കുരങ്ങു പരിണമിച്ച് മനുഷ്യനായി എന്നാണോ പരിണാമസിദ്ധാന്തം പറയുന്നത് ?

560

By professor Ravichandran
പരിണാമം എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ചാൾസ് ഡാർവിനെ ആണല്ലോ. പക്ഷെ ഇന്ന് ഡാർവിൻ തിരിച്ചുവന്ന് പരിണാമസിദ്ധാന്തത്തെക്കുറിച്ചു ഒരു പരീക്ഷ എഴുതിയാൽ അദേഹത്തിനു പരീക്ഷയിൽ പകുതി മാർക്ക് കിട്ടിയാലായി. കാരണം, പരിണാമ സിദ്ധാന്തം ഇന്ന് അത്രയധികം വളർന്നു കഴിഞ്ഞു. ഇന്ന് ശാസ്ത്രജ്ഞർ അതിന്റെ തെളിവുകൾ അന്വേഷിക്കാറില്ല. കാരണം അത് പണ്ടേ തെളിഞ്ഞ കാര്യമാണ്.

റിച്ചാർഡ് ഡോക്കിൻസ് പറഞ്ഞതു പോലെ, പരിണാമത്തിന്റെ തെളിവുകൾ അന്വേഷിക്കുന്നത് ഒരു കുറ്റകൃത്യം നടന്നതിനു ശേഷം അതിനു തെളിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് പോലെയാണ്. ഡാർവിന്റെ കാലത്ത് ഫോസ്സിലുകൾ ആയിരുന്നു പ്രധാന തെളിവുകളെങ്കിൽ, ഇന്ന് ജനിതകശാസ്ത്രവും, ലാബിലെ പരീക്ഷണങ്ങളും പരിണാമം പൂർണ്ണമായും തെളിയിച്ചുകഴിഞ്ഞു. കൂടാതെ പരിണാമത്തിന്റെ അവശിഷ്ടങ്ങൾ ഓരോ ജീവിയുടെയും ശരീരത്തിൽ മുഴുവനും ചിതറിക്കിടപ്പുണ്ട്.

തൽക്കാലം, പരിണാമം എന്താണെന്ന് നോക്കാം:

പരിണാമം വിശദമാക്കാൻ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഉറുമ്പുകളെ അല്ലെങ്കിൽ കീടങ്ങളെ കൊല്ലാനായി DDT ഒരു സ്ഥലത്ത് ദീർഘകാലം ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. കുറെ കാലം കഴിയുമ്പോൾ DDT പ്രയോഗിച്ചാലും ഈ ഉറുമ്പുകൾ അധികം ചാവില്ല. കീടനാശിനിയിലും മായമോ? നാട്ടുനടപ്പ് അനുസരിച്ച്, ഇതായിരിക്കും നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത്. ഇത് മായവുമല്ല മന്ത്രവുമല്ല, പരിണാമമാണ്. കീടനാശിനിയെ പ്രതിരോധിക്കാൻ ഉള്ള കഴിവ് ഉറുമ്പുകളിൽ പരിണമിച്ചുവന്നിരിക്കുന്നു.

No photo description available.

ചിത്രം കടപ്പാട്: ഗെറ്റി ഇമേജസ്

നിങ്ങൾ ആദ്യം കീടനാശിനി പ്രയോഗിക്കുമ്പോൾ മിക്കവാറും എല്ലാ ഉറുമ്പുകളും ചാകുന്നു. പക്ഷെ എല്ലാം ചാകുന്നില്ല. കാരണം കീടനാശിനിയെ കുറച്ചെങ്കിലും പ്രതിരോധിക്കാൻ കഴിവുള്ള ചില ഉറുമ്പുകൾ അവിടെ ഉണ്ടായിരുന്നു. ഇതിനു കാരണം അവയുടെ ജീനുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ട് എന്നതാണ്. പ്രതിരോധശേഷിയുള്ള ആ ഉറുമ്പുകൾക്ക് കൂടുതൽ വിഭവങ്ങൾ ലഭിക്കുന്നതിനാൽ അവയുടെ എണ്ണം കാലക്രമേണ കൂടുകയും ചെയ്യും. അങ്ങനെ കുറെ കാലം കഴിയുമ്പോൾ കീടനാശിനിയെ നന്നായി പ്രതിരോധിക്കാൻ കഴിവുള്ള ഉറുമ്പുകൾ മാത്രം അവശേഷിക്കുന്നു. ഇവിടെ പരിണാമത്തിന്റെ വേഗം ഉറുമ്പുകൾ എത്ര പെട്ടന്ന് പുതിയ തലമുറകളെ സൃഷ്ടിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും.

മുകളിലെ ഉദാഹരണത്തിൽ നാം മനസിലാക്കേണ്ടത്, അവിടെ ഏതെങ്കിലും ഒരു ഉറുമ്പിന് കീടനാശിനിയെ പ്രതിരോധിക്കാനുള്ള കഴിവ് അതിന്റെ ജീവിതകാലത്ത് കൈവന്നു എന്നല്ല. ആദ്യമേ ഈ ഗുണം ഉണ്ടായിരുന്നവയ്ക്ക് കൂടുതൽ കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള അവസരം ലഭിച്ചു എന്നതാണ്. ഏതെങ്കിലും ഒരു ഉറുമ്പിനോട് നിങ്ങൾ പരിണാമത്തെക്കുറിച്ച് ചോദിച്ചാൽ തനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും, അതുകൊണ്ട് പരിണാമം സത്യമല്ലെന്നും അതു പറയും. പക്ഷെ നമ്മൾ അവയുടെ അനേകം തലമുറകൾ നോക്കുമ്പോൾ, കാലക്രമേണ ആ ഭാഗത്ത് ജീവിക്കുന്ന ഉറുമ്പ് എന്ന വർഗ്ഗത്തിന് DDT യെ പ്രതിരോധിക്കാനുള്ള കഴിവ് ലഭിച്ചു എന്ന് മനസിലാക്കാം. അതായത് അവ പരിണാമത്തിന് വിധേയമായി, പക്ഷേ ഉറുമ്പുകൾ ഇതൊന്നും അറിയുന്നില്ല!

ഇവിടെ ഞാൻ പറഞ്ഞ ഉദാഹരണത്തിൽ ഒരു ജീവിക്ക് പുതിയ ഗുണം ലഭിക്കുകയാണ്. പക്ഷെ എങ്ങനെയാണ് പുതിയ ജീവിവർഗ്ഗങ്ങൾ ഉണ്ടാകുന്നത്? പരിണാമത്തിലൂടെ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ ദീർഘകാലം അടിഞ്ഞുകൂടുമ്പോൾ, ഒരു വർഗ്ഗം മറ്റൊന്നാകാം. പക്ഷെ ഇതിനു മറ്റൊരു നിബന്ധന കൂടിയുണ്ട്. ഒരു വർഗ്ഗത്തിലെ തന്നെ കുറെ ജീവികൾ രണ്ടു വിഭാഗങ്ങളായി വേർപിരിയണം. അവ തമ്മിൽ പ്രതുൽപ്പാദനപരമായ വിടവ് ഉണ്ടാകണം.

Image may contain: 1 person, outdoorചിമ്പാൻസി. ചിത്രം കടപ്പാട്:
നാഷണൽ ജ്യോഗ്രഫിക്

ഇതിനു കാരണം, ഒരു വിഭാഗം ജീവികൾ ദൂരെയുള്ള പ്രദേശത്തേക്ക് പാലായനം ചെയ്തതാവാം, ഭൂപ്രകൃതിയിൽ വന്ന മാറ്റങ്ങളാകാം, അതുമല്ലെങ്കിൽ ജനിതകപരമായ കാര്യങ്ങളാകാം. അതുകൊണ്ട് ഇരുവിഭാഗം ജീവികൾ തമ്മിൽ ഇണചേരാൻ സാധിക്കുന്നില്ല. അവയുടെ ജീനുകൾ കൂടി കലരില്ല. ഇനി രണ്ടു വിഭാഗങ്ങൾക്കും വളരെ വ്യത്യസ്തമായ ആവാസവ്യവസ്ഥ ആണെങ്കിൽ മാത്രം അവ പരിണമിച്ച് സ്വഭാവഗുണങ്ങളിലും, ആകൃതിയിലും എല്ലാം മാറ്റമുള്ളവയായി തീരും. കുറെ കാലം കഴിഞ്ഞാൽ, ഉദാഹരണത്തിന് ഒരു ലക്ഷം വർഷം കഴിഞ്ഞാൽ, അവ അടുത്തുവന്നാൽ പോലും പരസ്പരം ഇണചേരാൻ കഴിയില്ല. അങ്ങനെ ഇവിടെ പുതിയൊരു വർഗ്ഗം ഉണ്ടാകുകയാണ്.

Image may contain: 1 person

ബോണോബോ കുരങ്ങൻമാർ.
ചിത്രം കടപ്പാട്: ബിബിസി

ഉദാഹരണത്തിന് ചിമ്പാൻസിയിൽ ബോണോബോ എന്ന പുതിയ ഉപവർഗ്ഗം ഉണ്ടായത്, കോംഗോ നദിയുടെ അക്കരെയും ഇക്കരെയും പെട്ടുപോയ ചിമ്പാൻസികൾക്ക് വളരെ വ്യത്യസ്തമായ ആവാസവ്യവസ്ഥ ഉണ്ടായതിനാൽ ആയിരുന്നു. ഗോറില്ലകളുമായി ഭക്ഷണത്തിനു വേണ്ടി മത്സരിക്കെണ്ടിവന്ന ചിമ്പാൻസികൾ ഇന്നത്തെ അക്രമവാസനയുള്ള ചിമ്പാൻസികളായി പരിണമിച്ചു. എന്നാൽ മറുകരെ, ഭക്ഷണം ധാരാളമായി ഉണ്ടായിരുന്ന ചിമ്പാൻസികൾ, സമാധാനപ്രിയരും, പെണ്ണുങ്ങൾക്ക് മേൽകൈയുള്ള സാമൂഹ്യവ്യവസ്ഥ ഉള്ളവരുമായി മാറി. ഇവരാണ് ബോണോബോ ചിമ്പാൻസികൾ. ഈ മാറ്റങ്ങൾ വരാൻ ലക്ഷക്കണക്കിന് വർഷമെടുത്തു. ഇങ്ങനെ പ്രത്യുൽപ്പാദനം നടത്തി ജീനുകൾ കൂട്ടിക്കലർത്താൻ കഴിയാത്ത വിടവുകൾ വരുമ്പോഴാണ് വിവിധങ്ങളായ പുതിയ ജീവി വർഗ്ഗങ്ങൾ ഉണ്ടാകുന്നത്.

അപ്പോൾ ചിമ്പാൻസി പരിണമിച്ചല്ലേ ബോണോബോ ഉണ്ടായത്? അതെ. പക്ഷെ ഇപ്പോഴുള്ള ചിമ്പാൻസി അല്ല. പത്തുലക്ഷം വർഷങ്ങൾ മുൻപുള്ള ചിമ്പാൻസി പരിണമിച്ചാണ്. ഇപ്പോഴുള്ള ചിമ്പാൻസിക്കും ബോണോബോക്കും ഒരു പൊതു പൂർവ്വികൻ ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി. അവ കാഴ്ചയിൽ മിക്കവാറും ഇന്നത്തെ ചിമ്പാൻസികളെ പോലെ ആയിരുന്നിരിക്കും. പക്ഷെ മനുഷ്യന്റെ കണ്ണുകൾ അല്ല ഒരു ജീവിയെ നിർവ്വചിക്കുന്നത്, ആ ജീവികളുടെ ജീനുകളാണ്.

കുരങ്ങു പരിണമിച്ച് മനുഷ്യനാകും എന്നാണോ പരിണാമസിദ്ധാന്തം പറയുന്നത്?

മുകളിലത്തെ ഉദാഹരണം ശരിക്കും മനസിലായെങ്കിൽ ഇതിനുത്തരവും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. പരിണാമ ചരിത്രത്തെ ഒരു മരമായി എടുക്കാം. മരത്തിന്റെ ഉയരം കാലഘട്ടമാണ്. ഇന്ന് ജീവിക്കുന്ന എല്ലാ ജീവികളും പരിണാമ മരത്തിന്റെ ശിഖരങ്ങളുടെ തുമ്പിൽ നിൽക്കുന്നവയാണ്. ഇന്നുള്ള ഒരു ജീവിയിൽ നിന്നല്ല മറ്റൊന്ന് ഉണ്ടായത്. രണ്ട് ശാഖകൾ കൂട്ടിമുട്ടുന്ന ഭാഗത്ത് ഉണ്ടായിരുന്ന ജീവികളാണ് പൊതുപൂർവ്വികർ. എല്ലാ ജീവിവർഗ്ഗത്തിനും പൊതുപൂർവ്വികർ ഉണ്ട്. മരത്തിന്റെ രണ്ട് ശാഖകൾ വളരെ അകലെ ഉള്ളവയാണെങ്കിൽ അത് കൂട്ടി മുട്ടുന്ന പോയന്റ് മരത്തിന്റെ വളരെ താഴെ ആയിരിക്കും. എന്നുവച്ചാൽ ഇന്ന് സാമ്യത കുറഞ്ഞ രണ്ടു ജീവികൾ തമ്മിലുള്ള പൊതുപൂർവ്വികർ ജീവിച്ചിരുന്നത് വളരെ കാലം മുൻപേ ആയിരിക്കും. അപ്പോൾ പൊതുപൂർവ്വികർ എവിടെ പോയി? അവർ പരിണമിച്ചു പോയി!

പരിണാമം തലമുറകളായി വളരെ പതുക്കെയാണ് സംഭവിക്കുന്നതെന്ന് ചിലർ സമ്മതിക്കും. പക്ഷെ അവർ ചോദിക്കുന്നത് വളരെ കാലമായി പരിണമിക്കുമ്പോൾ ഇന്ന് ഓരോ പുതിയ ജീവികൾ ഉണ്ടാകുന്നത് നാം കാണേണ്ടേ? പരിണാമത്തിന്റെ അവസാനമായി, ഓരോ ദിവസവും ഓരോ ജീവി. ഇതാണ് അവരുടെ ആവശ്യം. ഇവർ കരുതുന്നത്, പരിണാമം ബ്രെഡ് കമ്പനിയിൽ ബ്രെഡ് ഉണ്ടാക്കുന്നത് പോലെയാണ് എന്നാണ്. കുഴയ്ക്കാനും, പുളിപ്പിക്കാനും ഒക്കെ കുറെ സമയം എടുക്കും. പക്ഷെ അവസാനം ടപ്പ് എന്ന് ഒരു ബ്രെഡ് പാക്കറ്റ് വന്നു ചാടും! ഇതുപോലെയല്ല പരിണാമം!

വീണ്ടും ഒരു ഉദാഹരണം പറയാം. A എന്ന വർഗ്ഗം B ആയി മാറുന്നു എന്നിരിക്കട്ടെ. അതിനെടുക്കുന്ന കാലത്തെ നിങ്ങളുടെ ജീവിതദൈർഘ്യമായി ചുരുക്കി താരതമ്യം ചെയ്യാം. നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും ആ ജീവികളുടെ ഓരോ തലമുറക്ക് തുല്യമാണ്. നിങ്ങൾ ഇന്നും നാളെയും നിങ്ങളുടെ ഓരോ ഫോട്ടോ എടുക്കുക. അവ തമ്മിൽ പ്രായക്കൂടുതൽ കാണാൻ കഴിയുമോ? തീർച്ചയായും ഇല്ല. ഇതിനർത്ഥം നിങ്ങള്ക്ക് പ്രായമാകുന്നില്ല എന്നാണോ? നിങ്ങൾ ഒരു ദിവസം കൂടുതൽ വയസായി. അതിനനുസരിച്ചുള്ള മാറ്റങ്ങൾ നിങ്ങളുടെ ശരീരത്തിൽ സംഭവിച്ചു കഴിഞ്ഞു. പക്ഷെ അവ കാണുവാനോ, അളക്കുവാനോ പാകത്തിന് വലുതല്ല. ഇനി നിങ്ങൾ ഇന്നത്തെ ഫോട്ടോ ഒരു ഇരുപത് വർഷം മുൻപുള്ള നിങ്ങളുടെ ഫോട്ടോയുമായി താരതമ്യം ചെയ്തു നോക്കുക. ഇപ്പോൾ മാറ്റങ്ങൾ കാണുന്നുണ്ടോ?

ഇങ്ങനെയാണ് പരിണാമത്തിലെ മാറ്റങ്ങളും. ഒരു വർഗ്ഗത്തിൽ സംഭവിച്ച വ്യത്യാസം കാണണമെങ്കിൽ നിങ്ങൾ കുറെ തലമുറകൾ പിന്നിലുള്ളവയുമായി താരതമ്യം ചെയ്യണം. ഒരു ദിവസം പെട്ടന്ന് നിങ്ങൾ വയസാകുകയല്ല. ഇത് തുടർച്ചയായി മെല്ലെ സംഭവിക്കുന്നതാണ്. അത് ഇന്നും ഇപ്പോഴും തുടർന്നു പോകുന്നു. ദിവസങ്ങൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ വയസാകുന്നത് നിങ്ങൾക്ക് കാണുവാൻ കഴിയാത്തത് പോലെ, ഏതാനും തലമുറകൾ കൊണ്ടുള്ള പരിണാമം നമുക്ക് കാണാനോ, അളക്കാനോ കഴിയില്ല.

ചുരുക്കത്തിൽ, പരിണാമത്തെക്കുറിച്ചു ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട് –

1. ഒരു ജീവിയുടെ എല്ലാ ഗുണങ്ങളും നിർണ്ണയിക്കുന്നത് അതിന്റെ ജീനുകളാണ്. ജീനുകളിൽ മാറ്റങ്ങൾ വരുമ്പോൾ ജീവിയിലും മാറ്റങ്ങൾ വരും. ജീനുകളിൽ ആകസ്മികമായി, ക്രമമില്ലാതെ മാറ്റങ്ങൾ വരാം. ഇതാണ് മ്യൂട്ടേഷൻ. ഈ മാറ്റങ്ങൾ ജീവിക്ക് ഗുണപ്രദം ആണെങ്കിൽ ആ ജീവികൾ കൂടുതൽ അതിജീവിക്കും. എന്നുവച്ചാൽ, ആ മാറ്റങ്ങൾക്കു കാരണമായ ജീനുകൾ അതിജീവിക്കും.

2. അതിജീവിച്ച് കൂടുതൽ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവരാണ് അർഹതയുള്ളവർ. അർഹതയുള്ളവരെ ആരും തിരെഞ്ഞെടുക്കുന്നില്ല. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതുകൊണ്ടാണ് natural selection എന്ന് വിളിക്കുന്നത്. ഇവിടെ natural എന്നതിന് nature (പ്രകൃതി) എന്നല്ല അർഥം. കൃത്യമായി പറഞ്ഞാൽ പ്രകൃതി നിർദ്ധാരണം എന്ന പ്രയോഗം തന്നെ തെറ്റാണ്.

3.സ്വഭാവികമായ തിരഞ്ഞെടുപ്പു കൂടാതെയും പരിണാമം സംഭവിക്കാം. ഇതാണ് Genetic Drift. പക്ഷെ ഇത് വളരെ ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ജീവികളിൽ സംഭവിക്കുന്നതാണ്. നിങ്ങൾ ഒരു നാണയം പത്ത് പ്രാവശ്യം ടോസ് ചെയ്താൽ തലയും വാലും വരാനുള്ള സാധ്യത 50 ശതിമാനം വീതം ആയിരിക്കില്ല. ചിലപ്പോൾ ഭാഗ്യത്തിന് എട്ടു പ്രാവശ്യവും തല വരാം. പക്ഷെ ആയിരം പ്രാവശ്യം (അനേകം തവണ) ചെയ്താൽ സാധ്യത 50 ശതമാനം തന്നെ ആകുന്നതു കാണാം. അതുപോലെ ജീവികളുടെ എണ്ണം കുറവായതിനാൽ ചില ജീനുകൾ അപ്രത്യക്ഷമാകുകയും (ഒരു ജീവി മരിച്ചുപോയാൽ) അതുപോലെ ഏതെങ്കിലും ജീൻ ഭാഗ്യത്തിന് കൂടുതലായി പടരുകയും ചെയ്യുന്നു. ഇവിടെ അതിജീവനത്തെ സഹായിക്കാത്ത ജീനുകളും പടരാം. ഉദാഹരണത്തിന് ഒറ്റപ്പെട്ട് ജീവിക്കുന്ന മനുഷ്യ വിഭാഗങ്ങളിൽ ജനിതക രോഗങ്ങൾ ഇങ്ങനെ പടരാം.

4.പരിണാമം ഒരു ജീവിയിൽ ഉണ്ടാകുന്ന മാറ്റമല്ല. മറിച്ച് ഒരു ജീവിവർഗ്ഗത്തിൽ അനേകം തലമുറകൾ കൊണ്ട് ഉണ്ടാകുന്ന മാറ്റമാണ്. പല പരിണാമ വിരുദ്ധരും ആദ്യം മനസിലാക്കേണ്ടത് ഇക്കാര്യമാണ്. ഒരു വർഗ്ഗത്തിൽ ഗുണങ്ങളുള്ള ജീനുകൾ (ജീവികൾ) പടരുന്ന പ്രക്രിയയാണ് പരിണാമം.

5.മനുഷ്യന്റെ കണ്ണുകൾ അല്ല പരിണാമം അളക്കുന്ന ഉപകരണം. പരിണമിച്ച് ഉണ്ടായ മാറ്റങ്ങൾ എപ്പോഴും പുറമേ കാണാൻ സാധിക്കണമെന്നില്ല. എന്നാൽ ജീനുകൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും.

6.പരിണാമം സംഭവിച്ചാൽ എപ്പോഴും ഒരു ജീവി വർഗ്ഗം മറ്റൊന്നാകണമെന്നില്ല. അതൊക്കെ നിർണ്ണയിക്കുന്നത് ആവാസവ്യവസ്ഥയാണ്.

7.ആവാസവ്യവസ്ഥ എന്നാൽ ഒരു ജീവി കഴിയുന്ന സ്ഥലം, കാലാവസ്ഥ, ആ ജീവികളുടെ സ്വഭാവ ഗുണങ്ങൾ, മറ്റു ജീവികളുമായുള്ള ബന്ധം ഇങ്ങനെ അനേക കാര്യങ്ങൾ ഉൾപ്പെട്ടതാണ്. ഒരേ സ്ഥലത്ത് ജീവിക്കുന്ന രണ്ടു ജീവിവർഗ്ഗങ്ങൾ രണ്ടു വ്യത്യസ്ത ആവാസവ്യവസ്ഥയിലാകാം ജീവിക്കുന്നത്.

8.പരിണാമത്തിനു പ്രത്യേക ദിശയോ മുൻവിധിയോ ഇല്ല. ആവാസവ്യവസ്ഥയിലെ മാറ്റങ്ങളാണ് എല്ലാം തീരുമാനിക്കുക. കുരങ്ങ് മനുഷ്യനാകുമോ എന്ന് ചോദിക്കുന്നതിനു തുല്യം തന്നെയാണ് കുരങ്ങ് പൂച്ചയാകുമോ എന്ന് ചോദിക്കുന്നത്!

9.പരിണാമത്തിനു അവസാനം ഇല്ല. നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് വയസായിക്കൊണ്ടേയിരിക്കും. അതുപോലെ ഒരു വർഗ്ഗം വംശനാശം വന്നു പോകാത്തിടത്തോളം കാലം അവയിൽ എന്തെങ്കിലുമൊക്കെ പരിണാമം സംഭവിക്കും.

പരിണാമം ഇങ്ങനെയാണ്. അപ്പോൾ കുരങ്ങന്മാർ നമ്മുടെ ആരാണ്? നിങ്ങളുടെ ചുറ്റുമുള്ള കുരങ്ങുകൾ നിങ്ങളുടെ പൂർവ്വികർ അല്ല. അവർ നിങ്ങളുടെ അകന്ന ബന്ധത്തിലുള്ള സഹോദരീ സഹോദരന്മാർ ആണ്.

Previous articleപേ വിഷബാധ – പ്രതിരോധം എങ്ങനെ ?
Next article“നന്ദിയില്ലാത്ത നായ”
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.