അച്ഛന്റെ ‘നഷ്ട’ ചരിത്രം തിരുത്തിക്കുറിച്ച മകൻ

1035

Sebastian Xavier ന്റെ പോസ്റ്റ്

1982 കാലഘട്ടമാണ്..ജയൻ എന്ന സൂപ്പർതാരത്തിൻ്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താനെന്നോണം പല പുതിയ നടന്മാരും ജയൻ്റെ പിൻഗാമിയെന്ന ലേബലിൽ സിനിമയിൽ അരങ്ങേറുന്ന കാലം.ആ സമയത്താണ് ബി.എസ്.സി ബാബുവെന്ന പുതിയ നിർമ്മാതാവ് അന്നത്തെ പ്രധാന നടന്മാരായ സുകുമാരൻ, സോമൻ, രവികുമാർ എന്നിവരെയൊക്കെ വച്ച്, ഹിറ്റ്മേക്കർ ശശികുമാറിൻ്റെ സംവിധാനത്തിൽ ഒരു പടം നിർമ്മിക്കുന്നത്.രുപത്തിലും മാനറിസങ്ങളിലും ശബ്ദത്തിലുമെല്ലാം ജയനോട് സാമ്യം പുലർത്തുംവിധം ജയൻ്റെ അനുജനായ സോമൻനായരെ അജയനെന്ന പേരിൽ ഒരു പ്രധാനവേഷത്തിൽ ആ സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നു.. പടത്തിൽ പ്രധാന സംഘട്ടനരംഗങ്ങളൊക്കെ അജയൻ്റെ കഥാപാത്രത്തിന് നൽകിക്കൊണ്ട്, ‘ജയനു ശേഷം അജയൻ’ എന്ന നിലയ്ക്കൊരു മാർക്കറ്റിംഗും ലക്ഷ്യമിട്ട ചിത്രം.

ഇത്രയൊക്കെയുണ്ടായിട്ടും ‘സൂര്യൻ’ എന്ന ആ സിനിമ വിജയമായില്ല എന്നതാണ് സത്യം.. ബീഎസ് സി ബാബു എന്ന പ്രൊഡ്യൂസർ ആ ഒറ്റചിത്രത്തോടെ സിനിമാ നിർമ്മാണവും അവസാനിപ്പിച്ചു.ആ ചിത്രത്തിൽ സുകുമാരൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ കുട്ടിക്കാലത്തെ രണ്ട് ഗെറ്റപ്പുകളിലൊന്ന് ചെയ്തത് നിർമ്മാതാവിൻ്റെ മകൻ തന്നെയായിരുന്നു.. അച്ഛൻ നിർമ്മിച്ച ചിത്രത്തിൽ ഒരു കുഞ്ഞുറോളിൽ ക്യാമറയ്ക്കു മുന്നിൽ മുഖംകാണിച്ച ആ ആറു വയസ്സുകാരൻ്റെ മനസ്സിൽ സിനിമയെന്ന സ്വപ്നത്തിൻ്റെ വിത്തുപാകാനൊരു നിമിത്തമാവുക എന്നതായിരുന്നിരിക്കണം ‘സൂര്യൻ’ എന്ന പരാജയസിനിമയുടെ യഥാർത്ഥ നിയോഗം..

Vijay Babu responds to online criticism- Cinema expressഇന്ന് മലയാളസിനിമയിലെ പ്രമുഖ നിർമ്മാണക്കമ്പനികളിലൊന്നായ ഫ്രൈഡേ ഫിലിംഹൗസിൻ്റെ സാരഥിയും നടനുമായ വിജയ്ബാബുവായിരുന്നു അന്നത്തെ ആ ബാലതാരം.. സ്കൂൾ പഠനകാലത്ത് നാടകം, മോണോആക്ട് തുടങ്ങിയ മേഖലകളിൽ മികവുപുലർത്തുമ്പോഴും സിനിമ തന്നെയായിരുന്നു ആത്യന്തികലക്ഷ്യമെങ്കിലും സിനിമയിൽ പണമിറക്കി കൈപൊള്ളിയ അനുഭവമുള്ളതുകൊണ്ട് തന്നെ വിജയ് യുടെ സിനിമാമോഹത്തിന് യാതൊരു പിന്തുണയും കുടുംബത്തിൽ നിന്ന് ലഭിച്ചില്ല..

പിന്നീട് ബാംഗ്ലൂരിലെ ഉപരിപഠനത്തിശേഷം മാർക്കറ്റിംഗ് മേഖലയിൽ പ്രൊഫഷണൽ ജിവിതം തുടങ്ങിയ വിജയ്ബാബു പിന്നിട് മാധ്യമരംഗത്തേക്കും തുടർന്ന് സിനിമയിലേക്കു തന്നെയും എത്തപ്പെടുകയും ചുരുക്കിയ കാലയളവിനുള്ളിൽത്തന്നെ അഭിനയത്തിലും സിനിമാനിർമ്മാണത്തിലും സജീവമാവുകയുമായിരുന്നു. നിലവിൽ പുതുമുഖ സംവിധായകരെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കന്ന നിർമ്മാണക്കമ്പനിയേതെന്ന് ചോദിച്ചാൽ അതിനുത്തരം ഫ്രൈഡേ ഫിലിംഹൗസ് എന്നു തന്നെയാണ്..
ഇതിനോടനകം തന്നെ എട്ടോളം നവാഗതസംവിധായകർക്ക് മലയാളസിനിമയിലേക്കുള്ള വഴിയൊരുക്കാൻ ഈ ബാനറിനു കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ മുതൽമുടക്കിയതുമൂലം സാമ്പത്തികനഷ്ടം നേരിടേണ്ടിവന്നയാളാണ് ബി എസ് സി ബാബുവെന്ന നിർമ്മാതാവെങ്കിൽ, മകൻ വിജയ് ബാബു ആ ചരിത്രം ഇതിനോടകം പലതവണ തിരുത്തിക്കുറിച്ചു കഴിഞ്ഞിരിക്കുന്നു..