മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒട്ടും ഔട്ട് ഡേറ്റഡ് ആകാത്ത സിനിമ

84

Schzylan Sailendrakumar

34കൊല്ലം മുമ്പിറങ്ങിയതും ഞാൻ ഇന്നേവരെ ഒരിക്കൽ പോലും കാണാത്തതുമായ ഒരു സിനിമ ഇന്നലെ രാത്രി ഒറ്റയിരുപ്പിൽ ഇരുന്ന് കണ്ടു.സിനിമയുടെ പേരുകേട്ട് ആരും തളരരുത്.തെറി വിളിക്കുകയുമരുത്.രാജാവിന്റെ മകൻ! എന്റെ തലമുറയും പിന്നെ വന്ന തലമുറയും ഇത്രമേൽ ആഘോഷമാക്കിയ ഒരു സിനിമയെ എനിക്ക് ഇത്രകാലം എന്തുകൊണ്ട് മിസ്സായി എന്നുചോദിച്ചാൽ അറിയില്ല. ആ സിനിമ ഇറങ്ങിയ 1986 എന്നത് വീട്ടുകാരോടൊപ്പമല്ലാതെ കസിൻസിന്റെ ഒപ്പമൊക്കെ ഒറ്റയ്ക്കും തെറ്റയ്ക്കും തിയേറ്ററിൽ പോയി തുടങ്ങിയ ഒരുകാലമാണ്. തിയേറ്റർ, വിസിആർ, ചാനലുകൾ, വിസിഡി, പെൻഡ്രൈവ്, മെമ്മറിക്കാർഡ്, മൊബൈൽ, യൂടൂബ്, ടെലഗ്രാം, വിവിധ ഓ ടി ടി പ്ലാറ്ഫോംസ് ഇവയെല്ലാം നിറഞ്ഞുനിന്ന പിന്നീടുള്ള മൂന്നര പതിറ്റാണ്ടിൽ എന്നെപ്പോലൊരുവൻ രാജാവിന്റെമകൻ പോലൊരു സിനിമ ഒരിക്കൽ പോലും കണ്ടില്ല എന്നത് ഭീകരം തന്നെയാണ് ഓർക്കുമ്പോൾ.ഏതായാലും ഇന്നലെ അത് കണ്ടു.. രാത്രി ഒമ്പതരയ്ക്ക്.. സൂര്യ ടിവിയിൽ.. പരസ്യത്തിനിടയിൽ എണീറ്റ് പോവാതെ.. ഒരിക്കലും ചാനൽ മാറ്റാതെ.. ഒറ്റയിരുപ്പിൽ.
1986 ലോ അതിന് പിന്നീട് എപ്പോഴെങ്കിലുമോ കണ്ടിരുന്നെങ്കിൽ ആസ്വദിക്കാൻ കഴിയുമായിരുന്നതിന്റെ പല മടങ്ങ് ആഹ്ലാദത്തോടെ ഞാനത് കണ്ടു എന്നുതന്നെ പറയാം. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന് പറയുന്നത് വെറുതെയാ ?

How a superstar was born: Kingmaker Thampy Kannanthanam & his ...മൂന്നര പതിറ്റാണ്ട് ആ സിനിമയെ ഒട്ടും out dated ആക്കിയില്ല എന്നത് ഒരു കൗതുകമാണ്. 80കളിൽ ഇറങ്ങിയിരുന്ന കൊമേഴ്‌സ്യൽ സിനിമകളെ വച്ച് നോക്കുമ്പോൾ എല്ലാം കൊണ്ടും കാലത്തിന് മുൻപേ പറന്ന വിസ്മയം.പലവിധത്തിലുള്ള നെഗറ്റീവ് ഷെയ്ഡുകൾ ഉള്ള പ്രതിനായകന്മാർ അതിനുമുന്പും കേന്ദ്രകഥാപാത്രങ്ങൾ ആയി മലയാള സിനിമയിൽ ഒട്ടനവധി വന്നിട്ടുണ്ട്. പക്ഷെ ക്ലൈമാക്സിൽ സമ്പൂർണമായി തോറ്റ് തുന്നംപാടി ചുമരിൽ പടമായി മാറുന്ന ഒരു ഗ്രേ ഷെയ്ഡ് നായകന്റെ കഥ ഇത്രയും ചങ്കൂറ്റത്തോടെ ഒരു സിനിമയാക്കുന്നതും അത് gigantic ആയൊരു ബോക്സോഫീസ് കില്ലർ ആയി മാറുകയും ചെയ്ത ചരിത്രം ലോകസിനിമയിൽ തന്നെ കാണുമോ.ആ.. എനിക്കറിയില്ല.

അക്കാലത്തെ സിനിമകളിലെ സംഭവബഹുലതകൾ തെല്ലുമില്ലാതെ ചെറിയ ചെറിയ സംഭവങ്ങളിലൂടെ മുന്നോട്ട് പോവുന്ന കൂൾ ആയ ട്രീറ്റ്.. ആ ചെറിയ ചെറിയ സംഭവങ്ങൾ തന്നെയാണല്ലോ പിന്നീട് ദേവസുരത്തിലും 20-20യിലും തുടങ്ങി ലൂസിഫറിൽ വരെയും വലിയ വലിയ സംഭവങ്ങളായി മാറിയ കയ്യടികളുടെ ഉദ്ഭവസ്ഥാനം എന്ന് ഓർമിക്കാതെ രക്ഷയില്ല.സ്‌കൂൾ ക്ലാസുകളിലെ കൂട്ടുകാർ രോമാഞ്ചത്തോടെ പറഞ്ഞിരുന്ന കുഞ്ഞു കുഞ്ഞു ഡയലോഗുകൾ എത്രയും natural ആയിട്ടാണ് സിനിമയിൽ വന്നുപോകുന്നത്.. പിൽക്കാലത്ത് കയ്യടി മാത്രം ലക്ഷ്യമിട്ട് എഴുതപ്പെട്ട വെടിക്കെട്ട് ശ്വാസംമുട്ടലുകളെ overtake ചെയ്ത് അവ അതിജീവിച്ച് നിൽക്കുന്നു.രാജാവിന്റെ മകന്റെ കഥയുമായി ചെന്ന തമ്പി കണ്ണന്താനത്തിന് ഉറ്റ സുഹൃത്തായ മമ്മൂട്ടി ഡേറ്റ് കൊടുത്തില്ലെന്നു മാത്രമല്ല പരിഹസിക്കുക കൂടി ചെയ്‌തപ്പോൾ ഈഗോ hurt ആയ കണ്ണന്താനം അന്ന് താരമല്ലാത്ത മോഹൻലാലിനെ sabstitute ഇറക്കി എന്നും നിർമ്മാതാക്കളെ ഒന്നും കിട്ടാഞ്ഞപ്പോൾ വീടും പറമ്പും വിറ്റ് സ്വയം നിർമാതാവായി എന്നൊക്കെയുള്ള ഐതിഹ്യങ്ങൾ ഒക്കെ കേട്ടിട്ടുണ്ട്.

ഇതുപോലൊരു പരാജിത നായകന്റെ റോളുമായി ചെന്നാൽ ഏത് സൂപ്പർസ്റ്റാറും ആട്ടിവിടും.. മമ്മൂട്ടിയെ കുറ്റം പറയാൻ പറ്റില്ല. അഥവാ അങ്ങേര് ഡേറ്റ് നൽകിയിരുന്നെങ്കിലും ആ സിനിമ ഒരു ഭൂലോക ബോംബ് ആയി മാറുകയും ചെയ്തേനെ. കാരണം ഇത് എല്ലാ അർഥത്തിലും മോഹൻലാലിന് വേണ്ടി മാത്രം സംഭവിച്ച ഒരു സൃഷ്ടി ആണ്.ചേരുവകളും ഫോർമുലകളും ഒന്നും തന്നെ അന്നത്തെ ബോക്സോഫീസിന് സുഖിക്കും മട്ടിൽ ബ്ലെൻഡ് ചെയ്തിട്ടില്ലാത്ത, കുറഞ്ഞ സീനുകൾ ഉള്ള ഒരു സിനിമയിൽ വിൻസെന്റ്‌ഗോമസ് എന്ന കഥാപാത്രത്തിന്റെ തെളിച്ചത്തോടെയുള്ള പൂണ്ടു വിളയാട്ടം , അതുവരെ കണ്ടെത്തപ്പെടാതിരുന്ന മോഹൻലാലിന്റെ താര ശരീരത്തിലേക്ക് സെന്റ് പെർസെന്റ്accuracy യിൽ വന്നു ഭവിക്കുകയായിരുന്നു.. അതിന്റെ മുന്നിൽ മലയാളികൾ വീണുപോയി.
അന്ത്യത്തിൽ വിൻസെന്റ് ഗോമസിനെ കാത്തിരുന്ന ദുർവിധികളും തൂത്തെറിയലുകളും ഒന്നും അയാളെ നെഞ്ചേറ്റാൻ വിഘാതമായി മാറിയില്ല.

Underworld prince എന്നൊക്കെ പശ്ചാത്തലമുണ്ടെങ്കിലും , നാൻസി ജീവിതത്തിലേക്ക് വരികയാണെങ്കിൽ ഇത് മുഴുവൻ ഒഴിവാക്കാം എന്നൊക്കെ കൈപിടിച്ച് യാചിക്കുന്നത് കേൾക്കുമ്പോൾ നമ്മൾക്ക് ആദ്യമൊരു ചമ്മൽ തോന്നും.. പിന്നെ തിരിച്ചറിയും ഒരു ആവറേജ് മലയാളി പുരുഷൻ ഇതൊക്കെ തന്നെയാണല്ലോ എന്ന്.. അടുത്തിടപഴകുന്ന സ്ത്രീയെ അവൾ എന്താണന്നറിയാതെ കാമുകിയോ ഭാര്യയോ ആക്കി private പ്രോപ്പർട്ടിയാക്കി register ചെയ്യുക എന്നതാണല്ലോ ഇവിടത്തെ ഒരു നാട്ടുനടപ്പ്.എത്രമാത്രം manly ആയൊരു പാത്രസൃഷ്ടി.. ഇന്നത്തെ പ്രകൃതി സിനിമകളിൽ പോലും കാണാത്ത സ്വഭാവികതയോടെ നായിക അയാളെ ഇളിഭ്യനാക്കുകയും ചെയ്യുന്നു.തുടർന്നങ്ങോട്ട് ഉടനീളം അയാളുടെ കട്ടയും പടയും കീറുന്ന കാഴ്ചകൾ മാത്രം. രാഷ്ട്രീയക്കാരനോട് അധോലോകം കളിച്ച് ആദ്യം ബിസിനസ് സാമ്രാജ്യം മൂഞ്ചി. പിന്നെ അമിത്ഷാ കളിച്ച്, കയ്യിലുള്ള പൈസ മൊത്തം കൊടുത്ത് ഭരണം പൊളിക്കാനായി വാങ്ങിയ എം എൽ എ മാർ മൂഞ്ചി.. അസീസ് മറുകണ്ടം ചാടി.. സേനാനായകരെ പോലെ ഇടവും വലവും നിന്നിരുന്ന സുരേഷ്‌ഗോപിയെയും പീറ്ററിനെയും പോലീസ് നിലം തൊടീച്ചില്ല.. വില്ലനെ തകർക്കാൻ പറ്റില്ല, കൊല്ലുകയെങ്കിലും ചെയ്യാം എന്നുകരുതി മെഷിൻ ഗണ്ണുമായി അറഞ്ചം പുറഞ്ചം വെടി വെച്ച് ചെല്ലുമ്പോ ദോ ലവന് പടച്ചട്ട പോൽ നിൽക്കുന്നു ലവൾ.. ആര്.. താൻ പ്രണയം യാചിച്ച ആ നാൻസി.. കിട്ടിയ ഗ്യാപ്പിൽ പൊലീസുകാർ ഗോമസിനെ തരിപ്പയാക്കി കളയുന്നു. ഹൗ ഡാർക്ക്.. 😥😥😥

വില്ലന് എല്ലാ അർഥത്തിലും സമ്പൂർണവിജയം നൽകിയതും പോരാഞ്ഞ് വിൻസെന്റ് ഗോമസിനെ ചില്ലിട്ട് ഫ്രെയിം ചെയ്ത പടമാക്കി ചുമരിൽ കയറ്റി സംവിധായകനും ഡെന്നീസ് ജോസഫും കൂടി.അതൊന്നും പ്രേക്ഷകനെ ബാധിച്ചതേ ഇല്ല . അവർക്ക് ആ സിനിമയെയും കഥാപാത്രത്തെയും നായകനെയും ഏറ്റെടുക്കാൻ അതൊന്നും ഒരു പ്രതിബന്ധമായതുമില്ല.സ്‌ക്രിപ്റ്റ് അത്രയ്ക്കും natural ആയിരുന്നപ്പോഴും അതിന്റെ അങ്ങേ എക്സ്ട്രീമിൽ സ്റ്റൈലിഷ് ആയിരുന്നു ആ നായകന്റെ പ്രെസൻസും പടത്തിന്റെ മെയ്ക്കിങ്ങും.വല്ലപ്പോഴും ഒരിക്കൽ മാത്രം സംഭവിക്കുന്ന മാജിക് എന്നല്ലാതെ എന്തുപറയാൻ.