കണ്ണുകൊണ്ട് അല്ല മനസ്സ് കൊണ്ട് കൂടി ഈ സിനിമ കാണണം

0
430

Sebastian Xavier

”ബാബുവേട്ടാ.. മനുഷ്യരെല്ലാവരും നല്ലവരാണെന്നാണ് ഇപ്പോഴെനിക്ക് തോന്നുന്നത്..”
മിക്കവാറും സിനിമകളിൽ കാണുന്ന ഒരു സംഗതിയാണ്, പടത്തിൻ്റെ തുടക്കത്തിൽ നന്മയുടെ നിറകുടങ്ങളായി കാണപ്പെടുന്ന പലരും കഥ പുരോഗമിക്കുന്തോറും നിറം മാറി നെഗറ്റീവ് കഥാപാത്രങ്ങളായി പരിണമിക്കുന്നത്.. ഇപ്രകാരം, പയ്യെപ്പയ്യെ വില്ലനോ വില്ലത്തിയോ ആയി മാറുന്നവരും, ഉള്ളിലൊളിപ്പിച്ച കാപട്യം ഒരു ഘട്ടമെത്തുമ്പോൾ വെളിവാക്കുന്നവരും, സാഹചര്യങ്ങൾ മൂലം പ്രതിനായകസ്ഥാനത്തേക്കെത്തുന്നവരുമെല്ലാം ഇതിൽപ്പെടും..

Revisiting IV Sasi's 'Avalude Ravukal', a rare film about a sex worker  conscious of her power | The News Minuteഎന്നാൽ ‘അവളുടെ രാവുകൾ’ എന്ന ചിത്രത്തിൻ്റെ കാര്യമെടുത്താൽ ഇതിന് കടകവിരുദ്ധമായ രീതിയിലാണ് കഥപറഞ്ഞു പോവുന്നത്.. ഒരു വേശ്യ കേന്ദ്രകഥാപാത്രമാകുന്ന ചിത്രങ്ങളിലെല്ലാം, ആ കഥാപാത്രത്തെയും മറ്റുള്ളവരെയും സാധാരണായി എങ്ങനെയാണ് അവതരിപ്പിച്ചു കാണാറ്..? സമൂഹവും സാഹചര്യങ്ങളും സഹജീവികളുമെല്ലാം ചേർന്ന് സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെയോ ചൂഷണത്തിൻ്റെയോ ഇരയായിട്ട് ഒരു വൃത്തത്തിൻ്റെ കേന്ദ്രത്തിൽ അവളെ പ്രതിഷ്ഠിച്ചിട്ട്, ചുറ്റുമുള്ള മറ്റ് കഥാപാത്രങ്ങളിൽ എറിയപങ്കിനെയും കഴുകന്മാരും, കൊള്ളരുതാത്തവരുമായും ചിത്രീകരിച്ച് സമൂഹത്തിന് നേരെയുള്ള ചോദ്യചിഹ്നമായി അവളെ നിലനിർത്തി, ഒരു ദുരന്തഗാഥയായി പടം അവസാനിപ്പിക്കുന്നതാണ് പതിവ്. ഇവിടെയും സാഹചര്യങ്ങളുടെ ഇരയാണ് നായികയെന്നത് മാറ്റിനിർത്തിയാൽ, ബാക്കിയെല്ലാ കാര്യത്തിലും ആ പതിവ് തെറ്റിക്കപ്പെടുകയാണ്..

Sexy Indian Hot: Seema to do sequel to Avalude Ravukalശരിരം വിറ്റു ജീവിക്കുന്നവളാണ് എന്നതൊഴിച്ചാൽ, മറ്റേതു പെൺകുട്ടിയേയും പോലെ തന്നെയാണ് രാജിയും.. പ്രണയവും, മോഹങ്ങളും, സങ്കൽപ്പങ്ങളുമെല്ലാം ഉള്ളിൽ സൂക്ഷിക്കുന്ന, തെളിഞ്ഞ ചിന്തയുള്ള ഒരുവൾ.. പ്രകാശം പരത്തുന്ന പെൺകുട്ടി എന്നൊക്കെ പറയാനാവില്ലെങ്കിലും, മനസ്സ് മുരടിച്ച്‌ നിസ്സംഗഭാവത്തിലിരിക്കുന്നവളല്ല എന്നുറപ്പ്..

പറയാൻ വന്നത് രാജിയെക്കുറിച്ചല്ല, മറ്റ് പല കഥാപാത്രങ്ങളുടെ മേൽ ചാർത്തപ്പെട്ടിരിക്കുന്ന നെഗറ്റിവ് ഷെയ്ഡ് കഥയുടെ പുരോഗതിയിൽ മെല്ലെമെല്ലെ, എന്നാൽ ഒട്ടും നാടകീയമല്ലാതെ മാഞ്ഞു പോവുന്നു എന്ന സംഗതിയെക്കുറിച്ചാണ്.. അവിടെയാണ് അവർ മുൻപു പറഞ്ഞ കഴുകൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തരാവുന്നത്..

ആഭാസനും അലമ്പനുമായ ഒരുവനായിട്ടാണ് സുകുമാരൻ പടത്തിൽ തൻ്റെ വേഷം ആടിത്തുടങ്ങുന്നതെങ്കിലും, അയാളിലെ യഥാർത്ഥ മനുഷ്യനെ തുറന്നു കാട്ടിക്കൊണ്ട്, പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചും, അൽപം നൊമ്പരപ്പെടുത്തിയും തന്നെയാണ് ആ വേഷം അവസാനിക്കുന്നത്. സോമൻ്റെ കഥാപാത്രമായാലും ഇത്തരത്തിൽ ഇരുട്ടിവെളുക്കുന്ന ഒന്നുതന്നെയാണ്.. ഒരുഘട്ടത്തിൽ മനസ്സിൻ്റെ ഓരോ അണുകൊണ്ടും അവൾ വെറുക്കുന്ന ആയാളോടാണ് പിന്നീടൊരിക്കൽ രാജി പറയുന്നത് ”എനിക്ക് സാറിനോടുള്ള സ്നേഹം എന്താണെന്ന് എനിക്ക് തന്നെ അറിയില്ല”യെന്ന്.. എസ്.ഐ. യുടെ റോളിലെത്തിയ ജനാർദ്ദനൻ്റെ കാര്യവും വ്യത്യസ്തമല്ല.. അറിയാതെ പറ്റിയ കൈപ്പിഴ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് ശിക്ഷ വാങ്ങാൻ തയ്യാറാവുന്ന ഒരാൾ..

പപ്പു ചെയ്ത ദാമുവെന്ന പിംപ് കഥാപാത്രവും, മിന അവതരിപ്പിച്ച വാറ്റുകാരിയുമെല്ലാം ഒട്ടും വിഷമില്ലാത്ത ഇനം തന്നെ. ഇനി മറ്റൊരു പ്രധാന റോളിലെത്തിയ രവികുമാറിനെക്കുറിച്ച് പറഞ്ഞാൽ ആൾ സൽസ്വഭാവിയാണേലും ‘കൊതിപ്പിച്ച് കടന്നുകളയാൻ’ സാധ്യതയുള്ള കഥാപാത്രം.. പക്ഷേ ആ സാധ്യതയിലേക്ക് പോയില്ല എന്നു മാത്രമല്ല അന്നത്തെ നടപ്പുരീതികളെയെല്ലാം തച്ചുടയ്ക്കുന്ന ഒരു തലത്തിലേക്ക് ആ ക്യാരക്ടറിനെ കൊണ്ടെത്തിക്കുകയും ചെയ്തു..

‘അവളുടെ രാവുകൾ’ക്കു മുൻപും വേശ്യയുടെ കഥപറഞ്ഞ ഒത്തിരി ചിത്രങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ട്.. അവയെല്ലാം തന്നെ ദുഖപുത്രിമാരുടെ ദുരന്തകഥകളായി പര്യവസാനിച്ചപോലൊരു അന്ത്യം രാജിയുടെ കഥയ്ക്കും ഉണ്ടാവാതിരുന്നതിനു കാരണമായ കവിയൂർ പൊന്നമ്മയുടെ കഥാപാത്രത്തെയും ഇതിനോടു ചേർക്കേണ്ടിയിരിക്കുന്നു.. ( പിൽക്കാലത്ത് ഇതേ നടി നന്ദനത്തിലെ മുത്തശ്ശിയായി വന്ന് സ്വന്തം പേരക്കുട്ടിയും വിട്ടിലെ വേലക്കാരിയും തമ്മിലുള്ള കല്യാണം നടത്തിക്കൊടുത്ത മഹാമനസ്കത പോലും തുലോം ചെറുതായിപ്പോവുന്നുണ്ട് ഇതിൻ്റെ മുന്നിൽ)
‘മനുഷ്യരാരും ചീത്തയല്ല’ എന്ന നായികയുടെ കൺക്ലൂഷനോട് മനസ്സ് കൊണ്ട് യോജിച്ചു പോകും, കണ്ണുകൊണ്ട് മാത്രം അല്ലാതെ മനസ്സ് കൊണ്ട് കൂടി ഈ സിനിമ കണ്ടവരെല്ലാം. അതും നെഗറ്റിവ് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അനന്ത സാധ്യതകളുള്ള പ്രമേയമായിട്ടുപോലും…