വിവരമില്ലായ്മ ഒരാലങ്കാരികമായി കൊണ്ട് നടക്കുന്ന ചിലരുടെ ഫത്വകളും തോറ്റു തൊപ്പിയിടുന്ന സമുദായവും

0
292
സഈദ്
തോറ്റു തൊപ്പിയിട്ട സമുദായം…”
ഇതെന്റെ തലക്കെട്ടല്ല… വർഷങ്ങൾക്ക് മുമ്പ് “മാധ്യമം” പത്രത്തിൽ
ഒ.അബ്ദുള്ളയുടെ ലേഖനത്തിന്റെ ഹെഡിങ് ആണ്…
അക്ഷരം തെറ്റാതെ ഇതേ തലവാചകം ഞാനിവിടെ കൊടുക്കാൻ കാരണം, സോഷ്യൽ മീഡിയകളിൽ വിവരമില്ലായ്മ ഒരാലങ്കാരികമായി കൊണ്ട് നടക്കുന്ന ചിലരുടെ “ഫത്വ” കൾ കണ്ടിട്ടാണ്…
“ഫ്‌ളവേഴ്‌സ്” ചാനൽന്റെ കീഴിൽ സൗദി അറേബ്യയിൽ അവിടുത്തെ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന കലാ സാംസ്കാരിക പരിപാടി ബഹിഷ്കരിക്കണമത്രേ.
അതിൽ മോഹൻലാൽ പങ്കെടുക്കുന്നുണ്ടത്രെ. മോഹൻലാൽ സംഘി ആണത്രേ.
ഏറ്റവും നന്മയുള്ളവരാണ് മലയാളികൾ എന്നവകാശപ്പെടുമ്പോൾ തന്നെ ഏറ്റവും നീചന്മാരും നമ്മൾതന്നെയാവുമ്പോൾ പെരുത്ത് സങ്കടമുണ്ട്… ആടിനെ പട്ടിയാക്കുക പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ടടിച്ചു കൊന്നുകളയുക എന്ന രീതി നമ്മിൽ പുതുതായി കാണുന്നതൊന്നുമല്ല…
എത്ര പെട്ടെന്നാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ സംഘി എന്ന ഇടുങ്ങിയ ആലയിലേക്ക് കെട്ടിയിടാൻ നോക്കുന്നത്.
അല്ലെങ്കിലും ഈ കൂട്ടരാണോ ഇവർക്കൊക്കെയും സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നത്…
“പൗരത്വ വിഷയത്തിൽ” അഭിപ്രായം പറയാത്തവരൊക്കെ സംഘികൾ ആണെന്ന കണ്ടുപിടുത്തമാണ് ഏറെ വിചിത്രം…
അദ്ദേഹം മാത്രമാണോ പ്രതികരിക്കാത്തത്…
അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ പരിമിതികൾ ഉണ്ടെന്നും,
ഇന്ത്യൻ ആർമിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള ഒരാൾ കൂടിയായ അദ്ദേഹത്തിന് പരസ്യമായി എന്തെങ്കിലും പറയാവുന്ന സാഹചര്യം അല്ലെന്നുമാണ് ഞാനും മനസ്സിലാക്കിയത്.പൊതുവെ പൗരത്വ വിഷയത്തിൽ മോഹൻലാൽ ഉൾപ്പടെ ബഹുഭൂരിഭാഗം ജനങ്ങൾക്കും ആശങ്ക ഉണ്ടെന്നിരിക്കെ, നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ അവരവരുടെ “സ്റ്റിയറിങ്” തിരിയുന്നില്ലെങ്കിൽ അവരൊക്കെയും നിങ്ങൾ ഇഷ്ടപ്പെടാത്തവരുടെ ആലയിൽ കെട്ടേണ്ടവരാണ് എന്ന ഈ ദാർഷ്ട്യമുണ്ടല്ലോ… “വിവരമില്ലായ്മയുടെ അഹങ്കാരം…”
അത് ഒരു സമൂഹത്തിൽ വരുത്തിവെക്കുന്ന അപകടം എന്നത് നിങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല….
പരസ്പരം ഇഷ്ടത്തിലും ഐക്യത്തിലും പോകുന്ന മലയാളിമനസ്സുകളിൽ വിഷം കുത്തിവെക്കുന്ന നെറികെട്ട രീതിയാണ് എന്ന് പറയാതെ വയ്യ.ബിജെപി നേതാക്കൾക്കൊപ്പമുള്ള ഫോട്ടോയൊക്കെ പൊക്കിപ്പിടിച്ച് പ്രചാരണം നടത്തുന്നവരോടൊക്കെ എന്ത് പറയാനാ.ഈ വാളിൽ ഏറ്റവും കൂടുതൽ ഞാൻ എതിർത്ത സംഘടനയാണ് “സുഡാപ്പി”.എന്നാൽ ആ പാർട്ടിയിൽ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ടെനിക്ക്.
ഞാനും അവരുമൊന്നിച്ചുള്ള ചിത്രങ്ങളും ഉണ്ടാവാം… പിരിവിനു എന്റടുത്ത് വന്നാൽ എന്റെ നിലപാട് പറഞ്ഞുകൊണ്ട് തന്നെ, വ്യക്തിബന്ധങ്ങളുടെ പേരിൽ മടക്കി അയക്കാനും തോന്നാറില്ല…
ഒരാളും എന്നെ സുഡാപ്പിക്കാരൻ എന്നിതുവരെ വിളിച്ചിട്ടില്ല.ആരോപണങ്ങൾ ഏകപക്ഷീയമാകുന്ന വൃത്തികെട്ട രീതിയോട് അങ്ങേയറ്റം പ്രതിഷേധം.സ്വന്തം “കൗമിൽ” പെട്ടവർ ചെയ്യുമ്പോൾ മറച്ചുവെക്കുകയും, അല്ലാത്തതൊക്കെയും പർവ്വതീകരിച്ചു കാണിക്കുന്നതും ഏറ്റവും വലിയ വർഗ്ഗീയതയാണ്.അതായത് മതം തലക്ക് പിടിച്ച് ഭ്രാന്ത് പിടിച്ചവർ.അത്തരക്കാരെ എന്റെ മതനേതാക്കൾ തന്നെ തള്ളിക്കളയുന്നു എന്നത് ഏറെ ആശ്വാസകരമെങ്കിലും ചിലപ്പോഴെങ്കിലും സമുദായം ഇവരെ കൊണ്ട് തോറ്റു പോകുന്നല്ലോ എന്നതാണ് സങ്കടകരം.