നിയമവാഴ്ചയുടെ പരാജയമാണ് പൊലീസ് വെടിവയ്പ്പിലൂടെ നാം ആഘോഷിക്കുന്നത്

133

Sebastian Christopher Raja Sodaram

നിയമവാഴ്ചയുടെ പരാജയമാണ് പൊലീസ് വെടിവയ്പ്പിലൂടെ നാം ആഘോഷിക്കുന്നത്. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കത്തിച്ചു കളയുക എന്നത് അതിക്രൂരം ആണെന്നതിൽ സംശയമേയില്ല. പക്ഷേ, പൊലീസ് തീർപ്പുകൽപ്പിക്കുന്ന സംവിധാനം നീതിന്യായ വ്യവസ്ഥ അല്ല. ഗോത്രനീതിപോലും അല്ല. ഭീകരത ആണത്. ഭീകരവാദത്തെ പരിപോഷിപ്പിക്കൽ ആണത്. ഹൈദരാബാദ് പൊലീസിൻറെ ചെയ്തികൾ കേട്ട് ഐസിസ് ഭീകരർ നാണിച്ചു സ്വയം വെടിവച്ചു മരിക്കും! പ്രാകൃത ശിക്ഷാനിയമം പിന്തുടരുന്ന രാജ്യങ്ങൾപോലും പ്രതികൾക്കു പറയാനുള്ളതു കേട്ടിട്ടേ ശിക്ഷ വിധിക്കാറുള്ളൂ.

കൂട്ടമാനഭംഗങ്ങളും കൊലപാതകങ്ങളും അരങ്ങേറിയ ഗുജറാത്ത് കലാപത്തിലെ പ്രതികളെ ഇവിടെ ഒരു പൊലീസുകാരനും വെടിവച്ചു കൊന്നില്ല. സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ സൂത്രധാരൻമാരെയും വെടിവച്ചു കൊന്നില്ല. പി. ജെ കുര്യനെയും കുഞ്ഞാലിക്കുട്ടിയെയും റോബിനെയും ദിലീപിനെയും ഫ്രാങ്കോയെയും ഒരു പൊലീസുകാരനും വെടിവച്ചു കൊന്നില്ല. നിയമം അത് അനുശാസിക്കുന്നില്ല. കസ്റ്റഡി മരണങ്ങളെ ഒരുകാലത്തും നമ്മൾ ന്യായീകരിച്ചിട്ടുമില്ല. ചോദിക്കാനും പറയാനും ചെലവാക്കാനും ആളില്ലാത്തതുകൊണ്ടുമാത്രം ഗോവിന്ദച്ചാമി ജാമ്യമില്ലാതെ ജയിലിൽ കിടക്കവേ ശിക്ഷിക്കപ്പെട്ടു. പരിഷ്‌കൃത ലോകം മുഴുവൻ വധശിക്ഷയ്‌ക്കെതിരെ നിലപാടെടുക്കുന്ന കാലത്ത് നാം വധശിക്ഷയ്ക്കുവേണ്ടി ഇപ്പോഴും മുറവിളി കൂട്ടുന്നു.

വിചാരണയിൽ നേരിടുന്ന കാലവിളംബമാണ് പലരെയും ഈ പൊലീസ് നടപടി ന്യായീകരിക്കാൻ പ്രേരിപ്പിക്കുന്നത്. വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെങ്കിൽ അഴിമതിരഹിത പൊലീസ് സംവിധാനവും മണ്ണും ചുണ്ണാമ്പും തിരിച്ചറിയുന്ന പ്രോസിക്യൂട്ടർമാരും നിയമത്തെ തോന്നുംപോലെ വ്യാഖ്യാനിക്കാത്ത ജഡ്ജിമാരും വേണം. സ്പഷ്ടതയും തെളിമയും ഉള്ള നിയമം നിർമിക്കാൻ ബോധമുള്ള ഭരണകർത്താക്കൾ വേണം. നീതിന്യായ വ്യവസ്ഥ പരിഷ്കരിച്ചുകൊണ്ടേയിരിക്കണം.

പാർലമെൻറ്. നിയമസഭ തുടങ്ങിയ നിയമനിര്‍മ്മാണസഭ(Legislature) കളാണ് ചർച്ചകളിലൂടെ നിയമം സൃഷ്ടിക്കുന്നത്. അതിൻറെ പരിപാലനമാണ് പൊലീസ് ഉൾപ്പെടുന്ന നിര്‍വ്വാഹകർ(Executive) ചെയ്യേണ്ടത്. ഭരണഘടനയ്ക്കും മറ്റുനിയമങ്ങൾക്കും ഉള്ളിൽ നിന്ന് നീതിന്യായക്കോടതി(Judiciary)കള്‍ ആവണം വിധി കൽപ്പിക്കേണ്ടത്. അതാണ് നമ്മുടെ ഭരണ വ്യവസ്ഥ. അതുകൊണ്ടാണ് യഥാർത്ഥ ഏറ്റുമുട്ടലുകൾ പോലും കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നത്. ആ രീതിയിൽ പൊലീസ് പൊതുജനത്തിൻറെ കാവൽക്കാരാണ്. നിർഭാഗ്യവശാൽ അധികാരം കയ്യാളുന്നവരുടെയും സമ്പത്ത് കയ്യടക്കി വച്ചിരിക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ഇവിടെ പ്രാധാന്യം. കുറ്റവാളികൾ ഉണ്ടാകാതിരിക്കാനാവണം പൊലീസ് പ്രവർത്തിക്കേണ്ടത്. കുറ്റവാളികളെ കൊന്നുതള്ളി ജനവികാരത്തെ അനുകൂലമാക്കി മുഖം രക്ഷിക്കുന്നത് അഭികാമ്യമല്ല. ഇപ്പോൾ കൊല്ലപ്പെട്ട പ്രതികൾ ക്വട്ടേഷൻ കുറ്റവാളികൾ അല്ലെന്ന് ആർക്കറിയാം! അധികാരകേന്ദ്രങ്ങളിൽ സ്വാധീനമുള്ള ആരോ അതിവിദഗ്ദ്ധമായി രക്ഷപെട്ടോ! കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടർക്ക് ശത്രുക്കൾ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടതല്ലേ? “ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്ന സന്ദേശമാണ് പരാജയപ്പെടുന്നത്.

പല പല ഗോത്രങ്ങളായി പിന്നോട്ടു പരിണമിച്ച് ആയുധം കയ്യിലേന്തി പരസ്പരം കൊന്നുതീരാനുള്ളവരല്ല നമ്മൾ. ആൾക്കൂട്ട വിചാരണയും ആൾക്കൂട്ട കൊലപാതകവും തെറ്റാണെന്ന് ഇനി നമ്മൾ എങ്ങനെ പറയും! ജനാധിപത്യത്തെ പരിഷ്കരിച്ചെടുക്കാനാണ് നാം ശ്രമിക്കേണ്ടത്. വിചാരമില്ലാതെ വികാരത്തിനുമാത്രം അടിപ്പെട്ടു നമ്മൾ നിരാലംബതയുടെ കൂടാരങ്ങളിൽ അകപ്പെട്ടിരിക്കുന്നു. മതവും ജാതിയും കക്ഷിരാഷ്ട്രീയവും പ്രാദേശികതയും ഒക്കെയാണ് ആ കൂടാരങ്ങൾ. നാം നമ്മെത്തന്നെ പഴിക്കുക. അല്ലെങ്കിൽ, കൂടാരങ്ങൾ ഉപേക്ഷിക്കുക.അടിമപ്പെടാതിരിക്കുക. ശബ്ദമുയർത്തുക. നീതിയുള്ള രാജ്യം പടുത്തുയർത്തുക.