മൂള തൊട്ടുതേച്ചിട്ടുള്ള ഏതെങ്കിലും മനുഷ്യൻ ഇങ്ങനെ കുന്തങ്ങളുള്ള കട്ടിൽ വീട്ടിലേക്ക് അടുപ്പിക്കില്ല

359

ശൈലൻ

പദ്മരാജൻസിനിമ എന്ന പ്രതീക്ഷയും വച്ച് കണ്ടാൽ കനത്ത നിരാശ നേരിടേണ്ടി വരുന്ന ഒരു ചലനചിത്രം- ‘കരിയിലക്കാറ്റുപോലെ’. ആ പേരും ആ കോമ്പിനേഷനും ത്രില്ലർ എന്ന തോന്നലും കാരണം ദശകങ്ങളായി മനസിൽ സൂക്ഷിച്ച കനത്ത പ്രതീക്ഷയും കൂടി ആവുമ്പോൾ നോ വേർഡ്‌സ് to describe.പൈങ്കിളി എന്നോ ക്ളീഷേ എന്നോ രണ്ടും ചേർന്ന് സമാസമം മിക്സ് ചെയ്ത കഡായി അവിയൽ എന്നോ വിളിക്കാം.പടം തുടങ്ങുമ്പോൾ , DySP ആയ മോഹൻലാലിന് കൊച്ചു വെളുപ്പാൻ കാലത്ത് ഒരു ഞെട്ടിക്കുന്ന ഫോൺ കോൾ വരികയാണ്. പ്രശസ്ത സംവിധായകൻ ഹരികൃഷ്ണൻ, അതായത് മമ്മൂട്ടി, ദുരൂഹമായി കൊലചെയ്യപ്പെട്ടിരിക്കുന്നു.ഉറക്കപ്പായിൽ കിടന്ന് കൊണ്ട്, ഫോൺ അറ്റൻഡ് ചെയ്യുന്നത് മോഹൻലാലിന്റെ അനിയൻ റഹ്മാൻ ആണ്, ടിയാൻ പുലർകാലവ്യായാമങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ചേട്ടനെ വിവരമറിയിക്കുകയും, പുള്ളി സംഭവസ്ഥലത്തേക്ക് കുതിക്കുകയും ചെയ്യും.ഇത്രയും ആവുമ്പോൾ 10 മിനിറ്റ്. കണ്ണും കാതും മൂക്കും കൂർപ്പിച്ച് സംത്രാസത്തോടെ സിനിമ കണ്ടുകൊണ്ടിരിക്കുന്ന , പ്രസസ്ത ഫിലിം റിവ്യൂകാരൻ ആയ എന്നെ , ഒപ്പം സിനിമ കാണുന്ന ചങ്ക് തോണ്ടുന്നു..,

“ആരാ കൊന്നത് എന്ന് മനസിലായോ…?
റഹ്‌മാൻ”
എനിക്ക് കലി കയറി . ഓളെ കണ്ണും മൂക്കും പൊട്ടുമാറുഡോസിൽ തെറി പറയുന്നു.. സിനിമ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ചെലക്കാതെ ഇരുന്ന് കാണണം.. ആസ്വദിക്കാനാണ് സിനിമ കാണുന്നത്.. അല്ലാതെ പ്രവചനമത്സരം നടത്താനല്ല.. എന്നൊക്കെ ബോധവൽക്കാരിക്കുന്നു..
മറുപടിയായി അവൾ, മുമ്പ് കണ്ട സില്മ അല്ല ഓളുടെ കുറ്റാന്വേഷണബുദ്ധി ആണെന്ന് കോക്രി കാണിക്കുന്നു..
അങ്ങനെ മോഹൻലാലിന്റെ കേസന്വേഷണം പുരോഗമിക്കുകയാണ്.. പതിവ് മട്ടിൽ സംശയത്തിന്റെ കുന്തമുനകൾ പലരിലേക്ക് നീളുന്നു.. തെളിവുകൾ വേറെ ചിലരിലേക്ക് പാളി നോക്കുന്നു..അതിലൊന്നും റഹ്മാൻ ഇല്ല. പൈങ്കിളി ലൈനപ്പിൽ, ഭാര്യ വരുന്നു.. പഴയ കാമുകി വരുന്നു.. കോളേജിൽ പഠിക്കുന്ന തിക്ക് ഫാൻ ഗേൾ വരുന്നു.. ഓളുടെ അമ്മ വരുന്നു.. പഴയ കാലത്തെ അവിഹിതം വരുന്നു..
അതിലും റഹ്മാൻ ഇല്ല..

ആരായാലും റഹ്മാനിൽ എത്തരുത് എന്ന് എനിക്കുണ്ട്.. എന്നിട്ട് വേണമല്ലോ ബാക്കി പറയാനുള്ളത് പറയാൻ..പക്ഷെ, അവിഹിതഗർഭം/സന്തതി എന്ന 80കളിലെ സ്ഥിരം തുറുപ്പ് ചീട്ടിൽ കറങ്ങി ആടിയെങ്കിലും അവസാനം പദ്മരാജൻ ആ കൃത്യം റഹ്മാനെ തന്നെ ഏല്പിക്കുകയാണ്..പുല്ല്..ഞാൻ പരാജയം സമ്മയിച്ച് ലവളോട് ചോദിച്ചു, നീയെങ്ങനെ 10 മിനിറ്റിൽ പറഞ്ഞു ഇത്..

മറുപടി :- ഈ സിനിമ ഇറങ്ങുന്ന സമയത്ത് , മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അതേ ജനപ്രീതി റഹ്മാനും ഉണ്ട്. ഒന്നും കാണാതെ ഒരു അനിയൻ റോളിലേക്ക് അയാളെ പദ്മരാജൻ കാസ്റ്റ് ചെയ്യൂല എന്ന് ഊഹിച്ചുകൂടേ..അടപ്പാവിമകളേ..

ഇപ്പോൾ ഞാൻ മിഥുൻ മാനുവലിന്റെ വാക്കുകൾ ഓർക്കുകയാണ്.. അഞ്ചാംപാതിര യുടെ ഡിസ്കഷൻ നടക്കുമ്പോൾ ഓരോ ക്യാരക്റ്ററിന്റെ കാര്യത്തിലും ആദ്യവും രണ്ടാമതും മൂന്നാമതും മനസിൽ വരുന്ന അഭിനേതാക്കളുടെ പേരുകൾ വെട്ടിക്കളഞ്ഞ് ഒട്ടും മനസിൽ വരാത്ത ആളുകളെ ആണ് കാസ്റ്റ് ചെയ്തത് എന്ന്..കരിയിലക്കാറ്റിന്റെ സസ്പെൻസ് പൊട്ടിയത് ഇവിടെ ആണ്..റഹ്മാൻ താരമായത് കൊണ്ടു തന്നെ, ഡയറക്റ്റ് കുറ്റം അയാളിൽ പതിക്കാതിരിക്കാൻ പദ്മരാജൻ മമ്മുട്ടിയുടെ കിടപ്പ്മുറിയിൽ ഇട്ടുകൊടുത്തിരിക്കുന്ന ഒരു കട്ടിൽ ഉണ്ട്..  ഹെന്റെ പൊന്നോ..

മൂന്ന് കുന്തങ്ങൾ ആണ് അതിന്റെ തലഭാഗത്തുള്ള decoration ആയി ഫിറ്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരൻ പോയിട്ട് തലക്കുള്ളിൽ എന്തെങ്കിലും മൂള തൊട്ടുതേച്ചിട്ടുള്ള ഏതെങ്കിലും മനുഷ്യൻ അങ്ങനെ ഒരു കട്ടിൽ വീട്ടിലേക്ക് അടുപ്പിക്കില്ല..ജീനിയസുകളുടെ ഓരോ വിക്രിയകൾ..സുധാകർ മംഗളോദയത്തിന്റെ ആണ് കഥ.അങ്ങേരുടെ നോവലുകളുടെ നിലവാരം പോലുമില്ല, ഈ പദ്മരാജൻ സിനിമയ്ക്ക് എന്നതാണ് സത്യം..പടം തിയേറ്ററിലും നിരൂപകശ്രദ്ധയിലും അക്കാലത്ത് ബോംബ് ആയത് സ്വാഭാവികം.