*സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച*
Nikhil Godan Moorkkanoor (NGM)
അഞ്ച് എപ്പിസോഡുകളുമായി കരിക്ക് ടീമിന്റെ ആദിത്യൻ ചന്ദ്രശേഖർ തിരക്കഥ എഴുതി സിദ്ധാർഥ് കെ.ടി സംവിധാനം ചെയ്ത “സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച” എന്ന വെബ് സീരീസ് കണ്ടപ്പോൾ ഒരു കൊച്ചു ഗുഡ് ഫീൽ സിനിമ കണ്ട അനുഭവമാണ് ലഭിച്ചത്.ചെറിയ കോമഡി വീഡിയോകളുമായി ആരംഭിച്ച കരിക്ക് “തേരാപാര” എന്ന സീരീസിലുടെ കേരളക്കരയിൽ ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. കരിക്ക് സൃഷ്ടിച്ച വിപ്ലവത്തിന്റെ ഓളം പിടിച്ച് ഒരുപാട് വെബ് സീരീസ് ടീമുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നു. പക്ഷേ വരുന്ന ഓരോ ടീമുകൾക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയർന്ന് നിൽക്കുകയാണ് കരിക്ക്.
കോമഡി സീരീസുകളുമായി തുടക്കം കുറിച്ച അവർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളീ മനസ്സുകളിൽ സ്ഥാനം പിടിച്ചു. പിന്നെ അവർ കോമഡി ട്രാക്കിൽ നിന്ന് മാറി വിവിധ തരത്തിലുള്ള ട്രാക്കുകൾ പരീക്ഷിക്കുന്നത് കണ്ടു. വെറും തട്ടിക്കൂട്ട് പരിപാടി അല്ലാതെ സമയമെടുത്ത് ഉന്നതനിലവാരമുളള വർക്കുകൾ ആണ് കരിക്ക് ടീമിന്റെ പ്ളസ് പോയിന്റ്. ഈ ഒരു നിലവാരം തന്നെയാണ് മലയാളികളെ കരിക്കിന്റെ പുതിയ സീരീസുകൾക്കായി കാത്തിരിക്കുന്നതും. സിനിമയെ സ്വപ്നം കണ്ട് നടക്കുന്ന ഓരോത്തർക്കും ഉള്ള ഒരു പാഠപുസ്തകം തന്നെയാണ് കരിക്ക്. കാരണം വേറെ ഒന്നും കൊണ്ടല്ല അവർ അവരുടെ കഴിവുകൾ സീരീസുകളിലൂടെ കാണിച്ച് അവർ അവസരങ്ങൾ തേടി പോവുകയല്ല, മറിച്ച് ഇന്ന് അവസരങ്ങൾ അവരെയാണ് തേടി പോകുന്നത്.
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിലേക്ക് വന്നാൽ “Average അമ്പിളി” എന്ന് ഒറ്റ സീരീസിലൂടെ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ആദിത്യൻ ചന്ദ്രശേഖറിന്റെ ശക്തമായ ഒരു തിരക്കഥ ഇവിടെയും കാണാം. മികച്ച കാസ്റ്റിംഗ്, അഭിനയിച്ച എല്ലാവരും മികച്ച രീതിയിൽ തന്നെ പ്രകടനം കാഴ്ചവെച്ചു. ഛായാഗ്രഹണവും, സംഗീതവും എല്ലാം മികച്ച് തന്നെ നിൽക്കുന്നു. ചെയ്യുന്ന വർക്കുകളിൽ കാണുന്ന ഉയർന്ന നിലവാരം സ്ഥിരതയായി പുലർത്താൻ കഴിയുന്നു എന്നത് തന്നെയാണ് കരിക്കിന്റെ വിജയം.
അഭിനേതാക്കളിൽ വന്നാൽ അനു കെ അനിയന്റെ അഭിനയം തന്നെയാണ് എടുത്ത് പറയേണ്ടത്. അനു എന്ന് പറയുന്നതിനേക്കാൾ നല്ലത് ജോർജ് എന്ന് പറയുന്നതായിരിക്കും. തേരാപാരയിലെ ജോർജും, അറേഞ്ച്ഡ് മാര്യേജിലെ ബാബു നമ്പൂതിരിയും, കലക്കാച്ചിയിലെ വിജയൻ, ഫാമിലി പാക്കിലെ ബിബീഷ്, റോക്ക് പേപ്പർ സിസേർസിലെ ഒ.കെ.പി, DJയിലെ സുധാകരൻ, ഉൾക്കയിലെ മാത്യൂസ് ഏത് കഥാപാത്രം എടുത്താലും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മലയാള സിനിമയിലേക്കുളള ഒരു ഭാവി വാഗ്ദാനം തന്നെയാണ് അനു. നായക നടനായും സഹ നടനായും മലയാള സിനിമയിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. സെബാസ്റ്റ്യന്റെ ജീവിതത്തിലെ ഓരോ അവസ്ഥാന്തരങ്ങളും അതിന്റെ തീവ്രത കുറയാതെ തന്നെ അനു അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.
അഭിനയിച്ച ഓരോത്തരും മനസ്സിൽ തങ്ങി നിൽക്കുന്നു എന്നതാണ് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന്റെ വിജയം. പലരുടെയും പേരുകൾ അറിയില്ല അതുകൊണ്ട് പേര് എടുത്ത് പറയുന്നില്ല. കരിക്ക് ടീമിന്റെ മികച്ച കലാസൃഷ്ടികൾക്കായി കാത്തിരിക്കുന്നവരിൽ ഒരുവനായി ഞാനും