Sebastian Xavier
38 വർഷങ്ങൾക്കു ശേഷം ചരിത്രം ആവർത്തിക്കപ്പെടുകയായിരുന്നു. അറുപത്തിയെട്ടാമത് ദേശിയ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടിക്കും നടനുമുള്ള പുരസ്കാരങ്ങൾ അനൗൺസ് ചെയ്യപ്പെട്ടപ്പോൾ ഇത് നാലാം തവണയാണ് ഒരേ ചിത്രത്തിലെ നടിയും നടനും മികച്ച നടീനടന്മാരായി തെരഞ്ഞെടുക്കപ്പെടുന്നത്.
1970 ൽ ഇറങ്ങിയ Dastak എന്ന ക്ലാസ്സിക് ചിത്രത്തിലൂടെ സഞ്ജീവ് കുമാറും, രെഹാന സുൽത്താനും പതിനെട്ടാമത് ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിക്കൊണ്ട് തുടങ്ങിവച്ചത്, നാലുവർങ്ങൾക്കിപ്പുറം ശബാന ആസ്മി, സാധു മെഹർ എന്നിവർ ചേർന്ന് ആവർത്തിച്ചു.. 1974 ലെ മികച്ച നടീ നടന്മാരായി ഇവർ തെരഞ്ഞെടുക്കപ്പെട്ടത് ശ്യാം ബെനഗലിന്റെ ‘Ankur’ ലെ പ്രകടനത്തിനായിരുന്നു.
പത്തു വർഷങ്ങൾക്കു ശേഷം 1984 ൽ ശബാന ആസ്മി Paar എന്ന ചിത്രത്തിലൂടെ നാലാം തവണ മികച്ച നടിക്കുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കിയപ്പോൾ അതേ ചിത്രത്തിലഭിനയിച്ച നസറുദ്ദിൻ ഷാ ആയിരുന്നു ആ വർഷത്തെ മികച്ച നടൻ.അതിനു ശേഷം 38 വർഷത്തിനിപ്പുറം സുധ കൊംഗരയുടെ സുറൈ പോട്രു എന്ന ഒരേ ചിത്രത്തിലുടെ സൂര്യ ശിവകുമാറും അപർണ്ണ ബാലമുരളിയും മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.. (താനാജി എന്ന ചിത്രത്തിലൂടെ, മികച്ച നടനുള്ള പുരസ്കാരം മൂന്നാം തവണ നേടിയ അജയ് ദേവ്ഗണുമായിട്ടാണ് സൂര്യ അവാർഡ് പങ്കു വയ്ക്കുന്നത്)
മികച്ച നടനെയും നടിയെയും അവാർഡിനർഹരാക്കിയ സിനിമ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെടുക എന്ന അത്യപൂർവ്വത അപ്പോഴും സുധ കൊംഗരയുടെ ചിത്രത്തിന് മാത്രം സ്വന്തം.
.