മലയാളി മറന്ന ജയനെ വീണ്ടും തരംഗമാക്കിയ ആമിനത്താത്തയും 41 മിമിക്രിക്കാരും
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനഘട്ടത്തിലിറങ്ങിയ ഒരു മിമിക്രി കാസറ്റിലെ ഡയലോഗാണ് മേൽപ്പറഞ്ഞത്.. രണ്ടായിരാമാണ്ടിൽ കേരളത്തിൽ
196 total views

Sebastian Xavier
1999 ഡിസംബർ 31 അർദ്ധരാത്രി.. പുതുവത്സരാശംസകൾ നേരാൻ ഹെലിക്കോപ്റ്ററിൽ തൂങ്ങിയെത്തുന്ന ജയൻ ആമിനാത്താത്തയോട്:- ”ഹാപ്പി ന്യൂയിയർർർ..”
ആമിനാത്താത്ത: ”എന്താൺട്രാ പുള്ളേ അതിൻ്റർത്തം”
ജയൻ:- ”നബിദിനാശംസകൾൾൾ”
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനഘട്ടത്തിലിറങ്ങിയ ഒരു മിമിക്രി കാസറ്റിലെ ഡയലോഗാണ് മേൽപ്പറഞ്ഞത്.. രണ്ടായിരാമാണ്ടിൽ കേരളത്തിൽ അലയടിച്ച ജയൻ തരംഗത്തിന് തുടക്കമിട്ട സംഗതികളിലൊന്നായി മാറിയ ആ കാസറ്റിൻ്റെ പേര് ‘ആമിനത്താത്തയും 41 മിമിക്രിക്കാരും’ എന്നാണോർമ്മ.. പേര് അത് തന്നെയായിരുന്നോ എന്നുറപ്പില്ല.. ആദ്യമേ സൂചിപ്പിക്കട്ടെ, ഈ പോസ്റ്റിൽ പറയാനുദ്ദേശിക്കുന്നത് ജയനെക്കുറിച്ച് എന്നതിലുപരി ആ ജയൻതംരംഗത്തെക്കുറിച്ചാണ്..
മലയാളസിനിമയിൽ പൗരുഷത്തിന്റെയും സാഹസികതയുടെയും അവസാനവാക്കായി പ്രശസ്തിയുടെയും താരത്തിളക്കത്തിന്റെയും കൊടുമുടിയിൽ നിൽക്കവേ, 1980 നവംബർ 16ന് തമിഴ്നാട്ടിലെ ഷോളാവരത്ത് കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ ഹെലിക്കോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ മലയാളസിനിമയിലെ എക്കാലത്തെയും വലിയ ആക്ഷൻഹീറോയായ കൃഷ്ണൻ നായർ എന്ന ജയൻ… അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ കച്ചകെട്ടി പലരും പിന്നീട് സിനിമയിൽ അരങ്ങേറിയെങ്കിലും ആ സിംഹാസനത്തിൽ മറ്റൊരാളെ അവരോധിക്കാൻ മലയാളിക്ക് കഴിയുമായിരുന്നില്ല..
എന്നാൽ മരണമടഞ്ഞ് ഇരുപതുവർഷങ്ങൾക്കിപ്പുറം, മറ്റെങ്ങും കേട്ടുകേൾവിപോലുമില്ലാത്ത തരത്തിൽ ഒരാൾ കേരളക്കരയിൽ ‘പുൻർജ്ജനിച്ചു’.. ജയൻ തരംഗം കേരളത്തിൽ അങ്ങോളമിങ്ങോളം ആഞ്ഞടിച്ചു. പൗരുഷത്തിന്റെ പ്രതീകമായിരുന്ന അനശ്വരനടന്റെ ഡയലോഗുകളിലും ചേഷ്ഠകളിലും അതിമാനുഷ്യത്വവും അതിശയോക്തിയും കലർത്തി പുതുതലമുറ ആഘോഷിച്ചു.. മിമിക്രിവേദികളിൽ തുടങ്ങിയ ജയൻതരംഗം വളരെ വേഗത്തിൽ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും സൗഹൃദസദസ്സുകളിലേക്കും എന്നു വേണ്ട കേരളത്തിലെ ഓരോ മുക്കിലും മൂലയിലേക്കും വ്യാപിച്ചു. എവിടെ നോക്കിയാലും ഒരു ജയൻ ടച്ച്. ആ ഗംഭീര ശബ്ദത്തിന്റെ ഹാസ്യാനുകരണങ്ങൾ.
”ഒരാനയെ കിട്ടിയിരുന്നെങ്കിൽൽൽ അമ്മാനമാടാമായിരുന്നൂ…”
”ഒരു റെയിൽവേ ട്രാക്ക് കിട്ടിയിരുന്നെങ്കിൽൽൽ ബെൽറ്റ് കെട്ടാമായിരുന്നൂ.. ”
എന്നു തുടങ്ങി ‘ഒരു വീപ്പ ടാർ കിട്ടിയിരുന്നെങ്കിൽ സീമയ്ക്ക് കണ്ണെഴുതാൻ കൊടുക്കാമായിരുന്നു’ എന്നിങ്ങനെ പോകുന്ന ഡയലോഗുകൾ ചിലപ്പോഴെങ്കിലും സർകാസത്തിന്റെ അതിർവരമ്പുകൾ കടന്ന് പരിഹാസക്കൂത്തായി മാറി..
ടിവി തുറന്നാൽ ജയന്റെ അപരന്മാർ അരങ്ങു തകർക്കുന്നു. പരസ്യ ബോർഡുകളിലെല്ലാം കൂളിംഗ് ഗ്ലാസ്സും വച്ച് തോൾ ചെരിച്ച് 180 ഡിഗ്രിയിൽ ഇരു കൈകളും വിടർത്തിപ്പിടിച്ചു നിൽക്കുന്ന ജയൻ.നാടൊട്ടുക്കും ജയൻവേഷധാരികൾ. കടും നിറത്തിലുള്ള വലിഞ്ഞു മുറുകിയ ഷർട്ടിൽ വെള്ള നിറത്തിലുള്ള വീതിക്കോളറും ഇരുവശത്തും ബട്ടണോടു കൂടിയ പോക്കറ്റുകളും ട്രെന്റായി. ബെൽറ്റുകളുടെ വീതി കൂടി. ഉറക്കമിളച്ചിരുന്ന് നാട്ടിൻപുറത്തെ തയ്യൽക്കടക്കാർ ബെൽബോട്ടം പാന്റുകൾ തുന്നി.
ആ വർഷത്തെ കലോത്സവങ്ങളിലും കോളേജ് ഡേ കളിലും മറ്റും നിറഞ്ഞു നിന്നു എന്നു മാത്രമല്ല ഓണാഘോഷങ്ങളിൽ മാവേലിയെക്കാളും സ്കോർ ചെയ്തതും നമ്മുടെ സ്വന്തം ജയനായിരുന്നു. ക്രിസ്മസിന് സാന്താക്ലോസുമാർ പലരും പരമ്പരാഗത വേഷം ഉപേക്ഷിച്ച് ബെൽബോട്ടം പാന്റിലേക്ക് ചേക്കേറി. തൊട്ടടുത്ത ന്യൂ ഇയർഈവിന് കൊച്ചിയിൽ പലയിടത്തും ക്രിസ്മസ് പാപ്പാമാർ കത്തിയെരിഞ്ഞത് ജയന്റെ കോസ്റ്റ്യൂമിലായിരുന്നു.
നാട്ടിൻപുറത്തെ ബി ക്ലാസ്സ്, സി ക്ലാസ്സ് പ്രദർശനശാലകൾ നഷ്ടത്തിലേക്ക് നീങ്ങി തുടങ്ങിയ കാലഘട്ടം. തിയേറ്ററുകളിൽ ജയന്റെ പടങ്ങൾ വീണ്ടും പ്രദർശനത്തിനെത്തി. കരിമ്പനയും മനുഷ്യമൃഗവും മീനും ശരപഞ്ചരവുമെല്ലാം ഗ്യാപ് പടങ്ങളായും അല്ലാതെയുമെത്തി കൊട്ടകകളിൽ ആളെക്കൂട്ടി.. 2000 നവംബർ 16ന് അദ്ദേഹത്തിന്റെ ഇരുപതാം ചരമവാർഷിക ദിനത്തിൽ പലയിടത്തും ക്ലബ്ബുകളുടെയും മറ്റും ആഭിമുഖ്യത്തിൽ ജയൻ സിനിമകളുടെ പ്രദർശനം നടന്നു.
ജയൻ ചിത്രങ്ങളിലെ പാട്ടുകൾ പുതിയ തലമുറയുടെ ചുണ്ടിൽ തത്തിക്കളിച്ചു. ഉല്ലാസപൂത്തിരികളും, ചാം ചച്ചായും , കൊമ്പിൽ കിലുക്കം കെട്ടിയും, കസ്തൂരി മാൻ മിഴിയുമെല്ലാം ഒരു തവണയെങ്കിലും കാതിൽ പതിയാത്ത ഒരു ദിവസം പോലുമില്ലാത്ത അവസ്ഥ.. ഗാനമേളകളിൽ ഏറ്റവുമധികം ഡിമാന്റുള്ള പാട്ടുകളായി ഇവയൊക്കെ മാറിയ കാലം. ഈ ഗാനങ്ങൾ റീമിക്സ് ചെയ്ത് KG മാർക്കോസിന്റെ ആലാപനത്തിൽ ജയന്റ ശബ്ദം അനുകരിച്ചുള്ള ആമുഖവും ചേർത്ത് 2000ത്തിൽ ഇറക്കിയ ഉല്ലാസപ്പൂത്തിരികൾ എന്ന ആൽബം വമ്പൻ ഹിറ്റായി മാറി.
ജയന്റെ ഫിഗറുകൾക്ക് മിമിക്രിവേദികളിൽ വൻ ജനപ്രീതിയും അത് ചെയ്യുന്ന കലാകാരന്മാർക്ക് ട്രൂപ്പുകളിൽ പൊന്നും വിലയുമായി.ജയൻതരംഗത്തിൽ ടി വി ചാനലുകളും വലിയ നേട്ടങ്ങൾ കൊയ്തു. ധന്വന്തരിയുടെ സംവിധാനത്തിൽ കൈരളി ചാനലിൽ 2000ത്തിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയ ‘ജഗപൊഗ’ എന്ന ഹാസ്യപരമ്പരയിൽ മുഖ്യവേഷമായ ജയന്റെ ഫിഗർ ചെയ്തത് തിരുമല ചന്ദ്രൻ എന്ന മിമിക്രി കലാകാരനായിരുന്നു. ഞായറാഴ്ചകളിൽ പ്രൈം ടൈമിൽ സംപ്രേഷണം ചെയ്തു വന്ന ഈ പരമ്പര അക്കാലത്ത് ഏറ്റവും ജനപ്രീതിയാർജിച്ച ടിവി പ്രോഗ്രാമായിരുന്നു. കൈരളിയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും പോപ്പുലറായ പ്രോഗ്രാമുകളിലൊന്നും ഇതായിരിക്കും. പല മിമിക്രി കലാകാരന്മാരുടെയും കരിയറിൽ വഴിത്തിരിവായ ഒരു പരമ്പര..
ഈയൊരു തരംഗം മുതലെടുക്കുന്നതിലേക്കായി ജയന്റെ അപരന്മാരെ കേന്ദ്രകഥാപാത്രമാക്കി പല ചിത്രങ്ങളും അണിയറയിൽ ഒരുങ്ങി. അതിൽ 3 എണ്ണം 2001 ൽ റിലീസായി. നിസ്സാറിന്റെ സംവിധാനത്തിൽ രാജസാഹിബ് നായകവേഷത്തിലെത്തിയ ‘അപരന്മാർ നഗരത്തിൽ ‘ എന്ന ലോബഡ്ജറ്റ് ചിത്രം തിയേറ്ററുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെത്തുടർന്ന് നിസ്സാർ 2001ൽതന്നെ ‘ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് ‘ എന്ന മറ്റൊരു ചിത്രവും ചെയ്തു. കൈരളിയിലെ ഹിറ്റ്പരമ്പര ‘ജഗപൊഗ’യിലെ താരങ്ങളെ വച്ച് അതേ പേരിൽത്തന്നെ ധന്വന്തരിയും ഒരു സിനിമ സംവിധാനം ചെയ്തു.
2000ത്തിൽ തുടങ്ങി ഏതാണ്ട് 2001അവസാനം വരെ കേരളമൊട്ടാകെ വീശിയടിച്ച ജയൻതരംഗത്തെ വിമർശിച്ചും അനുകൂലിച്ചും പല കോണുകളിൽ അഭിപ്രായങ്ങളുയർന്നു വന്നു. സിനിമാക്കാരും സാഹിത്യ സാംസ്കാരിക രംഗത്തുള്ളവരുല്ലൊം ഇതെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളായി. ഇതൊരു സാംസ്കാരിക അധഃപതനമാണെന്നും പതിറ്റാണ്ടുകൾക്കു മുൻപ് അന്തരിച്ച നടനെ പുതിയ തലമുറ കോമാളിവൽക്കരിക്കുകയാണെന്നും പലരും ആരോപിച്ചു. എന്നാൽ മലയാളി മനസ്സുകളിൽ അദ്ദേഹം ഇന്നും ഒരു വീരപുരുഷനായി ജീവിക്കുന്നതിന്റെ തെളിവാണ് ഇതെന്നും പുതുതലമുറ ജയനെ ആഘോഷിക്കുകയാണെന്നും മറുവശത്ത് നിരീക്ഷണങ്ങളുണ്ടായി.. ഏതായാലും വെള്ളിത്തിരയിലെ നായകസങ്കൽപത്തിന്റെ പൂർണ്ണതയായ ജയൻ 1980 ന് ശേഷമുള്ള ഒരു തലമുറയ്ക്ക് കൂടുതൽ പരിചിതനും പ്രിയപ്പെട്ടവനുമാകാൻ ഇതൊരു നിമിത്തമായി എന്നത് സത്യം തന്നെ..
ഇന്ന് ജയൻ എന്ന അനശ്വരനടൻ്റെ എൺപത്തിരണ്ടാം ജന്മദിനമാണ്
197 total views, 1 views today
