ലോകം മാറുന്നതിനു അനുസരിച്ചു എല്ലാ നല്ല നിയമങ്ങളും നടപ്പിലാക്കുന്നതിൽ എന്നും മുന്നിലാണ് യു എ ഇ

59

Sayad Alool

വ്യക്തിനിയമങ്ങളിലും സിവിൽ നിയമങ്ങളിലും ചരിത്രപരമായ മാറ്റങ്ങൾ വരുത്തി UAE.

വർഷങ്ങളായി തുടരുന്ന കുടുംബ നിയമത്തിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതും വ്യക്തി സ്വാതന്ത്ര്യപരവുമായ മറ്റ് മേഖലകളിലുള്ള നിയമവ്യവസ്ഥയുടെയും ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് ശനിയാഴ്ച മുതൽ യുഎഇ സർക്കാർ പ്രഖ്യാപിച്ചത്. വിവാഹ മോചനം, അനന്തരാവകാശ സ്വത്തു തുടങ്ങിയ കുടുംബപരമായ മേഖലകൾ, മദ്യ ഉപയോഗം, പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കൽ തുടങ്ങി വ്യക്തി സ്വാതന്ത്ര്യപരമായ വളരെ നിർണായകമായ, പുരോഗമനപരമായ മാറ്റങ്ങൾ ആണ് പുതിയ നിയമമാറ്റങ്ങളിലൂടെ നടപ്പിലാക്കിയിരിക്കുന്നതു.

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ കുടുംബത്തിന്റെ അഭിമാന സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി ലഘൂകരിക്കില്ല എന്നതാണ് ഏറ്റവും പ്രധാനമായത് . 21 വയസ്സിനു മുകളിലുള്ള സ്ത്രീ പുരുഷന്മാർ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് ഇനിമുതൽ കുറ്റകരമല്ല. കൂട്ടത്തിൽ പതിനാലു വയസിനു താഴെയുള്ള കുട്ടികളെ ലൈംഗികമായോ മറ്റോ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷയടക്കമുള്ള നിയമങ്ങൾ കർശനമാക്കുകയും ചെയ്തിരിക്കുന്നു.

പ്രധാന മാറ്റങ്ങൾ.
വിവാഹ മോചനവും അനന്തരാവകാശ സ്വത്തും.
വിദേശികൾ അവരുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ചു വിവാഹിതരാകുകയും UAE ൽ എത്തിയതിനു ശേഷം വിവാഹമോചനം നേടാൻ തീരുമാനിക്കുകയും ചെയ്‌താൽ ഇനി മുതൽ അവരവരുടെ നാട്ടിലെ വിവാഹമോചന അനന്തിരാവകാശ നിയമങ്ങൾ ആണ് നടപ്പിലാക്കുക. അതായത് ശരിഅ നിയമം അല്ല. UAE ൽ ആർജിച്ച സ്വത്തുക്കൾ UAE നിയമപ്രകാരം ആയിരിക്കും തീർപ്പു കൽപ്പിക്കുക. മുസ്ലിങ്ങൾ അല്ലാത്തവർക്ക് വിൽ രജിസ്റ്റർ ചെയ്യാനും ഇനിമുതൽ പറ്റും.

ആത്മഹത്യ .

ആത്മഹത്യാ, ആത്മഹത്യ ശ്രമങ്ങൾ ക്രിമിനൽ കുറ്റം അല്ലാതാക്കി. ഇനിമുതൽ ആത്മഹത്യാ ശ്രമം പരാജയപ്പെട്ടു ജീവിതത്തിലേക്ക് തിരിച്ചു വരുന്നവരെ ജയിലിലേക്ക് അയക്കാതെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അയച്ചു ചികിൽസിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരും. എന്നാൽ ആരെങ്കിലും ഒരാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചാൽ അയാൾ ക്രിമിനൽ നിയമപ്രകാരം ശിക്ഷാർഹനാണ്.
ഇതോടൊപ്പം വരുത്തിയ വലിയ മാറ്റമാണ്, ഏതെങ്കിലും ആപത്തിൽ പെട്ടവരെ നല്ല ശമര്യക്കാരൻ ആയി കാണാൻ ഉള്ള നിയമ മാറ്റം. നിലവിൽ ഏതെങ്കിലും അത്യാഹിതത്തിലോ ആക്രമണത്തിലോ പെട്ട ഒരാളെ സഹായിക്കാൻ ശ്രമിക്കുകയും അയാൾ മരിക്കുകയും ചെയ്‌താൽ, സഹായിക്കാൻ ചെന്ന ആൾ ജയിലിൽ ആവുകയും മറിച്ചു തെളിയുന്നത് വരെ ജയിലിൽ കിടക്കേണ്ടിയും വരുന്ന അവസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ ഒരാക്സിഡന്റോ, മറ്റു അപകടങ്ങളോ, എന്തിനു CPR കൊടുക്കേണ്ടി വന്നാൽ പോലും ആരും ചെയ്യാൻ മുതിരില്ല. ഈയൊരു അവസ്ഥക്കാണ് മാറ്റം വരുന്നത്.

ദുരഭിമാന കുറ്റകൃത്യങ്ങൾ

ഇനിമുതൽ അഭിമാന സംരക്ഷണത്തിന് വേണ്ടിയുള്ള കുറ്റകൃത്യങ്ങൾ എന്ന വേർതിരിവ് ഉണ്ടാകില്ല. കുടുംബത്തിലെ പുരുഷന്മാർ, സ്ത്രീകളോട് കാണിക്കുന്ന കുറ്റകൃത്യങ്ങളെ കുടുംബത്തിന്റെ അഭിമാന സംരക്ഷണത്തിന് വേണ്ടി എന്ന് ലഘൂകരിക്കുന്ന രീതി ഇനി മുതൽ ഉണ്ടാവില്ല. സ്ത്രീകൾക്ക് നേരെ ഉള്ള ഏതതിക്രമത്തിനും ശക്തമായ ശിക്ഷകളാണ് ഉണ്ടാവുക.
മദ്യ ഉപയോഗം

നിലവിൽ UAE ൽ മദ്യം കൈവശം വെക്കുന്നതിനു ലൈസൻസ് വേണമായിരുന്നു. അതും മുസ്ലിങ്ങൾക്ക് ലഭിക്കുമായിരുന്നില്ല. ഏതെങ്കിലും കുറ്റകൃത്യങ്ങൾക്ക് പോലീസ് പിടിക്കുകയാണെങ്കിൽ, മദ്യപിച്ചു എന്നറിഞ്ഞാൽ ലൈസൻസ് ഇല്ലാത്ത ആളാണെങ്കിൽ അതും കുറ്റകൃത്യമായി കണക്കാക്കുമായിരുന്നു. ഇനി മുതൽ മദ്യം കൈവശം വെക്കാനോ, വീടുകളിൽ മദ്യം ഉപയോഗിക്കാനോ ലൈസൻസ് ആവശ്യമില്ല. 21 വയസ്സിനു മുകളിലുള്ള ആർക്കും മദ്യം കൈവശം വെക്കുകയോ, വീടുകളിൽ ഇരുന്നു കുടിക്കുകയോ ചെയ്യാം. പൊതു ഇടങ്ങളിലും മറ്റുള്ളവർക്കും ശല്യം ഉണ്ടാക്കാനും പാടില്ല എന്ന് മാത്രം.

വിവാഹേതര ജീവിതം

വിവാഹം കഴിക്കാത്ത സ്ത്രീപുരുഷന്മാർ ഇനിമുതൽ ഒന്നിച്ചു താമസിക്കുന്നത് ശിക്ഷാർഹമല്ല. പ്രയാപ്പൂർത്തിയായ സ്ത്രീ പുരുഷന്മാർക്ക് പരസ്പര സമ്മതത്തോടെ ഒന്നിച്ചു താമസിക്കാം. രക്ത ബന്ധുക്കളല്ലാത്തവർ ഒന്നിച്ചു ഒരു ഫ്ലാറ്റിൽ റൂം ഷെയർ ചെയ്തു താമസിക്കുന്നത് പോലും ശിക്ഷാര്ഹമായിരുന്നു. ലോകം മാറുന്നതിനു അനുസരിച്ചു എല്ലാ നല്ല നിയമങ്ങളും നടപ്പിലാക്കുന്നതിൽ എന്നും മുന്നിലാണ് UAE . ഇവിടുത്തെ ധിഷണാശാലികളായ ഭരണാധികാരികൾ പ്രത്യേകിച്ച് ചെറുപ്പക്കാരായ ഭരണാധികാരികൾ എന്നും നല്ലതു സ്വീകരിച്ചു മാറ്റങ്ങൾ ഉൾക്കൊള്ളുന്നവരാണ്. ഇത്തരം ചരിത്രപരമായ മാറ്റങ്ങൾ നടപ്പിൽ വരുത്തിയ എല്ലാ ഭരണാധികാരികൾക്കും അഭിവാദ്യങ്ങൾ.