ഒരുപാട് നേടണമെന്ന് ആഗ്രഹമില്ല, പക്ഷേ ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു
”സുകുമാരൻ, അടൂർ ഭാസി, ഉമ്മർ, ബാലൻ കെ നായർ, നെടുമുടി വേണു എന്നി മഹാരഥൻമാരുടെ മുന്നിൽ വച്ചായിരുന്നു സിനിമയിലെ എൻ്റെ ആദ്യ ഷോട്ട്… അതിൻ്റെ ഓർമ്മ
173 total views

Sebastian Xavier ന്റെ പോസ്റ്റ്
”സുകുമാരൻ, അടൂർ ഭാസി, ഉമ്മർ, ബാലൻ കെ നായർ, നെടുമുടി വേണു എന്നി മഹാരഥൻമാരുടെ മുന്നിൽ വച്ചായിരുന്നു സിനിമയിലെ എൻ്റെ ആദ്യ ഷോട്ട്… അതിൻ്റെ ഓർമ്മ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.. ഷൂട്ടിംഗ് എൻ്റെ തറവാട്ടിൽത്തന്നെ ആയിരുന്നതിനാൽ കാണികളായി ബന്ധുക്കളൊക്കെയുണ്ടായിരുന്നു.. അവരുടെ കളിയാക്കലുകൾക്കും, തമാശകൾക്കുമിടയിൽ എങ്ങനെ ഞാനാ രംഗം അഭിനയിച്ച് പൂർത്തിയാക്കിയെന്ന് സത്യത്തിൽ എനിക്കറിയില്ല..
സിനിമയിലെ എൻ്റെ ആദ്യ ഡയലോഗ് ഇതായിരുന്നു.. ‘അമ്മാവാ മെംബർ വിളിക്കുന്നു’.. ചിത്രത്തിൽ എൻ്റെ അമ്മാവനായത് ഉമ്മറങ്കിളും മെംബറായി അഭിനയിച്ചത് നെടുമുടി വേണുവങ്കിളുമായിരുന്നു..” മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപ്, അർബുദത്തോട് മല്ലിട്ടുകൊണ്ടിരുന്ന സമയത്ത് ജിഷ്ണു രാഘവൻ തൻ്റെ മുഖപുസ്തകത്താളിൽ കുറിച്ചതാണിത്..ക്യാൻസറിനോട് പൊരുതുന്ന നാളുകളിലും ജിഷ്ണു തൻ്റെ യാത്രകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള വിശേഷങ്ങൾ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ നിരന്തരം പങ്കുവച്ചു.. അപ്പോഴും ആ വരികളിലെല്ലാം ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നിറഞ്ഞുനിന്നിരുന്നു.. ക്ഷീണിച്ച ശരീരത്തോടെയുള്ള ചിത്രങ്ങൾ പോസ്റ്റുചെയ്തപ്പോഴും ആ മുഖത്ത് നിറഞ്ഞ പുഞ്ചിരി കാണാമായിരുന്നു..
മരണത്തിന് രണ്ടാഴ്ച മുൻപ് ഐ.സി.യുവിൽ നിന്ന് അവസാനമായി പോസ്റ്റ് ചെയ്ത കുറിപ്പിൽപ്പോലും ദുഖമോ നിരാശയോ അല്ല, എല്ലാത്തിനെയും വളരെ പോസിറ്റിവായി കാണുന്ന ആ മനോഭാവമാണ് തെളിഞ്ഞു കണ്ടത്.. ”ഐസിയു വിലാണെന്ന് കരുതി ആശങ്കപ്പെടേണ്ട.. ഇത് എൻ്റെ മറ്റൊരു വീടായി മാറിക്കഴിഞ്ഞിരിക്കുന്നു.. ഇവിടെയും ഞാൻ സന്തോഷവാനാണ്.. ഇവിടെ വരുന്ന ഡോക്ടർമാരെയും നഴ്സുമാരെയുമെല്ലാം എപ്പോഴും ഞാൻ പുഞ്ചിരിയോടെയാണ് സ്വീകരിക്കുന്നത്.. ഡോക്ടർ എന്നോട് പറഞ്ഞത്, പുഞ്ചിരിക്കുന്ന ഒരു പേഷ്യൻ്റിനെ കാണുന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് … കൂടുതൽ ഊർജ്ജസ്വലതയോടെ ഡ്യൂട്ടി ചെയ്യാൻ അതവരെ സഹായിക്കുന്നുവെന്നും… എപ്പോഴും പുഞ്ചിരിക്കുക.. പുഞ്ചിരിക്ക് അൽഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു…”
വനിതാദിനമായ അന്നേദിവസം തന്നെ സ്ത്രീകൾക്ക് ആശംസ നേർന്നുകൊണ്ടുള്ള ഏതാനും വരികളും അദ്ദേഹം കുറിച്ചിരുന്നു..
ഇന്ന് ജിഷ്ണുവിൻ്റെ അഞ്ചാം ചരമവാർഷിക ദിനമാണ്.പോസ്റ്റിൻ്റെ ആരംഭത്തിൽ പരാമർശിച്ചവിധം ബാലതാരമായി ജിഷ്ണു സിനിമയിൽ അരങ്ങേറുന്നത് തൻ്റെ അച്ഛനും നടനുമായ രാഘവൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ‘കിളിപ്പാട്ട്’ എന്ന ചിത്രത്തിലൂടെയാണ്.. 1986 ലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആ ചിത്രം 87ൽ തീയേറ്ററുകളിലെത്തി.ആ പടമിറങ്ങി ഒന്നര പതിറ്റാണ്ടിനു ശേഷം ജിഷ്ണുവിന് സിനിമയിലേക്ക് വീണ്ടുമൊരു വരവിന് വഴിയൊരുക്കിയത് 2002 ൽ കമൽ ഒരുക്കിയ ‘നമ്മൾ’ എന്ന ചിത്രമാണ്.. ജിഷ്ണുവും ഭരതൻ്റെ മകൻ സിദ്ധാർത്ഥും നായകവേഷത്തിൽ അഭിനയിച്ച് 2002 ഡിസംബർ 20 ന് റിലീസായ ചിത്രത്തിന് മത്സരക്കേണ്ടിയിരുന്നത് അതേദിവസം തന്നെയിറങ്ങിയ കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നന്ദനം എന്നീ പടങ്ങളോടായിരുന്നു..
ഒരേദിവസം റിലീസായ ആ നാലു ചിത്രങ്ങളെയും പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിക്കുകയും മലയാള സിനിമ നേട്ടമുണ്ടാക്കുകയും ചെയ്ത ഒരു ക്രിസ്മസ് സീസണായിരുന്നു അത്..
നായകനായ ആദ്യ ചിത്രം വിജയമായതിനെത്തുടർന്ന് ജിഷ്ണു നായക വേഷത്തിലെത്തിയ ഏതാനും ചിത്രങ്ങൾ വന്നെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.. പിന്നീട് ചെയ്ത നേരറിയാൻ സി.ബി.ഐ , ചക്കരമുത്ത് തുടങ്ങിയവയിൽ മികച്ച വേഷങ്ങളായിരുന്നുവെങ്കിലും ആ ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയില്ല..തുടർന്ന് ഏതാണ്ട് നാലു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള മൂന്നാം വരവിലാണ് ജിഷ്ണുവിന് കൂടുതൽ വൈവിധ്യമാർന്ന വേഷങ്ങൾ കിട്ടിത്തുടങ്ങിയത്.. 2010 ൽ ഇറങ്ങിയ യുഗപുരുഷനിലെ സാമൂഹിക പരിഷ്കർത്താവായ ‘സഹോദരൻ അയ്യപ്പൻ്റെ ‘ വേഷവും, ഓർഡിനറിയിലെ അധ്യാപകനും, ബാങ്കിംഗ് അവേഴ്സിലെ കഥാപാത്രവുമല്ലാം ഇതിൽപ്പെടും.. ട്രാഫിക്കിൻ്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലും അഭിനയിച്ചു (മലയാളത്തിൽ നടൻ കൃഷ്ണ ചെയ്ത റോളിൽ).. ഈ ചിത്രം റിലീസായത് ജിഷ്ണുവിൻ്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു..
”എനിക്ക് ഒരുപാട് നേടണമെന്ന് ആഗ്രഹമില്ല.. പക്ഷേ ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.”.ആ ആഗ്രഹങ്ങളെ പാതിവഴിയിൽ നിർത്തി 2016 മാർച്ച് 25 ന് മരണത്തിന് കീഴടങ്ങിയ ജിഷ്ണു രാഘവൻ എന്ന നടന്, ധീരനായ ആ പോരാളിക്ക് ഈ ഓർമ്മദിനത്തിൽ സ്മരണാഞ്ജലി.
174 total views, 1 views today
