ഈ പെമ്പ്രന്നോത്തി ഒരു പാവമായതുകൊണ്ടല്ലേ ഇങ്ങേര് ഈ ചിന്നവിട് സെറ്റപ്പ് ഒരു പതിവാക്കുന്നത്.. ഭർത്താവായി അഭിനയിച്ച രണ്ടുപടത്തിലും ഈ സാധുസ്ത്രീയെ പറ്റിച്ച് ഒരു പാരലൽ കുടുംബം തന്നെ ഉണ്ടാക്കിക്കളഞ്ഞു ഈ വിദ്വാൻ.. ഈ പാവം ഭാര്യയുടെ സ്ഥാനത്ത് വല്ല ലളിതച്ചേച്ചിയോ മീനച്ചേച്ചിയോ ഒക്കെ ആയിരുന്നേൽ പണ്ടേ അതിയാൻ്റെ മുട്ടുകാല് തല്ലിയൊടിച്ചേനേ..
കെട്ട്യോളെ പറ്റിക്കുന്നതും പോരാഞ്ഞ് അവരിലുണ്ടായ ‘ഒഫീഷ്യൽ’ പുത്രന് ഒരു എട്ടിൻ്റെ പണിയും കൂടി ഒപ്പിച്ചുവച്ചിട്ടാവും മുപ്പിലാൻ നൈസായിട്ട് പരലോകത്തേക്ക് പോവുക.. ഈ മുട്ടൻ പണി ഏറ്റുവാങ്ങിയ ഹതഭാഗ്യരായ പുത്രന്മാരുടെ റോൾ ലാലേട്ടനും മമ്മുക്കയും കൃത്യമായി വീതിച്ചെടുത്തിട്ടുമുണ്ട്.. ‘
ഭാര്യാഭർത്താക്കന്മാരായി ഇവർ വെള്ളിത്തിരയിൽ ആദ്യം ഒന്നിച്ച ‘തച്ചിടേത്ത് ചുണ്ടനി’ൽ, വാസുകുട്ടൻ എന്ന ഇങ്ങേരുടെ അവിഹിതവും ആ ബന്ധത്തിലുണ്ടായ മകളുടെ പിതൃത്വവും നാട്ടുകാർക്കും വീട്ടുകാർക്കുമറിയുന്ന പരസ്യമായ രഹസ്യമാണ്.. തറവാട്ടിലെ ആശ്രിതനെ ഒരു ഡമ്മി കുടുംബനാഥനായി ചിന്നവീട്ടിൽ നിയമിച്ച് ചെല്ലും ചെലവും കൊടുത്തു പോറ്റുമ്പോഴും വാസുകുട്ടൻ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ അടിക്കടി അവിടെ സന്ദർശനം നടത്താറുണ്ട്.. അവസാനം, താനായിട്ട് ഉണ്ടാക്കിവച്ച പ്രശ്നങ്ങളും ബാധ്യതകളും, അൺഒഫീഷ്യൽ അനിയത്തിക്കുട്ടിയുടെ രക്ഷാകർതൃത്വവും ഒക്കെ മകൻ്റെ തലയിൽ വച്ചു കൊടുത്തിട്ട് പുള്ളി സ്വയം ഇഹലോകവാസം വെടിയുന്നു.. ഇതൊക്കെ നടക്കുമ്പോഴും ക്ഷമയുടെ പര്യായമായ ഭാര്യ സാരിത്തുമ്പിൽ കണ്ണീരും തുടച്ച് തറവാട്ടിൻ്റെ അകത്തളത്തിൽ സർവ്വംസഹയായിവിളങ്ങി കാലംകഴിക്കുകയാണ്..
അടുത്തവട്ടം ഇവർ ദമ്പതികളായെത്തുമ്പോൾ, ഭർത്താവ് ഒരൽപം കൂടെ ബുദ്ധിപൂർവ്വമാണ് കാര്യങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നത് എന്ന് കാണാം.. സ്വന്തം നാട്ടിൽനിന്ന് ദൂരെ ഒരിടത്താണ് ചിന്നവീട് സെറ്റ് ചെയ്തിരിക്കുന്നത്.. അവിടെ സന്ദർശനത്തിന് പോവുന്നതിന് എല്ലാ മാസത്തിലും നിശ്ചിതദിവസങ്ങളും, പോകുമ്പോ റെഗുലറായിട്ട് വീട്ടിൽ പറയാൻ വിശ്വസനീയമായ സ്ഥിരം കള്ളവുമുണ്ട്.. തച്ചിലേടത്തെ വാസുക്കുട്ടനെ അപേക്ഷിച്ച് ‘ബാലേട്ടനിലെ’ റിട്ടയേർഡ് പോസ്റ്റുമാസ്റ്റർ നാട്ടാരുടെയും വീട്ടുകാരുടെയും മുന്നിൽ മാന്യനാണ്.. മാത്രമല്ല അവിഹിതബന്ധത്തിലൂടെ രണ്ടു പെൺമക്കളുടെ പിതാവാകുക വഴി വാസുകുട്ടനേക്കാൾ ഒരു പടി മുന്നിലെത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്..
തൻ്റെ കാലം കഴിയാറായി എന്ന തോന്നലുദിച്ചപ്പോൾ മകൻ്റെ മുന്നിൽ ഒരു കുമ്പസാരം നടത്തി തൻ്റെ ബാധ്യതകളെല്ലാം അയാൾക്ക് കൈമാറിക്കൊണ്ട് ആ പാവത്തിനെ പ്രശ്നങ്ങളുടെ നടുക്കടലിൽ പിടിച്ചിട്ടിട്ടാണ് ഇവിടെയും ആ ‘കൈപ്പിഴ പറ്റിയ അച്ഛൻ’ പരലോകത്തേക്ക് സ്കൂട്ടാവുന്നത്.. ഭർത്താവിനാൽ കബളിപ്പിക്കപ്പെടുന്ന എട്ടും പൊട്ടും തിരിയാത്ത ‘ഉത്തമഭാര്യ’യുടെ വേഷമാണ് ഇതിലും സുധ എന്ന തെന്നിന്ത്യൻ നടിക്ക്.. ഇവിടെ, കഥയുടെ ക്ലൈമാക്സിലാണ് അവർക്ക് ഭർത്താവിൻ്റെ മൂകാംബികാ യാത്രയുടെ ഗുട്ടൻസ് പിടികിട്ടുന്നത് എന്നത് മാത്രമാണ് മുൻപുപറഞ്ഞ വാസുകുട്ടൻ്റെ ഭാര്യയിൽ നിന്നുള്ള വ്യത്യാസം..
പറഞ്ഞിട്ടു കാര്യമില്ല.. ഇന്നത്തെപ്പോലെ ഭർത്താവിൻ്റെ ഫോണും വാട്സ്ആപ്പുമൊക്കെ ചെക്ക്ചെയ്ത് കള്ളക്കള്ളി കണ്ടുപിടിക്കാനുള്ള സൗകര്യമൊന്നും അന്നില്ലല്ലോ.. എന്നാലും പുള്ളിക്കാരി ഇക്കാര്യത്തിൽ കുറച്ചൂടെ ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്നാണ് എൻ്റെ ഒരു ഇത്. ബെ ദ വേ., ”നമ്മൾ അനുവദിച്ചാലല്ലാതെ ഒരാൾക്ക് നമ്മെ ചതിക്കാൻ കഴിയില്ലയെന്ന് എവിടെയോ വായിച്ചതോർക്കുന്നു.” എന്ന അറബിക്കഥയിലെ ക്യൂബാമുകുന്ദൻ്റെ ഡയലോഗ് ഓർമ്മവരുന്നു..!