സായാഹ്നം – കഥ
വെറ്റിലയും പുകയിലയും കൊണ്ടുവരാമെന്ന് ഉണ്ണിമോന് ഇന്നും പറഞ്ഞിരുന്നു. സ്നേഹമുള്ളവാനാണ്, വലിയ മറവിക്കാരനും, അവന്റെ അച്ഛനെപ്പോലെ …..ഇന്നെങ്കിലും കൊണ്ടുവരുമോ ആവോ !
79 total views

വെറ്റിലയും പുകയിലയും കൊണ്ടുവരാമെന്ന് ഉണ്ണിമോന് ഇന്നും പറഞ്ഞിരുന്നു. സ്നേഹമുള്ളവാനാണ്, വലിയ മറവിക്കാരനും, അവന്റെ അച്ഛനെപ്പോലെ …..ഇന്നെങ്കിലും കൊണ്ടുവരുമോ ആവോ !
ശൂന്യമായ വെറ്റിലചെല്ലവുമെടുത്ത് ഉമ്മറത്ത് വന്നിരുന്നു. മുറ്റത്തേയ്ക്ക് കാലുമിട്ട് അസ്തമയസൂര്യനെ നോക്കി ഇരുന്നു.
ചേക്കേറാനുള്ള തിരക്കില്‍ എന്തൊക്കെയോ കൊത്തിപ്പെറുക്കി കാക്കകള്‍ കിഴക്കോട്ട് പറന്നു. പടിഞ്ഞാറ് സൂര്യന് ഏതോ താഴ്വാരങ്ങളിലേയ്ക്കിറങ്ങാന് നോക്കുകയാണ്. അവന്റെ മുഖം വല്ലാതെ ചുവന്നുതുടുത്തിരുന്നു. എല്ലാവരും തിരക്കിലാണ്, കിളികളും മനുഷ്യരും. ആര്‍ക്കും ആരോടും യാത്ര പറയാനോ കുശലം ചോദിയ്ക്കാനോ നേരമില്ല, കൂടണയാനുള്ള വ്യഗ്രതയാണെല്ലാര്ക്കും …….
അടുത്ത വീട്ടില്‍ നിന്നും കുട്ടികളുടെ കലപില ശബ്ദം കേള്‍ക്കുന്നുണ്ട്. ഇവിടത്തെ അമ്മുവിന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കുട്ടികള്‍ ഊഞാലിനുവേണ്ടിയുള്ള മത്സരത്തിലാണ്.
സുനന്ദ അകത്ത് പണിത്തിരക്കിലാണ്.
ഒന്ന് മിണ്ടിപ്പറയാന്‍ ഒരു കുഞ്ഞുമില്ലിവിടെ …..
ഒരു വെറ്റിലയുടെ തുണ്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍ !
എത്ര ദിവസമായി വെറ്റിലയില്‍ ചുണ്ണാമ്പുചേര്‍ത്ത് അടക്കയും പുകലയും കൂട്ടി നന്നായൊന്നു മുറുക്കിയിട്ട് ! കല്ല്യാണം കഴിഞ്ഞുവന്ന നാള് മുതലുള്ള ശീലമാണ്. ഉണ്ണിമോന്റെ അച്ഛന് പഠിപ്പിച്ചതാണ്.
ജീവിതത്തിന്റെ ഈ സായാഹ്നത്തില്‍ ഗതകാലത്തേക്ക് നോക്കിയിരിയ്ക്കുന്നതൊരു സുഖം.
ഉണ്ണിമോന്റെ അച്ഛന് നാലും കൂട്ടി മുറുക്കാന്‍ ഇഷ്ടമായിരുന്നു. കിളിവാലന്‍ വെറ്റില വയ്ച്ച്, തലയും വാലും നുള്ളി, ഒരറ്റത്ത് ചുണ്ണാമ്പ് തേച്ച്, പുകയിലതുണ്ടും അടയ്ക്കാകഷണവും വയ്ച്ച് മടക്കി വായില്‍ തിരുകി, ചുണ്ട് ചുവപ്പിച്ച് ഉമ്മറക്കോലായിലിരുന്ന് വാര്‍ത്തമാനം പറയുമ്പോള്‍ എന്തൊരനുഭൂതിയായിരുന്നു അന്നൊക്കെ !
കുമാരേട്ടന് പറയും.
ചുണ്ട് ചോപ്പിച്ചാല് പെണ്ണിന് നല്ല അഴകാണ്.
അന്ന് ഒന്നിനും തിരക്കില്ലായിരുന്നു.
പുഴ പോലെ എല്ലാം ശാന്തമായിരുന്നു.
കുമാരേട്ടന് അടയ്ക്ക വലിയ്ക്കാന്‍ പോകും.
കവുങ്ങില്‍ നിന്നും കവുങ്ങിലേയ്ക്ക് പകര്‍ന്നാടും.
പകര്‍ന്നാട്ടം……
കവുങ്ങില്ന്നിന്നും കവുങ്ങിലേയ്ക്ക് വളഞ്ഞ് ….പിന്നെ മറ്റൊന്നിലേക്ക് ……
“റ” പോലെ……
ആടിയുലഞ്ഞ് …….
ഓര്‍ക്കുമ്പോള്‍ തന്നെ പേടി തോന്നും.
എന്നാലും എത്ര ശാന്തമായിരുന്നു ! എത്ര സുന്ദരമായിരുന്നു !!
ഒരല്പമൊന്നു മിനുങ്ങി ഉമ്മറത്ത് വന്നിരുന്നാല്‍ കുമാരേട്ടന്റെ സരസസല്ലാപങ്ങള്‍ തുടങ്ങുകയായി.
ഓരോ ദിവസവും അടയ്ക്കാത്തോട്ടിയുമായി ഇറങ്ങുമ്പോള്‍ ഒറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ.
ന്റെ ഗുരുക്കളേ …… ഒന്നും വരുത്തരുതേ ….
ഗുരുക്കള്‍ തറവാട്ടിലെ ദൈവമാണ്. ഉള്ളുരുകി വിളിച്ചാല്‍ കേള്‍ക്കാതിരിയ്ക്കില്ല. വിളിപ്പുറത്ത് വരും….
മടങ്ങിവരുമ്പോള്‍ മടിക്കുത്തുനിറയെ പണവും ചുമലില്‍ ഒരു കുല പഴുക്കടയ്ക്കയും ഉണ്ടായിരിക്കും.
കുമാരേട്ടന് എന്നും പണിയായിരുന്നു. വേനല്‍ക്കാലത്ത് അടയ്ക്ക പറിക്കും. മഴയായാല്‍ മഹാളിമരുന്ന് തളിക്കും. എന്നും കവുങ്ങില്‍ നിന്നും കവുങ്ങിലേയ്ക്ക് പകര്ന്നാടികൊണ്ടിരുന്നു. കുമാരേട്ടന് ഒന്നിനും പേടിയില്ലായിരുന്നു.
ന്റെ ഗുരുക്കള്‍ തുണയുള്ളപ്പോള്‍ ന്തിനാ പേടിയ്ക്കണേ ?
പക്ഷെ, ഒരു കര്‍ക്കിടകത്തില്‍ മഹാളിമരുന്ന് തളിയ്ക്കുമ്പോള്‍ കുമാരേട്ടനും അടി പിഴച്ചു. കോരിയെടുത്ത് ആരൊക്കെയോ ഈ ഉമ്മറത്ത് കൊണ്ടുവന്ന് കിടത്തിയപ്പോള്‍ ശരീരത്തിലെ ഓരോ അസ്ഥികളും നുറുങ്ങിയിരുന്നു.
ഗുരുക്കളെ ഉള്ളുരുകി വിളിച്ചു, ആരും വിളികേട്ടില്ല ……. ഏഴാം ദിവസം കുമാരേട്ടന് പോയി.
ആരുടെയോ കാലടിയോച്ച കേട്ടാണ് സ്വപ്നത്തില്‍ നിന്നുണര്‍ന്നത്.
ഉണ്ണിമോനാണ്.
പണികഴിഞ്ഞ് വരികയാണ്.
കയ്യില്‍ തൂങ്ങുന്ന സഞ്ചിയിലേയ്ക്ക് കൊതിയോടെ നോക്കി. വെറ്റിലയും പുകയിലയും കൊണ്ടുവന്നിട്ടുണ്ടോ …. എത്രെ ദിവസമായി ഒന്ന് മുറുക്കിയിട്ട് …..
അമ്മയുടെ നോട്ടം കണ്ടിട്ട് ഉണ്ണിമോന് അവന്റെ മറവിയെ സ്വയം ശപിച്ചു. ഇന്നും മറന്നു പോയല്ലോ, അമ്മേ …… കുറ്റബോധത്തോടെ അവന് ഓര്‍ത്തു.
അവന് ധൃതിപ്പെട്ട് മുറ്റത്തെയ്ക്കിറങ്ങി. നേരം ഇരുട്ടിയിരുന്നു.
കട അടച്ചിരിയ്ക്കുമോ എന്നവന് ആശങ്കപ്പെട്ടു.
ഇല്ല, ഭാഗ്യം……
“ഒരു കെട്ട് വെറ്റില, പിന്നെ ഒരു കണ്ണി പുകലയും……”
കടക്കാരന് പൈസ കൊടുത്ത് തിരിച്ച് നടക്കുമ്പോഴും അവന് കിതയ്ക്കുന്നുണ്ടായിരുന്നു.
പടികയറുമ്പോള്‍ അമ്മ ഉമ്മറത്തെ ചുമരും ചാരി അവിടെത്തന്നെയിരിപ്പുണ്ട്. പാവം….. അച്ഛനുണ്ടായിരുന്നപ്പോള്‍ ഒരു കുറവും വരുത്തിയിരുന്നില്ല. ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്തവരെപ്പോലെ….
“അമ്മേ, ഇതാ വെറ്റിലയും പുകലയും …..”
അമ്മ ഒന്നും മിണ്ടിയില്ല. ചുവരും ചാരി ഗതകാലസ്വപ്നങ്ങളില് മുങ്ങി അങ്ങനെ ഇരിയ്ക്കയായിരുന്നു അവന്റെ അമ്മ.
വിളിച്ചിട്ടും വിളിച്ചിട്ടും അമ്മ വിളി കേട്ടില്ല.
“അമ്മേ……”
അവന് അമ്മയെ കുലുക്കി വിളിച്ചു. അപ്പോള്‍ അവര്‍ മെല്ലെ മുറ്റത്തെയ്ക്ക് മാറിഞ്ഞുവീണു.
ആ അമ്മയുടെ ശരീരം അപ്പോള്‍ വല്ലാതെ തണുത്തുമരവിച്ചിരുന്നു.
80 total views, 1 views today
