സ്‌കാം 2003 – ദി തെൽഗി സ്റ്റോറി.

Vani Jayate

1957ലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നത്. മുന്ദ്ര അഴിമതി എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. ഹരിദാസ് മുന്ദ്ര എന്ന വ്യവസായിയും സ്റ്റോക്ക് ബ്രോക്കറുമായിരുന്ന കൊൽക്കത്ത സ്വദേശി, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പക്കലുള്ള 1,26,86,100 രൂപ തന്റെ നഷ്ടത്തിലായിരുന്ന ആറ് കമ്പനികളുടെ ഓഹരികൾ വാങ്ങാൻ വേണ്ടി സ്വാധീനിച്ചു എന്നതാണത്. എൽഐസിയുടെ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റിയുമായി കൂടിയാലോചിക്കാതെയും സർക്കാരിന്റെ സമ്മർദത്തിനു കീഴിലുമാണ് ഈ നിക്ഷേപം നടത്തിയത്. അതിന് ശേഷം ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികളാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത്. ഇന്ന് ഇന്ത്യയുടെ വികസനത്തിന്റെ ഗതി വേഗത്തെ ബാധിച്ച ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നാണ് ഭരിച്ച രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും, ബിസിനസ്സുകാരും ചേർന്ന് നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികൾ. അതുകൊണ്ട് തന്നെ ആഴത്തിൽ മുങ്ങിത്തപ്പിയാൽ നിരവധി നിറമുള്ള കഥകളുടെ അക്ഷയഖനിയാണവ. ഇന്നും ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യ നഭോമണ്ഡലങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന വ്യക്തികളേയും സംഭവങ്ങളേയും ഒക്കെ കൃത്യമായി റെഫറൻസ് ചെയ്തെടുക്കാവുന്ന വസ്തുതകൾ കൊണ്ട് സമ്പുഷ്ടമായ ഈ ചരിത്രങ്ങൾ ഇന്നത്തെ കാലത്ത് ഒരു പുനർസന്ദർശനം അർഹിക്കുന്നവയാണ്. അതുകൊണ്ട് തന്നെയാണ് സ്‌കാം എന്ന ടെംപ്ളേറ്റിൽ അപ്പ്ലോസും ഹൻസാൽ മെത്തയും ചേർന്ന് സോണി ലീവിന് വേണ്ടി സീരീസ് ഒരുക്കിയപ്പോൾ ഇന്ത്യ അത് രണ്ടും കയ്യും നീട്ടി സ്വീകരിച്ചത്.

ഹർഷദ് മേത്തയുടെ കഥ പറഞ്ഞ ആദ്യത്തെ സീസണ് ശേഷം രണ്ടാമത്തെ സീസണിൽ അബ്ദുൽ കരീം തെൽഗിയുടെ കഥയാണ് പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്. രണ്ടുഭാഗമായിട്ടാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. ആദ്യഭാഗം അഞ്ചു എപ്പിസോഡുകൾ ഇപ്പോൾ കാണാം. അടുത്ത ഭാഗം നവംബറിലും. 30,000 കോടി രൂപ – 20 കൊല്ലം മുമ്പ്, അതെത്ര മാത്രം വലുതായിരുന്നുവെന്ന് മനസ്സിലാക്കണം. അതായിരുന്നു ഈ സ്കാമിന്റെ ആഴം. ആരും അന്നേവരെ ഊഹിക്കുക പോലും ചെയ്തിട്ടില്ലായിരുന്നു, സ്റ്റാമ്പ് പേപ്പറുകളുടെ വിനിമയത്തിൽ ഇത്രയും വ്യാപ്തിയുള്ള ഒരു സ്കാമിനുള്ള സ്കോപ്പ് ഉണ്ടെന്ന് കണ്ടെത്തിയത് ഒരു ക്രിമിനൽ ജീനിയസ്സിന്റെ കണ്ടുപിടുത്തം. ആദ്യത്തെ സീസൺ പോലെത്തന്നെ ബിഞ്ച് വാച്ചിന് അനുയോജ്യമായ സീരീസുകളുടെ കാറ്റഗറിയിലാണ് തെൽഗി സ്റ്റോറിയുടെയും സ്ഥാനം. ഹർഷദ് മേത്തയെപ്പോലെ തന്നെ ലവബിൾ ആയ ഒരു കാരക്ടറായിട്ടാണ് തെൽഗിയെയും ഇവിടെ അവതരിപ്പിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ തെൽഗിയിൽ കേന്ദ്രീകരിച്ചു തന്നെയാണ് ആദ്യഭാഗം.

കർണാടകയിലെ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെല്ഗാമിലെ അതീവ ദരിദ്രസാഹചര്യത്തിൽ നിന്നുമാണ് തെൽഗി എത്തിയിട്ടുള്ളത്. റെയിൽവേ പോർട്ടറായിരുന്ന അച്ഛൻ ചെറുപ്പത്തിലേ വിട്ടു പിരിഞ്ഞപ്പോൾ വിശപ്പടക്കാൻ ബിരുദധാരിയായ അബ്ദുൽ തീവണ്ടികളിൽ പഴങ്ങൾ വിൽക്കാൻ പോവുന്നിടത്ത് നിന്നാണ് തുടക്കം. അബ്ദുളിന്റെ പ്രത്യേക ശൈലിയിലുള്ള സംസാരവും പഴങ്ങൾ വിൽക്കുന്നതിലെ കൗശലവും ഷൗക്കത്ത് ഭായിയുടെ ശ്രദ്ധയിൽ പെടുന്നു. പഴങ്ങൾ വാങ്ങിയപ്പോൾ പൊതിഞ്ഞ കടലാസ് നോക്കിയപ്പോൾ അത് അയാളുടെത്തന്നെ ബിരുദ സർട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് എന്ന് മനസിലാക്കി തെൽഗിയെ ബോംബെയിലേക്ക് ക്ഷണിക്കുകയാണ്. ബോംബെയിൽ എത്തിയ തെൽഗിയെ അദ്ദേഹം തന്റെ ഗസ്റ് ഹൗസിന്റെ നടത്തിപ്പ് ചുമതലയും, അതിൽ കഴിവ് തെളിയിക്കുമ്പോൾ തന്റെ മകളെ തന്നെയും ഏൽപ്പിക്കുന്നു. എന്നാൽ അബ്ദുളിന്റെ ആഗ്രഹങ്ങൾ ആ ചെറിയൊരു ഗസ്റ് ഹൗസിന്റെ നടത്തിപ്പിൽ നിന്നുള്ള വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. പണം സമ്പാദിക്കുക എന്നതല്ല പണം ഉണ്ടാക്കുക എന്നതാണ് തന്റെ ലക്‌ഷ്യം എന്നതിലൂടെ തെൽഗി അതിന് വേണ്ടി വഴി മാറി നടന്നു തുടങ്ങുന്നു.

നിരവധി തിരിച്ചടികളിലൂടെയാണ് തെൽഗി ഒടുവിൽ സ്റ്റാമ്പ് പേപ്പറുകളുടെ ലോകത്ത് എത്തുന്നത് എട്ടോ പത്തോ കോടി പ്രതീക്ഷിച്ചു കൊണ്ട് തുടക്കമിടുന്ന ഇടത്താണ് അത് ആയിരക്കണക്കിന് കോടികൾ വിളയുന്ന ഒരു ലോകമാണ് എന്ന് മനസ്സിലാക്കുന്നത്. തെൽഗിയുടെ വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ കൊണ്ട് വന്നു നിർത്തുകയാണ് ആദ്യഭാഗം. ഭാവന ബൽസാവർ, ഭാരത് ദാബോൽക്കർ തുടങ്ങിയ ഒന്നോ രണ്ടോ പരിചിതമായ മുഖങ്ങളെ ഒഴിവാക്കിയാൽ പൊതുവെ പുതുമുഖങ്ങളാണ് വേഷങ്ങളിൽ വരുന്നത്. പക്ഷെ തെൽഗിയുടെ വേഷമിട്ട ഗഗൻ ദേവ് റിയാറിന്റെ പ്രകടനം എല്ലാറ്റിനും മേലെ നിൽക്കുന്നു. പരമ്പരയിലെ പ്രധാനി ഗഗൻ ദേവ് റിയാറിന്റെ പ്രകടനമാണ് പരമ്പരയുടെ കരുത്ത്. തീവണ്ടിയിൽ പഴങ്ങൾ വിൽക്കുന്ന ആദ്യ രംഗം മുതൽ ആ കഥാപാത്രത്തിന് ഒരു സവിശേഷമായ ശരീരഭാഷ കൊടുക്കുവാൻ ഗഗന് കഴിഞ്ഞിട്ടുണ്ട്. അബ്ദുളിന്റെ ആദ്യ ബിസിനസ് പങ്കാളി കൗശലിന്റെ വേഷത്തിൽ തലത് അസീസ് മികച്ചു നിന്നു.. പക്ഷെ ആദ്യത്തെ രണ്ടേപ്പിസോഡുകൾക്ക് ശേഷം ആ കഥാപത്രത്തെ പാതി വഴിയിൽ ഉപേക്ഷിക്കുകയാണ്.

പരിചിതമല്ലാത്ത മുഖങ്ങൾ ഉൾപ്പെടുന്ന കാസ്റ്റിംഗ് തിരഞ്ഞെടുപ്പുകൾ ഒരു പുതുമ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. മിക്ക ആക്ടർമാർക്കും എസ്റ്റാബ്ലിഷ്‌ ആയ ഇമേജ് ഇല്ലാത്തത് കൊണ്ട് പുരോഗമിക്കുമ്പോൾ ഏത് കഥാപാത്രം എന്തുചെയ്യുമെന്ന് ഊഹിക്കാൻ പ്രേക്ഷകർക്ക് സാധിക്കില്ല.
ഈ സീരീസ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് സഞ്ജയ് സിങ്ങിന്റെ തെൽഗി സ്‌കാം: ഏക് റിപ്പോർട്ടർ കി ഡയറി എന്ന പുസ്തകത്തെയും കാലാകാലങ്ങളിൽ ഈ വിഷയത്തെക്കുറിച്ചിറങ്ങിയ മാധ്യമറിപ്പോർട്ടുകളെയുമാണ്. കഥ പറയുന്നത് പൂർണ്ണമായിട്ടും തെൽഗിയുടെ വീക്ഷണകോണിൽ നിന്ന് കൊണ്ടാണ്. അതുകൊണ്ട് തന്നെ തെൽഗിക്ക് ഈ അഴിമതി നടത്താൻ അവസരം സൃഷ്ടിച്ച ആ ഇക്കോസിസ്റ്റവും അതിലെ മുഖ്യ കാരക്ടറുകളും ഈ ഭാഗത്തിൽ കണ്ടതുവരെ പരാമർശ വിഷയങ്ങൾ എന്നതിലപ്പുറം കടന്നിട്ടില്ല. ഏതായാലും നവംബറിൽ അടുത്ത ഭാഗം വരുമ്പോൾ തുഷാർ ഹിരാനന്ദാനി കൂടുതൽ ആഴത്തിലേക്ക് കടക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം. മൊത്തത്തിൽ കാണുകയാണെങ്കിൽ ആദ്യ സീസൺ നൽകിയ പ്രതീക്ഷകളുടെ ഒരു പടി താഴത്താണ് എങ്കിലും നല്ല ഒരു കാഴ്ചാനുഭവം തന്നെയാണ് ഈ സീസണും. സ്‌കാം – 2003 ദി തെൽഗി സ്റ്റോറി – സോണി ലീവിൽ സ്ട്രീം ചെയ്യുന്നു

You May Also Like

ഞാൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ ?

മലയാള ചലച്ചിത്ര നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. 1983 സെപ്റ്റംബര്‍ 15ന് കൊച്ചിയില്‍ ജനിച്ചു.…

വേലക്കാരിയായ ഗബ്രിയേലയും മുതലാളിയായ നാസീബും തമ്മിലുള്ള പ്രണയം, ബ്രസീലിൽ നിന്നുള്ള ഇറോട്ടിക്ക് മൂവി ‘ഗബ്രിയേല’

Raghu Balan Gabriela (1983)🔞🔞 Country : Brazil🇧🇷 Language :Portuguese ബ്രസീലിൽ നിന്നുള്ള ഒരു…

രശ്മിക, കത്രീന, കജോൾ തുടങ്ങിയ പ്രശസ്ത നടിമാർക്ക് പിന്നാലെ ആലിയ ഭട്ടും ‘ഡീപ്ഫേക്ക്’ വീഡിയോയുടെ വലയിലായി

രശ്മിക, കത്രീന, കജോൾ തുടങ്ങിയ പ്രശസ്ത നടിമാർക്ക് പിന്നാലെ ആലിയ ഭട്ടും ‘ഡീപ്ഫേക്ക്’ വീഡിയോയുടെ വലയിലായി……

സ്വന്തം നാട്ടിലെ ഉത്സവത്തിന് മേളക്കാർക്കൊപ്പം ചുവടുവയ്ക്കുന്ന അനുശ്രീ, വീഡിയോ

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിലൂടെ സിനിമാഭിനയത്തിലേക്ക് കടന്നുവന്ന താരമാണ് അനുശ്രീ. സൂര്യ ടിവിയിലെ…