ഇത്രയൊക്കെ വിലയുണ്ടോ കോവിഡ്-19 ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ഡേറ്റയ്ക്ക്

133

Sebastian Christopher Raja Sodaram

ഇത്രയൊക്കെ വിലയുണ്ടോ മലയാളികളായ കോവിഡ്-19 ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ഡേറ്റ(data)യ്ക്ക്! തള്ളിമറിക്കുന്ന അത്രയും വിലയൊന്നും ഇല്ല എന്നേ പറയാനുള്ളൂ. പക്ഷേ, ആരെങ്കിലും മനഃപൂർവം ഒരുമ്പെട്ടാൽ ഈ ഡേറ്റ വിറ്റു കാശാക്കാം. പ്രത്യേക ഗണത്തിലുള്ള വ്യക്തികളുടെ നിലവിൽ ഉപയോഗത്തിലുള്ള ഒരായിരം മൊബൈൽ ഫോൺ നമ്പറുകൾ കിട്ടിയാൽ അതു വേണമെങ്കിൽ വിറ്റുകാശാക്കാവുന്ന കാലമാണിത്. പക്ഷേ, കേരളത്തിൽ കോവിഡ്-19 ബാധിതർ മരിച്ചുവീഴാത്തതിലും കേരളം രോഗത്തെ പ്രതിരോധിക്കുന്നതിലും അസ്വസ്ഥത തോന്നുമ്പോഴുള്ള ചൊറിച്ചിൽ മാറ്റാൻ പറ്റിയ വിഷയം അല്ല.

ഞാൻ ഒരുദാഹരണം പറയാം. ഒരു പ്രമുഖ ദേശസാൽകൃത ബാങ്കിൽ എനിക്ക് ഒരു ഡിമാറ്റ് അക്കൗണ്ട് ഉണ്ട്. അവിടെ ഞാൻ കൊടുത്ത ഇമെയിൽ അക്കൗണ്ട്, മൊബൈൽ ഫോൺ നമ്പർ എന്നിവ ഉപയോഗിച്ചു സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസികൾ എന്നെ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. ഞാൻ ബാങ്കിനെ വിശ്വസിച്ച് ഏൽപ്പിച്ച എൻറെ ഡേറ്റ അതിനകത്തുനിന്ന് ആരോ അടിച്ചുമാറ്റി വിൽക്കുന്നു എന്നർത്ഥം. മാർക്കറ്റിംഗും പബ്ലിക് റിലേഷൻസ് ജോലിയും മറ്റും ചെയ്യുന്ന ആളുകൾക്ക് ഈ ഡേറ്റ കൊണ്ട് ഉപയോഗമുണ്ട്.

പ്രതിപക്ഷം എടുത്തിട്ടലക്കുന്ന sprinklr.com-ന് ഇപ്പോൾ പ്രാപ്യമായ ഡേറ്റ ഒരു ബിസിനസിനുള്ള നിക്ഷേപം ആണോ? അത് സമ്പാദിക്കാൻ വലിയൊരു തുക നമ്മുടെ IT ഡിപ്പാർട്ട്മെന്റിലെ ആർക്കെങ്കിലും കൊടുത്തുകാണുമോ? ഇല്ല എന്നാണ് എൻറെ നിഗമനം. കാരണം, ഇതിലും ബൃഹത്തായ ഡേറ്റ കേരളത്തിൽ നിന്ന് സമ്പാദിക്കാൻ ഇതിലും വളരെ ലളിതമായ സാങ്കേതിക മാർഗം ഇന്നുണ്ട്. sprinklr.com സൗജന്യ സേവനത്തിലൂടെ ലക്ഷ്യമിട്ടതിൽ ഒന്ന് പരസ്യമാണെങ്കിൽ അതു കിട്ടിക്കഴിഞ്ഞു. ദാ, ഇപ്പോൾ ഞാനും ആ സൈറ്റിൽ കയറിനോക്കി. സൗജന്യ സേവനം സ്വീകരിക്കുന്നതിൽ ഒരു സർക്കാർ വകുപ്പ് പുലർത്തേണ്ട മാർഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ അതു ചോദ്യം ചെയ്യാവുന്നതാണ്. സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിട്ടുവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതും ചോദ്യം ചെയ്യാം.

ഇമെയിലും സോഷ്യൽ മീഡിയയും ഓൺ ലൈൻ റീടെയിൽ ഷോപ്പുകളും നിരവധി വെബ് പോർട്ടലുകളും അതിലേറെ ആപ്പുകളും നിത്യവും ഉപയോഗിക്കുന്ന മലയാളികളുടെ ഒരുമാതിരി എല്ലാ ഡേറ്റയും മറ്റുള്ളവരുടെ കയ്യിൽ ‘ഭദ്ര’മായി ഇരിപ്പുണ്ട്. അമേരിക്ക മുതൽ ബാക്ക് ഓഫിസുകൾ പ്രവർത്തിക്കുന്ന രാജ്യങ്ങൾ വരെ സെർവറുകളും അവ കണ്ടെടുക്കാവുന്ന ടെർമിനലുകളും വിന്യസിച്ചിട്ടുണ്ട്. ആമസോണിനും ഫ്ളിപ് കാർട്ടിനും നമ്മുടെ വീടും സ്ഥലവും വരെ കാണാപ്പാഠമാണ്. ഡെലിവറി ടൈം ഓപ്ഷൻ വഴി നമ്മുടെ വീട്ടിൽ ആളുള്ള സമയം വരെ അവർ അറിഞ്ഞുവയ്ക്കുന്നുണ്ട്. നമ്മൾ ഗൂഗിളിൽ തിരയുന്നതെന്തും പിന്നാലേ പരസ്യം കാണിക്കാൻ അവർ സേവ് ചെയ്തു വയ്ക്കുന്നു. അതവർ ഫേസ് ബുക്ക് തുടങ്ങി ഏതാണ്ടെല്ലാ സോഷ്യൽ മീഡിയ സൈറ്റുകളുമായും പങ്കുവയ്ക്കുന്നുമുണ്ട്.

സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന പല ഗെയിമുകളും ആപ്പുകളും ദിവസവും അതൊക്കെ ഉപയോഗിക്കുന്നവരുടെ ഡേറ്റ ശേഖരിക്കുന്നുണ്ട്. തുനിഞ്ഞിറങ്ങിയാൽ ‘ലിങ്ക്ഡ് ഇൻ (linkedin.com) പോലെയുള്ള പ്രൊഫഷണൽ മീഡിയയിൽ നിന്ന് ഇതിനേക്കാൾ എത്രയോ അധികം വിവരം ശേഖരിക്കാമെന്നറിയാമോ? അമേരിക്കൻ കമ്പനികളാണ് ഈ ലോകത്തെ ഏറ്റവും കൂടുതൽ വെബ് സൈറ്റുകൾ ഹോസ്റ്റ് ചെയ്യുന്നത്. ചെന്നിത്തല നടത്തിയ കോവിഡ്-19 ഫോൺ നാടകത്തിൽ അദ്ദേഹത്തിന്റേതായി വിളിച്ചു പറഞ്ഞ ഇമെയിൽ ഐഡി പോലും അമേരിക്കയുടേതാണ്.

ഏറ്റവും വിപുലവും വിശദവുമായ സകാര്യ വിവര നിയമങ്ങൾ നിലവിലുള്ള അമേരിക്കയിൽ അവിടത്തെ കുത്തകകൾ ഇടയ്ക്കിടെ കേസിൽ പെടുകയും ഊരിപ്പോരുകയും പിന്നെയും ഡേറ്റ വിൽക്കുകയും ചെയ്യുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ ഒരു കാൾ സെൻററിൽ നിന്നുപോലും കുറേശ്ശെ ഡേറ്റ ചോരുന്നത് പരസ്യമായ രഹസ്യമാണ്. പൊട്ടൻ കളിക്കുന്ന ചെന്നിത്തലയെയും കൂട്ടരെയും നമ്മൾ വീണ്ടും വീണ്ടും പൊട്ടൻമാർ എന്ന് വിളിച്ചിട്ടു കാര്യമില്ല. കേരളം കടന്നുപോകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ അവരുടെ അനുയായികളെ ചേർത്തുനിർത്താൻ അവർക്കു വേറെ വഴിയില്ല.