമാറായിരുന്നു.
“സുഹൃത്തെന്ന നിലയില്‍ ഒരു വിസ സംഘടിപ്പിച്ചു തരിക എന്നത് അക്ഷന്ത്യവമായ ഒരു തെറ്റല്ലല്ലോ കുമാര്‍…. അതി്ന് ഈ തരത്തില്‍ ഒരു അവസാനമുണ്ടാവുമെന്ന് മുന്‍കൂട്ടി അറിയാവുന്ന സ്നേഹിതര്‍ ആരെങ്കിലും അതിനു മുതിരുമോ..?” ബാബുവിനു സൈനബയോടുള്ള അമര്‍ഷം വാക്കുകളില്‍ വ്യക്തമായിരുന്നു.
“ആവള് നിന്റെ നല്ലപാതിയല്ലേ…. വിഷമ ഘട്ടത്തില്‍ ശരിതെറ്റുകളെ വിശകലനം ചെയ്യാനുള്ള മാനസികാവസ്ഥ ആര്‍ക്കാണ് കിട്ടുക….?” സൈനബയെ കുറ്റപ്പെടുത്തുകയായിരുന്നില്ല, മറിച്ച് ഇവിടെ നടന്ന കോലാഹലങ്ങള്‍ അവളുടെ സ്നേഹത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ല എന്നറിയിക്കുകയായിരുന്നു കുമാറിന്റെ ലക്ഷ്യം.
“എന്തായാലും ആരോപിക്കപ്പെട്ട ഈ തെറ്റിന് ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നാലും അത് തല പോകിന്നടത്തോളം വരില്ല എന്നെനിക്കറിയാം…. അതിനാല്‍ ഇനി വിളിക്കുമ്പോള്‍ സൈനബയോട് പറയൂ എനിക്കൊന്നും സംഭവിച്ചിട്ടില്ല, തീര്‍ച്ചയായും തിരിച്ചു വരും…. കാത്തിരിക്കാന്‍….കുഞ്ഞുങ്ങളെ അതുവരെ ഒന്നും അറിയിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും” ബാബുവിന്റെ വാക്കുകള്‍ ദൃഡമാര്ന്നതായിരുന്നു.
“അല്ലെങ്കില്‍ തന്നെ ഈ കാലമത്രയും അനുഭവിച്ചത് തടവറക്കുള്ളിലേക്കാള് കഠിനമായ ജീവിതമല്ലേ….? അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടം എത്ര സ്വര്‍ഗ്ഗമാണ് കുമാര്‍..!”
“എനിക്ക് അധികമൊന്നും അറിയില്ലല്ലോ ബാബൂ…. ഒരു സുഹൃത്തിലൂടെ ശരിയായി കിട്ടിയ ഒരു “സവാക്ക് അല്‍ ബേത്ത്”** വിസ നിനക്ക് അയച്ചു തന്നതിലുപരി, വീണുകിട്ടുന്ന ചില നിമിഷങ്ങളില്‍ നീ ഫോണിലൂടെ കൈമാറുന്ന അല്‍പ്പ വിവരങ്ങള്‍ക്കുപരി, നിന്റെ ഇവിടുത്തെ ജീവിതം ദുഃസഹമായിരുന്നു എന്ന സൂചനകള്ക്കുപരി, നീ തടവറക്കുള്ളില്‍ എത്താന്‍ കാരണമായ സംഭവങ്ങള്‍ മറ്റുള്ളവരില്‍ നിന്നു കേട്ടറിഞ്ഞതില്‍ ഉപരി എനിക്കൊന്നും അറിയില്ല”
ബാബുവിനെ തുടരാന്‍ അനുവദിക്കുക തന്റെ കടമയായി കുമാറിനു തോന്നി.അല്ലെങ്കില്‍ അവന്റെ ഉറഞ്ഞുകൂടിയ സങ്കടങ്ങളെ ഇറക്കി വെയ്ക്കാന്‍ ഒരു അത്താണി ആവുക ഒരു സുഹൃത്തെന്ന നിലയില്‍ താനല്ലാതെ മറ്റാരാണുള്ളത്..?
അല്‍പ്പനേരത്തെ മൌനത്തിനു ശേഷം ഒരു നെടുവീര്‍പ്പോടെ ബാബു തുടര്‍ന്നു…..
“സ്വര്‍ഗ്ഗം മോഹിച്ച് സൈനബയേയും, എന്റെ കുരുന്നുകളേയും ഉപേക്ഷിച്ച് ഞാന്‍ എത്തിച്ചേര്‍ന്നത് നരകതുല്യമായ ഒരിടത്താണെന്ന് നിന്നോട് ഞാന്‍ പറഞ്ഞിരുന്നുവല്ലോ?…”
ഇവിടുത്തെ പോലീസ് വിഭാഗത്തില്‍ ഉന്നത സ്ഥാനീയനായ ഒരുവന്റെ വീട്ടിലെ ഡ്രൈവര്‍… ഭാര്യയും മൂന്ന് ആണ്കുട്ടികളുംമാത്രമുള്ള ഒരു കുടുഃബം….. വിലപിടിപ്പുള്ള പത്തോളം കാറുകളുടെ മുതലാളിയായി ഞാന്‍ അവരോധിക്കപ്പെട്ടു.
അതിരാവിലെ എഴുനേല്‍റ്റ് എല്ലാ വണ്ടികളും കഴുകി വെടിപ്പാക്കുക, മാര്‍ക്കറ്റില്‍ പോയി സാധങ്ങള്‍ വാങ്ങിക്കുക, മുതലാളിയേയും, കുടുഃബാങ്ങളേയും ഇടതടവില്ലാതെ പലയിടങ്ങളില്‍ എത്തിക്കുക എന്നിങ്ങനെ ആദ്യ ദിവസം സമര്‍പ്പിക്കപ്പെട്ട ലിസ്റ്റില്‍ എന്റെ ജോലിയില്‍ ഉള്‍പ്പെടാന്‍ ഒരു സാദ്ധ്യതയുമില്ലാത്ത വീടും പരിസരവും അടിച്ചു
വാരല്‍, കഴുകല്‍ ഇത്യാദികളും കൂടി ഉള്‍പ്പെട്ടപ്പോള്‍ സ്വാഭാവികമായി വന്ന ചോദ്യ ഭാവത്തെ പോലീസ് മുറയിലാണ് അയാള്‍ നേരിട്ടത്.
“മര്യാദക്കു പറയുന്നതനുസരിച്ചു നിന്നാല്‍ നിന്റെ തടി കേടാകാതെ സൂക്ഷിക്കാം..”
കുടുഃബത്തിന്റെ ഏക അത്താണിയായ ഞാന്‍ അത് ഉപേക്ഷിച്ചു പോയാലുണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ ഓര്‍ത്തപ്പോള്‍ എന്തും സഹിക്കാനുള്ള മാനസിക നില നേടിയെടുക്കാനായി പരിശ്രമിക്കുകയാണ് ആദ്യം ചെയ്തത്.
രണ്ടാം മാസം അവസാനിച്ചിട്ടും കിട്ടാത്ത ആദ്യമാസ ശമ്പളം ചോദിക്കാന്‍ മുതിര്‍ന്നതു തന്നെ സൈനബയുടെ പരിദേവനങ്ങള്ക്കൊടുവിലാണ്. പക്ഷേ ശമ്പളത്തിനു പകരം മുഖമടച്ച് ഒരടിയാണ് കിട്ടിയത്. കാരണമായി പറഞ്ഞത് മറ്റൊന്നും!
“ഇന്നലെ എടുത്തു വച്ചിരിക്കുന്ന വേസ്റ്റ് വാതുക്കല് ഇരിക്കുന്നത് നീ കാണുന്നില്ലേ? ജോലി ചെയ്യാത്ത നിനക്ക് എന്തിനാ ശമ്പളം..?”
നാട്ടിലെ പഴയ പോരാളി മനസ്സ് പുറത്തു ചാടി….. എതിര്‍ക്കാന്‍ നോക്കിയ എന്നെ മറ്റു മൂന്നു ബലിഷ്ടകരങ്ങള്‍ കൂടി വരിഞ്ഞു മുറുക്കി… അടുത്ത ദുര്‍ഗന്ധം വമീക്കുന്ന കക്കൂസിലേക്ക്….. പിന്നെ ഉഗ്ര പീഡനങ്ങള്‍…. ഒടുവില്‍ മലീമസമായ കക്കൂസില്‍, ഈ നാട്ടിലെ നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷനേടാന്‍ പാകത്തില്‍ അല്‍പ്പ ജീവന് ബാക്കി വച്ച് അവര്‍ പോയി…..
“എഴുനേല്‍ക്കൂ…… അല്‍പ്പം വെള്ളം കുടിക്കൂ……” അര്‍ദ്ധബോധാവസ്ഥയിലായിരുന്ന എന്നെ സ്നേഹാര്‍ദ്രമായ ഒരു ചെറു തലോടല്‍ ഉണര്‍ത്തി. പകുതി മുറിഞ്ഞ അറബിക്ക് ഭാഷയുടെ ഉറവിടം തേടി പരതിയ എനിക്ക് മുന്നില്‍ അത്രയൊന്നും ഭംഗി അവകാശപ്പെടാനില്ലാത്ത ഒരു കുരുന്നു മുഖം തെളിഞ്ഞു വന്നു….
യാമിനീ ദേവി….. അതായിരുന്നു അവളുടെ പേര്…..
ഇന്‍ഡോനേഷ്യയിലെ ഒരു കുഗ്രാമത്തില്‍ നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്നും ഗദ്ദാമ** എന്ന കേള്‍ക്കാന്‍ ഇമ്പമുള്ള പേരിലേക്ക് സ്ഥിരമായി മാറ്റപ്പെട്ട നിഷ്കകളങ്കയായ ഒരു പെണ്‍കുട്ടി….
തുല്യ ദുഃഖിതരുടെ ഒരു ഒത്തു ചേരല്‍ എന്നതിലുപരി, പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ചങ്കുറപ്പോടെ അതിനെ അഭിമുഖീകരിക്കുന്ന അവളുടെ പ്രസരിപ്പുള്ള മുഖമായിരുന്നു എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ഒരുപക്ഷേ അവളുടെ ആ ധൈര്യം ആവാം എന്നെയും അവിടെ തുടരാന്‍ പ്രരിപ്പിച്ചത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സൌദിയിലേക്ക് നാടുകടത്തപ്പെട്ട ഹതഭാഗ്യ…. ഇനി ഒരിക്കലും ജനിച്ച നാട് കാണുമെന്ന് ഒരുറപ്പുമില്ലാത്ത ദുഃസ്സഹ ജീവിതം….
കീറിമുറിക്കപ്പെട്ടേക്കാമെന്ന മുന്‍വിധിയില്‍, അതില്‍ നിന്ന് ഒരു പാപജന്മം കൂടി പിറവിയെടുക്കരുതെന്ന പ്രാര്‍ത്ഥനയോടെ, ഒരു കുടുഃബത്തിന്റെ മുഴുവന്‍ അത്താണിയാവാന്‍ വേണ്ടി പതിനെട്ടാം വയസ്സില്‍ തന്റെ സ്ത്രീത്വത്തെ ആശുപത്രിയുടെ ഇരുണ്ട ഓപ്പറേഷന് തീയറ്ററിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഉപേക്ഷിക്കാന്‍ തയ്യാറായവള്‍.
ജീവിതം എരിഞ്ഞടങ്ങുന്നു എന്ന തിരിച്ചറിവിലും പ്രതീക്ഷയുടെ ഒരു നേര്‍ത്ത കച്ചിത്തുരുമ്പായി മാതാപിതാക്കളും പറക്കമുറ്റാത്ത ഇളയ രണ്ട് കുരുന്നുകളും അവളുടെ മുഖത്ത് എപ്പോഴും നിറപുഞ്ചിരിയുടെ ദീപാവലി തീര്‍ത്തു.
“ ദേ നോക്കൂ…. ഈ ചിത്രങ്ങള്‍ കാണാന്‍ എത്ര മനോഹരമാണല്ലേ?!” ശരീരത്തിലെ സാഡിസത്തിന്റെ ചുവന്ന മുറിപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടി പുഞ്ചിരിയോടെ അവള് പറഞ്ഞു.
“നിനക്കു രക്ഷപെടണ്ടേ ഈ നരകത്തില്‍ നിന്ന്..?” വേദനയില്‍ നിന്നതിര്ന്ന ഗദ്ഗദമായിരുന്നു എന്നില്‍ നിന്ന് വന്നത്.
“രക്ഷപെടീല്‍ എന്നത് യാതന അനുഭവിക്കുന്നവര്‍ക്ക് തോന്നുന്ന ഒരു ദുഃര്ബുദ്ധിയല്ലേ ബാബൂ…..ഞാന്‍ ഇവിടെ സന്തോഷവതിയല്ലേ…. മാസം കിട്ടുന്ന ഇരുനൂറ് റിയാലില്‍ കരുപ്പിടിപ്പിക്കുന്ന നാലു ജീവിതങ്ങള്‍ എന്റെ സന്തോഷമല്ലേ”
എപ്പോഴും പുഞ്ചിരിക്കാന്‍ കഴിയുക ദൈവസന്നിധിയോട് അടുത്തു നില്‍ക്കുന്നവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണെന്ന് പറയുന്നത് എത്ര ശരിയാണ്.
“ബാബൂ…. ഇവിടെ വന്നിട്ട് ഇതുവരെ വീട്ടിലേക്ക് വിളിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, നീ എന്നെ സഹായിക്കുമോ?”….. ഞാന്‍ വന്നിട്ട് എട്ട് മാസങ്ങള്‍ കഴിഞ്ഞു എങ്കിലും അവള് ആദ്യമായി ഉന്നയിക്കുന്ന ഒരാവശ്യം.
കയ്യിലിരുന്ന മൊബൈല്‍ ഒരു മടിയും കൂടാതെ അവളുടെ നേരെ നീട്ടുമ്പോള്‍ കാണാമറയത്തിരുന്ന വീട്ടമ്മയുടെ രണ്ട് സംശയ ദൃഷ്ടികള്‍ തൊടുത്ത സന്ദേശം നിമിഷങ്ങള്‍ക്കകം വീട്ടുകാരന്റെ വേഷത്തില്‍ മുന്നില്‍ അവതരിച്ചത് ഞടുക്കത്തോടെയാണ് തിരിച്ചറിഞ്ഞത്….ഒപ്പം അജാനു ബാഹുക്കളായ മക്കളും. ….
അതി കഠിനമായ ഭേദ്യമുറകള്ക്കൊടുവില് എന്നെയും, യാമിനിയേയും ഒരു മുറിക്കുള്ളില്‍ അടച്ചിടപ്പെട്ടു.
പോലീസ്, ചോദ്യം ചെയ്യല്‍…. എല്ലാത്തിനുമൊടുവില്‍ അവിഹിത ബന്ധത്തിന് ജയില്‍ ശിക്ഷ……
“ഇന്ന് ഈ ഇരുണ്ട തടവറയില്‍ അഞ്ചു മാസം പൂര്‍ത്തിയാവുമ്പോള്‍ അശ്വാസമായി നീ എങ്കിലും എത്തിയല്ലോ കുമാര്‍…. നിന്റെ ഈ സാന്നിദ്ധ്യം മാത്രം മതി അടുത്ത ഏതാനും മാസങ്ങള്‍ ആശ്വാസത്തോടെ എനിക്ക് തരണം ചെയ്യാന്‍….ജീവിതം അവസാനിച്ചു എന്ന തോന്നലില്‍ നിന്നും ഒരുപാട് ബാക്കിയുണ്ട് എന്ന പ്രതീക്ഷക്ക് നിന്റെ ഈ വരവ് വളരെ സഹായിച്ചു കുമാര്‍..” ബാബുവിന്റെ കണ്ഠം ഇടറുന്നത് കുമാര്‍ തിരിച്ചറിഞ്ഞു.
“നിന്നെ എത്രയും പെട്ടെന്ന് പുറത്തു കൊണ്ടുവരും ബാബൂ…. ശുഭപ്രതീക്ഷകളുമായി കഴിയൂ…..” അഴികള്‍ക്കുള്ളില്‍ കൂടി ബാബുവിന്റെ തോളില്‍ കയ്യിട്ട് ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം…
“യാ അള്ളാഹ്…ഖലാസ്…. എംഷീ..(സമയം കഴിഞ്ഞു…..വേഗം പുറത്ത് പോകൂ)” പുറകില്‍ നിന്ന് ഉയരുന്ന പോലീസുകാരന്റെ പരുക്കന്‍ ശബ്ദം…
തടവറയുടെ ഇരുണ്ട മൂലയിലേക്ക് തിരികെ നടക്കുന്ന ബാബുവിനെ ഒരു നിമിഷ നോക്കി കുമാര്‍ പുറത്തേക്ക്……
152 total views, 1 views today
