ആണുങ്ങൾ വായിക്കാതിരുന്നാൽ നല്ലത്

134

ആണുങ്ങൾ വായിക്കാതിരുന്നാൽ നല്ലത്

Sayyid Shaheerഎഴുതിയത്

സർവ്വലോക ആണുങ്ങളെ ,നിങ്ങളോടാണ് പറയാനുള്ളത് . ഈ ലോകത്തു പിറന്നു വീഴുന്നത് XX ( Girl) ആയാലും XY ( Boy) ആയാലും , അത് തീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് പുരുഷനാണ്. ചില നാട്ടിൻ പുറത്തൊക്കെ മൂന്നാമതും പെൺകുട്ടി ജനിച്ചാൽ , ഞാൻ പ്രസവിച്ചിട്ടണല്ലോ ഒക്കെ പെൺകുട്ടികൾ ആയിപ്പോയതെന്നു സ്വയം കുറ്റപ്പെടുത്തുന്നതും , മറ്റുള്ളവരാൽ കുറ്റപ്പെടുത്തലുകൾക്കു വഴങ്ങുന്നതുമായ അമ്മമാരെ കാണാൻ സാധിക്കും ( ഇനി അഥവാ നോക്കിയിട്ട് കാണുന്നില്ലേൽ , ‘ആദ്യത്തെ കൺമണി ‘ എന്ന പഴയ ജയറാം സിനിമ നോക്കിയാ ചിലപ്പോ കണ്ടേക്കും ) .പറഞ്ഞു വരുന്നത് , ജനിക്കുന്നത് മുതൽ തീരുമാനവും അധികാരവും പുരുഷന്റേതാണ് . ഒട്ടുമിക്ക സമൂഹങ്ങളിലും സ്ത്രീകൾക്കും വല്യ പരാതിയൊന്നുമില്ലാന്നു മാത്രമല്ല , അണിന്റെ ആധിപത്യത്തിന് കീഴിലല്ലെങ്കിൽ എന്തോ ഭയങ്കര വീർപ്പു മുട്ടലാണ് ചില സ്ത്രീകൾക്ക് .കാലാകാലങ്ങളായി സമൂഹം നിലനിന്നു പോരുന്നത് ഈ അധികാര ചക്രത്തിന്റെ തിരിച്ചിലിൽ ആയതിനാൽ എല്ലാവരും എല്ലാം സഹിക്കുന്നു അംഗീകരിക്കുന്നു .
പിതാവിന്റെയോ , സഹോദരന്റെയോ , ഭർത്താവിന്റെയോ , ഭർതൃ പിതാ-സഹോദരങ്ങളുടെയോ , കാമുകന്റെയോ നിയന്ത്രണത്തിലും അധികാരത്തിലും , സ്വപ്നങ്ങളും , ആഗ്രഹങ്ങളും , പ്രതീക്ഷകളും , മണിച്ചിത്രത്താഴിട്ടു പൂട്ടി , അടങ്ങിയൊതുങ്ങി അടുക്കളയിലും , വീടിന്റെ ചുമരുകൾക്കുള്ളിലും ഒതുക്കി ,ഒരു ടീസ്പൂൺ കണ്ണീരും , അറ ടീസ്പൂൺ വിധിയും , രണ്ടു കപ്പ് ‘ എല്ലാ പെണ്ണുങ്ങളും ഇങ്ങനെതന്നെയും’ , 3 കഷ്ണം ‘ നീ അധ്വാനിച്ചിട്ടു കുടുംബം പൊറ്റെണ്ട ഗതിയില്ലയും’ , ഒരു നുള്ള് ‘ നിനക്കൊക്കെ എന്തിന്റെ കുറവാ ‘ യും ചേർത്ത് നന്നായി വയറ്റിയെടുത്തു അതിലേക്കു അത്യാവശ്യത്തിനു സ്നേഹപ്രകടനവും , പാകത്തിന് പുറത്തു കൊണ്ടുപോകലും ഒക്കെ ചേർത്ത് ജീവിത കാലം മുഴുവൻ തിളപ്പിച്ച് ആ കറിയും കൂട്ടി വയറു നിറയെ ചോറ്‌ വാരിതിന്നുന്ന ഓരോ പുരുഷനും, ചവച്ചരച്ചു ഏമ്പക്കം വിടുന്നത് ഓരോ പെണ്കുട്ടിയുടെയും സ്വപ്നങ്ങളാണ് എന്ന് മറന്നു പോകരുത് .നിങ്ങളുടെ തടിയും , സൗന്ദര്യവും, ആരോഗ്യവും അവരുടെ പ്രതീക്ഷകൾക്ക് മേൽ നിങ്ങൾ അധികാരവും , ബലവും , പാരമ്പര്യവും പ്രയോഗിച്ചു നേടിയെടുത്ത ഔദാര്യമാണെന്നു ഇടക്കെപ്പഴങ്കിലും ഓർത്താൽ നന്ന് .

രക്ഷിതാക്കളെ ,

ഏതെങ്കിലും കൊള്ളാവുന്നവന്റെ കയ്യിൽ മകളെ ആക്കി കൊടുത്തു തന്റെ ഉത്തരവാദിത്തം പൂർണമായി കഴിഞ്ഞെന്ന ഭാവത്തിൽ ചാരുകസേരയിൽ ഞെളിഞ്ഞിരിക്കാനായിരുന്നോ ഇവളെ പഠിപ്പിച്ചതും , ട്യൂഷന് പറഞ്ഞയച്ചതും , മാർക്ക് കുറഞ്ഞപ്പോൾ മൊബൈൽ ഫോണിനെ കുറ്റം പറഞ്ഞതും, കോളേജിൽ ഫീസ് കൊടുത്തയച്ചതും. നിങ്ങളായിരുന്നില്ലേ അവളെ സ്വപ്നം കാണാനും, ആഗ്രഹങ്ങൾ കോർക്കാനും മുൻപിൽ നിന്ന് പട നയിച്ചത്. എന്നിട്ട് കല്യാണപ്രയാമെത്തുമ്പോൾ മെച്ചപ്പെട്ട ഒരുത്തനെ തെരഞ്ഞു കണ്ടു പിടിച്ചു വിവാഹ രെജിസ്റ്ററിൽ ഒപ്പിട്ടു ” ഇനി നിങ്ങളായി നിങ്ങളെ പാടായി ” എന്ന് പറയുമ്പോൾ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയെ ദയനീയമായി നോക്കിയാ ബാഹുബലിയുടെ അവസ്ഥ ആയിരിക്കും നിങ്ങളുടെ മകൾക്ക്.

പഠിപ്പും, പഠിപ്പിന്മേൽ പഠിപ്പും , പണവും സെറ്റിലുമായിട്ടു , ഇനി ജീവിക്കാൻ കൂട്ടിനൊരാള് വേണമെന്ന് സ്വയവും സമൂഹവും നിര്ബന്ധിപ്പിച് , ഒടുവിൽ പഠിപ്പുള്ളവൾ ആയിക്കോട്ടെ എന്ന് പറഞ്ഞു ഡിഗ്രിയും , പിജി യും കഴിഞ്ഞ , സ്വന്തം കാലിൽ നില്ക്കാൻ സ്വപ്നം കണ്ട പെൺകുട്ടിയെ കെട്ടിക്കൊണ്ടു വന്നു , ” ഇനിയിപ്പോ ഇതിന്റെ കൂടെ പഠിക്കാനോ , ജോലിക്കോ പോയാൽ ജീവിതം മുന്നോട്ടു പോകില്ല ” എന്ന് പറഞ്ഞു പാസ്പോർട് കത്തിപ്പോയ ദുബായിക്കാരനെ പോലെ ഭാര്യയെ ആക്കിയത് , ഭാവിയിൽ മക്കളെ ട്യൂഷൻ ഫീസ് ലാഭിക്കാനോ , അതോ അവൾ സ്വന്തം കാലിൽ നിക്കാൻ തുടങ്ങിയാൽ തനിക്ക് കിട്ടേണ്ട വിലയും പവറും ഇല്ലാതാകുമെന്ന് വിചാരിച്ചിട്ടോ , അതോ അത്രക്ക് വല്യ ദാമ്പത്യ കുടുംബ സ്നേഹി ആയിട്ടോ ? . ( കുടുംബ സ്നേഹി ആയിട്ടാണേൽ , ആദ്യം വീട്ടിലേക്കു കയറുമ്പോൾ ആ മൊബൈൽ ഡാറ്റയും, വൈഫൈയും ഓഫാക്കി അവളുടെ കൂടെയിരുന്നു ലേശം സംസാരിക്കു..)
#പ്രിയപ്പെട്ട പുരുഷ സുഹൃത്തുക്കളെ ,

നിങ്ങളുടെ മകനോ സഹോദരനോ ആഗ്രഹിച്ചത് പോലെയോ, ചിലപ്പോ അതിനേക്കാളേറെയോ ജീവിതത്തെപ്പറ്റി കാഴ്ചപ്പാടും , സ്വപ്നവും ആഗ്രഹങ്ങളുമായാണ് ഓരോ പെൺകുട്ടിയും ജീവിക്കുന്നത് .സമൂഹത്തെ പേടിച്ചിട്ടോ, വിശ്വാസമില്ലാത്തത് കൊണ്ടോ, കാലഹരണപ്പെട്ട വ്യവസ്ഥകൾ കാരണമോ അവർക്കു മേൽ ഊരാക്കുരുക്കിട്ടു തളച്ചിടുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ഒരുപാട് ചെറുതാകുകയാണ് .പഠിക്കാൻ അവർക്കു ഇഷ്ടമുള്ള സ്ഥലത്തു പഠിക്കട്ടെ , ജോലി ചെയ്യേണ്ടവർ ഇഷ്ടപ്പെട്ടത് ചെയ്യട്ടെ , അതിനെ സപ്പോർട് ചെയ്യുമ്പോൾ , താങ്ങാവുമ്പോൾ അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ രാജാവും രാജകുമാരാനുമായെ നിങ്ങൾ മാറുകയുള്ളൂ .അറിഞ്ഞോ അറിയാതെയോ ഒരുപാട് സ്ത്രീകളുടെ ശാപം പേറിയാണ് ഒട്ടുമിക്ക പുരുഷന്മാരും ജീവിക്കുന്നത്. നിങ്ങളെ അവൾ ശപിക്കാത്തതിന്റെ കാരണം അവൾ XX ഉം , നിങ്ങൾ XY ആയതാണ്.ആണത്തത്തിനു മേൽ മനുഷ്യത്വം അധികാരം സ്ഥാപിക്കട്ടെ .

NB: 1 കൂടുതൽ പെൺകുട്ടികൾ ജനിച്ചാൽ,ഗൾഫിൽ നിന്ന് വന്ന ലീവ് ചുരുക്കി , വിസ നീട്ടുന്നവരും , ഓവർ ടൈം പണിയെടുക്കുന്നവരും തന്നെയാണ് ഇപ്പോഴും നമ്മുടെ നാട്.
2. സ്ത്രീവിരുദ്ധത, പുരുഷവിരുദ്ധത , ഭിന്നലിംഗവിരുദ്ധത എന്നിവ എഴുത്തിൽ ഉണ്ടെങ്കിൽ അവ വിവരക്കേട് കൊണ്ട് മാത്രമാണ്, ക്ഷമിക്കാൻ അപേക്ഷ.
3. മുകളിൽ എഴുതിയത് എമിറേട്സിന്റ ടിക്കറ്റല്ല , സ്വന്തം തോന്നലുകളും അനുവങ്ങളുമാണ് , അതിനാൽ എഴുതിയത് തിരുത്താനും വേണ്ടി വന്നാൽ പിൻവലിക്കാനും സന്നദ്ധനാണ് (കാമ്പുള്ള വിമർശനം ആണെങ്കിൽ) .
മുഴുവൻ വായിച്ച ആളാണെങ്കിൽ വല്ല അഭിപ്രായവും വിയോജിപ്പും ഉണ്ടെങ്കിൽ അറിയിക്കാം

സയ്യിദ് ഷഹീർ
9400423233