എന്തുകൊണ്ട് ജെ.എൻ.യു തെരുവിലിറങ്ങുന്നു ?

235

സെബാസ്റ്റ്യൻ വട്ടമറ്റം 

എന്തുകൊണ്ട് J.N.U തെരുവിലിറങ്ങുന്നു?

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ തലച്ചോറായ ഒരു സർവകലാശാലയിലെ ആയിരക്കണക്കിനു വിദ്യാർത്ഥികൾ ആഴ് ചകളായി സമരമുഖത്താണ്. കേവലം 10 രൂപയിൽ നിന്ന് 300 രൂപയായി വർദ്ധിച്ച ഫിസിനെതിരെയാണ് ഈ ദേശവിരുദ്ധർ സമരം ചെയ്യുന്നത് എന്ന് ഇന്ത്യയിലെ പൊതുബോധത്തെ വിശ്വസിപ്പിച്ചെടുക്കുന്നതിലാണ്, ഇന്നത്തെ ഭരണകൂടത്തിന്റെയും അവർ നയിക്കുന്ന മാധ്യമങ്ങളുടെയും വിജയം. വസ്തുതകളെ വ്യഭിചരിച്ചുകൊണ്ടുള്ള ഇത്തരം പ്രചരണങ്ങളിൽ മനം മടുത്താണ് ഈ കുറിപ്പെഴുതുന്നത്.

J. N.U-വിലെ വിദ്യാർത്ഥി സമരം നിലനിൽപ്പിന്റെ സമരമാണ്.12,000 രൂപയിൽ താഴെ മാസവരുമാനമുള്ള നിർദ്ധന കുടുംബത്തിൽ നിന്നു വരുന്ന ഒരു വ്യക്തിക്കു പോലും, ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു എന്നതാണ് JNU- വിന്റെ പ്രത്യേകത. ഇന്ന് ഇവിടെ പഠിക്കുന്ന 40 ശതമാനം കുട്ടികളും 12,000 രൂപയിൽ താഴെ മാസവരുമാനമുള്ളവരാണ് (ബാക്കി 60 % -ൽ കൂടുതലും മധ്യവർഗ്ഗക്കാരാണ്).

നിലവിലെ JNU -വിന്റെ ഫീസ് ഘടന പ്രകാരം, ഭക്ഷണത്തിനും താമസത്തിനും ചേർത്ത് ഏകദേശം 3000 രൂപയാണ് ഒരു വിദ്യർത്ഥി മാസം അടയ്ക്കുന്നത്. ഇവിടെയാണ് പുതിയ ഹോസ്റ്റൽ കരടുരേഖയിലൂടെ ‘സർവ്വീസ് ചാർജ്’, ‘യൂട്ടിലിറ്റി ചാർജ്’ എന്നിങ്ങനെ പുതിയ രണ്ടു ഫീസുകൾ കൊണ്ടുവരുന്നത്. സർവ്വീസ് ചാർജിലൂടെ ഇത്രയും നാൾ ഭരണകൂടത്തിന്റെ ഫണ്ടിൽ നിന്നും കൊടുത്തിരുന്ന മെസ്സ് ജീവനക്കാരുടെ വേതനം വിദ്യാർത്ഥികളിൽ നിന്നും ഈടാക്കും. യൂട്ടിലിറ്റി ചാർജിലൂടെ കറന്റിനും വെള്ളത്തിനുമായി അധിക ചാർജും. ഇങ്ങനെ 3000 രൂപയായിരുന്ന പഴയ ഫീസ് 6000 രൂപയിലേക്ക് ഇരട്ടിയാവുന്നു.
തീർന്നില്ല, ഒരോ വർഷവും സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന രീതിയിൽ 4550 രൂപ ഈടാക്കിയിരുന്നത് 12,000 രൂപയാക്കി ഉയർത്തി.ഇതൊന്നും കൂടാതെ ഒരോ വർഷവും 10% ഫീസ് വർദ്ധനവ് മുന്നോട്ടുവയ്ക്കുന്ന ഒരു ക്ലോസും പുതിയ കരടിലുണ്ട്. 12,000 രൂപയിൽ താഴെ മാസവരുമാനമുള്ള ഒരു കുടുംബത്തിൽ നിന്നും വരുന്ന വിദ്യാർത്ഥിക്ക്, ആകെയുണ്ടായിരുന്ന JNU വും അന്യമാവുന്ന അവസ്ഥയാണിത്. അവർ പഠനം പാതിവഴിയിലുപേക്ഷിച്ച് തിരികെ പോവാതിരിക്കാനാണ് JNU ഇന്ന് തെരുവിലിറങ്ങുന്നത്.

ഫിസിനെ സംബന്ധിക്കുന്ന വസ്തുതകൾ മേൽ പറഞ്ഞതാണെന്നിരിക്കെ, ഈ സമരം കേവലം ഫീസ് വർദ്ധനവിനെതിരെ മാത്രമുള്ളതല്ല. ഇപ്പോഴത്തെ വൈസ് ചാൻസിലർ അധികാരമേറ്റതിനു ശേഷം, നടത്തി വരുന്ന ഒരുപാട് പരിഷ്കാരങ്ങളിൽ അവസാനത്തേത് മാത്രമാണ് ഈ ഫീസ് വർദ്ധനവ്. ലൈബ്രറി ഫണ്ട് വെട്ടികുറയ്ക്കുക ,JNU -വിലെ അന്തി ചർച്ചകളുടെ സിരാകേന്ദ്രമായ ദാബകൾ അടച്ചുപൂട്ടുക ,അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ദേയമായ ഇവിടുത്തെ ചുവർ ചിത്രങ്ങൾ ഏകപക്ഷീയമായി നീക്കം ചെയ്യുക, ചേദ്യം ചോദിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ തീവ്ര നടപടികളെടുക്കുക തുടങ്ങിയവ ചില ഉദ്ദാഹരണങ്ങൾ. ഈ സർവകലാശാലയിലെ ജോലിക്കാരും ,അധ്യാപകരും, വിദ്യാർത്ഥികളും ഒരേ പോലെ സമരം ചെയ്യണമെങ്കിൽ ഭരണകൂടത്തിന്റെ പരിഷ്കാരം ഏതു തലത്തിലാണ് എന്ന് ഊഹിക്കാമല്ലോ.

ഏറ്റവും ശ്രദ്ദേയമായ കാര്യം ഈ പരിഷ്കാരങ്ങളെല്ലാം യാതൊരു വിധ ചർച്ചയും കൂടാതെ ഏകപക്ഷീയമായി നടപ്പിലാക്കുന്നു എന്നതാണ്.ഒരു ചർച്ചയ്ക്കു വേണ്ടി രണ്ടാഴ്ചയോളം വിദ്യാർത്ഥികൾ കലാലയത്തിനുള്ളിൽ സമാധാനപരമായി സമരം നടത്തി. യാതൊരു വിധ പരിഗണനയും ലഭിച്ചില്ല എന്നു മാത്രമല്ല, വിദ്യർത്ഥികൾക്കു മുൻപിൽ പ്രത്യക്ഷപെടാത്ത v.c ,റിപബ്ലിക്ക് ടി.വി.യുടെ അന്തി ചർച്ചയിലും ട്വിറ്ററിലും മറ്റും നുണപ്രചരണങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. ഈ ഒരു സാഹചര്യത്തിലാണ് സമരം കലാലയത്തിനു പുറത്തേക്ക് നീങ്ങുന്നത്.ആ നീക്കം അഹങ്കാരത്തിൽ നിന്നല്ല മറിച്ച് നിസ്സഹായതയിൽ നിന്നാണ്. പoനം നിർത്തുക അലെങ്കിൽ സമരം ചെയ്യുക എന്നതാണ് അവസ്ഥ.

ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ 67 % സ്വകാര്യ മേഖലയിലാണ്. അവിടെയുള്ള പഠനം പണമില്ലാത്തവന് വിദൂര സ്വപ്നമാണ്. ശേഷിക്കുന്ന 33% സർക്കാർ സ്ഥാപനങ്ങൾ മാത്രമാണ്, വിദ്യാഭ്യാസത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന നിർദ്ധനന്റെ സാധ്യത. അവിടെക്കൂടെ ഫീസ് വർദ്ധിപ്പിച്ചാൽ, പണമില്ലാത്തവന് പഠനം അസാധ്യമാവും.

JNU -വിലെ ഫീസ് മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കുറവാണ്, ആ യതിനാൽ അതുവർദ്ധിപ്പിക്കണം എന്ന് പറയാതെ മറ്റുള്ള സ്ഥാപനങ്ങളിലെ ഫീസ് JNU -വിലെ പോലെ കുറച്ചു കൊണ്ടുവന്ന് വിദ്യാഭ്യാസത്തിന്റെ വാതിലുകൾ ഇന്ത്യയിലെ ബഹഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർക്കും തുറന്നുകൊടുക്കാനാണ് നമ്മൾ ആവശ്യപ്പെടേണ്ടത്. പ്രതിമ പണിയുന്നതിനും, കിട്ടാകടം എഴുതിതള്ളുന്നതിനും ,കോർപറേറ്റുകൾക്ക് നികുതി ഇളവു കൊടുക്കുന്നതിനും ചിലവഴിക്കുന്ന തുകയുടെ പകുതി മതി വിദ്യാഭ്യാസം എന്ന മൗലിക അവകാശം സാധാരണക്കാരനു ലഭ്യമാക്കാൻ .