അമ്മായിയച്ഛനമ്മമാരുടെ സന്തോഷത്തിനായി ഇത്രേം സഹിച്ച ജാമാതാക്കൾ ഇതുവരെ പിറവികൊണ്ടുകാണില്ല

0
97

Sebastian Xavier

വേണുവും ബാലനും..

മക്കൾമാഹാത്മ്യത്തെ വെല്ലുന്ന മരുമക്കൾമാഹാത്മ്യത്തിൻ്റെ ആൾരൂപങ്ങൾ..

മലയാളസിനിമയിലെ അമ്മായിയച്ഛന്മാരിൽ ഡോക്ടർ സേതുവിനോളം ഭാഗ്യം ചെയ്തവർ വേറെ കാണില്ല.. പണ്ടൊരിക്കൽ ഒരു പ്രാന്തൻ കാബൂളിവാല തട്ടിക്കൊണ്ടുപോയ മകൻ്റെ കുറവ് നികത്താനെന്നോണം അയാൾക്ക് ലഭിച്ചത് എന്തിനും ഏതിനും കൂടെനിൽക്കുന്ന, തൻ്റേടവും സ്വാധീനവും കുടുംബസ്നേഹവുമുള്ള രണ്ട് മരുമക്കളെയാണ്.. ഐ.പി.എസ് ഉദ്യോഗസ്ഥനായ വേണുവും, ഡോക്ടറായ ബാലനും.. രണ്ടുപേരും ജോലി സംബന്ധമായി ഡെൽഹിയിൽ എത്തപ്പെട്ട മലയാളികൾ.. ഡോക്ടർ സേതുവാണെങ്കിൽ കുടുംബസമേതം വർഷങ്ങളായി ദില്ലിയിൽത്തന്നെയായിരുന്നല്ലോ താമസം..

വർഷങ്ങൾക്കു മുൻപ് മകനെ നഷ്ടപ്പെട്ട സേതുവിൻ്റ സകല സ്വത്തുക്കൾക്കും ഇനിയുള്ള അവകാശികൾ തങ്ങളുടെ ഭാര്യമാരാണെന്ന സത്യം വേണുവിനെയും ബാലനെയും ഒട്ടും ഭ്രമിപ്പിച്ചിട്ടില്ല.. ഭാര്യാപിതാവിനെയും മാതാവിനെയും സ്വന്തം അച്ഛനമ്മമാരെപ്പോലെ അവർ കരുതുന്നത് ആ സ്വത്തു മോഹിച്ചിട്ടുമല്ല..ഡെൽഹിവാസം മതിയാക്കി സകുടുംബം നാട്ടിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമത്തിൻ്റെ ആദ്യപടിയായി സേതു തൻ്റെ സ്വാധീനം ഉപയോഗിച്ച് രണ്ട് മരുമക്കൾക്കും കേരളത്തിലേക്ക് ട്രാൻസ്ഫർ ലഭ്യമാക്കുന്നു.. തുടർന്ന്, നാട്ടിലേക്കുള്ള യാത്രയിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്..വിജനമായ കാട്ടുപാതയിലൂടെയുള്ള യാത്രയ്ക്കിടയിൽ എവിടുന്നോ ഒരു ബൂഗിൾശബ്ദം ഉയർന്നു കേൾക്കുന്നു.. അതു കേട്ടപാടേ അമ്മായിയച്ഛൻ ഏതോ വെളിപാടുണ്ടായതുപോലെ കാറ് നിർത്തി ഇറങ്ങി തൊട്ടടുത്തുള്ള പൊന്തക്കാട്ടിലേക്ക് ഒറ്റയോട്ടം.. വേറെ ഏത് മരുമക്കളാണേലും, പുള്ളിക്കാരൻ അത്യാവശ്യമായി വെളിക്കിരിക്കാൻ പോയതാണെന്നോ മറ്റോ വിചാരിച്ച് കാറിൽ വെയ്റ്റ് ചെയ്യും.. പക്ഷേ ഉത്തമ മരുമക്കളായ വേണുവിനും ബാലനും അങ്ങനെ സമാധാനമായിട്ട് ഇരിക്കാൻ കഴിയുമോ.. അവർ ഭാര്യമാരെയും കൂട്ടി അദ്ദേഹത്തിൻ്റെ പിന്നാലെ ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച…😲
മുടിയൊക്കെ ചെമ്പിപ്പിച്ച, കാതിൽ കടുക്കനൊക്കെയിട്ട, കുളിയോടും നനയോടുമൊക്കെ അലർജിയുണ്ടെന്ന് തോന്നിക്കുന്ന ഒരു ചെക്കൻ്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അങ്ങേര് പറയേണ്.. ”മക്കളേ ഇതാണ് നിങ്ങടെ അളിയൻ.. എൻ്റെ ഉണ്ണി..”

May be an image of 11 people, beard, people standing and text that says "AMRITA"എന്നുവച്ചാ എന്താ.. തങ്ങളുടെ ഭാര്യമാരുടേത് എന്ന് ഉറപ്പിച്ചിരുന്ന സ്വത്തിൻ്റെ അവകാശി ദാ ഈ വഴീന്ന് കിട്ടിയ ഈ ചീള് ചെക്കനാണെന്നാണ് കെളവൻ പറയുന്നത്.. അതങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കാൻ പറ്റുവോ.. ഒരു സുപ്രഭാതത്തിൽ പുതുതായെത്തുന്ന അവകാശിയെ ഏതുവിധേനയും ഒഴിവാക്കുകയെന്നയാണല്ലോ ഇത്തരം സന്ദർഭങ്ങളിലെ സിനിമാറ്റിക് ക്ലീഷേ..
പക്ഷേ ഇവിടെ ആ ക്ലീഷേ തകർക്കപ്പെടുകയാണ് സൂർത്തുക്കളേ.. നമ്മുടെ സിനിമകളിലെ മറ്റെല്ലാ മരുമക്കളെയും വേണുബാലന്മാർ തോല്പിക്കുന്നതും ഇവിടെയാണ്.. കാണാനിച്ചിരി വില്ലൻ ലുക്കുണ്ടേലും നിസ്വാർത്ഥതയുടെ നിറകുടങ്ങളായ ഇവർ മറിച്ചൊന്നാലോചിക്കാതെ ആ നിമിഷംതന്നെ ആ ചെമ്പൻമുടിക്കാരൻ പയ്യനെ തങ്ങളുടെ അളിയനായി മനസ്സാ സ്വീകരിച്ചുകഴിഞ്ഞു.. അമ്മായിയച്ഛൻ്റ മനസ്സ് വായിച്ചിട്ടെന്നോണം ചെറുക്കനെ പൊക്കി വണ്ടിയിലിടുന്നു.. വല്ലവിധേനയും വീട്ടിൽ എത്തിച്ചിട്ടും ‘ഞാൻ മുന്നയാണെന്ന് ‘ പറഞ്ഞ് ചെക്കൻ ചവിട്ടും തൊഴിയും തന്നെ.. അവസാനം ബാലന് സൂചിയും സിറിഞ്ചും എടുക്കേണ്ടിവന്നു സ്ഥിതിഗതികൾ തൽക്കാലത്തേക്ക് ശാന്തമാക്കാൻ..

പിന്നിടങ്ങോട്ട് ഒരു യുദ്ധം തന്നെയായിരുന്നല്ലോ… മറുപക്ഷത്ത്, ഞങ്ങടെ മുന്നയാണിതെന്നു പറഞ്ഞ് സർക്കസ്സു കമ്പനിക്കാർ.. അതോടൊപ്പം തരം കിട്ടിയാൽ ചെക്കനെ ചാടിച്ചോണ്ടു പോകാൻ നടക്കുന്ന കന്നാസും കടലാസും എന്ന രണ്ടെണ്ണം വേറെ.. പോരാഞ്ഞിട്ട് പ്രേമപ്പനി പിടിച്ച പുന്നാര അളിയനാവട്ടെ ‘ അട്ടയെ പിടിച്ച് മെത്തയിൽ കടത്തിയാലെന്നവണ്ണം’ വിമ്മിട്ടപ്പെട്ട് കയറുപൊട്ടിച്ച് ചാടിപ്പോവാൻ നിക്കുന്നു.. പക്ഷേ, തെളിവുകൾ നിരത്തി മകനെ തിരിച്ചുപിടിക്കാനുള്ള ഡോക്ടർ സേതുവിൻ്റെ ശ്രമത്തിനൊപ്പം കയ്യൂക്കും അധികാരവും സ്വാധീനവും ഉപയോഗിച്ച് കട്ടയ്ക്ക് കൂടെനിന്ന മരുമക്കൾ ഒടുക്കം ഒരുപാട് ഓട്ടപ്പാച്ചിലുകൾ നടത്തിയും തല്ലിയും തല്ലുകൊണ്ടുമൊക്കെ, തങ്ങളുടെ കുഞ്ഞളിയനെ വീണ്ടെടുത്ത് അവൻ്റെ അച്ഛനെയും അമ്മയെയും ഏൽപ്പിക്കുകയാണ്.. മാത്രമല്ല അവസാനം അളിയൻ പ്രേമിച്ച പെണ്ണിനെത്തന്നെ കെട്ടിച്ചുകൊടുക്കാനുള്ള വീട്ടുകാരുടെ തീരുമാനത്തിനൊപ്പം നിൽക്കുകയും ചെയ്തു… ‘ഒരമ്മ പെറ്റ അളിയന്മാർ’ എന്ന പ്രയോഗം ഇവർക്കാണ് ചേരുക..😍അമ്മായിയച്ഛനമ്മമാരുടെ സന്തോഷത്തിനായി ഇത്രേം കഷ്ടപ്പാടുകളും നഷ്ടങ്ങളും സഹിച്ച ഇവരേക്കാൾ, ശ്രേഷ്ഠരായ ജാമാതാക്കൾ വെള്ളിത്തിരയിൽ ഇതുവരെ പിറവികൊണ്ടുകാണില്ല..🔥
ചിത്രം: കാബൂളിവാലാ