നിയമം നിയമത്തിന്റെ വഴിക്ക് പോയില്ലെങ്കിൽ ആ വഴിക്ക് വിടാൻ യുവത്വം തെരുവിൽ തന്നെയുണ്ട് .പ്രിയസുഹൃത്തുക്കളെ, പാലത്തായിൽ ഒരു പിഞ്ചു കുഞ്ഞ് സ്വന്തം അധ്യാപകനായ ഒരു തെമ്മാടിയാൽ പീഡിപ്പിക്കപെട്ടു, എന്ന് മാത്രമല്ല അവൻ ആ കുട്ടിയെ മറ്റൊരാൾക്ക് കാഴ്ച വയ്ക്കുകയും ഈ വിവരങ്ങൾ പുറത്ത് പറഞ്ഞാൽ കുടുംബത്തെ അടക്കം കൊന്ന് തള്ളും എന്നും ഭീഷണിപ്പെടുത്തി. പിതാവ് ഇല്ലാതെ മാതാവിന്റെ സംരക്ഷണത്തിൽ വളരുന്ന പെൺകുട്ടിയും കുടുംബവും മാനസികമായി ആകെ തകർന്ന നിലയിലാണ്. കുറ്റപത്രം സമർപ്പിച്ച നിമിഷം മുതൽ നീതിയിൽ പ്രതീക്ഷയുണ്ടായിരുന്നൂ. കേസിന്റെ ഗൗരവം അനുസരിച്ച് പോക്സോ ആണ് ചുമത്തേണ്ടത് എന്ന് ഹൈക്കോടതി കവലയിൽ തട്ട് കട നടത്തുന്ന രാമൻ നായർക്ക് വരെ അറിയാം.
എന്നാല് ഇടത് പക്ഷ സർക്കാരിന്റെ നീതി ബോധമുള്ള പോലീസ് ഇവിടെ അവസരത്തിന് അനുസരിച്ച് കളിച്ച വൃത്തികെട്ട കളിയിലൂടെ ദുർബലമായ വകുപ്പുകൾ ചുമത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേവലം പതിനായിരം രൂപ കൊടുത്ത് പുഷ്പം പോലെ ഊരി പോരാനുള്ള വകുപ്പ്. കുറ്റപത്രം സമർപ്പിച്ചത് ജാമ്യം കിട്ടാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജനകീയ പ്രതിഷേധം തണുപ്പിക്കാൻ വേണ്ടിയായിരുന്നു എന്ന് തോന്നുന്നു.എന്നാൽ നമ്മുടെ സർക്കാർ നീതിയുടെ കാര്യത്തിൽ ഒരു ഒത്ത് തീർപ്പിനും ഇല്ലാട്ടോ. പണ്ട് ഏതോ ആദിവാസി ഊരിൽ അവരുടെ ഗോത്ര ആചാര പ്രകാരം കുടുംബങ്ങൾ ആലോചിച്ച് നടത്തിയ വിവാഹ ചടങ്ങിൽ മണവാളനെ പോക്സോ ചുമത്തി നീതി തെളിയിച്ചത് വധുവിന് പ്രായ പൂർത്തി ആയിട്ടില്ല എന്ന കാരണത്താൽ ആയിരുന്നു. നിയമത്തിന്റെ കാര്യത്തിൽ ഉചിതമായ നടപടി. എന്നാൽ പാലത്തായിയിൽ ഈ നീതി ബോധം എവിടെ…? ആർക്ക് വേണ്ടിയാണ് പോലീസിലെ ചില കുബുദ്ധികൾ കളിക്കുന്നത്….?
ടീച്ചർ അമ്മ ശ്രീ ഷൈലജ ടീച്ചർ, എനിക്ക് കൂടി ഇഷ്ട്ടമുള്ള ഒരു മന്ത്രി.പക്ഷേ, അവരുടെ മണ്ഡലത്തിൽ നടന്ന ഈ ആഭാസ വിഷയത്തിൽ നേരിട്ട് ഇടപെടുകയോ, ഇരയാക്കപ്പെട്ട ആ ദരിദ്ര കുടുംബത്തെ സന്ദർശിക്കുകയോ ചെയ്തില്ല എന്നത് എത്ര വിരോധാഭാസം ആണ്. കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി സൈബർ ഇടങ്ങളിൽ ഉറഞ്ഞ് തുള്ളുന്ന പ്രിയ ചാവേറുകളേ …കാസർകോഡ് അണ്ടിക്ക് പൂപ്പൽ ബാധിക്കുമ്പോഴും, കാലാവസ്ഥ വ്യതിയാനം മൂലം സൈബീരിയൻ കാടുകളിൽ മരഓന്തുകൾക്ക് വംശീയ നാശം സംഭവിക്കുമ്പോഴും, തെക്കൻ അമേരിക്കയിലെ കടൽ ഇടുക്കുകളിൽ കടലാമകൾ ആക്രമിക്കപ്പെടുമ്പോഴും ഈ ഗ്രാമ ഇടവഴി ചായക്കട ഇറയത്ത് പോലും സൈദ്ധാന്തിക ക്ലാസെടുത്തു പ്രതിഷേധിച്ച് വികാരം കൊള്ളുന്ന നിങ്ങൾക്ക് ഇത് എന്ത് പറ്റി…? സ്ത്രീ,ബാലികാ,വിദ്യാർത്ഥി,ദരിദ്ര, ന്യൂന പക്ഷം. ഇതിൽ എല്ലാം ഇര എന്ന വിഭാഗത്തിൽ പെട്ടതാണ് .
നടന്നത് ബലാത്സംഗം മാത്രമല്ല കൂട്ടിക്കൊടുപ്പ് കൂടിയാണ്, വേട്ടക്കാരൻ അധ്യാപകൻ( എന്റെ മറ്റ് അധ്യാപക സുഹൃത്തുക്കൾ ക്ഷമിക്കുക) ആ അധമ ജീവിയെ അങ്ങിനെ അഭിസംബോധന ചെയ്യേണ്ടി വരുന്നതിൽ .ഇവിടെ ഇവിടെയാണ് നിയമം നിയമത്തിന്റെ വഴിയിൽ കൂടി പോയത്…?ഒരു കാര്യം മനസ്സിലാക്കുന്നത് എല്ലാവർക്കും നല്ലത് എല്ലാ സർക്കാരുകളും തിരഞ്ഞെടുപ്പിൽ കൂടിയാണ് അധികാരത്തിൽ എത്തുന്നത്. അനീതിക്ക് കൂട്ട് നിന്നാൽ നീതിക്ക് വേണ്ടി ശബ്ദിക്കാൻ, ചെയ്യുന്ന തെറ്റുകൾ തുറന്ന് കാട്ടാൻ,നീതി കിട്ടും വരെ പ്രതിഷേധിക്കാൻ യുവത്വം ഈ തെരുവിൽ തന്നെ ഉണ്ടാകും.നീതിയിതിയിൽ വിശ്വസിക്കുന്ന, പ്രിയ സഖാക്കളും.പാലത്തായി വിഷയത്തിൽ നടക്കുന്ന കള്ള ക്കളിയിൽ ഭാഗവാക്കായ പോലീസ് അധികാരികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരും വരെ.ഒപ്പം നീതി ബോധമുള്ള പൗര സമൂഹവും.ഇരകളോടൊപ്പം.