ഞങ്ങൾ മുൻപും ശാന്തിവനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരുന്നു. ശാന്തിവനത്തിലെ ക്ഷേത്രവും വിശ്വാസവുമല്ല ഇവിടെ വിഷയം, ജൈവ വൈവിധ്യമാണ്. അത് നശിക്കാൻ പാടില്ല. വികസനത്തിന്റെ അത്യഗ്രഹവുമായി മനുഷ്യൻ അവസാനത്തെ പച്ചയും നശിപ്പിക്കാൻ വെമ്പൽ കൊള്ളുമ്പോൾ പരിസ്ഥിതിയെ സ്നേഹിക്കുന്നവരുടെ മുന്നേറ്റങ്ങൾ ഉണ്ടാകട്ടെ.

===========

കെ.എസ്.ഇ.ബിയുടെ 110 കെ.വി ലൈൻ വലിക്കുന്നതിനുവേണ്ടി ശാന്തിവനത്തിലെ മരങ്ങൾ മുറിച്ചു മാറ്റുവാനുള്ള തീരുമാനത്തിനെതിരെ സ്ഥലത്തിന്റെ ഉടമ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കെ.എസ്.ഇ.ബിക്കു അനുകൂലമായ തീരുമാനമാണ് വിധിയിൽ ഉണ്ടായത് ഈ വിധിയുടെ ബലത്തിൽ, സ്ഥലത്തുണ്ടായിരുന്ന ഒരു കൂറ്റൻ പൈൻ മരം മുറിച്ചു കൊണ്ട് ചെറായി-മാന്നാമ് കെ.വി. ലൈനിനുള്ള വൈദ്യുത ടവറിന്റെ നിർമാണം ബോർഡ് തുടങ്ങി വയ്ക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ.
കാടും,കാവും തീണ്ടരുതെയെന്ന് പറഞ്ഞു പഠിപ്പിച്ച ഒരു പാരമ്പര്യത്തിൽ ജീവിക്കുന്നവർ തന്നെ ശാന്തി Image result for ശാന്തിവനംവനത്തിലേക്ക് ജെ.സി.ബിയും, ചെയ്ൻ സോയുമായി കടന്നു ചെല്ലുന്നത് വരും തലമുറയ്ക്കായി കാത്തു വച്ചിരിക്കുന്ന അവസാനത്തെ ശേപ്പിപ്പുകളിലേക്കാണെന്ന് ഭരണകുടമെങ്കിലും തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്ന ഈ അവസരത്തിൽ ശാന്തിവന സംരക്ഷണത്തിനായി നമ്മുക്ക് കൈകോർക്കാം…….

ശാന്തിവനത്തെക്കുറിച്ച് ഇനിയും അറിയാത്തവർക്കായി……..
എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിലുള്ള 2 ഏക്കറോളം വിസ്തൃതിയുള്ള പ്രദേശം കഴിഞ്ഞ മുപ്പതിലധികം വർഷമായി ജൈവവൈവിദ്ധ്യശേഖരമായി പരിപാലിച്ചുപോരുന്നതാണ്. ഈ രണ്ടേക്കറിൽ ഒരു കോണിൽ ഞങ്ങൾ താമസിക്കുന്ന ചെറിയ വീടും മുറ്റവും ഒഴികെ ബാക്കി ഭാഗം മുഴുവൻ ഉൾക്കൊള്ളുന്നതാണീ വനം. മൂന്ന് വലിയ സർപ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്.
നാകമോഹൻ, പിറ്റ, സൈബീരിയൻ കൊക്കുകൾ, തുടങ്ങി പലതരം ദേശാടനക്കിളികളും അന്യംനിന്നുപോകുന്ന വെരുക്, തച്ചൻകോഴി, മരപ്പട്ടി പോലുള്ള ജീവികളും പലയിനം ചിത്രശലഭങ്ങളും ഇന്ത്യൻ ബുൾ ഫ്രോഗ് പോലുള്ള വലിയയിനം തവളകളും എല്ലാം ഇവിടുത്തെ ആവാസവ്യവസ്ഥയിൽ ഉള്ളതായി പരിസ്ഥിതിപഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ശാന്തിവനത്തിലെ പ്രധാന സസ്യവിഭാഗങ്ങളെക്കുറിച്ച് KFRI (Kerala Forest Research Institute) തയ്യാറാക്കിയ ഒരു പഠനറിപ്പോർട്ട് ഈ വനത്തിന്റെ സവിശേഷപ്രാധാന്യത്തിനുള്ള സാക്ഷ്യമായി എടുത്ത് പറയാവുന്നതാണ്.
2011 ജൂണിൽ NMNH (National Museum of Natural History) ന്റെ ദില്ലിയിൽനിന്നുള്ള വിദഗ്ദ്ധസംഘം മധ്യകേരളത്തിൽ പഠനത്തിനു വന്നപ്പോൾ ഈ കാവുകളെ പ്രത്യേകപ്രാധാന്യത്തോടെ കണക്കാക്കുകയും Image result for ശാന്തിവനംപഠനത്തിനായി ഈ കാവുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവിടെവച്ച് വിവിധ പരിസ്ഥിതിപഠനപ്രവർത്തനങ്ങളും നടത്താറുണ്ട്. സമീപത്തുള്ള സ്കൂളുകളിൽനിന്നും ഇവിടേക്ക് പഠനത്തിനായി വിദ്യാർത്ഥികളെ കൊണ്ടുവരാറുണ്ട്. ഈ സംരക്ഷിതവനത്തിന്റെ സവിശേഷതകളെയും പ്രാധാന്യത്തെയുംപറ്റി വിവിധ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും റിപ്പോർട്ടുകളും വന്നിട്ടുണ്ട്……..

നാടൊട്ടുക്കുമുള്ള ഇത്തരം സംരക്ഷിതവനങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെട്ട സമീപഭൂതകാലത്ത് എന്റെ പിതാവും പരിസ്ഥിതിസ്നേഹിയും ആയിരുന്ന അന്തരിച്ച ശ്രീ.രവീന്ദ്രനാഥും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പരിസ്ഥിതിസ്നേഹികളും ആയ ശ്രീ.ജോൺസി ജേക്കബ്, ഡോ.സതീഷ്‌കുമാർ തുടങ്ങിയവരും മറ്റും മുൻകൈ എടുത്തു ‘ശാന്തിവനം’ എന്നു പേരിട്ടു സംരക്ഷിച്ചതാണീ ജൈവവൈവിദ്ധ്യമേഖല. അദ്ദേഹത്തിന്റെ മകളാണ് അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ ഇതു പരിപാലിക്കുന്നത്.

ശാന്തിവനത്തെപ്പറ്റി മനൂപ് ചന്ദ്രൻ ചെയ്ത വീഡിയോ. ഇതിലെ ഡ്രോൺ ഷോട്ട് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കും എന്ന് കരുതുന്നു.

എന്നാൽ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് മന്നത്തുനിന്ന് ചെറായിലേക്കുള്ള 110കെവി വൈദ്യുതിലൈൻ ഈ സംരക്ഷിതവനത്തിനു മുകളിലൂടെ വലിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ഈ സ്ഥലത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ ആ പദ്ധതിപ്രകാരം സ്വന്തം ഭൂമിക്കു ദോഷം വരാം എന്നു കണ്ട മറ്റു ഭൂവുടമകളിൽ ചിലരുടെ (പഴയൊരു KSEB ചെയർമാന്റെ മകന്റെ സ്ഥലമാണത്.) സ്വാധീനഫലമായി ലൈൻ വലിക്കുന്ന പാത പിന്നീടു മാറ്റി നിശ്ചയിച്ചപ്പോഴാണ് ഈ സംരക്ഷിതവനത്തിനു മുകളിലൂടെ ആയത്. ഈ വനത്തിന്റെ നടുവിൽ ടവർ വരത്തക്കവിധമാണ് ഇപ്പോഴത്തെ പദ്ധതി. ഇതിനെതിരെ പരാതി നൽകിയപ്പോൾ വനത്തിന്റെ ഒരു അരികിൽക്കൂടി മാത്രം പോകത്തക്ക വിധത്തിൽ മറ്റൊരു പാത വൈദ്യുതി ബോർഡ് മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇതു നടപ്പാക്കാം എന്നു ധാരണയായെങ്കിലും പരാതിയിൽ തീർപ്പാക്കി എ.ഡി.എം. ഉത്തരവു പുറപ്പെടുവിച്ചപ്പോൾ എന്തുകൊണ്ടോ അതിൽനിന്നു വ്യത്യസ്തമായി വീണ്ടും വനത്തിനു നടുവിൽ ടവർ വരത്തക്കവിധമുള്ള നിർദ്ദേശം അംഗീകരിച്ചതായാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.അതോടെ, ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാൻ ഞങ്ങൾ നിര്ബന്ധിതരായി. മാത്രമല്ല ഇക്കാര്യം അറിയിച്ചുകൊണ്ട് ബഹു.മുഖ്യമന്ത്രിക്കും ഹരിതകേരളം മിഷനും ഞങ്ങൾ നിവേദനം നൽകിയിട്ടുമുണ്ട്. ആ നിവേദനത്തിന്മേൽ നടപടികൾ നടക്കുന്നതേയുള്ളൂ.
എന്നാൽ ഇതിനിടെ മാർച്ച് 14 ( 2019 ) നു രാവിലെ KSEB യുടെ ആളുകൾ ശാന്തിവനത്തിൽ കയറി വന്ന് ഇതിനകത്തെ ധാരാളം ചെറുവൃക്ഷങ്ങളെ നശിപ്പിച്ചുകൊണ്ട് ജെസിബി കയറ്റി നിർബന്ധമായി നിര്മാണപ്രവർത്തനങ്ങൾ തുടങ്ങുകയും അടുത്ത ദിവസം തന്നെ ഇതിനകത്തെ വളരെ പഴക്കം ചെന്ന ഒരു പൈൻ മരം മുറിച്ചുനീക്കും എന്ന് അന്ത്യശാസനം നല്കുകയും ചെയ്തു. ഈ ഒരു അടിയന്തിരസാഹചര്യം കണക്കിലെടുത്ത് കോടതി എത്രയും പെട്ടെന്ന് തന്നെ ഈ കേസ് എടുക്കാൻ തീരുമാനിക്കുകയും കേൾക്കുകയും ചെയ്‌തെങ്കിലും കെ.എസ്.ഇബിയ്ക്ക് അനുകൂലമായി വിധി വരുകയും. തുടർന്ന് കെ.എസ്.ഇ.ബി പോലീസ് സംരക്ഷണത്തോടെ ആ വലിയ പൈൻമരം മുറിച്ചു വീഴ്ത്തി ടവറിനുള്ള പൈലിങ് തുടങ്ങിരിക്കുയാണ്…

(കടപ്പാട് )

ഇത് ഞങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച പോസ്റ്റാണ്

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.