Sebastian Xavier
”ആ വെളുത്തു പരന്ന ചൊങ്കനാണ് കബീർദാദാ.. ഗുജറാത്തിയാ.. നല്ല മൻഷനാ.. പരിപാടിയൊക്കെ കൈ കൊണ്ടാ.. ജപ്പാനീപ്പോയി മൊറ പഠിച്ചതാ….ഈ പഹയന്മാരിവിടെ എന്നാണെത്തിയതെന്നാ ഞാൻ നോക്കണത്.. കൊറഞ്ഞതൊരു രണ്ടു മൂന്നു ദെവ്സം മുമ്പെങ്കിലും വന്ന് ക്യാമ്പ് ചെയ്തിട്ട്ണ്ടാവും.. സ്ഥലം ശെരിക്ക് പഠിക്കാതെ കബീർ വരൂല്ല..”.
ഹിസ് ഹൈനസ്സ് അബ്ദുള്ളയുടെ ക്ലൈമാക്‌സോടടുപ്പിച്ച് മാമുക്കോയയുടെ ഈ ഡയലോഗിലൂടെ വൻ ബിൽഡപ്പൊക്കെയായിട്ട് അവതരിക്കുന്ന ക്വട്ടേഷൻ സംഘത്തിൻ്റെ ലീഡർ.. കബീർദാദ.. പടത്തിലെ ആ കഥാപാത്രം ഗുജറാത്തിയാണേലും, അതവതരിപ്പിച്ച ഗുർബച്ചൻ സിങ്ങെന്ന നടൻ പഞ്ചാബിയാണ്..
പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഹിന്ദി സിനിമാരംഗത്തെത്തി ശ്രദ്ധേയനായ ധർമ്മേന്ദ്രയെ അന്വേഷിച്ചാണ് 1970 ൽ ഗുർദാസ്പുരിൽ നിന്ന് ഗുർബച്ചൻ എന്ന യുവാവ് ബോംബെയിലെത്തിയത്..
തഹസിൽദാറായ പിതാവിൻ്റെ ഒരു ശുപാർശക്കത്തും കയ്യിൽ കരുതിയിരുന്നു.. ധർമ്മേന്ദ്രയുടെ സഹോദരൻ അജിത് ഡിയോളിൻ്റെ സുഹൃത്തും കൂടിയായിരുന്നു ഗുർബച്ചൻ്റെ പിതാവ്.. തൻ്റെ അനുചരന്മാരിൽ ഒരാളായി ആ ചെറുപ്പക്കാരനെ കൂടെ നിർത്തിയ ധർമ്മന്ദ്ര പിന്നിട് കഠിനാധ്വാനിയും സാഹസികനും ആരോഗ്യവാനുമായ ആ യുവാവിനെ, ബോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് ഡയറക്ടർമാർക്ക് പരിചയപ്പെടുത്തി… നായകന്മാർക്കും മറ്റും ഡ്യൂപ്പ് ചെയ്തു കൊണ്ട് ഗുർബച്ചൻ സിങ്ങിൻ്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് അങ്ങനെയാണ്..
റോപ്പ് ക്ലൈംബിങ്ങും ബൈക്ക് സ്റ്റണ്ടുമൊക്കെ ചെയ്തും, ഗ്ലാസ്സുകൾ തകർത്തും, തീ നാളങ്ങൾക്കിടയിലെ രംഗങ്ങൾ ചെയ്തുമെല്ലാം പലപ്പോഴും പരിക്കുകളും അപകടങ്ങളുമെല്ലാം ഏറ്റുവാങ്ങി.. സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിൻ്റെ അസിസ്റ്റൻ്റായും പ്രവർത്തിച്ച ഇദ്ദേഹം ഇതിനിടയിൽ Kuchhe Dhaage, Pathar aur Payal തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ റോളുകളിലൂടെ സിനിമയിൽ മുഖം കാണിക്കാനും തുടങ്ങി.. Inkaar, Mr.Natvarlal തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ സമാനസ്വഭാവമുള്ളവയാണെങ്കിലും കൂടുതൽ റോളുകൾ ലഭിച്ചുതുടങ്ങി.. മിസ്റ്റർ ഇന്ത്യയിലെ ഒറ്റക്കണ്ണനായ ക്യാപ്റ്റൻ വേഷമൊക്കെ ശ്രദ്ധയേമായിരുന്നു..
എന്നാൽ തൊണ്ണൂറുകളുടെ മധ്യത്തോടെ ബോളിവുഡിലെ ആക്ഷൻ സിനിമകളുടെ എണ്ണം തീരെ കുറയുകയും, റൊമാൻറിക്, കോമഡി സിനിമകളുടെയൊക്കെ തരംഗം ആരംഭിക്കുകയും ചെയ്തപ്പോൾ രണ്ടാംനിര വില്ലന്മാരായ നടന്മാർക്ക് വന്നു ഭവിച്ച ദുര്യോഗം ഇദ്ദേഹത്തിനും സംഭവിച്ചു.. അവസരങ്ങൾ തീരെ കുറഞ്ഞപ്പോൾ ചില ബി.ഗ്രേഡ് ചിത്രങ്ങളുടെ ഭാഗമാകേണ്ടി വരികയും ചെയ്തു.. 250 ഓളം ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഗുർബച്ചൻ സിങ്ങ് പഞ്ചാബി, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.. മലയാളത്തിൽ അബ്ദുള്ളയ്ക്ക് പുറമേ ഇന്ദ്രജാലത്തിലും വേഷമിട്ടു.. അതിൽ ഒടുവിൽ നായകൻ്റെ ഒപ്പം ചേരുന്ന ‘കാർലോസിൻ്റെ പിള്ളാരു’ടെ കൂട്ടത്തിലൊരാളായിട്ട്..
സിനിമയിൽ തൻ്റെ ഗുരുതുല്യരായ ധർമ്മേന്ദ്ര, വീരു ദേവ്ഗൺ എന്നിവരുമായുള്ള കൂറും അടുപ്പവും എക്കാലവും നിലനിർത്തിയ ഗുർബച്ചൻ 2013 ൽ ഇറങ്ങിയ Yamla Pagla Deewana 2 അടക്കം നിരവധി ചിത്രങ്ങളിൽ ധർമ്മേന്ദ്രയോടൊപ്പം അഭിനയിച്ചിരുന്നു..
ഒരു കാലത്ത്, ദൂരദർശനിൽ കണ്ട ഹിന്ദിപ്പടങ്ങളിലെ പല നായകന്മാരുടെയും പ്രകടനങ്ങൾക്ക് നൽകിയ കയ്യടികളുടെ ഒരു പങ്ക് ഇയാൾക്ക് അവകാശപ്പെട്ടതാണ് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.. ‘എനിക്ക് ഫയൽവാനാവണ്ട സിനിമാക്കാരനായാൽ മതി’യെന്ന് പറഞ്ഞ് ഗുസ്തിക്കാരുടെ നാട്ടിൽനിന്ന് ബോംബെയ്ക്ക് വണ്ടികയറി, നായകന്മാർക്കു വേണ്ടി മുഖമില്ലാതെ കൈമെയ് മറന്നഭിനയിച്ച ഈ ഡ്യൂപ്പ് ആർട്ടിസ്റ്റിന്..
ഗുർബച്ചൻ സിങ്ങിൻ്റെ m3db പ്രൊഫൈൽ: https://m3db.com/gurbhachan-singh