വെള്ള ട്രൗസറൊക്കെയിട്ട് സ്റ്റൈലായിട്ട് കാർ കഴുകുന്ന ഈ പഴയകാല ഫ്രീക്കനെ മനസ്സിലായോ ?

267

Sebastian Xavier

വെള്ള ട്രൗസറൊക്കെയിട്ട് നല്ല സ്റ്റൈലായിട്ട് കാർ കഴുകുന്ന ഒരു പഴയകാല ഫ്രീക്കൻ.. ചുമ്മാതങ്ങ് കഴുകുകയല്ല, ആനയെ കുളിപ്പിക്കും പോലെ കാറിൻ്റെ പുറത്തുകയറിയിരുന്ന് തേച്ചുരച്ച് കഴുകി മിനുക്കാനുള്ള ശ്രമമാണ്.ജേസിയുടെ സംവിധാനത്തിൽ 1979ൽ ഇറങ്ങിയ ‘ഏഴുനിറങ്ങൾ’ എന്ന ചിത്രത്തിലാണീ രംഗം.. പടത്തിൻ്റെ കഥാഗതിയുമായി വലിയ ബന്ധമൊന്നുമില്ലാത്ത ചെറിയൊരു റോളാണേലും പുള്ളി തനിക്ക് കിട്ടിയ ആ കഥാപാത്രം നന്നായി പൊലിപ്പിക്കുന്നുണ്ട്..

May be an image of 2 people, beard and textനമ്മുടെ കൊച്ചുപ്രേമൻ ചേട്ടൻ്റെ സിനിമാ അരങ്ങേറ്റം സംഭവിച്ചത് ഈ ഫ്രീക്കൻ വേഷത്തിലൂടെയായിരുന്നു.സ്കൂൾ പഠനകാലം മുതൽക്കേ നാടകത്തിൽ തൽപ്പരനായിരുന്നു പ്രേമൻ.. പിന്നീട് സ്വന്തമായി നാടകങ്ങളഴുതി സംവിധാനം ചെയ്ത് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലൊക്കെ അവതരിപ്പിക്കാൻ തുടങ്ങി.അത്തരത്തിൽ രചനയും സംവിധാനവും ചെയ്ത് അഭിനയിച്ച ഹാസ്യപ്രധാനമായ ഒരു നാടകം നാട്ടിൽ ശ്രദ്ധിക്കപ്പെട്ടപ്പോ അത് തിരുവനന്തപുരം ടൗണിൽ ടിക്കറ്റ് വച്ച് കളിപ്പിച്ചാലോന്നൊരു ആലോചന.അങ്ങനെ കാർത്തിക തിരുനാൾ തീയേറ്ററിൽ അവതരിപ്പിക്കപ്പെട്ട ആ നാടകത്തിൻ്റെ കാണികളിലൊരാളായി ചലച്ചിത്ര സംവിധായകൻ ജേസിയുമുണ്ടായിരുന്നു.. ഇൻ്റർവെൽ സമയത്ത് കൊച്ചുപ്രേമനെത്തേടി മലയാളസിനിമയിലേക്കുള്ള ക്ഷണവുമെത്തി.

മഞ്ഞിലാസ് നിർമ്മിച്ച് ജേസി സംവിധാനം ചെയ്ത ‘ഏഴുനിറങ്ങൾ എന്ന സിനിമയിലെ മേൽപ്പറഞ്ഞ വേഷത്തിലേക്ക് കൊച്ചുപ്രേമൻ എത്തിപ്പെടുന്നത് അങ്ങനെയാണ്.. ഈ ചിത്രമിറങ്ങിയപ്പോ ദാ വരുന്നു സിനിമയിലേക്കുള്ള അടുത്ത ഓഫർ.. പക്ഷേ ഇത്തവണ ഷൂട്ടിംഗ് മദ്രാസിലാണ്.. അങ്ങോട്ട് വിടാൻ വിട്ടുകാർക്ക് താൽപര്യക്കുറവും ധൈര്യക്കുറവുമൊക്കെയാണ്.. അങ്ങനെ മദിരാശിയിലേക്ക് പോവാൻ കഴിയാതിരുന്നതുമൂലം ആ വേഷം നഷ്ടമായി.പിന്നീടൊരു സിനിമയിലഭിനയിക്കാൻ ഇദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നത് നീണ്ട 17 വർഷങ്ങൾ.. ഇക്കാലമത്രയും നാടകരംഗത്ത് സജീവമായിരുന്നു.

പിന്നീട് 1996 ലെ ദില്ലിവാലാ രാജകുമാരൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്.. തൊട്ടടുത്ത വർഷം കഥാനായകൻ, ഗുരു, ഇരട്ടക്കുട്ടികളുടെ അച്ഛൻ, ദി കാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.. പിന്നീടങ്ങോട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ.. ഇതിനിടയിൽ മിനിസ്‌ക്രീൻ പരമ്പരകളിലും ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.എഴുനിറങ്ങളിലെ പേരില്ലാത്ത കഥാപാത്രത്തിൽ നിന്ന് പ്രീസ്റ്റിലെ പ്യൂൺ പോളേട്ടനിലെത്തി നിൽക്കുന്നു കൊച്ചുപ്രേമനെന്ന നടൻ്റെ സിനിമാ ജീവിതം.
(പേഴ്സണലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം കാർബണിലെ ബാലൻപിള്ളയാണ്.. ഇദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച പ്രകടനമെന്ന് പറയപ്പെട്ട ‘രൂപാന്തരം’ എന്ന ചിത്രം കാണാൻ ലഭ്യമായതുമില്ല)