അങ്ങേരുടെ അറുപതാം പിറന്നാളിന് മാധ്യമങ്ങൾ ഇച്ചിരി പ്രാധാന്യം കൊടുക്കുന്നത് അത്ര വലിയ പാതകമായൊന്നും തോന്നുന്നില്ല

54

Schzylan Sailendrakumar

നമ്മൾ ജീവിക്കുന്ന മലയാളി സമൂഹത്തിൽ മോഹൻലാൽ എന്ന പേര് അത്രയ്ക്ക് avoid ചെയ്യാവുന്നതോ ignore ചെയ്യാവുന്നതോ ആയ ഒന്നാണെന്ന് തോന്നുന്നില്ല.ഇന്ന് ജീവിച്ചിരിക്കുന്ന മലയാളികളിൽ ഭൂരിഭാഗത്തിന്റെയും ജീവിതത്തിൽ നല്ലൊരു ശതമാനം കാലം , അറിഞ്ഞോ അറിയാതെയോ ആ മനുഷ്യൻ കൂടെയുണ്ട്.അങ്ങനെയൊന്നുമല്ല എന്ന് ഭാവിക്കുന്നവരിൽ ഉൾപ്പടെ.അതുകൊണ്ടുതന്നെ അങ്ങേരുടെ അറുപതാം പിറന്നാളിന് മാധ്യമങ്ങൾ ഇച്ചിരി പ്രാധാന്യം കൊടുക്കുന്നത് അത്ര വലിയ പാതകമായൊന്നും തോന്നുന്നില്ല.ഒറ്റ ദിവസത്തെ കാര്യമല്ലേ.. ഒന്ന് അഡ്ജസ്റ്റ് ചെയ്തേക്കുക.

പേഴ്‌സണൽ ആയിട്ട് പറയുകയാണ് എങ്കിൽ ജീവിതത്തിൽ നല്ലൊരുഭാഗം കാലവും ഞാൻ മോഹൻലാൽ എന്ന നടന്റെ ഒരു മികച്ച hater ആയിരുന്നു. അതും അദ്ദേഹത്തിന്റെ സുവർണകാലം എന്നുപറയാവുന്ന 80കളിലും 90കളിലുമൊക്കെ.ക്ളാസിലായാലും നാട്ടിലായാലും വീട്ടിലായാലും വിരുന്ന് ചെല്ലുന്നിടത്തായാലും മൃഗീയഭൂരിപക്ഷമുള്ള ലാലേട്ടൻ ഫാൻസിനോട് മിക്കപ്പോഴും ഒറ്റയ്ക്ക് പോരടിച്ച് നിന്ന ഒരു മമ്മൂട്ടി ഫാനിന്റെ സങ്കീർണമായ മാനസികാവസ്ഥ വേണമെങ്കിൽ ആലോചിച്ച് നോക്കാം.

വെറുപ്പ് എന്നല്ല ശത്രുത തന്നെ രൂപപ്പെട്ട് പോകുന്ന ഡാർക്ക് സീൻ.ഏകദേശം രണ്ടായിരാമാണ്ട് വരെയൊക്കെ അത് തുടർന്ന് പോന്നിരുന്നു.അതുകൊണ്ട് തന്നെ പിൽക്കാലത്ത്, എന്റെ റിവ്യൂകൾക്ക് താഴെ വന്ന് കുരുപൊട്ടിക്കുന്ന സാധുജീവികളുടെ രോഗാതുരവും സഹതാപാർഹവും ആയ മനോനിലയെ മറ്റാരേക്കാളും നന്നായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുമുണ്ട്.ഒരുകാലത്ത് ഞാനും അതായിരുന്നല്ലോ.വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാലിന്റെ ക്യാരക്റ്റർ മായാമയൂരത്തിലെ കൃഷ്ണനുണ്ണി ആണ്.ആദ്യദിനം ആദ്യഷോ കണ്ട മായമയൂരം ഒരു സിനിമ എന്ന നിലയിൽ അക്കാലത്ത് കനത്ത നിരാശ ആയിരുന്നു. പ്രീപബ്ലിസിറ്റിയിൽ നിറഞ്ഞ് നിന്നിരുന്ന നരൻ എന്ന പ്രധാന കഥാപാത്രം ആദ്യപകുതിയിൽ ഒരു മമ്മുട്ടി ആരാധകന് സമ്മാനിച്ചത് വെറുപ്പിക്കലിന്റെ പരകോടി ആയിരുന്നു താനും.. പക്ഷെ രണ്ടാം പകുതിയിൽ വന്ന കൃഷ്ണനുണ്ണി എല്ലാ അർത്ഥത്തിലും എന്നെ ഞെട്ടിച്ച് കളഞ്ഞു.

മോഹൻലാൽ എന്ന് പറഞ്ഞാൽ തന്നെ മാനറിസങ്ങളാണ്.. സിനിമയിലായാലും ജീവിതത്തിലായാലും ആ മാനറിസങ്ങളെല്ലാം അഴിച്ച് വച്ച് അങ്ങേരെ കാണാൻ കിട്ടിയ അപൂർവ സന്ദർഭമായിരുന്നു കൃഷ്ണനുണ്ണി സ്‌ക്രീനിൽ വന്ന നേരങ്ങൾ.. ഈ നാല്പത് കൊല്ലത്തിനിടയിൽ അതിനും മുന്നും പിന്നും മോഹൻലാൽ എന്ന താരത്തെയും നടനെയും ഉടലിൽ നിന്നും almost പൂർണമായി തന്നെ ഉടലിൽ നിന്നും കുടഞ്ഞു കളഞ്ഞുകൊണ്ടുള്ള ഒരു ലാൽ ക്യാരക്റ്റർ വേറെ ഉണ്ടായിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.മാസിന്റെ കാര്യത്തിലാണെങ്കിൽ ഉടയോനിലെ ശൂരനാട് കുഞ്ഞ്, രാവണപ്രഭുവിലെ നീലകണ്ഠൻ/കാർത്തികേയൻ, ലൂസിഫറിലെ സ്റ്റിഫൻ, പുലിയൂരിലെ മുരുകൻ ഒക്കെയാണ് എന്റെ പേഴ്‌സണൽ ഫേവറിറ്റ്‌സ്.

സ്ഫടികവും നരസിംഹവുമൊക്കെ കിലുക്കത്തിനും ചിത്രത്തിനും ഒപ്പം മുട്ടി നിൽക്കാവുന്ന അസ്സല് കോമഡി അനുഭവങ്ങളാണ് അന്നും ഇന്നും.രണ്ടായിരത്തിന് ശേഷം കയറൂരിപ്പോയ മോഹൻലാലിനെ തങ്ങൾ വരച്ച സ്കെച്ചിൽ നിർത്തി പഴയകാലത്തിന്റെ ഗ്രെയ്‌സ് വീണ്ടു നൽകിയ മൂന്നു സംവിധായകർ പൃഥ്വിരാജ് ( ലൂസിഫർ) കോർട്ടാല ശിവ (ജനതാ ഗ്യാരേജ്) ബി. ഉണ്ണികൃഷ്ണൻ (വില്ലൻ) എന്നിവരാണ്.വിജയിൻറെയും ഉണ്ണിമുകുന്ദന്റെയും അച്ഛനാവാനും സൂര്യയുടെയും പുനീത് രാജ്കുമാറിന്റെയും സഹനടനാവാനും മടിയില്ലാത്ത ലാലേട്ടന്റെ attittude ഏത് നടനും മാതൃകയാണ്.

പക്ഷെ, അദ്ദേഹത്തെ മുകളിൽ പറഞ്ഞവരെ പോലെ കൃത്യമായും കർശനമായും സംവിധാനം ചെയ്യാൻ കഴിവുള്ളവരുടെ അഭാവം ഇനിയുള്ള കാലവും നമ്മളെക്കൊണ്ടു ഇട്ടിമാണിയും നീരാളിയും ബിഗ്ബ്രദറും സഹിപ്പിക്കും എന്നത് ഒരു വൻ ദുര്യോഗമാണ്.അറുപതാം പിറന്നാളിന് announce ചെയ്ത ദൃശ്യം-2വും അതിനുമുന്പേ ലിസ്റ്റിലുള്ള എമ്പുരാനും ഒക്കെ കോവിഡ് കഴിഞ്ഞുള്ള ബോക്സ്ഓഫീസിന്റെ ത്രസിപ്പിക്കുന്ന പ്രതീക്ഷകൾ ആണ്.അങ്ങേരുടെ എഴുപതാം വയസിലും ഇങ്ങനെയൊക്കെ ആദരിക്കപ്പെടാൻ ലോകവും മനുഷ്യരും ബാക്കിയുണ്ടാവട്ടെ.

Advertisements