ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണം; ബി.ജെ.പി ‘ഭാരതരത്‌നം’ നല്‍കാനാഗ്രഹിക്കുന്ന സവര്‍ക്കര്‍ പറഞ്ഞത്

  298

  ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണം; ബി.ജെ.പി ‘ഭാരതരത്‌നം’ നല്‍കാനാഗ്രഹിക്കുന്ന സവര്‍ക്കര്‍ പറഞ്ഞത്

  ഹിന്ദുത്വദാര്‍ശനികനും ഗാന്ധിവധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയും ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രവക്താവുമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന ബി.ജെ.പിയുടെ അജണ്ട വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. ഗാന്ധിയുടെ നേരവകാശികളെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വക്താക്കള്‍വരെ സവര്‍ക്കറുടെ വീരകൃത്യങ്ങളെ കുറിച്ച് വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കുകയുമാണ്.

  ഒപ്പം സവര്‍ക്കറുടെ ആശയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഭാരതരത്‌നം നല്‍കാന്‍ അയാള്‍ അര്‍ഹനാണോ എന്നുമൊക്കെ ചര്‍ച്ചയും കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സവര്‍ക്കര്‍ സ്ത്രീകളെയും ബലാത്സംഗത്തെയും എങ്ങനെ നോക്കിക്കണ്ടിരുന്നു എന്ന് പരിശോധിക്കുക അതീവ പ്രാധാന്യമാര്‍ഹിക്കുന്ന കാര്യമാണല്ലോ.

  സംഘപരിവാരങ്ങളും ഹിന്ദുത്വഫാസിസ്റ്റുകളും ന്യൂനപക്ഷങ്ങള്‍ക്കെതിരായും ദലിത് ആദിവാസി ബഹുജനങ്ങള്‍ക്കെതിരായും അവരെ ഇല്ലായ്മ ചെയ്യുന്നതിന് പ്രയോഗിക്കുന്ന ഒരു രാഷ്ട്രീയ ആയുധമാണ് ബലാത്സംഗം എന്നത്. ഇന്ത്യയില്‍ നടന്നിട്ടുള്ള എല്ലാ വര്‍ഗ്ഗീയ കലാപങ്ങളിലും സ്ത്രീകള്‍ക്കെതിരെ ഹിന്ദുത്വശക്തികള്‍ ബലാത്സംഗത്തെ വ്യാപകമായി പ്രയോഗിച്ചിട്ടുള്ളതായി കാണാന്‍ സാധിക്കും. ഇതിന്റെ പ്രത്യയശാസ്ത്ര/രാഷ്ട്രീയ അടിത്തറ എവിടെയാണ് കിടക്കുന്നത് എന്ന് പരിശോധിച്ചാല്‍ അത് സാക്ഷാല്‍ ‘വീര’ സവര്‍ക്കറിന്റെ ആശയങ്ങളില്‍ തന്നെയാണ് എന്ന് മനസ്സിലാക്കാം. വീരകൃത്യങ്ങളെ കുറിച്ചുള്ള ‘വീര’ സവര്‍ക്കറുടെ നിര്‍വ്വചനങ്ങളില്‍ ബലാത്സംഗവും ഉള്‍പ്പെടും എന്നതാണ് വസ്തുത.

  രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെയും മുസ്ലീം മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ബലാത്സംഗം നടത്തണമെന്നും മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്ത് ഹിന്ദുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നുമായിരുന്നു അയാള്‍ വാദിച്ചുകൊണ്ടിരുന്നത്. ബലാത്സംഗത്തെ ഒരു ‘രാഷ്ട്രീയ ആയുധമായി’ ഉപയോഗിക്കണമെന്നതായിരുന്നു സവര്‍ക്കറുടെ ആശയം. അതിന്റെ രാഷ്ട്രീയപ്രയോഗം മാത്രമാണ് ഇന്ന് സംഘപരിവാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

  ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് 1966ല്‍ സവര്‍ക്കര്‍ എഴുതിയ ‘ഇന്ത്യാ ചരിത്രത്തിലെ ആറ് മഹത്തായ യുഗങ്ങള്‍’ (Six Glorious Epochs of Indian History) എന്ന കൃതിയില്‍ ഹിന്ദുധര്‍മ്മമെന്ന നിലയിലാണ് ബലാത്സംഗത്തെ സവര്‍ക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദുസമൂഹത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന എന്തും ഹിന്ദുധര്‍മ്മത്തില്‍ ഉള്‍പ്പെടുമെന്നും അയാള്‍ വാദിച്ചു. അതുകൊണ്ടുതന്നെ ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കാനായി മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്നത് ഹിന്ദുധര്‍മ്മത്തില്‍ സ്വാഭാവികമായ കാര്യം മാത്രമാണത്രെ.

  ഒരു ചോദ്യ രൂപത്തിലാണ് അത് അദ്ദേഹം അവതരിപ്പിക്കുന്നത്: ”ചിലപ്പോഴെങ്കിലും മുസ്ലീം എതിരാളികളെ പരാജയപ്പെടുത്തുന്ന ഹിന്ദു രാജാക്കന്‍മാര്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്തില്ലായിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു?” ഇതാണ് സവര്‍ക്കറുടെ ചോദ്യം. മുസ്ലീം രാജാക്കന്‍മാര്‍ ഹിന്ദുസ്ത്രീകളെ ബലാത്സംഗം ചെയ്ത് മതപരിവര്‍ത്തനം ചെയ്തിരുന്നുവെന്നും അതിനാല്‍ ഹിന്ദുക്കള്‍ മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുക ധര്‍മ്മമാണെന്നുമാണ് സവര്‍ക്കര്‍ അങ്ങേയറ്റം ക്രൂരമായി തന്നെ വാദിച്ചിരുന്നത്. ”എല്ലാ മുസ്ലീങ്ങളുടെയും മതകീയ ദൗത്യമാണ് അമുസ്ലീങ്ങളെ ബലാത്സംഗം ചെയ്ത് അവരുടെ മതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുക എന്നത്.” ”പ്രകൃതി നിയമത്തിന്റെ ഉപേക്ഷിക്കാനാവാത്ത നിയമം ഉപയോഗപ്പെടുത്തിക്കൊണ്ട് മുസ്ലീം ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള [മുസ്ലീങ്ങളുടെ] ഒരു വ്യതിരിക്ത പദ്ധതിയായിട്ടാണ് അയാളതിനെ വ്യാഖ്യാനിച്ചിരുന്നത്.” ജന്തുലോകത്തിലെ തൃഷ്ണയുടെ പ്രകൃതിനിയമത്തിനു തുല്യമാണത്രേ ഇങ്ങനെ ബലാത്സംഗം ചെയ്യുന്നത്.

  സവര്‍ക്കര്‍ എഴുതുന്നു:

  ”കന്നുകാലികളില്‍ പശുക്കളേക്കാള്‍ കാളകളുടെ എണ്ണം കൂടിയാല്‍ ആ കന്നുകാലിക്കൂട്ടത്തില്‍ വേഗത്തില്‍ എണ്ണപ്പെരുപ്പം ഉണ്ടാകുന്നില്ല. അതേസമയം കാളകളേക്കാള്‍ പശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഗണിതശ്രേണികണക്കെ വിസ്‌ഫോടനാത്മകമായി കന്നുകാലികളുടെ എണ്ണം വര്‍ദ്ധിക്കും”

  ജന്തുലോകത്തില്‍ നിന്നു മാത്രമല്ല മനുഷ്യലോകത്തില്‍ നിന്നുള്ള ‘ഉദാഹരണങ്ങളെ’യും സവര്‍ക്കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ”ഉദാഹരണത്തിന് ആഫ്രിക്കന്‍ വനഗോത്രങ്ങള്‍ പുരുഷശത്രുക്കളെ മാത്രമാണ് വധിക്കാറ്. സ്ത്രീകളെ അവര്‍ കൊല്ലാറില്ല. മറിച്ച് അവരെ വിജയികള്‍ പങ്കുവെച്ചെടുക്കുന്നു. ഇങ്ങനെ തട്ടിയെടുക്കപ്പെട്ട സ്ത്രീകളിലൂടെ സന്തതിപരമ്പര വര്‍ദ്ധിപ്പിക്കുന്നത് തങ്ങളുടെ കടമയായി അവര്‍ കരുതുന്നു.” മാത്രവുമല്ല തങ്ങള്‍ക്ക് പിടികൂടാന്‍ സാധിക്കാതെ പോയ ശത്രുഗോത്ര സ്ത്രീകളെ കൊല്ലുന്ന നാഗഗോത്രത്തെ കുറിച്ചും സവര്‍ക്കര്‍ ഉദാഹരിക്കുന്നുണ്ട്. അവര്‍ ചെയ്തത് ശരിയായിരുന്നുവെന്നും ആ സ്ത്രീകള്‍ എതിര്‍ ഗോത്രത്തിലെ എണ്ണം വര്‍ദ്ധിപ്പുക്കുമെന്നതിനാലാണ്് അവരെ കൊന്നുകളയുന്നതെന്നുമാണ് സവര്‍ക്കര്‍ വാദിക്കുന്നത്.

  ഈ ഗ്രന്ഥങ്ങളിലുടനീളം മുസ്ലീം സ്ത്രീകളെ അങ്ങേയറ്റം വര്‍ഗ്ഗീയമായും വിഷം വമിപ്പിക്കുന്ന വിധവുമാണ് സവര്‍ക്കര്‍ അധിക്ഷേപിക്കുന്നത്. ‘ബീഗമായാലും ബെഗ്ഗറായാലും (തെണ്ടികളായാലും) തങ്ങളുടെ ആണുങ്ങളെ ചെയ്യുന്ന ക്രൂരതകളെ അവര്‍ തടഞ്ഞിരുന്നില്ല എന്ന് മാത്രമല്ല അവയെ പ്രോത്സാഹിപ്പിക്കുകയും അതിനെ അഭിമാനമായി കാണുകയും” ചെയ്തിരുന്നുവത്രെ.

  മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യാതെ വെറുതെ വിട്ട മറാത്താ ചക്രവര്‍ത്തി ശിവജിയെ വിമര്‍ശിക്കാന്‍പോലും സവര്‍ക്കര്‍ മടികാണിക്കുന്നില്ല എന്നത് അയാളുടെ ക്രൂരമുഖവും സ്ത്രീവിരുദ്ധതയും വംശീയബോധവും വെളിപ്പെടുത്തുന്നുണ്ട്. കല്യാണിലെ മുസ്ലീം ഗവര്‍ണറെ പരാജയപ്പെടുത്തിയിട്ടും അയാളുടെ മരുമകളെ തിരികെ പോകാന്‍ ശിവജി അനുവദിച്ചത് ശരിയായില്ല എന്നാണ് സവര്‍ക്കര്‍ വാദിക്കുന്നത്. അതുപോലെ തന്നെ പേഷ്വയിലെ ചിമാജി അപ്പയും തെറ്റ് ചെയ്‌തെന്ന് സവര്‍ക്കര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ബസ്സീനിലെ ഗവര്‍ണറുടെ പോര്‍ച്ചുഗീസ് ഭാര്യയെ ചിമാജി അപ്പ വെറുതെ വിട്ടുവെന്നാണ് പരാതി.

  ”നൊമ്പരപ്പെടുന്ന ആ ദശലക്ഷക്കണക്കിനു [ഹിന്ദു] സ്ത്രീകളുടെ ആത്മാക്കള്‍ പറയുന്നുണ്ടാകും ‘ഓ ഛത്രപതി ശുവജി മഹാരാജ് പ്രഭുവേ, ഓ ചിമാജി അപ്പ പ്രഭുവേ മുസ്ലീം സുല്‍ത്താന്‍മാരും പ്രഭുക്കന്‍മാരും മറ്റ് ആയിരക്കണക്കിനുപേരും ഞങ്ങളോട് ചെയ്ത ചെറുതും വലുതുമായ ദ്രോഹങ്ങള്‍ നിങ്ങളൊരിക്കലവും മറക്കാന്‍ പാടില്ലായിരുന്നു.” ഇങ്ങനെ പച്ചക്ക് ബലാത്സംഗത്തിനു വേണ്ടിവാദിക്കുകയും അത് ഹിന്ദുക്കളുടെ/ഹിന്ദു പുരുഷന്‍മാരുടെ മതധര്‍മമായി ചിത്രീകരിക്കുകയും ചെയ്ത ഒരു നിഷ്ഠൂര ഹൃദയത്തിനു ഭാരതരത്‌നം നല്‍കണമെന്നാണ് ബി.ജെ.പിയും ഹിന്ദുത്വ വക്താക്കളും വാദിച്ചുകൊണ്ടിരിക്കുന്നത്. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത ഭീരു എന്ന ചിത്രീകരണത്തേക്കാള്‍ എക്കാലത്തും ഭയപ്പെടേണ്ടത് അയാള്‍ ഇതര മതസ്തരെയും മുസ്ലീങ്ങളെയും മുസ്ലീം സ്ത്രീകളെയും എങ്ങനെ വംശീയമായി ഉന്‍മൂലനം ചെയ്യണമെന്നും എങ്ങനെ ക്രൂരമായി ബലാത്സംഗം ചെയ്യണമെന്നും നിഷ്‌കര്‍ഷിക്കുന്നു എന്നിടത്താണ്. അതാണ് ഇന്ന് ഇന്ത്യയിലുടനീളം ഹിന്ദുത്വഫാസിസ്റ്റുകള്‍/ബ്രാഹമണവാദികള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതും.

  Primary Reference: https://www.yumpu.com/…/13126727/6-glorious-epochs-of-india…

  Secondary Reference Article: https://scroll.in/…/reading-savarkar-how-a-hindutva-icon-ju…

  (കടപ്പാട്)