Sebastian Xavier
കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ ഓരോന്നായി മറനീക്കി പുറത്തുവരാൻ തുടങ്ങിയതോടെയാണ് ‘കാസ്റ്റിംഗ് ‘ എന്ന വാക്ക് സോഷ്യൽ മീഡിയയിലും വാർത്തകളിലും മറ്റും കൂടുതലായി ഇടം പിടിച്ചു തുടങ്ങിയത്. തല്ക്കാലം നമുക്ക് കൗച്ച് മാറ്റിനിർത്തി കാസ്റ്റിംഗിലേക്ക് മാത്രം വരാം. ഒരു സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിൽ അത്യന്തം സൂക്ഷ്മതയോടെ, ഭാവനയും വസ്തുതയും സമന്വയിപ്പിച്ച് ചെയ്യേണ്ട ഒരു പ്രക്രിയയാണ് കാസ്റ്റിംഗ്. കടലാസിലെ അക്ഷരങ്ങളിൽ വിരിഞ്ഞ കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങൾ വരെ തന്നിലേക്ക് ആവാഹിച്ച് ഒരു വേഷം അവിസ്മരണീയമാക്കാൻ ഏറ്റവും അനുയോജ്യനായ നടനെ കണ്ടെത്തുക എന്നത് നിസ്സാരമല്ല.. പലപ്പോഴും കാസ്റ്റിംഗിലെ പാളിച്ച കൊണ്ട് മാത്രം മികച്ച കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടാതെ പോവുകയും, ഭാവനാപൂർണ്ണമായ മികച്ച കാസ്റ്റിംഗിലൂടെ പല കഥാപാത്രങ്ങളും അതിന്റെ സൃഷ്ടാവിന്റെ പോലും പ്രതീക്ഷിക്കപ്പുറത്തുള്ള തലത്തിലേക്ക് ഉയരുകയും ചെയ്യുന്നു.
ചില ഗംഭീര പ്രകടന സാധ്യതയുള്ള കഥാപാത്രങ്ങൾ അതിന്റെ രചനാവേളയിൽത്തന്നെ ഒരു പ്രത്യേക നടനേയോ നടിയേയോ മുന്നിൽക്കണ്ട് എഴുതപ്പെട്ടതായിരിക്കും. എന്നാൽ മറ്റു ചിലപ്പോൾ ഇത്തരം മുൻ നിശ്ചയങ്ങൾ ഇല്ലാതെയായിരിക്കും പാത്രസൃഷ്ടി നടന്നിരിക്കുക. ഇവയ്ക്കൊത്ത അഭിനേതാക്കളെക്കുറിച്ച് ചിന്തിക്കുമ്പോൾ Established ആയ നടീനടന്മാരുടെ മുഖവും അവരുടെ പ്രകടനവുമെല്ലാം സ്വാഭാവികമായും ആദ്യമേ ഒരു ചലച്ചിത്രകാരന്റെ മനസ്സിലേക്കെത്തിയേക്കാം. എന്നാൽ അതിനപ്പുറമുള്ള സാധ്യതകളെക്കുറിച്ചു കൂടി അയാൾ ചിന്തിക്കുകയും അത്തരം സാധ്യതകൾ തേടുകയും ചെയ്യുന്നിടത്താണ് ചില കഥാപാത്രങ്ങൾ ഒരു നിയോഗംപോലെ ചിലരിലേക്ക് എത്തപ്പെടുന്നതും ഈ വേഷം കെട്ടിയാടാൻ ഇയാളെപ്പോലെ അനുയോജ്യനായ മറ്റൊരാളില്ല എന്ന് പ്രേക്ഷകൻ വിധിയെഴുതുന്ന നിലയിലേക്ക് കാര്യങ്ങൾ മാറുന്നതും.
നമ്മുടെ മുഖ്യധാരാസിനിമാചരിത്രം നോക്കുമ്പോൾ, മലയാള സിനിമാപ്രേക്ഷകർക്ക് അത്രമേൽ പരിചിതരല്ലായിരുന്ന ചിലർ സിനിമയിൽ ഒരു പ്രത്യേക കഥാപാത്രം അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെടുകയും, പിന്നീട് ആ റോളിൽ മറ്റൊരാളെ സങ്കല്പിക്കാനാവാത്ത വിധം തിരശ്ശീലയിൽ അത് മികവുറ്റതാവുകയും ചെയ്തിട്ടുണ്ട്. ഇതാണ് കാസ്റ്റിംഗിന്റെ മാജിക്. പെട്ടെന്ന് ഓർമ്മയിലെത്തുന്ന അത്തരം ചില കാസ്റ്റിംഗ് മികവുകളെക്കുറിച്ചാണ് ഈ കുറിപ്പ്.
മലയാളസിനിമയിൽ ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ കാസ്റ്റിംഗ് ബ്രില്ല്യൻസ് ഏതാണെന്നു ചോദിച്ചാൽ ഒറ്റയുത്തരമേയുള്ളു. അത് ഗോഡ്ഫാദറിലെ അഞ്ഞൂറാനെ അവതരിപ്പിക്കാൻ സിദ്ദിഖ്-ലാൽമാർ നാടകാചാര്യനായ N. N. പിള്ളയെ കൊണ്ടുവന്നതാണ്. സിനിമാഭിനയത്തിൽ തീരെ താല്പര്യമില്ലാതിരുന്ന അദ്ദേഹത്തെക്കൊണ്ട് അതിന് സമ്മതിപ്പിക്കാൻ സിദ്ദിഖും, ലാലും, N. N. പിള്ളയുടെ മകനായ നടൻ വിജയരാഘവനുമെല്ലാം ചേർന്ന് വൻപരിശ്രമം നടത്തേണ്ടിവന്നു. അതിനുള്ള പ്രതിഫലമെന്നോണം ചിത്രത്തിന്റെ മഹാവിജയത്തിൽ ഏറ്റവും നിർണ്ണായകമായ ഘടകങ്ങളിലൊന്നായി മാറിയത് അഞ്ഞൂറാൻ എന്ന കഥാപാത്രത്തിനു ശ്രീ. N N പിള്ള നൽകിയ പൂർണ്ണത തന്നെയായിരുന്നു. റിലിസ് സെന്ററിൽ നാനൂറിലധികം ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ഒരേയൊരു മലയാള ചിത്രം എന്ന റെക്കോഡ് ഗോഡ്ഫാദർ ഇന്നും കയ്യടക്കിവച്ചിരിക്കുന്നു.
1990 ൽ എം.ടി. രചന നിർവ്വഹിച്ച് ഭരതൻ സംവിധാനം ചെയ്ത Thazhvaaram എന്ന ക്ലാസ്സിക് ചിത്രം ഇറങ്ങും വരെ സലിം ഗൗസ് എന്ന നടൻ മലയാളികൾക്ക് അപരിചിതനായിരുന്നു. എന്നാൽ ചിത്രം കണ്ടവരാരും അതിൽ സലിം അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തെ മറക്കില്ല. ഒരു അന്യഭാഷാനടനാണ് അഭിനയിച്ചിരിക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയാത്തവിധം കെട്ടിലും മട്ടിലും രാജു അഥവാ രാഘവൻ എന്ന പ്രതിനായകനായി അദ്ദേഹം മാറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ആ ക്യാരക്ടറിനായി ശബ്ദം നൽകിയത് ഷമ്മി തിലകനാണ് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു . മലയാള സിനിമയിലെ എക്കാലത്തെയും മികച്ച റിവഞ്ച് ഡ്രാമയായി ആ ചിത്രവും ഏറ്റവും മികച്ച വില്ലൻ റോളുകളിലൊന്നായി ആ കഥാപാത്രവും മാറി എന്നത് ചരിത്രം.
അതേ വർഷം തന്നെ ഇറങ്ങിയ മറ്റൊരു ചിത്രത്തിലെ വില്ലനെക്കുറിച്ചാണ് ഇനി പറയുന്നത്. സിദ്ദിഖ്ലാലിന്റെ ഇൻ ഹരിഹർ നഗറിലെ ജോൺഹോനായാണ് കക്ഷി. റിസബാവ എന്ന നടൻ അതിനു മുൻപ് ചെയ്ത ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ നായകവേഷമാണ് എന്നൊക്കെ പറയാമെങ്കിലും കയ്യടി മുഴുവൻ ടൈറ്റിൽറോൾ ചെയ്ത ഇന്നസെന്റ് കൊണ്ടുപോയി. എന്നാൽ കാവ്യനീതി പോലെ രണ്ടാമത്തെ ചിത്രത്തിലെ വില്ലൻ വേഷം നായകന്മാർക്കും ഉപരിയായി ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമ അന്നോളം കണ്ടിട്ടുള്ള വില്ലന്മാരിൽനിന്നെല്ലാം വ്യത്യസ്തനായ ഹോനായിയെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ നടനെ കണ്ടെത്താൻ കഴിഞ്ഞു എന്നുള്ളതാണ് ആ കഥാപാത്രം ഇത്രമേൽ പോപ്പുലർ ആവാൻ കാരണം. തുടർന്ന് അതേ അച്ചിൽ വാർത്ത വില്ലന്മാരുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. അതിൽ പലതിലും റിസബാവ തന്നെ അഭിനയിച്ചു എന്നത് ആ നടന്റെ കരിയറിന് ദോഷം ചെയ്തു.
1984 ൽ ഫാസിലിന്റെ സംവിധാനത്തിൽ ഇറങ്ങിയ മെഗാഹിറ്റ് ചിത്രമായിരുന്നു ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ‘. ചിത്രത്തിലെ ഗേളി എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ കണ്ടെത്തിയത് നാദിയ മൊയ്തു എന്ന പുതുമുഖത്തെയായിരുന്നു. ഈ ഒറ്റ ചിത്രം കൊണ്ടു തന്നെ അവർ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. കുസൃതിയും കുറുമ്പുമുള്ള അയൽപക്കത്തെ പെൺകുട്ടി ഇമേജിലുള്ളതും കഥ പുരോഗമിക്കുന്തോറും പ്രേക്ഷകമനസ്സിനെ ആർദ്രമാക്കുന്നതുമായ ആ കഥാപാത്രം മറ്റാർക്കും അനുകരിക്കാൻ പോലുമാവാത്ത വിധം നാദിയ മനോഹരമാക്കി. ചിത്രം തൊട്ടടുത്തവർഷം ഫാസിൽ തന്നെ ‘പൂവേ പൂചൂടവാ’ എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴും നായിക മറ്റാരുമായിരുന്നില്ല. തുടർന്ന് ഇരു ഭാഷകളിലും അഭിനയസാധ്യതയുള്ള ഒത്തിരി വേഷങ്ങൾ നാദിയയെ തേടിയെത്തി.
ദേവാസുരം എന്ന ചിത്രം ഇറങ്ങുമ്പോൾ മലയാള സിനിമാ പ്രേക്ഷകർക്ക് തീർത്തും അപരിചിതനായിരുന്നു നെപ്പോളിയൻ എന്ന നടൻ. എന്നാൽ മുണ്ടയ്ക്കൽ ശേഖരന്റെ സ്ഥാനത്ത് മറ്റൊരാളെ ഇന്ന് നമുക്ക് സങ്കല്പിക്കാനാവില്ല. ശേഖരനെ രൂപവും ഭാവവും കൊണ്ട് നെപ്പോളിയൻ അവിസ്മരണീയമാക്കിയപ്പോൾ ആ കഥാപാത്രത്തിന് ശബ്ദഗാംഭീര്യം കൊണ്ട് പൂർണ്ണത നൽകിയത് ഷമ്മി തിലകനാണ്. പാത്രസൃഷടിയുടെ മികവിൽ നായകനൊപ്പം നിൽക്കുന്ന നായികയെയും വില്ലനെയും ദേവാസുരത്തിൽ പ്രേക്ഷകർ കണ്ടു.
തിരുവതാംകൂർ മഹാരാജാവായിരുന്ന ശ്രീ. സ്വാതിതിരുനാൾ ബാലരാമവർമ്മയുടെ ജീവിതത്തെ അധികരിച്ച് 1987 ൽ ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ ‘സ്വാതിതിരുനാൾ എന്ന പേരിൽത്തന്നെ സംഗീതപ്രാധാന്യമുള്ള ഒരു ചിത്രം ഇറങ്ങി. എന്നാൽ ചിത്രത്തിലെ നായകനെക്കുറിച്ച് കേട്ടവരെല്ലാം നെറ്റിചുളിച്ചു. തിരുവതാംകൂർ മഹാരാജാവിന്റെ റോളിലേക്ക് അനന്ത്നാഗ് എന്ന കന്നട നടനെ തെരഞ്ഞെടുത്തത് അൽപം കടന്നുപോയി എന്ന് തന്നെയാണ് പലരും കരുതിയത്. ചിത്രം കലാപരമായി മികച്ചു നിന്നെങ്കിലും തീയേറ്ററുകളിൽ വലിയ വിജയമൊന്നുമായില്ല. എന്നിരുന്നാലും പടം കണ്ടവർക്കെല്ലാം സ്വാതിതിരുനാളിന്റെ വേഷം മറ്റാരെക്കാളും നന്നായി ചേരുന്നത് ഈ കന്നട നടനുതന്നെയാണ് എന്ന അഭിപ്രായമായിരുന്നു. ഈ ക്യാരക്ടർ ഡബ്ബ് ചെയ്തത് വേണു നാഗവള്ളിയാണ്.
മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിലൊന്നാണ് 1989 ൽ പുറത്തിറങ്ങിയ ‘സീസൺ’ എന്ന പത്മരാജൻ ചിത്രം. ചിത്രത്തിലെ ഫാബിയൻ എന്ന വില്ലനെ അവതരിപ്പിച്ചത് Gavin Packard എന്ന പാതി മുംബൈക്കാരനും പാതി അയർലന്റുകാരനുമായ നടനാണ്. ചിത്രം കണ്ടവരാരും അതിലെ മോഷ്ടാവും കൊലപാതകിയുമായ പ്രതിനായകനെ മറക്കില്ല. തൊട്ടു മുൻവർഷമിറങ്ങിയ ആര്യൻ എന്ന സിനിമയിൽ മലയാളികൾ ഗാവിനെ കണ്ടിട്ടുണ്ടെങ്കിലും, ആക്ഷനൊപ്പം അഭിനയത്തിനും പ്രാധാന്യമുള്ള ഒരു മുഴുനീള റോളിൽ കക്ഷി ആദ്യമായി അഭിനയിക്കുന്നത് സീസണിലാണ്. തന്റെ തൂലികയിൽ വിരിഞ്ഞ ഫാബിയൻ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ നടനെത്തന്നെ കണ്ടെത്താൻ പത്മരാജനു കഴിഞ്ഞു. ഗാവിന്റെ ഓരോ നോട്ടത്തിലും ശരീരഭാഷയിലും, ചലനങ്ങളിലും, വക്രതയൊളിപ്പിച്ച ചെറുചിരിയിലുമെല്ലാം, ഒത്തിരി ദുരുഹതകളുമായി കോവളം ബീച്ചിലെത്തിയ ഫാബിയൻ എന്ന ക്രിമിനലിനെത്തന്നെയാണ് പ്രേക്ഷകൻ കണ്ടത്.
വീണ്ടും ഒരു പത്മരാജൻ ചിത്രത്തിലേക്കു തന്നെ വരാം. 1986 ൽ ഇറങ്ങിയ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം. നായിക- നായകൻ- വില്ലൻ എന്നിങ്ങനെയുള്ള സാമ്പ്രദായിക സിനിമാ സങ്കൽപ്പങ്ങളെ അപ്പാടെ പൊളിച്ചെഴുതിയ ചിത്രത്തിൽ സാലി എന്ന വളരെ ബോൾഡ് ആയ, അൽപ്പം ബോയിഷ് ആയ കഥാപാത്രത്തെ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത് മലയാളത്തിൽ അതിനുമുൻപ് ഒരു ചിത്രത്തിൽ അപ്രധാനമായൊരു റോളിൽ മാത്രം അഭിനയിച്ചിട്ടുള്ള ശാരി എന്ന നടിയായിരുന്നു. തമിഴിൽ ഏതാനും വേഷങ്ങൾ അതിനോടകം അവർ ചെയ്തിരുന്നു. എന്നാൽ വളരെ ചലഞ്ചിംഗായ ആ വേഷം എത്രമേൽ ഭംഗിയാക്കാമോ അത്രയും അത്രയും നന്നായി അവർ അവതരിപ്പിച്ചു. പത്മരാജന്റെ കാസ്റ്റിംഗിലെ കൃത്യതയ്ക്ക് മികച്ചൊരു ഉദാഹരണമായി ആ കഥാപാത്രം മാറി. തുടർന്ന് ആ വർഷം തന്നെ പത്മരാജന്റെ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിൽ തന്റെ സ്ഥാനമുറപ്പിക്കാൻ ശാരി എന്ന നടിക്ക് കഴിഞ്ഞു.
ആക്ഷൻ രംഗങ്ങളിലെ മികവ് ഒഴിച്ചു നിർത്തിയാൽ ബാബു ആന്റണി എന്ന നടൻ വല്യ അഭിനയ പ്രതിഭയൊന്നുമല്ല. എന്നാൽ വേഷപ്പകർച്ചയും രൂപഗാംഭീര്യവും കൊണ്ട് അയാൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു 1988ൽ ഭരതൻ-എം ടി കൂട്ടുകെട്ടിൽ പിറന്ന വൈശാലി. ഭരതന്റെ ‘ചിലമ്പി’ൽ കരാട്ടെക്കാരനായും ഫാസിലിന്റെ ‘പൂവിനു പുതിയ പൂന്തെന്നലി’ൽ വാടകക്കൊലയാളിയായും അഭിനയിച്ച ചെറുക്കനെക്കൊണ്ട് പ്രതാപവാനായ ഒരു രാജാവിന്റെ റോൾ ചെയ്യിക്കാൻ ശ്രമിക്കുന്നത് അബദ്ധമാണ് എന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് തേജസ്വിയും പക്വമതിയുമായ അംഗരാജ്യാധിപൻ ലോമപാദമഹാരാജാവായി ബാബു ആന്റണി തിരശ്ശീലയിൽ നിറഞ്ഞുനിന്നു. നരേന്ദ്രപ്രസാദിന്റെ ഘനഗംഭീരശബ്ദത്തിലാണ് ആ കഥാപാത്രം വെള്ളിത്തിരയിൽ സംസാരിച്ചത്.
ജോഷിക്കും തമ്പി കണ്ണന്താനത്തിനും T. S.സുരേഷ് ബാബുവിനുമെല്ലാമൊപ്പം വൻഹിറ്റുകളുടെ നിര തന്നെ തീർത്ത ഡെന്നിസ് ജോസഫ് ആദ്യമായി സിബി മലയിലിനു വേണ്ടി എഴുതിയ തിരക്കഥയിൽ വാണിജ്യ സിനിമയുടെ സ്ഥിരം ചേരുവകൾക്കുപകരം പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങൾ മാത്രമായിരുന്നു. എന്നാൽ ആ ചിത്രം ഡെന്നീസിന്റെയും സിബി മലയിലിന്റെയും കരിയറിൽ ഏറ്റവും തിളക്കമുള്ള വിജയങ്ങളിലൊന്നായി മാറി എന്നതാണ് ചരിത്രം. 1993 ൽ ഇറങ്ങിയ ആകാശദൂത് എന്ന കൊച്ചുചിത്രം തീയേറ്ററുകൾക്ക് പുറത്ത് ജനസാഗരവും അകത്ത് കണ്ണീർ പ്രളയവും സുഷ്ടിച്ചത് മറക്കാറായിട്ടില്ല. വഷളത്തരത്തിൽ തുടങ്ങി വില്ലത്തരത്തിലെത്തുന്ന പ്രതിനായകവേഷം പടത്തിൽ അവതരിപ്പിച്ച N. F. വർഗ്ഗീസിന് അന്ന് ചില സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള പരിചയം മാത്രമേയുണ്ടായിരുന്നുള്ളു. എന്നാൽ പടത്തിലെ വില്ലൻവേഷം ഇയാളിൽ ഭദ്രമായിരിക്കുമെന്ന ഡെന്നീസിന്റെയും സിബിയുടെയും കണക്കുകൂട്ടലുകൾ പിഴച്ചില്ല. പിന്നീട് എൻ എഫ് വർഗ്ഗീസ് എന്ന നടൻ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിത്തീർന്നു എന്നതും ചരിത്രം.
മേൽപ്പറഞ്ഞവയെല്ലാം ഏതാനും ഉദാഹരണങ്ങൾ മാത്രം. തങ്ങൾക്കു വേണ്ടി എഴുതപ്പെട്ട ഒരു കഥാപാത്രത്തിലേക്ക് കൃത്യമായി എത്തപ്പെട്ടതുകൊണ്ടു മാത്രം ജീവിതം മാറിമറിഞ്ഞവർ എത്രയെത്ര… ആ ഒറ്റ കഥാപാത്രത്തിന്റെ പേരിൽ കാലങ്ങളോളം അറിയപ്പെടാൻ നിയോഗം സിദ്ധിച്ചവർ എത്രയോ പേർ… തങ്ങൾക്കായി മാത്രം മാറ്റിവയ്ക്കപ്പെട്ട ഒരു വേഷം ചെയ്യാനായി അന്യഭാഷയിൽ നിന്ന് ഇവിടെയെത്തി നമ്മെ വിസ്മയിപ്പിച്ചിട്ടു പോയവരെത്ര.. തലവര മാറ്റാൻ കഴിയുന്ന, കാലാതിവർത്തിയായ യശസ്സ് നൽകാൻ കെൽപ്പുള്ള ആ ഒരു വേഷം കെട്ടിയാടാൻ യോഗമില്ലാതെ പോയ പ്രതിഭാധനരായ നിർഭാഗ്യർ അതിലും എത്രയോ അധികം..